PIB Backgrounder
azadi ka amrit mahotsav

സാമൂഹ്യ ക്ഷേമം

അടൽ വയോ അഭ്യുദയ യോജന

പോസ്റ്റഡ് ഓണ്‍: 27 OCT 2026 10:55AM by PIB Thiruvananthpuram

 

മുതിർന്ന പൗരന്മാരുടെ എണ്ണത്തിലെ നിരന്തരമായ വർദ്ധനയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഇന്ത്യയിൽ ആരോഗ്യകരവും സുരക്ഷിതവും അന്തസ്സാര്‍ന്നതുമായ വാർദ്ധക്യം ഉറപ്പാക്കുകയെന്നത് സുപ്രധാന പൊതുനയ മുൻഗണനയായി മാറിയിരിക്കുന്നു. മുതിർന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപനാധിഷ്ഠിത പരിചരണം, ആരോഗ്യ സംരക്ഷണം, സഹായ ഉപകരണങ്ങൾ, നൈപുണ്യ വികസനം, കർമ്മോത്സുക വാർദ്ധക്യം, സാങ്കേതിക ഇടപെടലുകൾ എന്നിവ സമന്വയിപ്പിക്കുന്ന സമഗ്ര ചട്ടക്കൂടാണ് 'അടൽ വയോ അഭ്യുദയ യോജന' ലഭ്യമാക്കുന്നത്.

വാർദ്ധക്യമെന്ന നിർണായക യാഥാർത്ഥ്യം



ജനസംഖ്യാപരമായ ഒരു നിശബ്ദ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. 2011-ലെ സെൻസസ് പ്രകാരം രാജ്യത്തെ മുതിർന്ന പൗരന്മാരുടെ (60 വയസ്സും അതിൽ കൂടുതലുമുള്ളവർ) ആകെ ജനസംഖ്യ 10.38 കോടിയാണ്. ഇതിൽ പുരുഷന്മാർ 5.11 കോടിയും സ്ത്രീകൾ 5.27 കോടിയുമാണ്. മുതിർന്നവരിൽ ഗണ്യമായ ഒരു വിഭാഗം ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതിൽ ശാരീരിക പരിമിതികൾ അനുഭവിക്കുന്നുണ്ടെന്ന് ലോന്‍‍ജിറ്റ്യൂഡിനൽ ഏജിംഗ് സ്റ്റഡി ഇന്‍ ഇന്ത്യ (LASI) റിപ്പോർട്ട് വ്യക്തമാക്കുന്നു. സുസംഘടിതവും വിശ്വസനീയവുമായ പരിചരണ സംവിധാനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഒപ്പം, കൂടിവരുന്ന നഗരവൽക്കരണം, കുടിയേറ്റം, അണുകുടുംബങ്ങളുടെ ആവിർഭാവം എന്നിവ മൂലം രാജ്യത്തെ മുതിർന്നവർക്ക് പരമ്പരാഗതമായി കുടുംബങ്ങളിൽ നിന്ന് ലഭിച്ചിരുന്ന പിന്തുണ ദുർബലമായിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ നിലവിലുണ്ടായിരുന്ന മുതിർന്ന പൗരന്മാരുടെ ദേശീയ കർമ്മപദ്ധതി (NAPSrC) സംയോജിപ്പിച്ചും വിപുലീകരിച്ചും 2021-ൽ തുടക്കം കുറിച്ച 'അടൽ വയോ അഭ്യുദയ യോജന' മുതിർന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യമിടുന്ന ഒന്നിലധികം പദ്ധതികളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്നു. മുതിർന്ന പൗരന്മാർക്ക് ദൈനംദിന ജീവിതത്തിൽ ആവശ്യമായ പിന്തുണ നൽകുകയും അവരുടെ കർമ്മോത്സുകമായ വാർദ്ധക്യം പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പാർപ്പിടം, ഭക്ഷണം, ആരോഗ്യ പരിചരണം, വിനോദ പിന്തുണ എന്നിവ ഉറപ്പാക്കുന്നതിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഗവണ്‍മെന്റ് സംവിധാനങ്ങള്‍, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സമൂഹം എന്നിവയുടെ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ സജീവവും ഉല്പാദനക്ഷമവുമായ വാർദ്ധക്യത്തെ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.

"അന്തസ്സാര്‍ന്ന വാർദ്ധക്യം", "സ്വന്തം ഇടങ്ങളിലെ വാർദ്ധക്യം" എന്നീ ആശയങ്ങളോട് ഗവണ്‍മെന്റ് പുലര്‍ത്തുന്ന ഉറച്ച പ്രതിബദ്ധതയെ പദ്ധതി പ്രതിഫലിപ്പിക്കുന്നു. മുതിർന്ന പൗരന്മാർ ജീവിതകാലം മുഴുവൻ സമൂഹത്തിന് നൽകിയ സംഭാവനകളെ മാനിച്ച് അവർക്ക് നല്‍കുന്ന പരിചരണത്തില്‍ ആദരവും ശാക്തീകരണവും ഉറപ്പാക്കാനാണ് 'അന്തസ്സാര്‍ന്ന വാർദ്ധക്യം' ലക്ഷ്യമിടുന്നത്. പ്രത്യേക പരിചരണ കേന്ദ്രങ്ങളിലേക്ക് മാറുന്നതിന് പകരം സ്വന്തം വീടുകളിലും പരിചിതമായ സമൂഹത്തിലും സുരക്ഷിതമായി തുടരാൻ മുതിർന്നവരെ അനുവദിച്ച് ‘സ്വന്തം ഇടങ്ങളിലെ വാർദ്ധക്യം' ഇതിന് പൂർണത നൽകുന്നു. വീടുകളിലെ അനുയോജ്യമായ മാറ്റങ്ങളും പ്രത്യേക സമൂഹ പിന്തുണാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്.

