പോസ്റ്റഡ് ഓണ്:
13 NOV 2026 2:01PM by PIB Thiruvananthpuram
കർണാടകയിലെ ബെംഗളൂരുവിൽ പ്രശാന്തി കുടീരത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി എല്ലാവർക്കും കന്നഡയിൽ ആശംസകൾ നേരുകയും ബെംഗളൂരുവിൽ യോഗയുടെ അസാധാരണമായ ഊർജ്ജം അനുഭവിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി യോഗയുടെ കേന്ദ്രവും ഈ പാരമ്പര്യത്തെ സമ്പന്നമാക്കിയ നിരവധി ആചാര്യന്മാരുടെയും പണ്ഡിതന്മാരുടെയും ജന്മസ്ഥലവുമാണ് കർണാടകയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇതിഹാസ കന്നഡ ചലച്ചിത്ര താരം ഡോ. രാജ്കുമാറിന്റെ സംഭാവനകളെയും അനുസ്മരിച്ചു. "കലയോടൊപ്പം യോഗയെയും സേവിച്ച ഇത്തരം യോഗാഭ്യാസികളും ഇവിടെ ഉണ്ടായിട്ടുണ്ട്," ശ്രീ മോദി അഭിപ്രായപ്പെട്ടു.
കർണാടകയുടെ സമ്പന്നമായ പൈതൃകവുമായി ബന്ധമുള്ള പ്രശാന്തി കുടീരത്തിന്റെ 50 വർഷത്തെ യാത്രയെ ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട സേവനത്തിന്റെയും സമർപ്പണത്തിന്റെയും അഭൂതപൂർവമായ ഇതിഹാസമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഒരു സാധാരണ കേന്ദ്രത്തിൽ നിന്ന് ഒരു മഹാപ്രസ്ഥാനത്തിലേക്കുള്ള അതിന്റെ പരിവർത്തനത്തെ എടുത്തുപറഞ്ഞു. “ഒരു സാധാരണ യോഗാകേന്ദ്രം ഇത്രയും വലിയൊരു പ്രസ്ഥാനമായി മാറിയതെങ്ങനെ എന്നത് തന്നെ ഒരു പ്രചോദനമാണ്,” പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
സുപ്രധാനമായ ഈ ആഘോഷവേളയിൽ കാമ്പസിൽ നിരവധി പുതിയ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, എസ്-വ്യാസ (S-VYASA) കുടുംബത്തിന്റെ തുടർന്നുള്ള സംരംഭങ്ങൾക്കും ആശംസകൾ നേർന്നു. “സുവർണ്ണ ജൂബിലി വേളയിൽ നിങ്ങളെല്ലാവരെയും, പ്രശാന്തി കുടീരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് സാധകരെയും ഞാൻ അഭിനന്ദിക്കുന്നു,” ശ്രീ മോദി പറഞ്ഞു.
ഇത്തവണ പ്രശാന്തി കുടീരത്തിന്റെ സുവർണ്ണ ജൂബിലിയോടൊപ്പം വരുന്ന എച്ച്. വി. ശേഷാദ്രിയുടെ ജന്മശതാബ്ദിയിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തെ വിജയത്തിന്റെ നെറുകയിലെത്തിക്കാൻ അർപ്പണബോധവും കഴിവും അച്ചടക്കവുമുള്ള പൗരന്മാരെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, വ്യക്തിനിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം എന്ന ദൗത്യത്തിനായി ശേഷാദ്രി ജി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചുവെന്നും വ്യക്തമാക്കി.
