പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2026-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

മാറിവരുന്ന ലോകക്രമം ശക്തമായ ആഗോള സ്ഥാപനങ്ങളും ഗ്ലോബൽ സൗത്തിന് കൂടുതൽ ശബ്ദവും പ്രതിസന്ധി ഘട്ടങ്ങളിലും ഉറച്ചുനിൽക്കുന്ന അന്താരാഷ്ട്ര സഹകരണവും ആവശ്യപ്പെടുന്നു: പ്രധാനമന്ത്രി

വികസിത് ഭാരത് എന്നത് രാജ്യത്തെ ജനങ്ങൾക്കുള്ള വാഗ്ദാനം മാത്രമല്ല, മെച്ചപ്പെട്ട ലോകത്തിനുള്ള ഉറപ്പുകൂടിയാണ്: പ്രധാനമന്ത്രി

ലോകത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ സ്വന്തം ശേഷികൾ വർധിപ്പിക്കുകയാണ്: പ്രധാനമന്ത്രി

ഇന്ത്യ ഇപ്പോൾ ലോകവുമായി സഹകരിക്കുന്നത് വെറുമൊരു 'ബാക്ക് ഓഫീസ്' ആയിട്ടല്ല, മറിച്ച് ഒരു 'ബ്രെയിൻ ഓഫീസ്' ആയിട്ടാണ്: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 22 OCT 2026 9:57PM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2026-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. രാജ്യത്തെ സന്തോഷകരമായ ഉത്സവ വേളയിൽ അന്താരാഷ്ട്ര പ്രതിനിധികളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഉച്ചകോടിയിലേക്ക് പങ്കാളികളെ സ്വാഗതം ചെയ്തു. ഗൗരവമേറിയ ആഗോള വിഷയങ്ങളിൽ ചർച്ച നടത്തുന്ന ഈ സമ്മേളനത്തെ അദ്ദേഹം അഭിനന്ദിച്ചു.

എൻഡിടിവി ഉച്ചകോടിയിലെ ചർച്ചകളുടെ കാലികപ്രസക്തി എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ആഗോള മാറ്റങ്ങൾ സാധാരണ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതിനാൽ പുതിയ ലോകക്രമത്തെക്കുറിച്ചുള്ള ചർച്ചകൾ എല്ലായിടത്തും സജീവമായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങളുടെ യഥാർഥ ജീവിതത്തിലെ പ്രത്യാഘാതങ്ങൾ ഇത്തരം അന്താരാഷ്ട്ര വേദികളുടെ പ്രാധാന്യം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഇത്തരമൊരു സാഹചര്യത്തിൽ, ഇത്തരം ലോക ഉച്ചകോടികളുടെ പ്രാധാന്യം കൂടുതൽ വർദ്ധിക്കുകയാണ്,” പ്രധാനമന്ത്രി മോദി നിരീക്ഷിച്ചു.

‘The World Between Orders‘ എന്ന വിഷയത്തെ കേന്ദ്രചർച്ചയായി അവതരിപ്പിച്ച പ്രധാനമന്ത്രി, നിലവിലുള്ള ലോകക്രമം മാറിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നും സമകാലിക പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ പരമ്പരാഗത സംവിധാനങ്ങൾ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ആഗോള സമൂഹം അടിസ്ഥാനപരമായി പരിശോധിക്കണമെന്ന് പറഞ്ഞു. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് ലോകവേദിയിൽ രാജ്യത്തിന്റെ സവിശേഷമായ ഉത്തരവാദിത്തങ്ങൾ പരിശോധിക്കുന്നതിലേക്ക് സ്വാഭാവികമായും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "രണ്ടാമതായി, മാറിവരുന്ന ഈ ലോകത്ത് ഇന്ത്യയുടെ പങ്ക് എന്താണ്?" ശ്രീ മോദി ചോദിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അന്താരാഷ്ട്ര ബന്ധങ്ങൾ സ്വാഭാവികമായി വികസിച്ചുവന്നതിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, അധികാരബലത്തെക്കാൾ സംവാദത്തിനും സഹകരണത്തിനും മുൻഗണന നൽകണമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്രസഭ സ്ഥാപിതമായതെന്ന് അനുസ്മരിച്ചു. എന്നാൽ, പുതിയ സമ്പദ്‌വ്യവസ്ഥകളും സാങ്കേതികവിദ്യകളും ആദ്യകാല തീരുമാനമെടുക്കൽ വേദികളിൽ ഇടം ലഭിക്കാതിരുന്ന രാജ്യങ്ങളും പ്രാധാന്യത്തിലേക്ക് ഉയർന്നപ്പോൾ ആഗോള സ്ഥാപനങ്ങൾക്ക് അതിനനുസരിച്ച് മാറാൻ കഴിഞ്ഞില്ല. വ്യാപാരം, സാങ്കേതികവിദ്യ, സമുദ്രപാതകൾ തുടങ്ങിയവ ഒരുകാലത്ത് രാജ്യങ്ങളെ ബന്ധിപ്പിച്ചിരുന്ന ഘടകങ്ങളായിരുന്നുവെങ്കിലും അവ ഇന്ന് ആയുധവൽക്കരണത്തിന്റെയും സംഘർഷങ്ങളുടെയും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുടെയും വേദികളായി മാറിയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്ഥാപനതലത്തിലെ തീരുമാനമെടുക്കലും ഇന്നത്തെ യാഥാർഥ്യങ്ങളും തമ്മിലുള്ള വിടവ് നികത്തുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ലോകക്രമം കെട്ടിപ്പടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞു. “ഇവിടെനിന്നാണ് ലോകത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യം പ്രസക്തമാകുന്നത്,” പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

