പോസ്റ്റഡ് ഓണ്:
06 NOV 2026 9:55AM by PIB Thiruvananthpuram
ശാക്യമുനി ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകൾ കണ്ട് വണങ്ങുന്നതിനും ആരാധിക്കുന്നതിനുമായി 21,000-ത്തിലധികം ഭക്തർ ഗാദെൻ നംഗ്യാൽ ലാത്സെ (തവാങ് ബുദ്ധവിഹാരം) സന്ദർശിച്ചു. വിശുദ്ധ തിരുശേഷിപ്പുകൾക്ക് മുന്നിൽ അനുഗ്രഹം തേടുന്നതിനായാണ് അരുണാചൽ പ്രദേശിലെ തവാങിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഭക്തർ ബുദ്ധവിഹാരത്തിൽ ഒത്തുചേരുന്നത്. 2026 നവംബർ 7 വരെയാണ് ഈ വിശുദ്ധ തിരുശേഷിപ്പുകൾ പൊതുജനങ്ങൾക്ക് ദർശിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
13 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിശുദ്ധ തിരുശേഷിപ്പുകൾ അരുണാചൽ പ്രദേശിലേക്ക് തിരിച്ചെത്തിയതിനാൽ, ഈ പ്രദർശനത്തിന് ചരിത്രപരവും ആത്മീയവുമായ സവിശേഷ പ്രാധാന്യമുണ്ട്. ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ നിന്ന് കൊണ്ടുവന്ന ഈ തിരുശേഷിപ്പുകൾ, ബുദ്ധ സന്യാസിമാർക്കും സന്യാസിനിമാർക്കും ഭക്തർക്കും പൊതുജനങ്ങൾക്കും ശാക്യമുനി ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകകൾക്ക് മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിക്കാനും, ഇന്ത്യയുടെ സമ്പന്നമായ ബൗദ്ധപൈതൃകവുമായി കൂടുതൽ ഇഴുകിച്ചേരാനും അവസരമൊരുക്കുന്നു.
1898-ൽ ഉത്തർപ്രദേശിലെ പിപ്രഹ്വയിൽ നിന്നാണ് ഈ വിശുദ്ധ തിരുശേഷിപ്പുകൾ കണ്ടെടുത്തത്. ഇവയുടെ കണ്ടെത്തൽ പൗരാണിക ബുദ്ധമത ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറി. ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പുകൾക്ക്, ബൗദ്ധസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്രപരവും പുരാവസ്തുപരവും ആത്മീയവുമായ പ്രാധാന്യമുണ്ട്.
ബുദ്ധമതത്തിന്റെ സമ്പന്നമായ പൈതൃകത്തെ ഉയർത്തിക്കാട്ടുന്നതിനായി തവാങ് ബുദ്ധവിഹാരത്തിൽ രണ്ട് സവിശേഷ പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (IBC) ഒരുക്കിയ ‘അൺഎർത്തിംഗ് ദ സേക്രഡ് പിപ്രഹ്വ: ദ സ്റ്റോറി ഓഫ് ദ ഹോളി ബുദ്ധ റിലിക്സ് ആൻഡ് ദെയർ ഡിസ്കവറി’ (Unearthing the Sacred Piprahwa: The Story of the Holy Buddha Relics and Their Discovery) എന്ന പ്രദർശനം, ബുദ്ധന്റെ തിരുശേഷിപ്പുകളുടെ കണ്ടെത്തലിനെയും അവയുടെ ചരിത്രപരമായ പ്രാധാന്യത്തെയും വിവരിക്കുന്നു. ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയം ക്യൂറേറ്റ് ചെയ്ത ‘ക്രോസ്റോഡ്സ് ഓഫ് ധമ്മ: ക്ലാസിക്കൽ ലെഗസീസ്, ലിവിംഗ് ആർട്ട്, ആൻഡ് ആന്ത്രോപോളജിക്കൽ പെർസ്പെക്റ്റീവ്സ്’ (Crossroads of Dhamma: Classical Legacies, Living Art, and Anthropological Perspectives) എന്ന പ്രദർശനം, ബുദ്ധമതത്തിന്റെ ചരിത്രപരവും കലാപരവും സാംസ്കാരികവുമായ വശങ്ങളെ അവതരിപ്പിക്കുന്നു.
തവാങ് ബുദ്ധവിഹാരത്തിലെ (Tawang Monastery) പ്രദർശനത്തിന് ശേഷം, വിശുദ്ധ തിരുശേഷിപ്പുകൾ 2026 നവംബർ 8 മുതൽ 13 വരെ ബോംദില്ലയിലെ ടി.ജി.എൽ. ബുദ്ധവിഹാരത്തിലും (TGL Monastery/Lower Gompa), തുടർന്ന് 2026 നവംബർ 14 മുതൽ 20 വരെ നംസായിലെ ഗോൾഡൻ പഗോഡയിലും പ്രദർശനത്തിക്കും. 2026 നവംബർ 21-ന് ഈ തിരുശേഷിപ്പുകൾ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലേക്ക് തിരിച്ചെത്തിക്കും.
കേന്ദ്ര സാംസ്കാരിക മന്ത്രാലയം, ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ, അരുണാചൽ പ്രദേശ് സർക്കാർ എന്നിവ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ സമ്പന്നമായ ബൗദ്ധ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, ശാന്തി, കരുണ, ജ്ഞാനം, സാഹോദര്യം എന്നിവയിൽ ഊന്നിയുള്ള ഭഗവാൻ ബുദ്ധന്റെ കാലാതീതമായ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭത്തിലൂടെ വ്യക്തമാകുന്നത്.
*****