മറ്റുള്ളവരെ ഉയർത്തിക്കൊണ്ടുവരുന്നതിനും, ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും, രാഷ്ട്രസേവനത്തിനായി അവരെ സജ്ജരാക്കുന്നതിനും വേണ്ടി തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് പ്രവർത്തിക്കുന്നതിൽ എച്ച്. വി. ശേഷാദ്രി കാണിച്ച ലാളിത്യത്തെയും, ഉന്നതമായ വ്യക്തിത്വത്തെയും, വിശാലമായ അനുഭവസമ്പത്തിനെയും, അഗാധമായ വിനയത്തെയും അനുസ്മരിച്ച പ്രധാനമന്ത്രി, തന്റെ കുഞ്ഞിനെ നിസ്വാർത്ഥമായി പരിപാലിക്കാനും സേവിക്കാനും രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരിക്കുന്ന ഒരു അമ്മയിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നതിനെക്കുറിച്ച് ശേഷാദ്രി ജി പലപ്പോഴും പറയാറുള്ള ഒരു ഉദാഹരണം പങ്കുവെച്ചു. “ഈ മനോഭാവം സമൂഹത്തിലേക്ക് കൂടി വ്യാപിപ്പിക്കുകയാണെങ്കിൽ, സമൂഹത്തിന് എത്ര വലിയ നന്മയായിരിക്കും ഉണ്ടാവുക,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
ഒരു അമ്മയുടെ പരിശുദ്ധിയോടും നിസ്വാർത്ഥതയോടും കൂടിയാണ് എച്ച്. വി. ശേഷാദ്രി സമൂഹത്തെ സേവിച്ചതെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ശേഷാദ്രി ജിയുടെ സ്നേഹവും മാർഗ്ഗനിർദ്ദേശവും നിരന്തരം ലഭിക്കാൻ കഴിഞ്ഞത് തന്റെ സൗഭാഗ്യമാണെന്ന് വ്യക്തമാക്കി. “അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങളുടെ ഓർമ്മകളും അദ്ദേഹത്തിന്റെ വാക്കുകളും ഇന്നും എനിക്ക് ഏറെ വിലപ്പെട്ടതാണ്,” പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
ഒരാൾ അയാളുടെ ഇരു കൈകൾ കൊണ്ടും സമൂഹത്തിന് നൽകുമ്പോൾ, സമൂഹം ലക്ഷക്കണക്കിന് കൈകളാൽ തിരികെ നൽകുമെന്ന എച്ച്. വി. ശേഷാദ്രിയുടെ മറ്റൊരു അവിസ്മരണീയമായ സന്ദേശത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, ഈ സത്യം തന്റെ സ്വന്തം ജീവിതത്തിൽ ആവർത്തിച്ച് ഫലം കാണുന്നതിന് താൻ സാക്ഷിയായിട്ടുണ്ടെന്ന് വ്യക്തമാക്കി. “പൊതുജനങ്ങളെ സേവിക്കുമ്പോൾ അവർ എപ്പോഴും എനിക്ക് അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്, ഇത് എന്റെ ജീവിതത്തിലെ വളരെ വലിയൊരു സമ്പാദ്യമാണ്,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
നിസ്വാർത്ഥ സേവനത്തിന്റെ ഇതേ മനോഭാവം എച്ച്. വി. ശേഷാദ്രിയുടെ കുടുംബത്തിലുടനീളം പ്രകടമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, തങ്ങളുടെ അർപ്പണബോധമുള്ള പ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തിന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്ന ഡോ. എച്ച്. ആർ. നാഗേന്ദ്രയെയും ഡോ. ആർ. നാഗരത്നയെയും പ്രശംസിച്ചു. “അവരുടെ ഓരോ പരിശ്രമത്തെയും ഞാൻ അഭിനന്ദിക്കുകയും, അവരെ അനുമോദിക്കുകയും ചെയ്യുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യ കൊളോണിയൽ ഭരണത്തിന്റെ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരുന്നതും ലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികൾ സ്വാതന്ത്ര്യത്തിനായി പോരാടിയിരുന്നതുമായ കാലഘട്ടത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ ആത്മീയ അവബോധം ഉണർത്തുന്നതിൽ സ്വാമി വിവേകാനന്ദനെപ്പോലുള്ള ഋഷിവര്യർ വഹിച്ച സമാന്തര പങ്കിനെ എടുത്തുപറഞ്ഞു. “അദ്ദേഹം ഇന്ത്യയിലെ യുവാക്കൾക്ക് യോഗയുടെ പാത കാണിച്ചുകൊടുത്തു,” ശ്രീ മോദി ചൂണ്ടിക്കാട്ടി.
