പോസ്റ്റഡ് ഓണ്:
04 NOV 2026 5:41PM by PIB Thiruvananthpuram
കൊച്ചി: 2020-ലെ സാമൂഹ്യ സുരക്ഷാ കോഡ് പ്രകാരം കേന്ദ്ര സർക്കാർ നടപ്പിലാക്കിയ രാജ്യവ്യാപകമായ എംപ്ലോയീസ് എൻറോൾമെൻ്റ് കാമ്പയിൻ 2026-ൽ കൊച്ചിയിലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) റീജിയണൽ ഓഫീസ് സുപ്രധാന നേട്ടം കൈവരിച്ചു. 195 സ്ഥാപനങ്ങളിലൂടെ രണ്ടായിരത്തിലധികം ജീവനക്കാരെ പുതുതായി ചേർത്തുകൊണ്ട്, ജീവനക്കാരുടെ എൻറോൾമെൻ്റിൽ കൊച്ചി റീജിയണൽ ഓഫീസ് ദേശീയ തലത്തിൽ നാലാം സ്ഥാനവും കേരളത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
മേഖലയിൽ സാമൂഹ്യ സുരക്ഷയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ നേട്ടം. നിരന്തരമായ ബോധവൽക്കരണം, ഫീൽഡ് തലത്തിലുള്ള ഇടപെടലുകൾ, കൊച്ചി റീജിയണൽ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമങ്ങൾ എന്നിവയിലൂടെ മുമ്പ് ഇ.പി.എഫ് പരിധിയിൽ വരാതിരുന്ന 29 സ്ഥാപനങ്ങളെ സാമൂഹ്യ സുരക്ഷാ വലയത്തിന് കീഴിൽ കൊണ്ടുവരാൻ സാധിച്ചു. ഇതുവഴി, വലിയൊരു വിഭാഗം ജീവനക്കാർ പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ, 7 ലക്ഷം രൂപ വരെയുള്ള എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇ.ഡി.എൽ.ഐ) എന്നിവയുടെ ആനുകൂല്യങ്ങൾക്ക് അർഹരായി.
സാമൂഹ്യ സുരക്ഷാ പരിധിക്ക് പുറത്ത് നിന്നിരുന്ന അർഹരായ ജീവനക്കാരെ കണ്ടെത്തി എൻറോൾ ചെയ്യുക എന്നതായിരുന്നു ഈ കാമ്പയിൻ ലക്ഷ്യമിട്ടിരുന്നത്. 2020-ലെ സാമൂഹ്യ സുരക്ഷാ കോഡിലെ വ്യവസ്ഥകൾക്കനുസൃതമായി ഇത്തരം ജീവനക്കാരുടെ കവറേജ് സ്വമേധയാ ക്രമപ്പെടുത്തുന്നതിനുള്ള ഒരു അവസരവും ഈ കാമ്പയിൻ വഴി സ്ഥാപനങ്ങൾക്ക് ലഭിച്ചു.
കൊച്ചി റീജിയണൽ ഓഫീസിലെ എൻഫോഴ്സ്മെന്റ് ഓഫീസർമാരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രതിബദ്ധതയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളും, ഒപ്പം സ്ഥാപനങ്ങളും അവയുടെ പ്രതിനിധികളും നൽകിയ സഹകരണവുമാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നത്. പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ, ലൈഫ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയിലൂടെ അർഹരായ ഓരോ ജീവനക്കാരനും ദീർഘകാല സാമ്പത്തിക ഭദ്രതയും സാമൂഹ്യ സംരക്ഷണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഇ.പി.എഫ്.ഒ-യുടെ പ്രതിബദ്ധത ഈ സംരംഭം ഊട്ടിയുറപ്പിക്കുന്നു.
കാമ്പയിൻ 2026 ഒക്ടോബർ 31-ന് അവസാനിച്ചെങ്കിലും, അർഹരായ ജീവനക്കാർക്ക് ഇ.പി.എഫ് പരിരക്ഷ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് നിയമപരമായ കവറേജിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും സഹായങ്ങൾക്കുമായി കൊച്ചി, തൃശ്ശൂർ, ആലപ്പുഴ എന്നിവിടങ്ങളിലെ ഇ.പി.എഫ്.ഒ ഓഫീസുകളെ തുടർന്നും സമീപിക്കാവുന്നതാണ്.
ഈ നാഴികക്കല്ല് കേവലമൊരു സംഖ്യാപരമായ നേട്ടം മാത്രമല്ല; കൂടുതൽ സ്ഥാപനങ്ങളിലേക്കും ജീവനക്കാരിലേക്കും സാമൂഹിക സുരക്ഷാ വ്യാപിക്കുകയും സുരക്ഷിതമായ ഒരു തൊഴിൽസമൂഹം സൃഷ്ടിക്കുകയും ചെയ്യുന്നു.
***