ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വികസിത ഇന്ത്യ @ 2047 എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പൊതുഭരണരംഗത്ത് സമഗ്രമായ പരിഷ്കാരങ്ങൾ അനിവാര്യമെന്ന് ഉപരാഷ്ട്രപതി; ഐഐപിഎയുടെ 72-ാമത് വാർഷിക ജനറൽ ബോഡി യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്തു

പോസ്റ്റഡ് ഓണ്‍: 31 OCT 2026 4:55PM by PIB Thiruvananthpuram
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ്റെ  (IIPA) പ്രസിഡൻ്റും  ഉപരാഷ്ട്രപതിയുമായ ശ്രീ സി. പി. രാധാകൃഷ്ണൻ, ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ജനറൽ ബോഡിയുടെ 72-ാമത് വാർഷിക യോഗത്തെ ഇന്ന് അഭിസംബോധന ചെയ്തു. കേന്ദ്രമന്ത്രിയും ഐഐപിഎ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഡോ. ജിതേന്ദ്ര സിംഗ്, ഐഐപിഎ ഡയറക്ടർ ജനറൽ ഡോ. സുരേന്ദ്ര കുമാർ ബാഗ്ഡെ, ജനറൽ ബോഡിയിലെയും എക്സിക്യൂട്ടീവ് കൗൺസിലിലെയും അംഗങ്ങൾ, അധ്യാപകർ, പ്രാദേശിക ശാഖകളുടെ പ്രതിനിധികൾ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

രാഷ്ട്രീയ ഏകതാ ദിവസ്, സർദാർ വല്ലഭ്ഭായ് പട്ടേലിൻ്റെ   151-ാമത് ജന്മവാർഷികം എന്നിവയോടനുബന്ധിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭ്ഭായ് പട്ടേലിന് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൻ്റെ   ശിൽപിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, നൂറുകണക്കിന് നാട്ടുരാജ്യങ്ങളെ ഒരൊറ്റ രാഷ്ട്രമായി ഏകീകരിച്ചത് പട്ടേൽ ആണെന്നും അനുസ്മരിച്ചു.
 
2026-ൽ ഐഐപിഎ നടപ്പാക്കിയ സ്ഥാപനപരമായ സുപ്രധാനപരിഷ്കാരങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. 52-ാമത് അഡ്വാൻസ്ഡ് പ്രൊഫഷണൽ പ്രോഗ്രാമിൻ്റെ   പുനഃരൂപകൽപ്പന, ചിട്ടയായ ഇൻ്റേൺഷിപ്പ് പ്രോഗ്രാം, കേന്ദ്ര സിവിൽ സർവീസിലെയും കേന്ദ്ര സിവിൽ അക്കൗണ്ട്സ് സർവീസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തൽ എന്നിവ ഇതിൽപ്പെടുന്നു. ഈ സംരംഭങ്ങൾ സ്ഥാപനത്തിൻ്റെ   ഭരണപരവും സാമ്പത്തികവുമായ സംവിധാനങ്ങളെ ശക്തിപ്പെടുത്തിയതായി അദ്ദേഹം നിരീക്ഷിച്ചു. ഐഐപിഎയ്ക്ക് മാർഗനിർദേശവും പിന്തുണയും നൽകിയ ഡോ. ജിതേന്ദ്ര സിംഗിനെയും പൊതുഭരണരംഗത്തെ പ്രമുഖ സ്ഥാപനമായി ഐഐപിഎയെ ഉയർത്തുന്നതിനായി പ്രവർത്തിച്ച ഡയറക്ടർ ജനറൽ, അധ്യാപകർ, ജീവനക്കാർ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു.
 
പൊതുഭരണം നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നിരീക്ഷിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, ഇന്നത്തെ ഭരണസംവിധാനം കൂടുതൽ വേഗതയുള്ളതും പൗരകേന്ദ്രീകൃതവും സാങ്കേതികവിദ്യാധിഷ്ഠിതവും വിവരാധിഷ്ഠിതവും ഫലപ്രാപ്തിക്ക് പ്രാധാന്യം നൽകുന്നതുമായിരിക്കണമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നതായി പറഞ്ഞു. സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനത്തിൽ മാത്രം സദ്ഭരണത്തെ വിലയിരുത്തരുതെന്നും ജനങ്ങളുടെ സന്തോഷം, ജീവിതനിലവാരം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയിൽ അത് ചെലുത്തുന്ന സ്വാധീനവും പരിഗണിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു .
 