സ്വാമി വിവേകാനന്ദനെപ്പോലുള്ള ഋഷിവര്യന്മാരിൽ നിന്നുള്ള പ്രചോദനമാണ് പ്രശാന്തി കുടീരം, എസ്-വ്യാസ (S-VYASA) തുടങ്ങിയ സ്ഥാപനങ്ങൾക്ക് ജന്മം നൽകിയതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇവ സാധാരണക്കാരെ യോഗയുമായി ബന്ധിപ്പിക്കുക മാത്രമല്ല, ആധുനിക ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തുകയും, ആഗോളതലത്തിൽ സേവനമനുഷ്ഠിക്കുന്ന യോഗാഭ്യാസികൾ, അധ്യാപകർ, ഡോക്ടർമാർ, തത്ത്വചിന്തകർ എന്നിവർക്ക് പരിശീലനം നൽകുകയും, യോഗ, ആയുർവേദം, പ്രകൃതിചികിത്സ, ആധുനിക വൈദ്യശാസ്ത്രം എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് സമഗ്രമായ ഒരു ആരോഗ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്തതായും പറഞ്ഞു. സമ്മർദ്ദത്തെയും ജീവിതശൈലീ രോഗങ്ങളെയും കുറിച്ചുള്ള ഇവരുടെ ഗവേഷണങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. “ഈ ദിശയിൽ നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾ ലോകത്തെ മുഴുവൻ സേവിച്ചിട്ടുണ്ട്, ഈ പരിശ്രമങ്ങൾക്ക് ഞാൻ പ്രശാന്തി കുടീരത്തെ അഭിനന്ദിക്കുന്നു,” പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 12 വർഷമായി ഇന്ത്യ തങ്ങളുടെ സംസ്കാരത്തെയും സ്വത്വത്തെയും ശാസ്ത്രീയ പൈതൃകത്തെയും തികഞ്ഞ ആത്മവിശ്വാസത്തോടെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചുവെന്നും, ഇത് ഓസ്ട്രേലിയ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലായി കോടിക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര യോഗാ ദിനം ആഗോളതലത്തിൽ ആചരിക്കുന്നതിലേക്കും, ലോകമെമ്പാടുമുള്ള സ്കൂളുകളിലും സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും യോഗ കടന്നുവരുന്നതിലേക്കും നയിച്ചുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സൗദി അറേബ്യ യോഗയെ ഒരു കായിക ഇനമായി അംഗീകരിക്കുകയും അവരുടെ കായിക മന്ത്രാലയം ഇന്ത്യയുടെ ആയുഷ് മന്ത്രാലയവുമായി കരാറിൽ ഒപ്പുവെക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “വിദേശ പൗരന്മാർ യോഗയെ പ്രോത്സാഹിപ്പിക്കുന്ന ഉദാഹരണങ്ങൾ തുടർക്കഥയാകുന്നതിനൊപ്പം, പത്മശ്രീ നൽകി ആദരിച്ചുകൊണ്ട് രാജ്യം അവരുടെ അഭിമാനം ഉയർത്തുകയും ചെയ്യുന്നു ,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
യോഗയോടുള്ള വർദ്ധിച്ചുവരുന്ന ആഗോള ജനസമ്മിതി ഇന്ത്യയെക്കുറിച്ചുള്ള കൗതുകവും, രാജ്യത്തിന്റെ സംസ്കാരത്തോടും പരമ്പരാഗത അറിവുകളോടുമുള്ള ആകർഷണവും ഉണർത്തുന്നുണ്ടെന്നും, കൂട്ടായ പരിശ്രമത്തിലൂടെ ആഗോള ബന്ധങ്ങളുടെ പുതിയ വഴികൾ തുറക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആയുർവേദത്തിന്റെ സമാനമായ അന്താരാഷ്ട്ര വ്യാപനത്തെയും എടുത്തുപറഞ്ഞു. “ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ 150-ലധികം ആയുർവേദ പരിശീലന കോഴ്സുകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്, കൂടാതെ ആയുർവേദത്തിന്റെ വ്യാപനത്തിൽ സഹകരിക്കുന്നതിനായി ലോകത്തിലെ 28 രാജ്യങ്ങളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്,” പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
