പോസ്റ്റഡ് ഓണ്:
01 NOV 2026 4:48PM by PIB Thiruvananthpuram
രാജ്യത്തെ വ്യോമയാന മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി, ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാർക്കായി ഡിജി യാത്ര പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. 2026 നവംബർ മുതൽ ഡിസംബർ വരെയാണ് ഈ പരീക്ഷണങ്ങൾ നടക്കുക. എയർ ഇന്ത്യ, ഇൻഡിഗോ എന്നിവയുടെ തെരഞ്ഞെടുത്ത അന്താരാഷ്ട്ര സർവീസുകളിൽ യാത്ര ചെയ്യുന്ന ഇ-പാസ്പോർട്ടുള്ള അർഹരായ ഇന്ത്യൻ പൗരന്മാർക്ക് വിമാനത്താവളങ്ങളിലെ നിർദ്ദിഷ്ട പോയിൻ്റുകളിൽ ഡിജി യാത്രാ സൗകര്യം ഉപയോഗിക്കാനാകും.
ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, ചെന്നൈ, അമൃത് സർ എന്നീ വിമാനത്താവളങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ സേവനം നടപ്പാക്കുന്നത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ടെർമിനൽ പ്രവേശന കവാടങ്ങൾ, സുരക്ഷാ പരിശോധനയ്ക്കുശേഷമുള്ള കാത്തിരിപ്പ് മേഖലകൾ (SHA), ബോർഡിംഗ് ഗേറ്റുകൾ എന്നിവിടങ്ങളിൽ അർഹരായ യാത്രക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. പരീക്ഷണ കാലയളവിൽ യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും 2027-ൽ പദ്ധതി കൂടുതൽ വിപുലമായി നടപ്പാക്കുക.
ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് അർഹരായ ഇന്ത്യൻ പൗരന്മാർ ഡിജി യാത്ര മൊബൈൽ ആപ്ലിക്കേഷൻ വഴി ഇ-പാസ്പോർട്ട് അടിസ്ഥാനമാക്കിയുള്ള വെരിഫയബിൾ ക്രെഡൻഷ്യൽ (VC) സൃഷ്ടിക്കണം. ഇതിനായി ഇ-പാസ്പോർട്ടിലെ മെഷീൻ റീഡബിൾ സോൺ (MRZ) സ്കാൻ ചെയ്യുകയും, എൻ.എഫ്.സി. സൗകര്യമുള്ള അനുയോജ്യമായ സ്മാർട്ട്ഫോൺ ഉപയോഗിച്ച് പാസ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിപ്പ് റീഡ് ചെയ്യുകയും വേണം. തുടർന്ന് സെൽഫി എടുത്ത് വിവരങ്ങൾ സ്ഥിരീകരിക്കണം. ഇത്തരത്തിൽ സൃഷ്ടിക്കുന്ന ക്രെഡൻഷ്യൽ യാത്രക്കാരുടെ ഫോണിലെ ഡിജി യാത്ര വാലറ്റിൽ സൂക്ഷിക്കുകയും പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം ലഭ്യമായ വിമാനത്താവളങ്ങളിലെ നിശ്ചിത പോയിൻ്റുകളിൽ ഉപയോഗിക്കുകയും ചെയ്യാം.
നിലവിലുള്ള യാത്രാ നടപടിക്രമങ്ങൾക്ക് പകരമായല്ല, മറിച്ച് അവയ്ക്ക് അനുബന്ധ സൗകര്യമായാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ യാത്രക്കാർ യാത്രാരേഖകൾ കൈവശം കരുതുകയും എയർലൈനുകൾ നടത്തുന്ന നിർബന്ധിത രേഖാപരിശോധനകൾ, ഇമിഗ്രേഷൻ നടപടികൾ, മറ്റ് ബാധകമായ യാത്രാ നടപടിക്രമങ്ങൾ എന്നിവ പൂർത്തിയാക്കുകയും വേണം.
ഇന്ത്യയുടെ വ്യോമയാന ശൃംഖലയിലുടനീളം ഡിജി യാത്രയുടെ ഉപയോഗം തുടർച്ചയായി വർദ്ധിച്ചുവരികയാണ്. നിലവിൽ 2.65 കോടിയിലധികം ആളുകൾ ഉപയോഗിക്കുന്ന ഈ പ്ലാറ്റ്ഫോം വഴി, ആഭ്യന്തര വിമാന സർവീസുകൾക്കായി 39 വിമാനത്താവളങ്ങളിലായി 11 കോടിയിലധികം യാത്രകൾ സാധ്യമാക്കിയിട്ടുണ്ട്. 2027-ഓടെ 25 ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് കൂടി ഈ സേവനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു.
കേന്ദ്ര ഗവണ്മെൻ്റിൻ്റെ ഡിജിറ്റൽ ഇന്ത്യ, ഈസ് ഓഫ് ഫ്ലൈയിംഗ് എന്നീ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി, വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് സുഗമമായ വിമാനയാത്ര ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ വ്യോമയാന മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്
****