അടൽ വയോ അഭ്യുദയ യോജന ലക്ഷ്യമിടുന്നതെന്ത്?


2036-ഓടെ ഇന്ത്യയിലെ മുതിർന്ന പൗരന്മാരുടെ എണ്ണം 23 കോടിയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുതിർന്നവർക്കായി ഒരു സമഗ്ര പിന്തുണാ സംവിധാനം ഒരുക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെ ഇത് അടിവരയിടുന്നു. സ്ഥാപനപരമായ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയും സമൂഹാധിഷ്ഠിത പിന്തുണ പ്രോത്സാഹിപ്പിച്ചും ഈ ജനസംഖ്യാപരമായ മാറ്റത്തെ ക്രിയാത്മകമായി നേരിടാനാണ് അടൽ വയോ അഭ്യുദയ യോജന വഴി ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്; മുതിർന്ന പൗരന്മാർക്ക് ഇതുവഴി അന്തസ്സാര്‍ന്നതും സംതൃപ്തി നിറഞ്ഞതും അർത്ഥപൂർണവുമായ ജീവിതം നയിക്കാൻ സാധിക്കുന്നു. ഗവണ്‍മെന്റിന്റെ ഈ നിരന്തര പ്രതിബദ്ധത പ്രതിഫലിപ്പിച്ച് 2026-27 സാമ്പത്തിക വർഷം സെപ്റ്റംബർ 30-ന് അവസാനിച്ച പാദത്തിൽ മാത്രം പദ്ധതിയ്ക്ക് കീഴിലെ 'മുതിർന്ന പൗരന്മാർക്കായുള്ള സംയോജിത പരിപാടി'യുടെ ഭാഗമായ 755 സംരംഭങ്ങള്‍ക്ക് 77.98 കോടി രൂപ ഗ്രാന്റ്-ഇൻ-എയ്ഡായി ഗവണ്‍മെന്റ് അനുവദിച്ചു.


അടൽ വയോ അഭ്യുദയ യോജനയുടെ സ്ഥാപനപരമായ ഘടന


  1. അടൽ വയോ അഭ്യുദയ യോജനയുടെ സംഘടനാ സംവിധാനം താഴെ നല്‍കിയിരിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്:

    1. നോഡൽ മന്ത്രാലയം:
  • കേന്ദ്ര സാമൂഹ്യ നീതി-ശാക്തീകരണ മന്ത്രാലയമാണ് പദ്ധതിയുടെ നയരൂപീകരണം, ധനസഹായം, നിരീക്ഷണം, സമഗ്ര നിർവഹണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്ന നോഡൽ മന്ത്രാലയം. സാമൂഹ്യ നീതി-ശാക്തീകരണ വകുപ്പിലൂടെയാണ് ഇത് നടപ്പാക്കുന്നത്.
  1. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവൺമെന്റുകൾ:

    'മുതിർന്ന പൗരന്മാർക്കായുള്ള സംസ്ഥാന കർമ്മപദ്ധതി' (SAPSrC) എന്ന ഘടകത്തിന് കീഴിൽ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും അനുയോജ്യമായ പ്രത്യേക ക്ഷേമ പദ്ധതികൾ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്നു.

    ഈ കർമ്മപദ്ധതികളുടെ രൂപീകരണത്തിനും നടത്തിപ്പിനുമാവശ്യമായ സാമ്പത്തിക സഹായം മന്ത്രാലയം നൽകുന്നു.
  • ജില്ലാതല സമിതികൾ:

    കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ വിശാലമായ നയരൂപീകരണങ്ങൾ നടത്തുമ്പോൾ നിരാലംബരായ യഥാർത്ഥ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതും വൃദ്ധസദനങ്ങളുടെ പ്രവർത്തനം താഴെത്തട്ടിൽ നേരിട്ട് നിരീക്ഷിക്കുന്നതും ജില്ലാ കളക്ടർ/മജിസ്ട്രേറ്റ് അധ്യക്ഷനായ ജില്ലാതല സമിതികളാണ്.


    നിരീക്ഷണവും വിലയിരുത്തലും ഉത്തരവാദിത്തവും

    അടൽ വയോ അഭ്യുദയ യോജനയ്ക്ക് കീഴിലെ നിരീക്ഷണ-വിലയിരുത്തൽ-ഉത്തരവാദിത്ത ചട്ടക്കൂട് പദ്ധതിയുടെ എല്ലാ ഘടകങ്ങളിലും സുതാര്യതയും കാര്യക്ഷമതയും ഫലങ്ങളിലൂന്നിയ നടത്തിപ്പും ഉറപ്പാക്കുന്ന തരത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.