യോഗയെയും ആയുർവേദത്തെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവയുടെ പ്രയോജനങ്ങൾ ഓരോ പൗരനിലേക്കും എത്തുന്നതിനായി ഗവൺമെന്റ് നിരവധി നിയമങ്ങൾ ഭേദഗതി ചെയ്തതായി വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇന്ത്യയിൽ യോഗാസനത്തെ ഒരു മത്സര ഇനമായി അംഗീകരിക്കുകയും ഖേലോ ഇന്ത്യയിലും ദേശീയ ഗെയിംസിലും പ്രത്യേക സ്ഥാനം നൽകുകയും ചെയ്തതായി എടുത്തുപറഞ്ഞു. “യോഗയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള വഴികൾ തുറന്നുകിട്ടിയതിനാൽ, ഈ മാറ്റം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
പ്രത്യേകമായി ഒരു ആയുഷ് മന്ത്രാലയം രൂപീകരിച്ചതിലൂടെയും ആയുർവേദ ഗവേഷണങ്ങൾക്കും പേറ്റന്റുകൾക്കും പിന്തുണ നൽകിയതിലൂടെയും ഗവൺമെന്റ് ആയുർവേദത്തിന് നൽകുന്ന നിരന്തരമായ പ്രോത്സാഹനം വിശദീകരിച്ച പ്രധാനമന്ത്രി, ഇത് ആയുഷ് സമ്പദ്വ്യവസ്ഥയെ ലക്ഷക്കണക്കിന് കോടി രൂപയിലേക്ക് ഉയർത്തിയതായും, അതോടൊപ്പം ഔഷധസസ്യ കയറ്റുമതി വർദ്ധിപ്പിച്ചതായും, തലമുറകളായി വീടുകളിൽ ഉപയോഗിച്ചുവരുന്ന ഇന്ത്യൻ മഞ്ഞളിന് ആഗോളതലത്തിൽ ആവശ്യകത വർദ്ധിച്ചുവരുന്നതായും വ്യക്തമാക്കി. മഞ്ഞൾ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച സ്ഥാപനപരമായ നടപടികളും അദ്ദേഹം എടുത്തുപറഞ്ഞു. “മഞ്ഞളിന്റെ ഉൽപ്പാദനം, ഗുണനിലവാരം, കയറ്റുമതി എന്നിവയ്ക്ക് പുതിയ കരുത്ത് പകരുന്നതിനായി നാം ഒരു ദേശീയ മഞ്ഞൾ ബോർഡും രൂപീകരിച്ചിട്ടുണ്ട്,” പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ഇന്ത്യയുടെ പുരാതന ശാസ്ത്രത്തിന്റെയും ആധുനിക ഗവേഷണങ്ങളുടെയും പ്രയോജനങ്ങൾ മനുഷ്യരാശിയുമായി പങ്കിടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വിദേശ മെഡിക്കൽ സന്ദർശകരുടെ യാത്ര സുഗമമാക്കുന്നതിനായി ഇ-ആയുഷ് (e-AYUSH) വിസ സൗകര്യം ആരംഭിച്ചതിലേക്കും, ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ (WHO) ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്റർ സ്ഥാപിച്ചതിലേക്കും വിരൽ ചൂണ്ടി. “ഇതിലൂടെ പരമ്പരാഗത വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണവും അന്താരാഷ്ട്ര സഹകരണവും പ്രോത്സാഹിപ്പിക്കപ്പെടുന്നു,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
12 മുതൽ 13 വർഷത്തിനുള്ളിൽ ഏകദേശം 50 കോടി ഇന്ത്യക്കാർ അതിദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി കാണിക്കുന്ന ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട്, 140 കോടി പൗരന്മാർ ഒരു വികസിത ഭാരതത്തിനായി പ്രവർത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്രശാന്തി കുടീരത്തിന്റെ പിന്തുണയോടെ യോഗയിലൂടെ ആരോഗ്യത്തിന് മുൻഗണന നൽകാൻ കുടുംബങ്ങൾക്ക് ഇത് പുതിയ വഴികൾ തുറന്നുകൊടുക്കുന്നുവെന്നും, പുതിയ ലക്ഷ്യങ്ങൾക്കായി ഒരു കർമ്മപദ്ധതി തയ്യാറാക്കാൻ സ്ഥാപനത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു. “പ്രശാന്തി കുടീരത്തിന് അദ്ദേഹത്തിന്റെ യുവത്വത്തിന്റെ ഊർജ്ജം പ്രയോജനപ്പെടും, ഒപ്പം രാജ്യത്തിനും അത് ലഭിക്കും,” പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
***
SK