കോവിഡ്-19 മഹാമാരിക്കാലത്ത് ആഗോളതലത്തിൽ ഉണ്ടായ ആഴത്തിലുള്ള ഭിന്നതകളും പരസ്പര സംശയങ്ങളും വിശ്വാസക്കുറവും അനുസ്മരിച്ച പ്രധാനമന്ത്രി, ആഗോളവൽക്കരണത്തിന്റെ വക്താക്കൾ പോലും സ്വന്തം താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. മാനവരാശിയുടെ കൂട്ടായ ക്ഷേമത്തിന് മുൻഗണന നൽകുകയും മനുഷ്യകുലത്തെ കേന്ദ്രസ്ഥാനത്ത് നിർത്തുകയും ചെയ്യുന്ന പുതിയ ലോകക്രമം കെട്ടിപ്പടുക്കണമെന്ന് 2020-ൽ ജി20 വേദിയിൽ താൻ നടത്തിയ ആഹ്വാനം അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. അതേ വർഷം ഐക്യരാഷ്ട്ര പൊതുസഭയുടെ വേദിയിൽ സ്ഥാപനങ്ങൾ കാലത്തിനനുസരിച്ച് മാറേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് നൽകിയ സന്ദേശവും അദ്ദേഹം ആവർത്തിച്ചു. “നൂറ്റാണ്ട് മാറുകയും നമ്മൾ മാറാതിരിക്കുകയും ചെയ്താൽ, മാറ്റം കൊണ്ടുവരാനുള്ള നമ്മുടെ ശേഷിയും ദുർബലമാകും,” ശ്രീ മോദി കൂട്ടിച്ചേർത്തു.

ഉയർന്നുവരുന്ന ആഗോള ചട്ടക്കൂടിന്റെ കൃത്യമായ ഘടന എന്തായിരിക്കണമെന്ന ചോദ്യം ഉന്നയിച്ച പ്രധാനമന്ത്രി, ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ പരിഷ്കാരങ്ങൾ വരുത്തേണ്ടതിന്റെയും ഗ്ലോബൽ സൗത്തിന്റെ ശബ്ദത്തിന് അർഹമായ ഇടം നൽകേണ്ടതിന്റെയും അടിയന്തര ആവശ്യകത ഊന്നിപ്പറഞ്ഞു. അനുകൂല സാഹചര്യങ്ങളിൽ മാത്രം ഒതുങ്ങാതെ, കടുത്ത പ്രതിസന്ധികളിലും ഉറച്ചുനിൽക്കാൻ കഴിയുന്ന തരത്തിലായിരിക്കണം അന്താരാഷ്ട്ര സഹകരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഇതിനായി, എല്ലാ പങ്കാളികൾക്കുമിടയിൽ കാര്യക്ഷമമായ സമവായം ഉണ്ടാകേണ്ടത് അനിവാര്യമാണ്,” പ്രധാനമന്ത്രി മോദി ഉറപ്പിച്ചു പറഞ്ഞു.