    'മുതിർന്ന പൗരന്മാർക്കായുള്ള സംയോജിത പരിപാടി'ക്ക് (IPSrC) കീഴിലെ പദ്ധതികളുടെ യഥാർത്ഥ പ്രവർത്തനക്ഷമതയും കൃത്യതയും നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് പദ്ധതി നിരീക്ഷണ യൂണിറ്റ് കൃത്യമായ ഇടവേളകളിൽ പദ്ധതി പ്രദേശങ്ങളില്‍ പരിശോധനകൾ നടത്തുന്നു.

    പദ്ധതി നടപ്പാക്കുന്ന സന്നദ്ധ സംഘടനകൾ താഴെ നല്‍കിയിരിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്:

    നിശ്ചിത ഇടവേളകളിലെ പുരോഗതി റിപ്പോർട്ടുകൾ

    വിനിയോഗ സാക്ഷ്യപത്രങ്ങൾ

    ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ

    'ഇ-അനുദാൻ' പോർട്ടൽ വഴിയാണ് പദ്ധതി നിരീക്ഷണം ഏകോപിപ്പിക്കുന്നത്; കൂടാതെ, അന്തേവാസികളുടെ വിവരങ്ങളുമായി ബന്ധിപ്പിച്ച ക്ലൗഡ് അധിഷ്ഠിത കോൺടാക്റ്റ്‌ലെസ് ബയോമെട്രിക് ഹാജർ സംവിധാനം ഏജൻസികൾ നിർബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്.

    സുതാര്യത ഉറപ്പുവരുത്തുന്നതിന് സ്ഥാപനങ്ങൾ അവരുടെ വെബ്‌സൈറ്റുകളിലോ പോർട്ടലിലോ തത്സമയ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാക്കേണ്ടതുമുണ്ട്.

    അടൽ വയോ അഭ്യുദയ യോജനയുടെ പ്രധാന ഘടകങ്ങൾ

    മുതിർന്ന പൗരന്മാരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകല്പന ചെയ്ത സംയോജിത ഘടകങ്ങളിലൂടെയാണ് അടൽ വയോ അഭ്യുദയ യോജന പ്രവർത്തിക്കുന്നത്.

    മുതിർന്ന പൗരന്മാർക്കായുള്ള സംയോജിത പരിപാടി (IPSrC)

    സന്നദ്ധ സംഘടനകൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരിട്ട് ഗ്രാന്റ്-ഇൻ-എയ്ഡ് നൽകി വൃദ്ധസദനങ്ങൾ, സാന്ത്വന പരിചരണ കേന്ദ്രങ്ങൾ, സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുകൾ, ഫിസിയോതെറാപ്പി ക്ലിനിക്കുകൾ, മേഖലാ വിഭവ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ പ്രവർത്തിപ്പിക്കാനും പരിപാലിക്കാനുമുള്ള പ്രധാന നിർവഹണ വിഭാഗമായാണ് IPSrC പ്രവർത്തിക്കുന്നത്. നിലവിൽ 764 വൃദ്ധസദനങ്ങൾ, 13 സാന്ത്വന പരിചരണ കേന്ദ്രങ്ങൾ, 17 സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുകൾ, 3 ഫിസിയോതെറാപ്പി ക്ലിനിക്കുകൾ എന്നിവയ്ക്ക് ഇതുവഴി പിന്തുണ നൽകിവരുന്നുണ്ട്. നിരാലംബരായ മുതിർന്നവർക്ക് സുരക്ഷിത പാർപ്പിടം ഉറപ്പാക്കുന്നതിന് വൃദ്ധസദനങ്ങൾ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലുമാണ് പദ്ധതി നിലവിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതിനാൽ സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുകളും ഫിസിയോതെറാപ്പി ക്ലിനിക്കുകളും തുടരുന്ന പദ്ധതികളെ പ്രതിനിധീകരിക്കുന്നു. ഗ്രാന്റ്-ഇൻ-എയ്ഡ് മാതൃകയിലൂടെ സന്നദ്ധ സംഘടനകൾ, സംസ്ഥാന ഗവണ്‍മെന്റുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയടക്കം അർഹരായ ഏജൻസികൾക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കാനും പരിപാലിക്കാനും ധനസഹായം ലഭ്യമാക്കുന്നു.