ദാരിദ്ര്യനിർമാർജന രംഗത്ത് ഇന്ത്യ കൈവരിച്ച പുരോഗതി എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 12 വർഷത്തിനിടെ 25 കോടിയിലധികം പേരെ ദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കിയതായി ചൂണ്ടിക്കാട്ടി. ഏവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി  നടത്തിയ  നിരന്തര ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സാമ്പത്തിക പുരോഗതി ഓരോ പൗരനും അന്തസ്സും സുരക്ഷയും മെച്ചപ്പെട്ട അവസരങ്ങളും ഉറപ്പാക്കുന്നതിലേക്ക് നയിക്കണമെന്നതാണ് ഭരണത്തിൻ്റെ   ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം ആവർത്തിച്ചു.
 
ഫലപ്രദമായ പൊതുഭരണത്തിന് കേന്ദ്ര, സംസ്ഥാന ഗവണ്മെൻ്റുകൾ , ജില്ലാ തലത്തിലുള്ള ഭരണസംവിധാനങ്ങൾ എന്നിവയ്ക്കിടയിൽ തടസ്സങ്ങളില്ലാത്ത ഏകോപനം ആവശ്യമാണെന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. വിവിധ തലത്തിലുള്ള ഭരണ സംവിധാനങ്ങൾ പൊതുവായ കാഴ്ചപ്പാടോടെയും ഒരേ ലക്ഷ്യത്തോടെയും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ അർത്ഥവത്തായ ഫലങ്ങൾ കൈവരിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
 
പരിസ്ഥിതി സംരക്ഷണത്തിൻ്റെയും സാമ്പത്തിക വികസനത്തിൻ്റെയും കാര്യത്തിൽ സന്തുലിതവും പ്രായോഗികവുമായ സമീപനം സ്വീകരിക്കേണ്ടതിൻ്റെ   ആവശ്യകതയും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ ക്ഷേമത്തിനായി പ്രകൃതിവിഭവങ്ങൾ വിവേകപൂർവം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
 
വികസിത ഇന്ത്യ @ 2047 എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ സിവിൽ സർവീസുകളുടെ മാറിവരുന്ന പങ്കിനെക്കുറിച്ച് ഐഐപിഎ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. ഇന്ത്യ പ്രധാനമായും ഗ്രാമീണ മേഖലയായിരുന്ന കാലത്തും ഉപജീവനത്തിൻ്റെ   പ്രധാന മാർഗം കൃഷിയായിരുന്ന കാലത്തുമാണ് രാജ്യത്തിൻ്റെ   ഭരണസംവിധാനങ്ങൾ വലിയതോതിൽ രൂപപ്പെട്ടതെന്ന് അദ്ദേഹം നിരീക്ഷിച്ചു. എന്നാൽ രാജ്യം അതിവേഗം പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഉയർന്നുവരുന്ന പുതിയ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിനായി ഭരണസംവിധാനങ്ങളും പുനഃക്രമീകരിക്കേണ്ടതുണ്ട്. ഈ സുപ്രധാന ദൗത്യത്തിന് നേതൃത്വം നൽകാനും അടുത്ത തലമുറയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സജ്ജരാക്കാനും ഐഐപിഎ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
വികസിത ഇന്ത്യ @ 2047 എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിൻ്റെ   യാത്രയിൽ ഐഐപിഎയ്ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു. ഇന്ത്യയുടെ ഭരണസംവിധാനം ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതും സമഗ്രവും ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതവും ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ സജ്ജവുമായിരിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഐഐപിഎയും അതിലെ അംഗങ്ങളും കൂട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
 
72-ാമത് വാർഷിക ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പൊതുഭരണരംഗത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് പോൾ എച്ച്. ആപ്പിൾബി അവാർഡ്, അക്കാദമിക മികവിനുള്ള ഡോ. രാജേന്ദ്ര പ്രസാദ് അവാർഡ്, മികച്ച ഐഐപിഎ ശാഖകൾക്കുള്ള അവാർഡുകൾ എന്നിവയും ഉപരാഷ്ട്രപതി സമ്മാനിച്ചു.

 

*******

( റിലീസ് ഐ.ഡി: 2330969) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil