വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
09 NOV 2026 4:24PM by PIB Thiruvananthpuram
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഇന്ന് ‘ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (പോർട്ട് ചാർജുകൾ) (മൂന്നാം ഭേദഗതി) റെഗുലേഷന്‍സ് 2026’ പുറത്തിറക്കി. E1/TDM അധിഷ്ഠിത ഇന്റർകണക്ഷൻ പോർട്ടുകൾക്ക് ബാധകമായ നിലവിലെ വ്യവസ്ഥകൾക്ക് അനുബന്ധമായി IP അധിഷ്ഠിത ഇന്റർകണക്ഷൻ പോർട്ട് ചാർജുകളുടെ ചട്ടക്കൂട് ഈ ഭേദഗതിയില്‍ അവതരിപ്പിക്കുന്നു. 2027 ജനുവരി 1 ന് ഇത് പ്രാബല്യത്തിൽ വരും.
ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് രണ്ടോ അതിലധികമോ ടെലികോം ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന സാങ്കേതികവും പ്രവർത്തനപരവും വാണിജ്യപരവുമായ ക്രമീകരണങ്ങളെയാണ് 'ഇന്റർകണക്ഷൻ' അഥവാ ശൃംഖലാ സംയോജനം എന്ന് വിശേഷിപ്പിക്കുന്നത്. നെറ്റ്വർക്കുകൾക്കിടയിൽ ടെലികോം ട്രാഫിക് സുഗമമായി പ്രവഹിക്കാനും വ്യത്യസ്ത സേവനദാതാക്കളുടെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ആശയവിനിമയം നടത്താനും ഇത് വഴിയൊരുക്കുന്നു. 1997-ലെ ട്രായ് നിയമത്തിലെ സെക്ഷൻ 11(1)(b) പ്രകാരം സേവനദാതാക്കൾ തമ്മിലെ ഇന്റർകണക്ഷന് സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും നിഷ്കർഷിക്കാനും വ്യത്യസ്ത സേവനദാതാക്കൾ തമ്മിലെ സാങ്കേതിക അനുയോജ്യതയും ഫലപ്രദമായ ശൃംഖലാ സംയോജനവും ഉറപ്പാക്കാനും TRAI-ക്ക് അധികാരമുണ്ട്.
ഒരു ഇന്റർകണക്ഷൻ ദാതാവിന്റെ ശൃംഖലാ സംയോജന കേന്ദ്രത്തിൽ ലിങ്കുകൾ ബന്ധിപ്പിക്കുന്നതിന് ഇന്റർകണക്ഷൻ ആവശ്യപ്പെടുന്ന സേവനദാതാവ് നൽകേണ്ട നിരക്കുകളാണ് 'ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (പോർട്ട് ചാർജുകൾ) റെഗുലേഷൻ, 2001' നിഷ്കർഷിക്കുന്നത്. നിലവിലെ നിയമാവലികൾ പരമ്പരാഗത E1/TDM അധിഷ്ഠിത പോർട്ട് സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയായിരുന്നു. അതിൽ നിഷ്കർഷിച്ചിരിക്കുന്ന നിരക്കുകൾ 2012-ലാണ് അവസാനമായി പരിഷ്കരിച്ചത്.
ഇന്റർകണക്ഷൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിലവിലെ നിയന്ത്രണ ചട്ടക്കൂട് കാലോചിതവും സുതാര്യവും സേവനദാതാക്കൾ തമ്മിലെ കാര്യക്ഷമമായ ശൃംഖലാ സംയോജനത്തിന് അനുയോജ്യവുമായി നിലനിർത്താൻ “ഇന്റർകണക്ഷൻ വിഷയങ്ങളിലെ നിലവിലെ ട്രായ് ചട്ടങ്ങളുടെ പുനരവലോകനം” എന്ന വിഷയത്തിൽ 2025 ഏപ്രിൽ 3-ന് ഒരു പ്രാഥമിക കൂടിയാലോചനാ രേഖ പുറത്തിറക്കി ട്രായ് നടപടികൾ ആരംഭിച്ചു. ഈ പ്രാഥമിക കൂടിയാലോചനാ രേഖയിലൂടെ 2001-ലെ പോർട്ട് ചാർജുകൾ സംബന്ധിച്ച റെഗുലേഷൻ പുനഃപരിശോധിക്കുന്നതടക്കം കാര്യങ്ങളിൽ ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായങ്ങൾ തേടിയിരുന്നു.
തുടർന്ന് പ്രാഥമിക കൂടിയാലോചനാ ഘട്ടത്തിൽ ലഭിച്ച അഭിപ്രായങ്ങൾ കണക്കിലെടുത്തും പശ്ചാത്തല വിവരങ്ങൾ ഉൾപ്പെടുത്തിയും 2025 നവംബർ 10-ന് ഒരു കൂടിയാലോചനാ പത്രം പുറത്തിറക്കി. ഇതുവഴി ഇന്റർകണക്ഷൻ (പോർട്ട് ചാർജുകൾ) റെഗുലേഷൻ, 2001 പുനഃപരിശോധിക്കുന്നത് ഉൾപ്പെടെ വിഷയങ്ങളിൽ പങ്കാളികളുടെ അഭിപ്രായങ്ങൾ തേടി. തീയതി നീട്ടിനൽകിയതിനെത്തുടർന്ന് രേഖാമൂലമുള്ള അഭിപ്രായങ്ങളും മറുവാദങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതികൾ യഥാക്രമം 2025 ഡിസംബർ 15, ഡിസംബർ 29 എന്നിവയായിരുന്നു.
കൂടിയാലോചനാ പത്രത്തില്‍ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടിയായി 17 പങ്കാളികൾ അഭിപ്രായങ്ങളും 9 പങ്കാളികൾ മറുവാദങ്ങളും സമർപ്പിച്ചു. കൂടിയാലോചനാ പ്രക്രിയയുടെ ഭാഗമായി 2026 ജനുവരി 28-ന് ഇതുമായി ബന്ധപ്പെട്ട് ഒരു ഓപ്പൺ ഹൗസ് ചർച്ചയും സംഘടിപ്പിച്ചു. പങ്കാളികളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെയും സ്വന്തം വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ ട്രായ് “ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (പോർട്ട് ചാർജുകൾ) (മൂന്നാം ഭേദഗതി) റെഗുലേഷൻസ് 2026” അന്തിമമായി തയ്യാറാക്കി.
ഭേദഗതി ചട്ടങ്ങളിലെ പ്രധാന സവിശേഷതകൾ താഴെ:
1. ഐപി പോർട്ടുകൾക്കുള്ള അംഗീകാരം: പരമ്പരാഗത E1 പോർട്ടുകളും (2.048 Mbps) ഒപ്പം Mbps-ലോ Gbps-ലോ ബാൻഡ്വിഡ്ത്ത് രേഖപ്പെടുത്തുന്ന IP പോർട്ടുകളും ഉൾപ്പെടുന്ന വിധത്തിൽ “പോർട്ട്” എന്നതിന്റെ നിർവചനം പരിഷ്കരിച്ചു.
2. വാർഷിക IP പോർട്ട് ചാർജുകൾക്ക് പരിധി: IP-പോർട്ട് ചാർജുകൾക്ക് വാർഷിക പരിധി നിശ്ചയിച്ചു. 1 Gbps IP പോർട്ടിന് പ്രതിവർഷം പരമാവധി 5.6 ലക്ഷം രൂപയും 10 Gbps IP പോർട്ടിന് പ്രതിവർഷം പരമാവധി 42.3 ലക്ഷം രൂപയുമാണ് പരിധി.
3. ഇന്റർകണക്ഷൻ ക്രമീകരണങ്ങളിലെ ഇളവുകൾ: ഇന്റർകണക്ഷൻ നൽകുന്നവരും ആവശ്യപ്പെടുന്നവരുമായ സേവനദാതാക്കൾക്ക് പരസ്പര ധാരണയോടെ നിർദിഷ്ട പരിധിയേക്കാൾ കുറഞ്ഞ നിരക്കുകൾ നിശ്ചയിക്കാം. കൂടാതെ 1 Gbps, 10 Gbps എന്നിവയല്ലാത്ത മറ്റ് IP പോർട്ട് ശേഷികളിലും പരസ്പര ധാരണയിലെത്താം; ഇവയുടെ ചാർജുകൾ 1 Gbps, 10 Gbps പോർട്ടുകൾക്ക് ഉപയോഗിച്ച അതേ രീതിശാസ്ത്രം ഉപയോഗിച്ച് സുതാര്യമായി നിർണയിക്കാവുന്നതാണ്.
4. എല്ലാ സേവനങ്ങൾക്കും ഏകീകൃത നിരക്ക്: ഫിക്സഡ്-ലൈൻ, മൊബൈൽ, നാഷണൽ ലോങ് ഡിസ്റ്റൻസ്, ഇന്റർനാഷണൽ ലോങ് ഡിസ്റ്റൻസ് സേവനങ്ങൾക്ക് IP പോർട്ട് ചാർജുകൾ ഒരേപോലെ ബാധകമായിരിക്കും. നേരത്തെ നിഷ്കർഷിച്ച നിരക്കുകൾ E1 പോർട്ടുകൾക്ക് മാത്രമായി തുടർന്നും ബാധകമായിരിക്കും.
5. സാമ്പത്തിക പിഴകൾക്ക് ക്രമാനുഗതചട്ടക്കൂട്: നിയമാവലികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി ഇതിലെ നിർദിഷ്ട വ്യവസ്ഥകൾ ലംഘിക്കുന്ന ഓരോ സംഭവത്തിനും സർവീസ് ഏരിയ ഒന്നിന് പരമാവധി 15 ലക്ഷം രൂപ എന്ന പരിധി നിശ്ചയിച്ച് തോതനുസരിച്ച് സാമ്പത്തിക പിഴ വ്യവസ്ഥ നിഷ്കർഷിച്ചിട്ടുണ്ട്.
ഈ ഭേദഗതി ചട്ടങ്ങൾ നിലവിലെ നിയന്ത്രണ വ്യവസ്ഥകളെ സാങ്കേതിക മുന്നേറ്റങ്ങൾക്കും വ്യാവസായിക വളർച്ചയ്ക്കും അനുസൃതമാക്കി മാറ്റുന്നു. ഇന്റർകണക്ഷൻ ചട്ടക്കൂട് ശക്തിപ്പെടുത്തുന്ന ഈ നടപടി ടെലികോം നെറ്റ്വർക്കുകളിലുടനീളം തടസ്സമില്ലാത്ത ആശയവിനിമയം സുഗമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലപ്രദമായ ശൃംഖലാ സംയോജനം, സുതാര്യത, വിവേചനമില്ലായ്മ, ആരോഗ്യകരമായ മത്സരം എന്നീ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് സേവനദാതാക്കൾക്ക് കൂടുതൽ നിയന്ത്രണപരമായ വ്യക്തതയും സ്ഥിരതയും നൽകാൻ ചട്ടക്കൂട് ലക്ഷ്യമിടുന്നു.
‘ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (പോർട്ട് ചാർജുകൾ) (മൂന്നാം ഭേദഗതി) റെഗുലേഷൻസ് 2026’-ന്റെ പൂർണരൂപവും വിശദീകരണ മെമ്മോറാണ്ടവും ട്രായിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.trai.gov.in ൽ ലഭ്യമാണ്.
കൂടുതൽ വ്യക്തതകൾക്കും വിവരങ്ങൾക്കും ട്രായ് അഡ്വൈസർ (നെറ്റ്വർക്ക്സ്, സ്പെക്ട്രം & ലൈസൻസിംഗ്-I) ശ്രീ സമീർ ഗുപ്തയുമായി adv-nsl1@trai.gov.in എന്ന ഇമെയിൽ വിലാസത്തിലോ +91-11-20907752 എന്ന നമ്പറിലോ ബന്ധപ്പെടാം.
*****