    മുതിർന്ന പൗരന്മാർക്കായുള്ള സംസ്ഥാന കർമ്മപദ്ധതി (SAPSrC)

    സംസ്ഥാനതല പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലും ശേഷി വർദ്ധിപ്പിക്കുന്നതിലുമാണ് ഈ ഘടകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വയോജന പരിചരണത്തിൽ പരിശീലനം ലഭിച്ച പരിചാരകരുടെ ഒരു സംഘത്തെ വാർത്തെടുക്കാനും തിമിര ശസ്ത്രക്രിയകൾക്കായി പ്രത്യേക യജ്ഞങ്ങള്‍ നടത്താനും സംസ്ഥാനങ്ങൾക്ക് അനുയോജ്യമായ മറ്റ് ക്ഷേമ പദ്ധതികൾ നടപ്പാക്കാനും സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവണ്‍മെന്റുകള്‍ക്ക് ഈ ഘടകം ധനസഹായം നൽകുന്നു. പ്രാദേശികതലത്തിലെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അനുവദിച്ച തുകയുടെ 20 ശതമാനം വരെ ഇത്തരം സംസ്ഥാന നിർദിഷ്ട പരിപാടികൾക്കായി സംസ്ഥാനങ്ങൾക്ക് വിനിയോഗിക്കാം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവരുടേതായ തന്ത്രങ്ങളും പരിപാടികളും ഇതിൽ ഉൾപ്പെടുത്താമെങ്കിലും AVYAY-യ്ക്ക് കീഴിൽ അംഗീകരിച്ച ഘടകങ്ങൾക്ക് മാത്രമേ ധനസഹായം അനുവദിക്കൂ. ഒപ്പം ഈ ആവശ്യത്തിനായി ലഭ്യമായ വിഭവങ്ങൾ വർദ്ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വന്തം ഫണ്ട് കൂടി വിനിയോഗിക്കേണ്ടതുണ്ട്.

    മേഖലാ വിഭവ പരിശീലന കേന്ദ്രങ്ങള്‍ (RRTCs)

    അടൽ വയോ അഭ്യുദയ യോജനയ്ക്ക് - പ്രത്യേകിച്ച് 'മുതിർന്ന പൗരന്മാർക്കായുള്ള സംയോജിത പരിപാടി'ക്ക് - കീഴിലെ പ്രധാന സ്ഥാപനപരമായ പിന്തുണാ സംവിധാനങ്ങളായാണ് മേഖലാ വിഭവ പരിശീലന കേന്ദ്രങ്ങള്‍ (RRTCs) പ്രവര്‍ത്തിക്കുന്നത്. ഗവൺമെന്റ് നാമനിർദേശം ചെയ്യുന്ന ഈ കേന്ദ്രങ്ങൾ വാർദ്ധക്യം, വയോജന ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശേഷി വർദ്ധന, പരിശീലനം, ഗവേഷണം, ഡോക്യുമെന്റേഷൻ, ബോധവൽക്കരണം, നയപരമായ ഇടപെടലുകൾ എന്നിവയുടെ പ്രാദേശിക നോഡൽ ഏജൻസികളായി പ്രവർത്തിക്കുന്നു. വിവരശേഖര വികസനം, നിരീക്ഷണവും വിലയിരുത്തലും, പദ്ധതി പരിശോധനകൾ എന്നിവയ്ക്കൊപ്പം സംസ്ഥാന ഗവണ്‍മെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പദ്ധതി നിർവഹണ സംഘടനകളുമായും ഏകോപനത്തിലൂടെ വസ്തുതാധിഷ്ഠിത നയരൂപീകരണത്തിനും പദ്ധതി നിർവഹണത്തിനും ഇവ പിന്തുണയേകുന്നു. പദ്ധതി മാർഗനിർദ്ദേശങ്ങൾ പ്രകാരം ഓരോ കേന്ദ്രത്തിനും പ്രതിവർഷം 19.58 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇതിനുപുറമെ മുതിർന്ന പൗരന്മാർക്കായി നടത്തുന്ന സേവന വിതരണം, ശേഷി വർദ്ധന, പ്രവർത്തന വ്യാപ്തി എന്നിവ ശക്തിപ്പെടുത്തുന്നതിന് മേഖലാ വിഭവ പരിശീലന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന അംഗീകൃത സന്നദ്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മന്ത്രാലയം സാമ്പത്തിക സഹായം നൽകിവരുന്നു.

    രാഷ്ട്രീയ വയോശ്രീ യോജന (RVY)

    2017-ൽ സ്വതന്ത്ര കേന്ദ്രാവിഷ്കൃത പദ്ധതിയായി ആരംഭിച്ച 'രാഷ്ട്രീയ വയോശ്രീ യോജന' (RVY) പിന്നീട് അടൽ വയോ അഭ്യുദയ യോജനയുടെ പ്രധാന ഘടകങ്ങളിലൊന്നായി സംയോജിപ്പിച്ചു. വാർദ്ധക്യസഹജമായ വൈകല്യങ്ങളോ ശാരീരിക അവശതകളോ അനുഭവിക്കുന്ന അർഹരായ മുതിർന്ന പൗരന്മാർക്ക് ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ സഹായിക്കുന്ന സഹായ ഉപകരണങ്ങൾ ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. വലിയ മുന്നേറ്റമാണ് പദ്ധതി കൈവരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (ALIMCO) പ്രത്യേക ക്യാമ്പുകൾ വഴിയും പ്രധാനമന്ത്രി ദിവ്യാശ വയോശ്രീ കേന്ദ്രങ്ങളിലെ (PMD-VK) വാക്ക്-ഇൻ കേന്ദ്രങ്ങള്‍ വഴിയും ഇതുവരെ 10.45 ലക്ഷത്തിലധികം മുതിർന്ന പൗരന്മാർക്ക് 55,87,653 സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

     

 


മുതിർന്ന പൗരന്മാർക്കായി ദേശീയ ഹെൽപ്പ്‌ലൈൻ

മുതിർന്ന പൗരന്മാർക്കായി 2021 ഒക്ടോബറിൽ 'എൽഡർലൈൻ' (ഹെൽപ്പ്‌ലൈൻ നമ്പർ: 14567) എന്ന പേരിൽ ഒരു ദേശീയ ഹെൽപ്പ്‌ലൈൻ ആരംഭിച്ചു. മുതിർന്ന പൗരന്മാർക്ക് സമയബന്ധിത സഹായവും സൗജന്യ വിവരങ്ങളും മാർഗനിർദേശങ്ങളും മാനസിക പിന്തുണയും ഇതിലൂടെ ഉറപ്പാക്കുന്നു. ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ എല്ലാത്തരം പരാതികളും പരിഹരിക്കുന്ന ഈ സേവനം പ്രശ്നങ്ങൾ താഴെത്തട്ടിൽത്തന്നെ പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടങ്ങളുമായും സന്നദ്ധ സംഘടനകളുമായും നേരിട്ട് ഏകോപനം നടത്തുന്നു. മുതിർന്ന പൗരന്മാർക്ക് അടിയന്തര സഹായം ആവശ്യമായ എല്ലായിടത്തും ഫീൽഡ് തല ഇടപെടലുകളും ഉറപ്പാക്കുന്നുണ്ട്. വിവരം തേടൽ, മാർഗനിർദേശം, മാനസിക പിന്തുണ, ഫീൽഡ് ഇടപെടൽ, മറ്റ് സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 8.66 ലക്ഷത്തിലധികം കോളുകളാണ് എൽഡർലൈനിലേക്ക് ഇതുവരെ ലഭിച്ചത് എന്നത് പദ്ധതിയുടെ ജനകീയ സ്വാധീനം വ്യക്തമാക്കുന്നു.

 


ജീവൻ ആപ്പും ശതായു ഡാഷ്‌ബോർഡും

'ജോയിന്റ് എൽഡർലി എംപവർമെന്റ് ആൻഡ് വെർച്വൽ അസിസ്റ്റൻസ് നെറ്റ്‌വർക്ക്' (ജീവന്‍) മൊബൈൽ ആപ്ലിക്കേഷനും വയോജന പരിചരണ രംഗത്തെ 'സീനിയർ ഹോളിസ്റ്റിക് കെയർ അസിസ്റ്റൻസ് ആൻഡ് ട്രെയിനിംഗ് ഫോർ യുവർ യൂട്ടിലിറ്റി' (ശതായു) ജെറിയാട്രിക് ഡാഷ്‌ബോർഡും 2026 മെയ് മാസം കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കി.

മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കനുസൃതമായ നിരവധി സേവനങ്ങളാണ് 'ജീവൻ' ആപ്പ് ഉറപ്പാക്കുന്നത്. ഗവണ്‍മെന്റ് പദ്ധതികളും ക്ഷേമ പരിപാടികളും സംബന്ധിച്ച വിവരങ്ങൾ, അടിയന്തര സഹായങ്ങളുടെയും പിന്തുണാ സേവനങ്ങളുടെയും ലഭ്യത, വൃദ്ധസദനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. മുതിർന്ന ഉപയോക്താക്കളെ മുൻനിർത്തി തയ്യാറാക്കിയ ഈ പ്ലാറ്റ്‌ഫോമിൽ ലളിതമായ നാവിഗേഷൻ, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഇന്റർഫേസ്, മെച്ചപ്പെട്ട പ്രവേശനക്ഷമതാ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 'വൺ-ടാപ്പ് കോൾ' സംവിധാനമാണ് ഇതിലെ സുപ്രധാന സവിശേഷത. മെഡിക്കൽ അത്യാഹിതങ്ങളിലോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ ഒരൊറ്റ ക്ലിക്കിലൂടെ പ്രധാന നമ്പറുകളിലേക്ക് നേരിട്ട് വിളിച്ച് തത്സമയ മാർഗനിർദേശവും സഹായവും നേടാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.

പരിശീലനം ലഭിച്ച വയോജന പരിപാലകരെ കണ്ടെത്താൻ മുതിർന്ന പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും 'ശതായു' ഡാഷ്‌ബോർഡ് സഹായിക്കുന്നു. ജില്ലാ-സംസ്ഥാന തലങ്ങളില്‍ പരിപാലകരുടെ ലഭ്യത വ്യക്തമാക്കുന്ന ഈ സംവിധാനം ഇന്ത്യയിലെ സംഘടിത പരിചരണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. പരിചരണം ആവശ്യമായ മുതിർന്ന പൗരന്മാരുമായി പരിശീലനം ലഭിച്ച പരിപാലകരെ ബന്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഈ വിവരശേഖരം കൂടുതൽ വിപുലീകരിക്കുന്നതിന് 2023-24 കാലയളവിലും അതിനുമുന്‍പും പരിശീലനം ലഭിച്ച പരിപാലകരെ സ്വയം രജിസ്റ്റർ ചെയ്യാൻ ക്ഷണിക്കുകയും അതിലൂടെ കൂടുതൽ മുതിർന്ന പൗരന്മാർക്ക് വിദഗ്ധ പരിചരണ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്തു. ഡാഷ്‌ബോർഡിലെ കണക്കുകൾ പ്രകാരം ആകെ 30,151 പരിപാലകരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്; ഇതിൽ 6,817 പേർ പുരുഷന്മാരും 23,334 പേർ സ്ത്രീകളുമാണ്.

അനുഭവ് ബോൽത്താ ഹെ

അടൽ വയോ അഭ്യുദയ യോജനയുടെ വിശാലമായ ചട്ടക്കൂടിന് കീഴിലെ ഒരു അവബോധ-വിജ്ഞാന വ്യാപന സംരംഭമാണ് 'അനുഭവ് ബോൽത്താ ഹെ'. മുതിർന്ന പൗരന്മാരുടെ പോർട്ടൽ വഴി മുതിർന്നവർക്ക് അവരുടെ ജീവിതാനുഭവങ്ങളും വിജയഗാഥകളും പാഠങ്ങളും പങ്കുവെക്കാനുള്ള വേദിയാണ് ഇതിലൂടെ ഒരുക്കുന്നത്; അവരുടെ പ്രചോദനാത്മക അനുഭവങ്ങളെ സമൂഹത്തിന് കണ്ടുപഠിക്കാനും പരസ്പരം ബന്ധപ്പെടാനുമുള്ള പ്രധാന സ്രോതസ്സായി സംരംഭം കാണുന്നു. ഇതിന്റെ പ്രവർത്തന വ്യാപ്തി കൂടുതൽ വിപുലീകരിച്ച് പുതുതായി പുറത്തിറക്കിയ 'ജീവൻ' മൊബൈൽ ആപ്ലിക്കേഷനിലും 'അനുഭവ് ബോൽത്താ ഹെ' എന്ന പേരിൽ പ്രത്യേക വിജ്ഞാന വ്യാപന വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. വാർദ്ധക്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി, നിയമപരമായ അവകാശങ്ങൾ, ക്ഷേമപദ്ധതികൾ എന്നിവയെക്കുറിച്ച് മുതിർന്ന പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി തയ്യാറാക്കിയ ലേഖനങ്ങൾ ഈ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് പദ്ധതിയെ ഒരേസമയം ഒരു സേവന പ്ലാറ്റ്‌ഫോമും സജീവ അവബോധ ഉറവിടവുമാക്കി മാറ്റുന്നു.


സീനിയർകെയർ ഏജിങ് ഗ്രോത്ത് എന്‍ജിൻ (SAGE)

നൂതനാശയങ്ങളിലൂടെ വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഓഹരി പങ്കാളിത്തം വഴി ഇത്തരം ആശയങ്ങളെ സ്റ്റാർട്ടപ്പുകളായി വികസിപ്പിക്കുന്നതിന് പിന്തുണയും ഇത് നൽകുന്നു. ശക്തമായ ഒരു 'സിൽവർ ഇക്കോണമി' (മുതിർന്ന പൗരന്മാരില്‍ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ) കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന SAGE പുതിയ ആശയങ്ങളെ സ്റ്റാർട്ടപ്പുകളാക്കി വളർത്തുന്നതിനും വയോജന പരിചരണ രംഗത്ത് ഇതിനകം പ്രവർത്തിക്കുന്ന സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും പിന്തുണ നൽകുന്നു. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കനുയോജ്യമായ ഉല്പന്നങ്ങൾ, സേവനങ്ങൾ, സാങ്കേതിക പരിഹാരങ്ങൾ എന്നിവയാണ് ഈ സംരംഭങ്ങൾ വികസിപ്പിക്കുന്നത്. ഈ സംരംഭത്തിന് കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് ഓഹരി പങ്കാളിത്തത്തിലൂടെ ഒരു കോടി രൂപ വരെ സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇതിനുപുറമെ മുതിർന്നവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള സേവനങ്ങൾ വിപുലീകരിക്കുന്നതിന് മാർഗനിർദേശങ്ങളും വിപണി ബന്ധങ്ങളും ലഭ്യമാക്കുന്നു.

ഓഹരി പിന്തുണയിലൂടെയും SAGE പോർട്ടലിലൂടെയും വിശ്വസനീയ വയോജന പരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം രാജ്യത്തെ സിൽവർ ഇക്കോണമി പ്രോത്സാഹിപ്പിക്കാനും ഗവണ്‍മെന്റ് സൗകര്യമൊരുക്കുന്നു.


SAGE പോർട്ടൽ

 

വയോജന പരിചരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ കണ്ടെത്താനും പരിശോധിച്ചുറപ്പിക്കാനും ഒരിടത്ത് ഏകോപിപ്പിക്കാനുമുള്ള ഏകജാലക സംവിധാനമായി പ്രവർത്തിക്കുന്ന പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്. ഗുണനിലവാരം ഉറപ്പാക്കിയ വിവിധ ഉല്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ മുതിർന്ന പൗരന്മാർക്കും പരിചാരകർക്കും മറ്റ് പങ്കാളികൾക്കും ഈ പോർട്ടൽ അവസരമൊരുക്കുന്നു. കൂടാതെ, നൂതനാശയങ്ങളുള്ള സ്റ്റാർട്ടപ്പുകൾക്കും ഉപയോക്താക്കൾക്കുമിടയിലെ പാലമായി പ്രവർത്തിച്ച് രാജ്യത്തെ സമഗ്ര വയോജന പരിചരണ ആവാസവ്യവസ്ഥയെ ഇത് ശക്തിപ്പെടുത്തുന്നു.

