ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്‌ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ അയോദ്ധ്യയിൽ ദീപോത്സവ് 2026 ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 07 NOV 2026 9:39PM by PIB Thiruvananthpuram

ഉപരാഷ്‌ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഉത്തർപ്രദേശിലെ അയോധ്യയിലുള്ള രാം കി പൈഡിയിൽ ദീപോത്സവ് 2026 ആഘോഷങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്തു. ദശലക്ഷക്കണക്കിന് മൺചെരാതുകളാൽ  ഘാട്ടുകൾ പ്രകാശപൂരിതമായ മനോഹരമായ ദൃശ്യത്തിനും, രാമായണത്തെ ആസ്പദമാക്കിയുള്ള സാംസ്കാരിക പ്രകടനങ്ങൾക്കും, സംഗീതാത്മകമായ വെടിക്കെട്ടിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. നയാ ഘാട്ടിൽ നടന്ന പവിത്രമായ സരയൂ ആരതിയിലും അദ്ദേഹം പങ്കെടുത്തു.

രാം കി പൈഡിയിൽ നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്യവെ, 2017-ൽ 1.7 ലക്ഷത്തിലധികം വിളക്കുകൾ തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ച ദീപോത്സവ് കൈവരിച്ച ശ്രദ്ധേയ പുരോഗതിയെ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. 2025-ൽ ഈ ആഘോഷം 26 ലക്ഷത്തിലധികം വിളക്കുകളിൽ എത്തിനിൽക്കുകയാണെന്നും, പത്താം പതിപ്പിൽ രാം കി പൈഡിയിൽ മാത്രം 30 ലക്ഷത്തിലധികം വിളക്കുകളും അയോധ്യയിലുടനീളം 70 ലക്ഷത്തിലധികം വിളക്കുകളും തെളിയിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ ഉത്സവത്തെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമാക്കിയ ഉത്തർപ്രദേശ് ഗവണ്മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു.

 

മൺപാത്ര നിർമ്മാതാക്കൾ, ഗ്രാമീണ വനിതകൾ, കരകൗശല വിദഗ്ദ്ധർ, കലാകാരന്മാർ, ഹോട്ടൽ-ഹോംസ്റ്റേ നടത്തിപ്പുകാർ, ഗൈഡുകൾ, യാത്രാ സൗകര്യങ്ങൾ നൽകുന്നവർ എന്നിവർക്കെല്ലാം പുതിയ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രാദേശിക ഉപജീവനമാർഗ്ഗത്തിന് ഈ ഉത്സവം നൽകിയ സംഭാവനകളെ ഉപരാഷ്‌ട്രപതി അഭിനന്ദിച്ചു. രാമായണത്തിലെ രംഗങ്ങൾ ചിത്രീകരിച്ചുകൊണ്ട് 2,100-ലധികം തദ്ദേശീയ ഡ്രോണുകൾ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയുടെ നൂതനമായ പങ്കാളിത്തത്തെയും, സാംസ്കാരിക പരിപാടികളിൽ ആയിരത്തോളം കലാകാരന്മാർ പങ്കെടുത്തതിനെയും അദ്ദേഹം സ്വാഗതം ചെയ്തു.

 

അയോധ്യയെ പ്രകാശപൂരിതമാക്കിയ ദശലക്ഷക്കണക്കിന് ദീപങ്ങൾ കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യ സംരക്ഷണം, ഭവന നിർമ്മാണം, സംരംഭകത്വം എന്നീ മേഖലകളിൽ ഉത്തർപ്രദേശ് ഗവണ്മെന്റ് നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, സംസ്ഥാനം 'ഉത്തം പ്രദേശ്' (മികച്ച സംസ്ഥാനം) എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും നിരീക്ഷിച്ചു.

 

യുവാക്കളെ അഭിസംബോധന ചെയ്യവേ, രാമായണത്തെ അടുത്തറിയാനും അതിലെ തത്ത്വങ്ങൾ  ദൈനംദിന ജീവിതത്തിൽ പകർത്താനും ഉപരാഷ്‌ട്രപതി ആഹ്വാനം ചെയ്തു. ഭാരതത്തിന്റെ മൂല്യങ്ങൾ, ഭാഷകൾ, പാരമ്പര്യങ്ങൾ, സാംസ്കാരിക ജ്ഞാനം എന്നിവയുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുമ്പോൾ തന്നെ ശാസ്ത്രം, നവീകരണം, സാങ്കേതികവിദ്യ എന്നിവയെ നെഞ്ചിലേറ്റാൻ അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. നമ്മുടെ രാജ്യം അതിന്റെ ലക്ഷ്യങ്ങളിൽ ആധുനികത പുലർത്തുമ്പോഴും സംസ്കാരത്തിന്റെ വേരുകളിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ഉപരാഷ്‌ട്രപതി ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും, രാം കഥാ പാർക്കിൽ നടന്ന ശ്രീരാമ-ജാനകി പ്രത്യേക പൂജകളിലും ആരതിയിലും പങ്കെടുക്കുകയും ചെയ്തു.

രാം കഥാ പാർക്കിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ, ഭഗവാൻ ശ്രീരാമൻ ധർമ്മത്തിന്റെയും നീതിയുടെയും കരുണയുടെയും ഉത്തമമായ വ്യക്തിജീവിത മാതൃകയുടെയും ശാശ്വത പ്രതീകമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

'വികസനത്തോടൊപ്പം പൈതൃകവും'  എന്ന ആശയം പ്രാവർത്തികമാക്കിയതിന്റെ ഉജ്ജ്വല മാതൃകയാണ് അയോധ്യയെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു. റോഡുകൾ, ഘാട്ടുകൾ, തീർത്ഥാടന സൗകര്യങ്ങൾ, താമസസൗകര്യങ്ങൾ എന്നിവയുടെ വികസനവും റെയിൽ-വ്യോമ ഗതാഗത സൗകര്യങ്ങളിലുണ്ടായ പുരോഗതിയും തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും യാത്രാനുഭവത്തെ ഗണ്യമായി മാറ്റിയെഴുതിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ കൂട്ടായ വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതിഫലനമായ ദീപോത്സവത്തിന്റെ പത്താം പതിപ്പ്  ജനപങ്കാളിത്തത്താൽ വൻ വിജയമാക്കി മാറ്റിയതിന് ഉത്തർപ്രദേശ് ഗവണ്മെന്റിനെയും ഭരണകൂടത്തെയും കലാകാരന്മാരെയും സന്നദ്ധപ്രവർത്തകരെയും കരകൗശല വിദഗ്ദ്ധരെയും ജനങ്ങളെയും ഉപരാഷ്‌ട്രപതി അഭിനന്ദിച്ചു.

ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ ശ്രീ കേശവ് പ്രസാദ് മൗര്യ, ശ്രീ ബ്രജേഷ് പഥക്, മന്ത്രിമാർ, ആദരണീയരായ സന്യാസിവര്യന്മാർ, മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

***


( റിലീസ് ഐ.ഡി: 2334100) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati