രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

സമുദ്രസുരക്ഷയുടെ പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളില്‍ ശക്തമായ സമുദ്ര പരസ്പരാശ്രയത്വത്തിന് വിതരണ ശൃംഖലാ വൈവിധ്യവല്‍ക്കരണവും പ്രാദേശിക സഹകരണവും അനിവാര്യം: ഇന്‍ഡോ-പസഫിക് മേഖലാ സംവാദത്തില്‍ രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്

പോസ്റ്റഡ് ഓണ്‍: 04 NOV 2026 5:53PM by PIB Thiruvananthpuram

ആഗോള സമുദ്ര സുരക്ഷാ രംഗത്തെ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികള്‍ക്കിടയില്‍ വിതരണ ശൃംഖലകളുടെ  വൈവിധ്യവല്‍ക്കരണം, വിശ്വസനീയ സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍, മെച്ചപ്പെട്ട സമുദ്ര സുരക്ഷാ അവബോധം, ശക്തമായ സഹകരണം എന്നിവയിലൂടെയും തടസ്സങ്ങള്‍ മുന്‍കൂട്ടി കണ്ട് അവയെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ശേഷിയിലൂടെയും പ്രാദേശിക പങ്കാളികള്‍ തമ്മിലെ പരസ്പരാശ്രയത്വം കൂടുതല്‍ സുരക്ഷിതവും സുദൃഢവുമാക്കാന്‍ രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. 2026 നവംബര്‍ 4ന് ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ നാവികസേനയുടെ വാര്‍ഷിക ഉന്നതതല അന്താരാഷ്ട്ര തന്ത്രപ്രധാന സമ്മേളനമായ 'ഇന്‍ഡോ-പസഫിക് മേഖലാ സംവാദ'ത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമുദ്രങ്ങള്‍ രാജ്യങ്ങള്‍ക്കും നാഗരികതകള്‍ക്കുമിടയിലെ തടസ്സങ്ങളല്ലെന്നും മറിച്ച് പാലങ്ങളാണെന്നും വിശേഷിപ്പിച്ച രാജ്യരക്ഷാമന്ത്രി ജനങ്ങളുടെ ഉപജീവനമാര്‍ഗം  നിലനിര്‍ത്തുന്നതിനൊപ്പം ചരക്കുകളുടെയും അറിവിന്റെയും  സംസ്‌കാരത്തിന്റെയും  വിനിമയം സുഗമമാക്കുന്നതിലും സമുദ്രങ്ങള്‍ വഹിക്കുന്ന പങ്ക് എടുത്തുപറഞ്ഞു. ഇത്തരം സാര്‍വലൗകിക ആശ്രയത്വങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് ബോധ്യമുണ്ടെങ്കിലും ചില കക്ഷികളും രാജ്യങ്ങളും സമുദ്രങ്ങളുടെ തന്ത്രപരമായ പ്രാധാന്യം സങ്കുചിതമായ ഏകപക്ഷീയ നേട്ടങ്ങള്‍ക്കുവേണ്ടി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  മനഃപൂര്‍വം സൃഷ്ടിക്കുന്ന വ്യാപാര തടസ്സങ്ങളാല്‍ കടുത്ത സമ്മര്‍ദത്തിലാണ് ആഗോള സമുദ്ര സുരക്ഷാ രംഗം. നാവിക സഞ്ചാര സ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്‌നമായ വെല്ലുവിളികളും ഇടുങ്ങിയ സമുദ്ര പാതകളെ ആയുധമാക്കുന്ന പ്രവണതയും നാം കാണുന്നു. സമുദ്ര മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ഈ അസ്ഥിരത വിശാലമായ അന്താരാഷ്ട്ര ക്രമത്തിന് കരിനിഴല്‍ വീഴ്ത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

പരസ്പര ബന്ധിത ലോകത്തിന്റെ ദുര്‍ബലതകള്‍ക്കുള്ള ഉത്തരം പ്രതിരോധശേഷി  കെട്ടിപ്പടുക്കുകയാണെന്ന്  ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഓരോ തടസ്സങ്ങള്‍ ഉണ്ടാകുമ്പോഴും ആഗോളവല്‍ക്കരണത്തെ പൂര്‍ണമായി ഉപേക്ഷിക്കാനോ മനുഷ്യപുരോഗതിക്ക് വഴിയൊരുക്കിയ സമുദ്ര മേഖലകളെ കൊട്ടിയടക്കാനോ കഴിയില്ല. പരസ്പരാശ്രയത്വത്തെ കൂടുതല്‍ സുരക്ഷിതമാക്കുകയാവണം ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 