 

SAGE പോർട്ടലിലെ രജിസ്ട്രേഷൻ: വയോജന പരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും കമ്പനിയുടെ വിശദാംശങ്ങൾ, വെബ്‌സൈറ്റ്/ആപ്പ് വിവരങ്ങൾ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയവ നൽകി ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ലോഗിൻ വിശദാംശങ്ങള്‍ സൃഷ്ടിച്ചെടുക്കാം. അപേക്ഷ സമർപ്പിച്ചാല്‍ അന്തിമ അംഗീകാരത്തിന് മുൻപായി പ്രാഥമിക വിലയിരുത്തലും ഐ.എഫ്.സി.ഐ വെഞ്ചർ നടത്തുന്ന വിശദമായ സൂക്ഷ്മപരിശോധനയും പൂർത്തിയാക്കേണ്ടതുണ്ട്. ഒപ്പം, അംഗീകാരം ലഭിച്ച ഇത്തരം വയോജന പരിചരണ സേവനദാതാക്കളെ എളുപ്പത്തിൽ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും മുതിർന്ന പൗരന്മാർക്ക് അവസരമൊരുക്കുന്ന സുഗമമായ വേദിയായും ഈ പോർട്ടൽ നിലകൊള്ളുന്നു.

 

സീനിയർ സിറ്റിസൺ ഓപ്പർച്യൂണിറ്റീസ് ഫോർ പ്രൊഡക്ടീവ് എൻഗേജ്‌മെന്റ് (സ്കോപ്)

 

സജീവ സാമൂഹ്യ പങ്കാളിത്തത്തിലൂടെയും ഉപജീവന അവസരങ്ങളിലൂടെയും മുതിർന്ന പൗരന്മാരെ ശാക്തീകരിക്കുകയാണ് 'സീനിയർ സിറ്റിസൺ ഓപ്പർച്യൂണിറ്റീസ് ഫോർ പ്രൊഡക്ടീവ് എൻഗേജ്‌മെന്റ്' (സ്കോപ്) പദ്ധതി ലക്ഷ്യമിടുന്നത്. അനുഭവപരിചയവും സ്ഥിരതയുമുള്ള ജീവനക്കാരെ തേടുന്ന വാണിജ്യ സംരംഭങ്ങൾക്ക് മുതൽക്കൂട്ടാകുന്ന വലിയ പരിചയസമ്പത്തും സമയവും കർമ്മശേഷിയും പല മുതിർന്ന പൗരന്മാർക്കുമുണ്ട്. പല സ്വകാര്യ സ്ഥാപനങ്ങളിലെയും മാനവവിഭവശേഷി വിഭാഗങ്ങൾ ചില പ്രത്യേക തസ്തികകളിലേക്ക് ഇത്തരം പരിചയസമ്പന്നരെ തേടുന്നുണ്ടെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ഇരുകൂട്ടരുടെയും താല്പര്യങ്ങൾ പരസ്പരം പൊരുത്തപ്പെടുത്തുന്ന ഡിജിറ്റൽ പാലമായാണ് ഈ പോർട്ടൽ പ്രവർത്തിക്കുന്നത്. അനുഭവസമ്പന്നരായ മുതിർന്ന പൗരന്മാരെ അനുയോജ്യമായ തൊഴിലുകളുമായി ബന്ധിപ്പിക്കുന്ന ഈ സംരംഭം ഉല്പാദനക്ഷമമായ വാർദ്ധക്യത്തെ പ്രോത്സാഹിപ്പിക്കുകയും മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സാമൂഹ്യ-സാമ്പത്തിക ഘടനയിൽ അവരെ സജീവവും സ്വതന്ത്രവുമായ പങ്കാളികളാക്കി മാറ്റുകയും ചെയ്യുന്നു.

 

പി.എം-സ്പെഷ്യൽ: വയോജന പരിപാലക പരിശീലനം

 

ഇന്ത്യയിലെ വയോജന പരിചരണ മേഖലയെ ശക്തിപ്പെടുത്തുന്നതിലാണ് 'പി.എം-സ്പെഷ്യൽ' (സിസ്റ്റം ഫോര്‍ പ്രൊവിഷന്‍ ഓഫ് എല്‍ഡര്‍കെയര്‍ ഇന്‍ ഹൗസ് ആന്‍ഡ് അസിസ്റ്റഡ് ലിവിങ്) ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വയോജന പരിപാലകരുടെ ലഭ്യതയും അവരുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയും തമ്മിലെ അന്തരം നികത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. മുതിർന്ന പൗരന്മാർക്ക് കൂടുതൽ പ്രൊഫഷണൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വയോജന പരിചരണ രംഗത്ത് വൈദഗ്ധ്യമാര്‍ന്ന പ്രൊഫഷണൽ പരിചാരകരുടെ സംഘത്തെ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു. കൂടാതെ വയോജന പരിചരണ രംഗത്തേക്ക് കടന്നുവരുന്ന വ്യക്തികൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും നൽകുന്നുണ്ട്. ഗവണ്‍മെന്റ് നിശ്ചയിച്ച കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് അംഗീകൃത സ്ഥാപനങ്ങൾ വഴിയാണ് ഈ പരിശീലനം ലഭ്യമാക്കുന്നത്.

 

അന്തസ്സാര്‍ന്ന വാർദ്ധക്യത്തിലേക്ക്

 

വിവിധ ഘടകങ്ങൾക്ക് പുറമെ മുതിർന്ന പൗരന്മാരെ യുവതലമുറയുമായി ബന്ധിപ്പിക്കുന്ന നിരവധി സംരംഭങ്ങൾ അടൽ വയോ അഭ്യുദയ യോജനയ്ക്ക് കരുത്തേകുന്നുണ്ട്. തലമുറകൾ തമ്മിലെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി 'ക്രിയേറ്റിങ് ഇന്റർജനറേഷണൽ ബോണ്ടിംഗ്' പദ്ധതി നടപ്പാക്കുന്നതിന് സാമൂഹ്യ നീതി-ശാക്തീകരണ വകുപ്പ് 2026 സെപ്റ്റംബർ 1-ന് രാമകൃഷ്ണ മഠം ആൻഡ് രാമകൃഷ്ണ മിഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിലൂടെ കളികളിലധിഷ്ഠിതവും ശാസ്ത്രീയവുമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കുട്ടികളും മാതാപിതാക്കളും മുത്തശ്ശീ-മുത്തശ്ശന്മാരും തമ്മിലെ വൈകാരിക-സാംസ്കാരിക ബന്ധങ്ങൾ സുദൃഢമാക്കാനാണ് ഈ രാജ്യവ്യാപക സംരംഭം ലക്ഷ്യമിടുന്നത്. ഈ സഹകരണത്തിന് കീഴിൽ കൂട്ടായ പഠന വിനോദങ്ങൾ, ദ്വിഭാഷാ വിഭവകേന്ദ്രം വെബ്‌സൈറ്റ്, അധ്യാപകരുടെ സർട്ടിഫിക്കേഷൻ എന്നിവ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 200 സ്കൂളുകളില്‍ മാതൃകാ പദ്ധതി വികസിപ്പിച്ച് നടപ്പാക്കും.

 

അടൽ വയോ അഭ്യുദയ യോജന, എൽഡർലൈൻ തുടങ്ങിയ മന്ത്രാലയത്തിന്റെ വയോജന ക്ഷേമ പദ്ധതികൾക്ക് കരുത്തേകുന്നതിനൊപ്പം മുതിർന്ന പൗരന്മാർക്ക് അവരുടെ ജീവിതാനുഭവങ്ങളും മൂല്യങ്ങളും പുതുതലമുറയ്ക്ക് പകർന്നുനൽകാനും കുട്ടികളെ തനത് സംസ്കാരത്തിൽ ചേര്‍ത്തുനിര്‍ത്താനും ഈ സംരംഭം അവസരമൊരുക്കും. ഗവേഷണം, രൂപകല്പന, വിലയിരുത്തൽ എന്നിവയുടെ വിജ്ഞാന വികസന പങ്കാളിത്ത പിന്തുണയോടെ രാമകൃഷ്ണ മഠം ആൻഡ് രാമകൃഷ്ണ മിഷനാണ് സംരംഭം നടപ്പാക്കുന്നത്.

 

ഇന്ത്യയിലെ വയോജനങ്ങളുടെ ബഹുമുഖ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന സമഗ്രവും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതുമായ ചട്ടക്കൂടാണ് അടൽ വയോ അഭ്യുദയ യോജന. ദീർഘകാല പരിചരണ അടിസ്ഥാന സൗകര്യങ്ങൾ, സഹായ പരിചരണ സൗകര്യങ്ങൾ, മുതിർന്നവർക്കായുള്ള പിന്തുണാ സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്കായി കൂടുതൽ ഏകോപിതവും ജീവിതത്തിന്റെ സമഗ്ര ഘട്ടങ്ങളെയും ഉൾക്കൊള്ളുന്നതുമായ സമീപനത്തിലേക്കുള്ള പരിവര്‍ത്തനമാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍, സന്നദ്ധ സംഘടനകൾ, പ്രത്യേക സ്ഥാപനങ്ങൾ എന്നിവയെ സംയോജിപ്പിച്ച് സഹകരണ മാതൃകയിലൂടെ ഇന്ത്യയുടെ സാമൂഹ്യ സുരക്ഷാ ഘടനയുടെ സുപ്രധാന സ്തംഭങ്ങളിലൊന്നായി അടൽ വയോ അഭ്യുദയ യോജന നിലകൊള്ളുന്നു.

 

അവലംബം:

Atal Vayo Abhyuday Yojana

***********


( റിലീസ് ഐ.ഡി: 2329853) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil