പോസ്റ്റഡ് ഓണ്:
01 NOV 2026 5:56PM by PIB Thiruvananthpuram
ഹരിയാന സംസ്ഥാനം രൂപീകൃതമായതിൻ്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് കുരുക്ഷേത്രയിൽ ഇന്ന് (2026 നവംബർ 1) സംഘടിപ്പിച്ച ‘ഹീരക് ജയന്തി’ ആഘോഷങ്ങളിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.

ചടങ്ങിൽ സംസാരിക്കവെ, ഇന്ത്യയുടെ പുരോഗതിയുടെ വിവിധ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയ ഹരിയാനയിലെ ജനങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു. ഭഗവാൻ ശ്രീകൃഷ്ണൻ്റെ നിഷ്കാമ കർമ്മത്തിൻ്റെ ശാശ്വത സന്ദേശം ലോകമെമ്പാടും പ്രചരിപ്പിച്ച ഈ പുണ്യഭൂമി, ആധുനിക കാലഘട്ടത്തിലും മാനവിക നേട്ടങ്ങളുടെ നിരവധി നാഴികക്കല്ലുകൾ കൈവരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. സ്വാതന്ത്ര്യസമരം മുതൽ സാമൂഹിക മാറ്റം, ജനാധിപത്യം, സാഹിത്യം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ ഹരിയാനയിലെ ജനങ്ങൾ അർത്ഥവത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞ ഒരു ദശകത്തിനിടെ വനിതാ ശാക്തീകരണത്തിൻ്റെ വിവിധ തലങ്ങളിൽ ഹരിയാന കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. 2015 ജനുവരിയിൽ പാനിപ്പത്തിൽ നിന്ന് ആരംഭിച്ച ദേശീയ പ്രചാരണ പരിപാടിയായ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' വനിതാ ശാക്തീകരണത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായി മാറിയെന്ന് അവർ ചൂണ്ടിക്കാട്ടി. 2014-നെ അപേക്ഷിച്ച് 2025-ൽ സംസ്ഥാനത്തെ ജനനസമയത്തെ ലിംഗാനുപാതം മെച്ചപ്പെട്ടതിലും അവർ സന്തോഷം പ്രകടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ ഈ അനുപാതം തുല്യതയിലെത്തുമെന്ന ആത്മവിശ്വാസവും രാഷ്ട്രപതി പ്രകടിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യം, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിക്ക് കൂടുതൽ വേഗം കൈവരിക്കാനാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയുടെ കായികചരിത്രത്തിൽ, പ്രമുഖ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ ഹരിയാനയിൽ നിന്നുള്ള കായികതാരങ്ങൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. കായികരംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൂടെ രാജ്യത്തിന് അഭിമാനമായി മാറിയ ഹരിയാനയുടെ വനിതാ കായികതാരങ്ങളെ അവർ പ്രത്യേകം അഭിനന്ദിച്ചു.
സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിലേക്കുള്ള യാത്രയിൽ ഹരിയാന പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഗീതോപദേശത്തിൻ്റെ മഹത്തായ സന്ദേശം ലോകത്തിന് സമ്മാനിച്ച മണ്ണാണ് ഹരിയാനയുടേതെന്നും അവർ പറഞ്ഞു. ഹരിയാനയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന ഓരോ വ്യക്തിക്കും സ്ഥാപനത്തിനും കരുത്തും ഉൾക്കാഴ്ചയും പകരാൻ ഭഗവാൻ ശ്രീകൃഷ്ണൻ്റെ സന്ദേശത്തിന് സാധിക്കട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
****