പരമ്പരാഗത സൈനിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാത്രമല്ല, കടല്‍ക്കൊള്ള, കള്ളക്കടത്ത്, അനധികൃത മത്സ്യബന്ധനം, സൈബര്‍ ആക്രമണങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ പരമ്പരാഗതമല്ലാത്ത ഭീഷണികളില്‍ നിന്നും വെല്ലുവിളികള്‍ ഉയര്‍ന്നുവരാമെന്ന് സമുദ്ര സുരക്ഷയുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം വിശദീകരിച്ചുകൊണ്ട് രാജ്യരക്ഷാമന്ത്രി പറഞ്ഞു. മാറുന്ന സമുദ്ര മേഖലയ്‌ക്കൊപ്പം സമുദ്ര സുരക്ഷാ കാഴ്ചപ്പാടുകളും വികസിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി.  ഡാറ്റാ വിശകലന രീതികളെ നിര്‍മിതബുദ്ധി  മാറ്റിമറിക്കുമ്പോള്‍, സ്വയംനിയന്ത്രിത സംവിധാനങ്ങള്‍  നിരീക്ഷണത്തിന്റെയും സൈനിക നീക്കങ്ങളുടെയും സാധ്യതകളെ വിപുലീകരിക്കുകയാണ്. നൂതന സെന്‍സറുകള്‍ സമുദ്ര നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മെറ്റീരിയല്‍സ്, ബയോടെക്‌നോളജി, ഡാറ്റാ അനലിറ്റിക്‌സ് എന്നീ മേഖലകളിലെ മുന്നേറ്റങ്ങള്‍ ഗവേഷണത്തിനും പ്രായോഗിക ഉപയോഗത്തിനും പുതു വഴികള്‍ തുറക്കുന്നു.  ഈ സംഭവവികാസങ്ങള്‍ സമുദ്ര സുരക്ഷയിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ സാങ്കേതികവിദ്യകൊണ്ട് മാത്രം എല്ലാറ്റിനും പരിഹാരമാകില്ല. യഥാര്‍ത്ഥ വെല്ലുവിളികളെ നേരിടാന്‍ സാങ്കേതികവിദ്യയെ നാം എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നതാണ് ഏറെ പ്രസക്തമായ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്‍ഡോ-പസഫിക് മേഖലയില്‍ സാങ്കേതികമായും സാമ്പത്തികമായും വ്യത്യസ്ത തലങ്ങളിലെ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ സാങ്കേതികവിദ്യ രാജ്യങ്ങള്‍ക്കിടയില്‍ മറ്റൊരു അസമത്വത്തിന് കാരണമാകരുതെന്നും ശ്രീ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.  ചില രാജ്യങ്ങള്‍ക്ക് വികസിത ഗവേഷണ അടിസ്ഥാന സൗകര്യങ്ങളുണ്ട്. എന്നാല്‍ മറ്റ് ചില രാജ്യങ്ങള്‍ ഈ പരിവര്‍ത്തനത്തില്‍ പൂര്‍ണമായി പങ്കാളികളാകാന്‍ ആവശ്യമായ സ്ഥാപനമനുഷ്യവിഭവശേഷി വികസിപ്പിച്ചുവരുന്നതേയുള്ളൂ. സാങ്കേതിക പുരോഗതിയുടെ നേട്ടം ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെട്ടാല്‍ ഇന്‍ഡോ-പസഫിക് മേഖലയ്ക്ക് ആവശ്യമായ കൂട്ടായ പ്രതിരോധശേഷി കൈവരിക്കാന്‍ നമുക്കാവില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. 

 

ഗവേഷണം, വിദ്യാഭ്യാസം, നൂതനാശയങ്ങള്‍, ശേഷി വികസനം എന്നീ മേഖലകളില്‍ സഹകരണം പ്രോത്സാഹിപ്പിക്കാന്‍ രാജ്യരക്ഷാമന്ത്രി ആഹ്വാനം ചെയ്തു; ഒരു രാജ്യത്തിന്റെ കരുത്തുറ്റ ശാസ്ത്ര ശേഷിയിലൂടെ  മേഖലയുടെ മുഴുവന്‍ സുരക്ഷയ്ക്കും സമൃദ്ധിക്കും സംഭാവന നല്‍കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട ദ്വീപ്‌വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അത്യന്താപേക്ഷിതമാണ്. വിലകൂടിയതോ സങ്കീര്‍ണമോ ആയ സാങ്കേതികവിദ്യകളേക്കാള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സാങ്കേതിക വിദ്യകളാണ് കൂടുതല്‍ പ്രയോജനപ്രദമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

2047ഓടെ രാജ്യം 'വികസിത ഭാരതം'  എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍ ഇന്ത്യയുടെ ദേശീയ പരിവര്‍ത്തനത്തില്‍ സമുദ്ര മേഖല നിര്‍ണായക പങ്കുവഹിക്കുമെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലെയും  ഗതാഗത സൗകര്യങ്ങളിലെയും നിക്ഷേപങ്ങള്‍, സാഗര്‍മാല പദ്ധതിക്ക് കീഴിലെ തുറമുഖാധിഷ്ഠിത വികസനം, തീരദേശ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം, സമുദ്ര വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തല്‍ എന്നിവയിലൂടെ സമഗ്ര സമുദ്ര ആവാസവ്യവസ്ഥ വികസിപ്പിക്കാന്‍  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍  ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, ഗവേഷണം, വിദ്യാഭ്യാസം, നൈപുണ്യവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന 'മാരിടൈം അമൃത്കാല്‍ വിഷന്‍ 2047' ഈ പരിവര്‍ത്തനത്തിന്റെ ദേശീയ മാര്‍ഗരേഖയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

 

സമുദ്രങ്ങളെ പരിധിയില്ലാത്ത വിഭവസ്രോതസ്സായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ രാജ്യരക്ഷാമന്ത്രി, സാമ്പത്തിക വികസനവും പരിസ്ഥിതി സംരക്ഷണവും ഒപ്പത്തിനൊപ്പം മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം, സമുദ്രവിഭവങ്ങളുടെ ഉത്തരവാദിത്തപൂര്‍ണമായ വിനിയോഗം, വികസന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി തീരദേശ ജനതയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കല്‍ എന്നിവയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.  ദേശീയ സമൃദ്ധിയും പാരിസ്ഥിതിക ഉത്തരവാദിത്തവും പരസ്പരവിരുദ്ധ ലക്ഷ്യങ്ങളല്ലെന്നും അവ പരസ്പരം ശക്തിപ്പെടുത്തേണ്ടവയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും നിയമാധിഷ്ഠിതവുമായ സമുദ്ര ക്രമത്തിന് ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിച്ച ശ്രീ രാജ്‌നാഥ് സിംഗ്, 'മഹാസാഗര്‍' (മ്യൂച്വല്‍ ആന്‍ഡ് ഹോളിസ്റ്റിക് അഡ്വാന്‍സ്‌മെന്റ് ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് അക്രോസ് റീജിയണ്‍സ്)  എന്ന കാഴ്ചപ്പാട് എടുത്തുപറഞ്ഞു. രാജ്യങ്ങളുടെ സുരക്ഷയും സമൃദ്ധിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുന്ന ഈ കാഴ്ചപ്പാട് ഏതെങ്കിലുമൊരു രാജ്യത്തിന് മാത്രമായി ഇന്‍ഡോ-പസഫിക്കിന്റെ സമുദ്ര ഭാവിയെ രൂപപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കുന്നു. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഇന്‍ഡോ-പസഫിക് സമുദ്ര സംരംഭം'ഏഴ് പരസ്പരബന്ധിത മേഖലകളില്‍ സമുദ്ര സഹകരണം മുന്നോട്ടുകൊണ്ടുപോകുന്ന പ്രായോഗിക ചട്ടക്കൂടാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

പ്രാദേശിക സഹകരണത്തെ കൃത്യമായ പ്രായോഗിക നേട്ടങ്ങളാക്കി മാറ്റേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച രാജ്യരക്ഷാമന്ത്രി, കേവലം വെല്ലുവിളികള്‍ കണ്ടെത്തുക എന്നതിനപ്പുറം പ്രായോഗിക നടപടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംവാദത്തില്‍ പങ്കെടുക്കുന്നവരോട് ആവശ്യപ്പെട്ടു. കരുത്തുറ്റ ശാസ്ത്ര ശൃംഖലകള്‍, സംയുക്ത ഗവേഷണം, സര്‍വകലാശാലകളും സമുദ്ര സ്ഥാപനങ്ങളും തമ്മിലെ വിവര വിനിമയം, പൊതു വെല്ലുവിളികള്‍ക്ക് താങ്ങാനാകുന്ന സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം വാദങ്ങളുയര്‍ത്തി.  സംവാദത്തിലെ ചര്‍ച്ചകള്‍ കൃത്യമായ ഫലങ്ങളിലേക്ക് നയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ശ്രീ രാജ്‌നാഥ് സിംഗ് സംവാദത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ പങ്കാളിത്തങ്ങളായും പദ്ധതികളായും പ്രകടമായ നേട്ടങ്ങളായും മാറണമെന്ന് നിര്‍ദേശിച്ചു.

 

ഇന്‍ഡോ-പസഫിക്കിന്റെ ഭാവി രൂപപ്പെടുത്തുന്നത് സാങ്കേതികവിദ്യ മാത്രമായിരിക്കില്ലെന്നും  മറിച്ച് സാങ്കേതികവിദ്യയെ എത്രത്തോളം വിവേകത്തോടെ ഉപയോഗിക്കുന്നുവെന്നതും നാം കെട്ടിപ്പടുക്കുന്ന പങ്കാളിത്തങ്ങളും  രാജ്യങ്ങള്‍ക്കിടയില്‍ നാം സൃഷ്ടിക്കുന്ന വിശ്വാസവുമായിരിക്കുമെന്നും രാജ്യരക്ഷാമന്ത്രി പറഞ്ഞു; ഈ കൂട്ടായ ദൗത്യത്തില്‍ പങ്കാളിയാകാനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

സംവാദ പരിപാടിയിലെ ചര്‍ച്ചകള്‍ അര്‍ത്ഥപൂര്‍ണമായ ആശയവിനിമയങ്ങളിലേക്കും പ്രായോഗിക സഹകരണത്തിലേക്കും വഴിതുറക്കുമെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പ്രത്യാശ പ്രകടിപ്പിച്ചു.  പങ്കിട്ട വെല്ലുവിളികളില്‍ നിന്ന് പങ്കിട്ട പരസ്പര ധാരണയിലേക്കും പങ്കിട്ട പരസ്പര ധാരണയില്‍ നിന്ന് പങ്കിട്ട അറിവിലേക്കും പങ്കിട്ട അറിവില്‍ നിന്ന് പങ്കിട്ട പ്രതിരോധ ശേഷിയിലേക്കും സമൃദ്ധിയിലേക്കും മുന്നേറാമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.

 

 

സമുദ്രങ്ങളുടെ പരസ്പരബന്ധിത സ്വഭാവത്തെക്കുറിച്ചും ഇന്‍ഡോ-പസഫിക് മേഖലയിലെ ശാസ്ത്രീയ അറിവ്, ഗവേഷണ അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക ശേഷികള്‍ എന്നിവയിലെ അസന്തുലിതാവസ്ഥയെക്കുറിച്ചും നാവികസേനാ മേധാവി (സിഎന്‍എസ്) അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ ചടങ്ങിനെ അഭിസംബോധന ചെയ്യവെ വിശദീകരിച്ചു.  സാങ്കേതിക ഉപകരണങ്ങള്‍ സ്വന്തമാക്കുന്നതിനപ്പുറം സുസ്ഥിര ശേഷി കെട്ടിപ്പടുക്കുന്നതിലേക്ക് സമുദ്ര സഹകരണം വികസിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.   പങ്കാളിത്ത രാജ്യങ്ങള്‍ക്ക് സാങ്കേതികവിദ്യകള്‍ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കാനും നവീകരിക്കാനും കഴിയുന്ന തരത്തിലായിരിക്കണം ഈ ശേഷി വികസനമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

സമുദ്ര വെല്ലുവിളികളെ നേരിടാന്‍ കൂടുതല്‍ വിശാലവും സംയോജിതവുമായ സമീപനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ നാവികസേനാ മേധാവി, സമുദ്ര ശാസ്ത്രത്തിലും ഗവേഷണത്തിലും കൂടുതല്‍ കൂട്ടായ നിക്ഷേപം നടത്താനും ശാസ്ത്രീയ വിവരങ്ങളും സാങ്കേതികവിദ്യയും പങ്കിടുന്നത് വര്‍ദ്ധിപ്പിക്കാനും സംയുക്ത ശാസ്ത്ര പര്യവേക്ഷണങ്ങള്‍ ഉള്‍പ്പെടെ സഹകരണ ഗവേഷണ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും ആഹ്വാനം ചെയ്തു. വിശ്വാസം, സുതാര്യത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമുദ്ര ഭരണനിര്‍വഹണം എന്നിവയിലൂടെ നിലവിലെ പ്രാദേശിക സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. 

സംയുക്ത സമുദ്ര താല്പര്യങ്ങളെ പ്രായോഗിക നേട്ടങ്ങളാക്കി മാറ്റാനും ഇന്‍ഡോ-പസഫിക്ക് മേഖലയിലുടനീളം ശാസ്ത്ര, സാങ്കേതിക, അക്കാദമിക സഹകരണം ശക്തിപ്പെടുത്താനും ക്രിയാത്മകവും ഭാവി അധിഷ്ഠിതവുമായ ശിപാര്‍ശകള്‍ രൂപപ്പെടുത്താനും  ഇന്‍ഡോ-പസഫിക് മേഖലാ  സംവാദം  സുപ്രധാന വേദിയാണെന്ന് നാവികസേനാ മേധാവി നിരീക്ഷിച്ചു.

 

 

കരസേനാ മേധാവി ജനറല്‍ ധീരജ് സേത്ത്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അശുതോഷ് ദീക്ഷിത്, മുന്‍ നാവികസേനാ മേധാവിയും എന്‍എംഎഫ് ചെയര്‍മാനുമായ അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി (റിട്ട.) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

 

നാഷണല്‍ മാരിടൈം ഫൗണ്ടേഷനുമായി  സഹകരിച്ച് ഇന്ത്യന്‍ നാവികസേന സംഘടിപ്പിക്കുന്ന ത്രിദിന ഇന്‍ഡോപസഫിക് മേഖലാ സംവാദം 2026 നവംബര്‍ 3നാണ് ആരംഭിച്ചത്.  സമുദ്ര പ്രവര്‍ത്തനങ്ങളെക്കുറിച്ച് മികച്ച പരസ്പര ധാരണ, പരിസ്ഥിതി വ്യതിയാനങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രതികരിക്കാനുള്ള ശക്തമായ ശാസ്ത്ര ശേഷി എന്നിങ്ങനെ പ്രാദേശിക സമുദ്ര പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട പരസ്പര പൂരകങ്ങളായ രണ്ട് വിഷയങ്ങളിലാണ് സംവാദത്തിന്റെ രണ്ടാം ദിനം  ശ്രദ്ധ കേന്ദ്രീകരിച്ചത്. 

കേന്ദ്ര ശാസ്ത്രസാങ്കേതിക, ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗിന്റെ പ്രത്യേക പ്രഭാഷണം ഉള്‍പ്പെടുത്തിയ മന്ത്രിതല സെഷനും ഇതോടൊപ്പം സംഘടിപ്പിച്ചു. 'ഭാവി ഇന്ത്യന്‍ നാവികസേനയ്ക്കായി ബദല്‍ കപ്പല്‍ അടിത്തട്ടുകളുടെ രൂപകല്പന' എന്ന തലക്കെട്ടില്‍ എന്‍എംഎഫ് തയ്യാറാക്കിയ പ്രസിദ്ധീകരണം കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു.

 

 

ഇന്‍ഡോ-പസഫിക് മേഖലാ സംവാദം 2026ന്റെ മുഖ്യ പ്രമേയത്തിന് നാവികസേനയുടെ കാഴ്ചപ്പാട് പകര്‍ന്നുനല്‍കി 'പെര്‍സ്‌പെക്റ്റീവ്‌സ് ഫ്രം ദി ഫ്‌ലാഗ് ബ്രിഡ്ജ്' എന്ന പേരില്‍ സംഘടിപ്പിച്ച സംവേദനാത്മക സെഷനില്‍ മുന്‍ ഇന്ത്യന്‍ നാവികസേനാ മേധാവികളായ അഡ്മിറല്‍ ആര്‍.കെ. ധോവാന്‍, അഡ്മിറല്‍ സുനില്‍ ലാംബ, അഡ്മിറല്‍ കരംബീര്‍ സിംഗ്, അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി എന്നിവരും ശ്രീലങ്കന്‍ നാവികസേനയുടെ മുന്‍ കമാന്‍ഡര്‍ അഡ്മിറല്‍ ജയന്ത പെരേരയും പങ്കെടുത്തു. എന്‍എംഎഫ് ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ പ്രദീപ് ചൗഹാനാണ് ചര്‍ച്ച നിയന്ത്രിച്ചത്. നിലവില്‍ ഇന്ത്യന്‍ നാവികസേന അധ്യക്ഷത വഹിക്കുന്ന ഇന്ത്യന്‍ മഹാസമുദ്ര നാവിക സിമ്പോസിയത്തിന്റെ  പശ്ചാത്തലത്തില്‍ സമുദ്ര തന്ത്രം, സാങ്കേതിക മാറ്റങ്ങള്‍, പ്രാദേശിക സഹകരണം എന്നിവയെക്കുറിച്ച് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതായിരുന്നു ഈ സെഷന്‍. 

കൂടാതെ, ഇന്ത്യന്‍ നാവികസേനയിലെ കമ്മഡോര്‍ അഭിനവ് ബര്‍വെ മോഡറേറ്ററായ 'സമുദ്ര ശാസ്ത്രവും കാലാവസ്ഥാ പ്രതിരോധ ശേഷിയും'  എന്ന സെഷനില്‍ മൗറീഷ്യസ്, സീഷെല്‍സ് തുടങ്ങിയ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളിലെ കാലാവസ്ഥാ പ്രതിരോധ സഹകരണ സമുദ്ര ശൃംഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി പ്രാദേശിക തയ്യാറെടുപ്പുകളുടെ ശാസ്ത്രീയ അടിത്തറ ചര്‍ച്ച ചെയ്തു. സമുദ്ര ശാസ്ത്രത്തെ നയരൂപീകരണങ്ങളാക്കി മാറ്റുന്നതിനൊപ്പം  ഗവേഷണ കപ്പലുകള്‍, നിരീക്ഷണ ശൃംഖലകള്‍, പ്രവചന ശേഷികള്‍, അനുയോജ്യമായ വിവര വിനിമയ സംവിധാനങ്ങള്‍ എന്നിവയിലെ സഹകരണം ഉള്‍പ്പെടെ സമുദ്ര വിവരശേഖരങ്ങളുടെ പങ്കിടല്‍ സംബന്ധിച്ച  വശങ്ങളും സെഷനില്‍ ചര്‍ച്ചയായി.

 

ഇന്‍ഡോ-പസഫിക് മേഖലാ സംവാദം 2026ന്റെ രണ്ടാം ദിനത്തിലെ രണ്ട് മന്ത്രിതല സെഷനുകള്‍ സമ്മേളനത്തിന് തന്ത്രപ്രധാന മാര്‍ഗനിര്‍ദേശം നല്‍കുകയും ഇന്‍ഡോ-പസഫിക്ക് മേഖലയിലെ സമുദ്ര സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ സഹകരണാത്മക സമീപനം സംബന്ധിച്ച സമഗ്ര കാഴ്ചപ്പാട് പങ്കുവെയ്ക്കുകയും ചെയ്തു.

****


( റിലീസ് ഐ.ഡി: 2332800) സന്ദര്‍ശക കൗണ്ടര്‍ : 20
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Tamil