രാജ്യത്തുടനീളം തടസ്സരഹിത മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോൾ പിരിവ് സംവിധാനം വ്യാപകമാക്കുന്നതിന് വഴിയൊരുക്കി നാലുവരിയും അതിന് മുകളിലുമുള്ള ദേശീയപാതകളിലെ ടോൾ പ്ലാസകളുടെ രൂപകല്പനയും അടിസ്ഥാന സൗകര്യങ്ങളും ഏകീകരിക്കുന്നതിന് ദേശീയപാത അതോറിറ്റി മാർഗരേഖ പുറത്തിറക്കി. വാഹനങ്ങൾ ടോൾ ബൂത്തുകളിൽ നിർത്താതെ തന്നെ ടോള്‍ പിരിക്കുന്ന എംഎൽഎഫ്എഫ് അധിഷ്ഠിത തടസ്സരഹിത ടോൾ സംവിധാനത്തിന് നിലവില്‍ നിർമ്മാണം പുരോഗമിക്കുന്നതും വരാനിരിക്കുന്നതുമായ ദേശീയപാതാ പദ്ധതികൾ സജ്ജമാണെന്ന് ഉറപ്പാക്കാന്‍ ഈ മാർഗരേഖ സഹായിക്കും. ടോള്‍ പ്ലാസകളിലെ വാഹനത്തിരക്കും കാത്തുനിൽപ്പ് സമയവും ഒഴിവാക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഒപ്പം ദേശീയപാതകളിലെ യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാനും ലക്ഷ്യമിട്ടാണ് സംരംഭം.
ടോൾ പ്ലാസകളുടെ രൂപഘടന, പാതകളുടെ ക്രമീകരണം, റോഡിന് കുറുകെയുള്ള കമാനങ്ങള്‍, റോഡ് അടിസ്ഥാന സൗകര്യങ്ങൾ, വെളിച്ച സംവിധാനം, സൂചനാ ബോർഡുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്ക് ഏകീകൃത മാനദണ്ഡങ്ങൾ മാർഗരേഖ നിർദേശിക്കുന്നു. പുതിയതും നിലവിൽ നിര്‍മ്മാണം പുരോഗമിക്കുന്നതുമായ ദേശീയപാതാ പദ്ധതികളുടെ നിര്‍വഹണ ചട്ടക്കൂടും ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
വ്യത്യസ്ത ദേശീയപാതാ വിഭാഗങ്ങൾക്ക് ഏകീകൃത രൂപകല്പന
വിവിധ വിഭാഗങ്ങളിലെ ദേശീയപാതകളില്‍ സ്ഥാപിക്കുന്ന തടസ്സരഹിത ടോൾ പ്ലാസകളുടെ രൂപഘടനയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഏകീകൃത മാർഗനിർദേശങ്ങൾ മാര്‍ഗരേഖ മുന്നോട്ടുവെക്കുന്നു. രൂപകല്പനയില് ഏകീകൃത സ്വഭാവം ഉറപ്പാക്കാനും രാജ്യത്തുടനീളം സുഗമമായ തടസ്സരഹിത ടോൾ പിരിവ് സാധ്യമാക്കാനും ടോള്‍ പ്ലാസയുടെ രൂപഘടന, വരികളുടെ എണ്ണം, റോഡിന് കുറുകെ സ്ഥാപിക്കുന്ന കമാനങ്ങളുടെ സജ്ജീകരണവും സ്ഥാനവും, അനുബന്ധ റോഡ് സുരക്ഷാ സജ്ജീകരണങ്ങള്‍, സൂചനാ ബോർഡുകൾ, വെളിച്ച ക്രമീകരണങ്ങൾ എന്നിവ ഈ മാർഗരേഖ സമഗ്രമായി നിഷ്കർഷിക്കുന്നു.
തടസ്സ സംവിധാനങ്ങളില്ലാതെ തന്നെ വാഹനങ്ങൾക്ക് ടോൾ നൽകാൻ കഴിയുന്നതിനാൽ പരമ്പരാഗത ടോൾ പ്ലാസകളെ അപേക്ഷിച്ച് ഇവിടെ ആവശ്യമായ വരികളുടെ എണ്ണം യുക്തിസഹമായി പുനഃക്രമീകരിച്ചിട്ടുണ്ട്. ലഭ്യമായ സ്ഥലം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും ടോൾ മേഖലകളില്‍ ഗതാഗതം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ദേശീയപാതാ പദ്ധതി നിര്‍വഹണം
ഭാവിയിലെ എല്ലാ പദ്ധതികൾക്കും നിർമ്മാണത്തിലിരിക്കുന്ന പദ്ധതികൾക്കും ഈ മാർഗരേഖ ബാധകമായിരിക്കും. നിലവില്‍ ഡിപിആർ ഘട്ടത്തിലുള്ള പദ്ധതികളിൽ പുതിയ രൂപകല്പന ഉൾപ്പെടുത്തും; കരാർ നൽകിക്കഴിഞ്ഞതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ പദ്ധതികളിൽ ബാധകമായ കരാർ വ്യവസ്ഥകൾ വഴി ആവശ്യമായ മാറ്റങ്ങൾ വരുത്തും. വരാനിരിക്കുന്ന പദ്ധതികളിൽ നിർദിഷ്ട മാനദണ്ഡങ്ങൾ ഉൾപ്പെടുത്താനും നിലവിലെ പദ്ധതികളിൽ അവ നടപ്പാക്കുന്നതിന് സൗകര്യമൊരുക്കാനും ദേശീയപാത അതോറിറ്റി മേഖലാ ഓഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷയ്ക്കും യാത്രക്കാരുടെ സൗകര്യത്തിനും മുൻഗണന
ടോൾ പ്ലാസകളിൽ ആവശ്യമായ വെളിച്ച സംവിധാനം, ഉചിതമായ സൂചനാ ബോർഡുകൾ, ഇലക്ട്രോണിക് വേരിയബിൾ മെസ്സേജ് സൈനുകൾ (വിഎംഎസ്) എന്നിവ വഴി ഹൈവേ യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങളും മാർഗനിർദ്ദേശങ്ങളും നൽകേണ്ടതിൻ്റെ പ്രാധാന്യം മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. ദൃശ്യപരത വർദ്ധിപ്പിക്കാനും ടോൾ മേഖലകളെക്കുറിച്ച് യാത്രക്കാരെ ബോധവൽക്കരിക്കാനും വാഹനങ്ങളുടെ സുരക്ഷിതവും സുഗമവുമായ ചലനം ഉറപ്പാക്കാനും ഈ നടപടികൾ ലക്ഷ്യമിടുന്നു. കൂടാതെ, ടോൾ പ്ലാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ഒരു അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്-കം-ഓപ്പറേഷൻസ് ആൻഡ് മെയിൻ്റനൻസ് സെൻ്റർ നിർമ്മിക്കാനും മാർഗരേഖയിൽ വ്യവസ്ഥയുണ്ട്.
എക്സ്പ്രസ് വേകൾ ഒഴികെ അതിവേഗ പ്രവേശന നിയന്ത്രിത ദേശീയപാതകളുടെ ആസൂത്രണത്തിനും രൂപകല്പനയ്ക്കും നേരത്തെ ദേശീയപാത അതോറിറ്റി സമഗ്ര മാർഗരേഖ പുറത്തിറക്കിയിരുന്നു. സാങ്കേതിക മാനദണ്ഡങ്ങളിൽ കൂടുതൽ സ്ഥിരത കൊണ്ടുവരാനും റോഡ് സുരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് വരാനിരിക്കുന്ന അതിവേഗ ദേശീയപാതാ ഇടനാഴികളുടെ വിശദമായ പദ്ധതി റിപ്പോർട്ടുകൾ (ഡിപിആർ) തയ്യാറാക്കുന്നതിൽ ഏകീകൃത മാനദണ്ഡങ്ങൾ കൊണ്ടുവരാനായിരുന്നു ആ മാർഗരേഖ ലക്ഷ്യമിട്ടത്.
മള്‍ട്ടി ലെയ്ന്‍ ഫ്രീ ഫ്ലോ ടോൾ പ്ലാസകൾക്ക് ഏകീകൃത അടിസ്ഥാന സൗകര്യങ്ങളും രൂപകല്പനാ ചട്ടക്കൂടും അവതരിപ്പിച്ചത് തടസ്സരഹിത ടോള്‍ പിരിവിന് പൊതുവായ സംവിധാനം സൃഷ്ടിക്കുന്നതിനും ദേശീയപാത യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം നൽകുന്നതിനും രാജ്യത്തെ ടോൾ പ്രവർത്തനങ്ങളുടെ സമഗ്രമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെയ്പ്പാണ്.