പോസ്റ്റഡ് ഓണ്:
28 OCT 2026 6:12PM by PIB Thiruvananthpuram
മനുഷ്യനിർമ്മിത നാരുകൾ (MMF) ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ, എംഎംഎഫ് തുണിത്തരങ്ങൾ, സാങ്കേതിക തുണിത്തരങ്ങൾ എന്നിവയുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര ഉൽപ്പാദനശേഷി വർദ്ധിപ്പിക്കുക, നിക്ഷേപം ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആഗോള ടെക്സ്റ്റൈൽ മൂല്യശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ടെക്സ്റ്റൈൽസ് മന്ത്രാലയം ഉൽപ്പാദനാധിഷ്ഠിത പ്രോത്സാഹന (PLI) പദ്ധതിയുടെ അപേക്ഷാ പോർട്ടൽ വീണ്ടും തുറക്കുന്നു. പദ്ധതിയുടെ നാലാം ഘട്ടത്തിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനായി 2026 നവംബർ 1 മുതൽ ഡിസംബർ 31 വരെ പോർട്ടൽ പ്രവർത്തനക്ഷമമായിരിക്കും.
പദ്ധതിയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന പ്രധാന ഭേദഗതികളും വരുത്തിയിട്ടുണ്ട്:
1. കുറഞ്ഞ വിറ്റുവരവ് പരിധിയിൽ ഇളവ്: പദ്ധതിയുടെ പാർട്ട് 2 വിഭാഗത്തിന് കീഴിൽ ആവശ്യമായ കുറഞ്ഞ വിറ്റുവരവ് പരിധി 200 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായി കുറച്ചു. ഇതിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (MSME-കൾ) ഇടത്തരം ഉൽപ്പാദന യൂണിറ്റുകൾക്കും പദ്ധതിയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനാകും.
2. പദ്ധതി കാലാവധി നീട്ടി: നാലാം ഘട്ടത്തിൽ അംഗീകാരം ലഭിക്കുന്ന അപേക്ഷകർക്കായി മാത്രം പദ്ധതിയുടെ കാലാവധി 2033-34 സാമ്പത്തിക വർഷം വരെ നീട്ടിയിട്ടുണ്ട്. ഉൽപ്പാദനശേഷി വർദ്ധിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി കൂടുതൽ ദൈർഘ്യമുള്ള നിക്ഷേപ-പ്രവർത്തന കാലയളവ് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
3. നിലവിലെ പങ്കാളിത്ത കമ്പനികൾക്ക് നാലാം ഘട്ടത്തിലേക്ക് മാറാനുള്ള അവസരം: പദ്ധതിയുടെ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിൽ ഏതെങ്കിലും വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളതും ഇതുവരെ ആനുകൂല്യങ്ങൾ ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്യാത്തതുമായ എല്ലാ കമ്പനികൾക്കും നിലവിലുള്ള അപേക്ഷകൾ പിൻവലിച്ചുകൊണ്ട് നാലാം ഘട്ടത്തിലേക്ക് മാറാൻ അർഹതയുണ്ടായിരിക്കും.
ഓൺലൈൻ അപേക്ഷാ പോർട്ടലായ https://pli.texmin.gov.in , 2026 നവംബർ 1 മുതൽ 2026 ഡിസംബർ 31 വരെ പ്രവർത്തനക്ഷമമായിരിക്കും. പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി യോഗ്യതയുള്ള കമ്പനികൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
****