പോസ്റ്റഡ് ഓണ്:
10 NOV 2026 6:15PM by PIB Thiruvananthpuram
‘മത്സ്യത്തീറ്റ ഉത്പാദനത്തിന് വേണ്ടി മത്സ്യ ഇനങ്ങളുടെ അമിതോപയോഗം കുറയ്ക്കുന്നതിനൊപ്പം, വർധിച്ചുവരുന്ന ഉൽപ്പാദനച്ചെലവും മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട ആശങ്കകളും പരിഹരിക്കാനും ഇത് സഹായിക്കും’.
സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മത്സ്യത്തീറ്റ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സംയോജിത ബ്ലാക്ക് സോൾജർ ഫ്ലൈ സാങ്കേതികവിദ്യയിൽ സി.എം.എഫ്.ആർ.ഐ. ശീതകാല പരിശീലന പരിപാടി ആരംഭിച്ചു
വീടുകൾ, വിപണികൾ, മറ്റ് മേഖലകൾ എന്നിവിടങ്ങളിൽ നിന്നുണ്ടാകുന്ന ജൈവ മാലിന്യങ്ങൾക്ക് ഇന്ത്യയുടെ വളർന്നുവരുന്ന മത്സ്യകൃഷി വ്യവസായ മേഖലയിൽ പ്രധാനപ്പെട്ട ഒരു വിഭവമായി മാറാൻ കഴിയുമെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR) അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ഡോ. ദേവിക പിള്ള പറഞ്ഞു. മത്സ്യത്തീറ്റയ്ക്ക് പകരമായി പ്രോട്ടീൻ സമ്പുഷ്ടമായ ബദൽ സ്രോതസ്സായി ഇത് ഉപയോഗിക്കാനാകുമെന്നും, ഇതിലൂടെ മത്സ്യത്തീറ്റ നിർമ്മാണത്തിനായി വേണ്ടിവരുന്ന മത്സ്യ വിഭവങ്ങളുടെ അമിതോപയോഗം കുറയ്ക്കാനാകുമെന്നും അവർ പറഞ്ഞു.
ചൊവ്വാഴ്ച ICAR-കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (CMFRI) സംയോജിത ബ്ലാക്ക് സോൾജർ ഫ്ലൈ /കറുത്ത പട്ടാള പ്രാണി അധിഷ്ഠിത മത്സ്യതീറ്റ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ശീതകാല പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. വർധിച്ചുവരുന്ന ഉൽപ്പാദനച്ചെലവ്,മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നീ വെല്ലുവിളികൾക്ക് മാലിന്യത്തിൽ നിന്ന് പ്രോട്ടീൻ ഉൽപ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ പരിഹാരമാകുമെന്ന് ഡോ. പിള്ള കൂട്ടിച്ചേർത്തു.
ബ്ലാക്ക് സോൾജർ ഫ്ലൈ (BSF) ലാർവകളുടെ സാധ്യതകൾ എടുത്തുപറഞ്ഞുകൊണ്ട്, ജൈവവിഘടനത്തിന് വിധേയമാകുന്ന മാലിന്യങ്ങളെ പ്രോട്ടീൻ സമ്പുഷ്ടമായ ജൈവപിണ്ഡമാക്കി മാറ്റാൻ ഇവയ്ക്ക് കഴിയുമെന്നും, മത്സ്യതീറ്റയിലെ സുസ്ഥിരമായ ഒരു ബദൽ ഘടകമായി ഇത് ഉപയോഗിക്കാനാകുമെന്നും അവർ പറഞ്ഞു.
“പരമ്പരാഗത മത്സ്യതീറ്റ ഘടകങ്ങളുടെ, പ്രത്യേകിച്ച് ഉണക്കിപ്പൊടിച്ച മത്സ്യതീറ്റയുടെ പരിമിതമായ ലഭ്യതയും വർധിച്ചുവരുന്ന വിലയും കാരണം മത്സ്യകൃഷി മേഖലയിൽ സമ്മർദ്ദം വർധിച്ചുവരികയാണ്,” ഐ.സി.എ.ആർ. എ.ഡി.ജി. പറഞ്ഞു.
ഇന്ത്യയിൽ പ്രതിദിനം ഏകദേശം 1,71,000 മുതൽ 1,90,000 ടൺ വരെ മുനിസിപ്പൽ ഖരമാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുന്നതായി കണക്കാക്കുന്നു. ഇതിൽ 50–60 ശതമാനം ജൈവവിഘടനത്തിന് വിധേയമാകുന്ന ജൈവ മാലിന്യമാണ്. കീടാധിഷ്ഠിത സാങ്കേതികവിദ്യകളിലൂടെ ഈ മാലിന്യത്തെ പോഷണമൂല്യമുള്ള പ്രോട്ടീനാക്കി മാറ്റുന്നത് മാലിന്യസംസ്കരണത്തെ സുസ്ഥിരമായ ഭക്ഷ്യ ഉൽപ്പാദനവുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു ചാക്രിക ജൈവസമ്പദ്വ്യവസ്ഥയിലേക്ക് പുതിയ സാധ്യതകൾ തുറക്കുമെന്ന് ഡോ. പിള്ള പറഞ്ഞു.
പ്രാണികൾ , സൂക്ഷ്മആൽഗകൾ, കടൽപ്പായലുകൾ, ജലസസ്യങ്ങൾ, പുളിപ്പിച്ച ഉൽപ്പന്നങ്ങൾ, പഴം-പച്ചക്കറി സംസ്കരണത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ എന്നിവയുൾപ്പെടെ പ്രാദേശികമായി ലഭ്യമായ വിഭവങ്ങളിൽ നിന്ന് ബദൽ തീറ്റ ഇനങ്ങൾ വികസിപ്പിക്കുന്നതിൻ്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.
ജൈവ അവശിഷ്ടങ്ങളെ പ്രോട്ടീനും കൊഴുപ്പും സമ്പുഷ്ടമായ പോഷകസമൃദ്ധമായ ജൈവപിണ്ഡമാക്കി മാറ്റുന്നതിനുള്ള സുസ്ഥിരസമീപനമാണ് സി.എം.എഫ്.ആർ.ഐ. പേറ്റൻ്റ് നേടിയ ബി.എസ്.എഫ്. ലാർവ സാങ്കേതികവിദ്യ. സി.എം.എഫ്.ആർ.ഐ.യുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നാല് സ്റ്റാർട്ടപ്പുകൾ വൻതോതിൽ വാണിജ്യ അടിസ്ഥാനത്തിൽ മത്സ്യത്തീറ്റ ഉൽപ്പാദനം നടത്തിവരുന്നു.
“, മത്സ്യ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും സുസ്ഥിര മത്സ്യകൃഷിയെ പിന്തുണയ്ക്കുന്നതിനുമായി, മത്സ്യതീറ്റയ്ക്കുള്ള ആഗോള ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ബി.എസ്.എഫ്. സാങ്കേതികവിദ്യ ഉപയോഗിച്ച് മത്സ്യതീറ്റ നിർമാണ വൈദഗ്ധ്യം ശക്തിപ്പെടുത്തുന്നതിനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ശീതകാല പരിശീലന പരിപാടി ലക്ഷ്യമിടുന്നത്,” സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഐ.സി.എ.ആർ. സ്പോൺസർ ചെയ്യുന്ന 21 ദിവസത്തെ ഈ ശീതകാല പരിശീലന പരിപാടി സ്ഥാപനത്തിലെ മറൈൻ ബയോടെക്നോളജി, ഫിഷ് ന്യൂട്രീഷൻ & ഹെൽത്ത് വിഭാഗമാണ് സംഘടിപ്പിക്കുന്നത്. പ്രസ്തുത വിഭാഗം മേധാവി ഡോ. കൃപേഷ ശർമ്മ, കോഴ്സ് ഡയറക്ടർ ഡോ. സനൽ എബനീസർ, ഡോ. അദ്നാൻ എച്ച്. ഗോറ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
****