ദുർബലമായ ഒരു സംവിധാനം ‘മത്സ്യന്യായ’ത്തിന് വഴിയൊരുക്കുമെന്ന ചാണക്യന്റെ അർത്ഥശാസ്ത്രത്തിലെ ആശയം ഉദ്ധരിച്ച പ്രധാനമന്ത്രി, വലിയ മത്സ്യം ചെറിയ മത്സ്യത്തെ വിഴുങ്ങുന്ന അവസ്ഥയാണ് മത്സ്യന്യായമെന്ന് വിശദീകരിച്ചു. ഇത്തരം ചൂഷണപരമായ ആഗോള സാഹചര്യങ്ങൾ തടയുക എന്നതാണ് രാജ്യത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു. സമ്പന്ന രാജ്യങ്ങൾ സ്വന്തം കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മഹാമാരിക്കാലത്ത്, നൂറിലധികം രാജ്യങ്ങൾക്ക് വാക്സിനുകളും മരുന്നുകളും എത്തിക്കാൻ ഇന്ത്യ മുന്നോട്ടുവന്നത് ഈ കാഴ്ചപ്പാടിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം അനുസ്മരിച്ചു. "മത്സ്യന്യായം എന്ന സാഹചര്യം ഉണ്ടാകുന്നത് തടയുന്ന ഒരു സംവിധാനമാണ് ലോകത്തിന് ആവശ്യം," ശ്രീ മോദി പറഞ്ഞു.

‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന അടിസ്ഥാനമന്ത്രത്തിൽ മുന്നേറുന്ന ഇന്ത്യ ‘വിശ്വബന്ധു’ എന്ന നിലയിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ജി20, ബ്രിക്സ് (BRICS) ഉച്ചകോടികൾക്ക് ആതിഥേയത്വം വഹിച്ചപ്പോൾ സമവായത്തിലെത്തുക അസാധ്യമാണെന്ന തരത്തിൽ വ്യാപകമായ സംശയങ്ങൾ നിലനിന്നിരുന്നുവെങ്കിലും, പരസ്പരവിരുദ്ധ നിലപാടുകൾക്കിടയിൽ പാലങ്ങൾ പണിത് രണ്ട് ഉച്ചകോടികളിലും ഏകകണ്ഠമായ പ്രഖ്യാപനങ്ങൾ സാധ്യമാക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. “വിശ്വബന്ധു എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്കിലുള്ള വിശ്വാസമാണിത്,” പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

രാജ്യത്തിന്റെ വർധിച്ചുവരുന്ന കരുത്തിനെ ആഗോള ക്ഷേമവുമായി നേരിട്ട് ബന്ധിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി, ക്ഷണികമായ പ്രേരണകൾക്കുപകരം കാലാതീതമായ നാഗരിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ആഭ്യന്തര നയങ്ങളാണ് ഇന്ത്യയുടേതെന്ന് വിശദീകരിച്ചു. അതിനാൽ കൂടുതൽ ശക്തമായ ഇന്ത്യ ആഗോള സ്ഥിരതയ്ക്കും തുടർച്ചയ്ക്കും ഉറപ്പുനൽകുന്നു. അടുത്തിടെ മുന്നോട്ടുവെച്ച ‘പവർ ടു എംപവർ’ (Power to Empower) എന്ന കാഴ്ചപ്പാട് അനുസ്മരിച്ച അദ്ദേഹം, സ്വയംപര്യാപ്തവും സാമ്പത്തികമായി കരുത്തുറ്റതും നൈപുണ്യമുള്ളതുമായ വികസിത് ഭാരത് ആഗോള വിതരണ ശൃംഖലകളെ സ്വാഭാവികമായി ശക്തിപ്പെടുത്തുകയും ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും ലോകമെമ്പാടുമുള്ള സമൃദ്ധിക്ക് പ്രചോദനമാകുകയും ചെയ്യുമെന്ന് ഊന്നിപ്പറഞ്ഞു. “അതായത്, ലോകത്തിന്റെ ശേഷിയും വർധിപ്പിക്കാനായി ഇന്ത്യ ഇന്ന് സ്വന്തം ശേഷി വർധിപ്പിക്കുകയാണ്,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകാനുള്ള ഇന്ത്യയുടെ നിരന്തര പരിശ്രമം ആവർത്തിച്ച പ്രധാനമന്ത്രി, കടുത്ത അന്താരാഷ്ട്ര വെല്ലുവിളികൾക്കിടയിലും ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഉയർന്നത് രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്ന് പറഞ്ഞു. ഹരിത ഊർജം, നിർമിതബുദ്ധി (AI), സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എന്നിവയിൽ ഇന്ത്യ കൈവരിച്ച ആഗോളനിലവാരത്തിലുള്ള നേട്ടങ്ങളും അദ്ദേഹം അഭിമാനത്തോടെ എടുത്തുപറഞ്ഞു. “തത്സമയ ഡിജിറ്റൽ പേയ്‌മെന്റുകളിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു.

ആദ്യമായി കൈവരിച്ച ചരിത്രപരമായ സാങ്കേതിക, പരിസ്ഥിതി നേട്ടങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ക്രിട്ടിക്കാലിറ്റി കൈവരിച്ചതും ദേശീയ സെൻസസിൽ ഡിജിറ്റൽ സാങ്കേതികവിദ്യ സംയോജിപ്പിച്ചതും ഹൈഡ്രജൻ ട്രെയിനിന്റെ ഉദ്ഘാടന ഓട്ടവും ചൂണ്ടിക്കാട്ടി. ശുദ്ധമായ ഊർജത്തിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനത്തിലെ വലിയ മുന്നേറ്റവും അദ്ദേഹം പരാമർശിച്ചു. “ആദ്യമായി, ഫോസിൽ ഇതര വൈദ്യുതി ശേഷിയിൽ ഇന്ത്യ 300 ഗിഗാവാട്ട് എന്ന പരിധി മറികടന്നു,” ശ്രീ മോദി നിരീക്ഷിച്ചു.

85 മെഡലുകൾ നേടിയ ഏഷ്യൻ ഗെയിംസ് വിജയികളായ ഇന്ത്യൻ സംഘവുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിലെ അനുഭവങ്ങൾ പങ്കുവെച്ച പ്രധാനമന്ത്രി, ഇതുവരെ കൈവരിക്കാത്ത നിരവധി കായികനേട്ടങ്ങളെ അഭിനന്ദിച്ചു. വനിതകളുടെ റികർവ് അമ്പെയ്ത്ത് ടീം ആദ്യമായി ടീം, വ്യക്തിഗത സ്വർണങ്ങൾ നേടിയതും ഒരേ പതിപ്പിൽ ഇന്ത്യൻ ബോക്‌സർമാർ ആദ്യമായി മൂന്ന് സ്വർണ മെഡലുകൾ നേടിയതിനെയും അദ്ദേഹം പ്രശംസിച്ചു.

ഫുട്ബോളിന്റെയും വോളിബോളിന്റെയും ഘടകങ്ങൾ സംയോജിപ്പിച്ച് കാലുകൾ മാത്രം ഉപയോഗിച്ച് കളിക്കുന്ന, വല ഉപയോഗിച്ചുള്ള 'സെപക് താക്രോ' (Sepak Takraw) എന്ന സവിശേഷ കായിക ഇനത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഈ ഇനത്തിൽ ലോകത്തിലെ താരങ്ങൾ ഏറെക്കാലമായി നേട്ടങ്ങൾ കൈവരിച്ചുവരുന്നതായി പറഞ്ഞു. അടുത്തിടെ നടന്ന ഏഷ്യൻ ഗെയിംസിൽ ഈ അസാധാരണ കായിക ഇനത്തിൽ ഇന്ത്യൻ താരങ്ങൾ പുതിയ ചരിത്രം കുറിച്ചതായും അദ്ദേഹം അഭിമാനത്തോടെ അറിയിച്ചു. “അടുത്തിടെ നടന്ന ഏഷ്യൻ ഗെയിംസിൽ, ഈ കായിക ഇനത്തിലെ ഒരു വിഭാഗമായ പുരുഷന്മാരുടെ ക്വാഡ്രന്റിൽ ഇന്ത്യ ആദ്യമായി മെഡൽ നേടി,” ശ്രീ മോദി പറഞ്ഞു.

വിവിധ മേഖലകളിലെ ഈ മുന്നേറ്റങ്ങളെ പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ മുഖമുദ്രയായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, പരമ്പരാഗത ശക്തികളെ ഒരേസമയം കൂടുതൽ കരുത്തുറ്റതാക്കുന്നതിനൊപ്പം പൂർണമായും പുതിയ മേഖലകളിലും ഇന്ത്യ ശക്തമായ സാന്നിധ്യമായി ഉയർന്നുവരികയാണെന്ന് പറഞ്ഞു. ഈ നേട്ടങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ആസൂത്രിതമായ ഭരണനയങ്ങളുടെ നേരിട്ടുള്ള ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഇതെല്ലാം ‘പരിഷ്കരിക്കുക, പ്രവർത്തനത്തിലൂടെ തെളിയിക്കുക, പരിവർത്തനം സൃഷ്ടിക്കുക’ (Reform, Perform, Transform) എന്ന നയത്തിന്റെ ഫലമാണ്,” പ്രധാനമന്ത്രി മോദി ഉറപ്പിച്ചു പറഞ്ഞു.

കൂട്ടായ ദേശീയ ഇച്ഛാശക്തിയുടെ പരിവർത്തനശേഷി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ദൃഢനിശ്ചയമുള്ള ഒരു രാജ്യം മുന്നോട്ടുനീങ്ങുമ്പോൾ അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ ദുർബലതയുടെ പ്രതീകമാകാതെ പ്രതിരോധശേഷിയുടെ പ്രതീകമായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ആ പവർ ഗ്രിഡ് തന്നെ രാജ്യത്തിന്റെ പുരോഗതിയെയും ആത്മവിശ്വാസത്തെയും ഉയർത്തുന്നു," ശ്രീ മോദി നിരീക്ഷിച്ചു.

വികസിത് ഭാരത് കെട്ടിപ്പടുക്കുന്നതിൽ യുവാക്കൾ, സ്ത്രീകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, പാവപ്പെട്ടവർ, മധ്യവർഗം എന്നിവരുടെ ഉയർന്ന ആത്മവിശ്വാസത്തെ പ്രശംസിച്ച പ്രധാനമന്ത്രി, സെപ്റ്റംബറിൽ ചരക്കുകളുടെയും ഉൽപ്പന്നങ്ങളുടെയും കയറ്റുമതിയിൽ 25 ശതമാനം വർധനയുണ്ടായതും 12 വർഷത്തിനിടെ സമുദ്രോൽപ്പന്ന കയറ്റുമതി ഇരട്ടിയിലധികമായതും ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളിൽ 3.5 കോടിയിലധികം ‘ലഖ്പതി ദീദിമാർ’ സൃഷ്ടിക്കപ്പെട്ടതായും ആറ് കോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 70 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതും മധ്യവർഗത്തിന് 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് സീറോ ടാക്സ് ഏർപ്പെടുത്തിയതും അദ്ദേഹം പരാമർശിച്ചു. “രാജ്യത്ത് ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുകയും തൊഴിലവസരങ്ങൾക്കായി പുതിയ സാധ്യതകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു,” പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

കേവലം ‘ലോകത്തിന്റെ ബാക്ക് ഓഫീസ്’ എന്ന നിലയിലും അടിസ്ഥാന സേവനദാതാവ് എന്ന നിലയിലും ഒതുങ്ങിനിന്നിരുന്ന അവസ്ഥയിൽനിന്ന് രാജ്യത്തിനുണ്ടായ വളർച്ചയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഇന്ന് ലോകത്തിനായി തനതായ സാങ്കേതികവിദ്യകൾ നവീകരിക്കുകയും രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് പറഞ്ഞു. ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും 2025-ൽ മാത്രം ഏകദേശം 1.5 ലക്ഷം പേറ്റന്റ് അപേക്ഷകൾ സമർപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും കാര്യത്തിൽ ഇന്ത്യയിലെ സാധ്യതകളുടെ ഒരു കാഴ്ചയാണിത്,” ശ്രീ മോദി പറഞ്ഞു.

ആഭ്യന്തര സെമികണ്ടക്ടർ ഇക്കോസിസ്റ്റത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ആഗോള ചിപ്പ് ഡിസൈൻ തൊഴിലാളികളുടെ 20 ശതമാനവും ഇന്ത്യയിലാണെന്നും ഇന്ത്യൻ എൻജിനീയർമാർ അത്യാധുനിക 2 മുതൽ 3 നാനോമീറ്റർ വരെയുള്ള ചിപ്പുകൾ രൂപകൽപ്പന ചെയ്യുന്നുണ്ടെന്നും പറഞ്ഞു. അക്കാദമിക സ്ഥാപനങ്ങളിലുടനീളം ഈ പ്രതിഭാശേഷി വിപുലീകരിക്കുന്നതിനായി സമഗ്രമായ സൗകര്യങ്ങൾ ഒരുക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നമ്മുടെ വിദ്യാർഥികൾ ഇതുവരെ 325-ലധികം ചിപ്പ് ഡിസൈനുകൾ തയ്യാറാക്കിയിട്ടുണ്ട്,” പ്രധാനമന്ത്രി മോദി പറഞ്ഞു.

ലോകത്തിലെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (Global Capability Centres—GCCs) പകുതിയിലധികവും ഇന്ത്യയിലാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ കേന്ദ്രങ്ങൾ അടിസ്ഥാന പിന്തുണാ സേവനങ്ങളിൽനിന്ന് നൂതന നിർമിതബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിങ്, എൻജിനീയറിങ്, അനലിറ്റിക്സ്, ഉൽപ്പന്ന വികസനം തുടങ്ങിയ മേഖലകളിലേക്ക് മാറിയതായി വിശദീകരിച്ചു. ഇന്ത്യൻ മനുഷ്യവിഭവ ശേഷിയിൽനിന്ന് ഇന്ത്യൻ ബൗദ്ധികശേഷിയിലേക്ക് ലോകത്തിന്റെ വിശ്വാസം മാറുമ്പോൾ, ഇന്ത്യ ‘വൻതോതിലുള്ള പ്രതിഭ’ (Talent at Scale) എന്ന നിലയിൽനിന്ന് ‘വൻതോതിലുള്ള ചിന്താശേഷി’ (Thinking at Scale) എന്ന നിലയിലേക്ക് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “നാം ഇപ്പോൾ ലോകവുമായി പ്രവർത്തിക്കുന്നത് കേവലം ഒരു ബാക്ക് ഓഫീസ് എന്ന നിലയിൽ മാത്രമല്ല, ഒരു ബ്രെയിൻ ഓഫീസ് എന്ന നിലയിലും കൂടിയാണ്,” പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

ആഭ്യന്തര ശേഷി വർദ്ധിപ്പിക്കുന്നതിനും വിദേശ ആശ്രിതത്വം കുറയ്ക്കാനും ഭാവിയിലെ പ്രതിസന്ധികൾക്ക് സജ്ജമാകുന്നതിനുമായി ലക്ഷ്യമിട്ടുള്ള സർക്കാർ നയങ്ങളുടെയും ദീർഘകാല നിക്ഷേപങ്ങളുടെയും തന്ത്രപരമായ ദീർഘവീക്ഷണം വിശദീകരിച്ച പ്രധാനമന്ത്രി, ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളെ ആശ്രയിച്ചിരുന്ന ഔഷധമേഖലയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) അവശ്യ ആന്റിബയോട്ടിക് മുൻഘടകമായ പെനിസിലിൻ G ഉൾപ്പെടുത്തിയതിലൂടെ പതിറ്റാണ്ടുകളായി നിലച്ചിരുന്ന അതിന്റെ ആഭ്യന്തര ഉൽപ്പാദനം വിജയകരമായി പുനരാരംഭിക്കാൻ കഴിഞ്ഞതായി അദ്ദേഹം വിശദീകരിച്ചു. “ഇപ്പോൾ ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ വർഷങ്ങൾക്കുശേഷം പെനിസിലിൻ G-യുടെ ആഭ്യന്തര ഉൽപ്പാദനം പുനരാരംഭിച്ചിരിക്കുന്നു,” പ്രധാനമന്ത്രി മോദി നിരീക്ഷിച്ചു.

പെനിസിലിൻ G-യ്ക്ക് അപ്പുറത്തേക്ക് ഔഷധമേഖലയിലെ സ്വയംപര്യാപ്തത വിപുലീകരിക്കുന്നതിനെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, PLI  പദ്ധതിയിലൂടെ സജീവ ഔഷധ ഘടകങ്ങൾക്കായി (Active Pharmaceutical Ingredients—APIs) സമ്പൂർണ ആഭ്യന്തര വിതരണശൃംഖല സർക്കാർ കെട്ടിപ്പടുക്കുകയാണെന്ന് പറഞ്ഞു. ലക്ഷ്യബോധത്തോടെയുള്ള ഈ നയപരമായ ഇടപെടൽ ഇതിനകം ഏകദേശം 40 പ്രവർത്തനക്ഷമമായ പദ്ധതികളിലായി 5,000 കോടി രൂപയിലധികം നിക്ഷേപം ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇത്തരം നയങ്ങളും തീരുമാനങ്ങളും ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ്,” പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

140 കോടി പൗരന്മാരുടെ അതിരുകളില്ലാത്ത അഭിലാഷങ്ങളും  'നമ്മൾ ഇത് ചെയ്യും' (We Will Do It) എന്ന ആത്മവിശ്വാസവും ശക്തിപകരുന്ന വികസിത് ഭാരത് എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു. നവീകരണം തുടരാനും പുതിയ പാതകൾ വെട്ടിത്തുറക്കാനും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും ഇന്ത്യയുടെ വിജയത്തെ ആഗോള സമൃദ്ധിയുമായി ബന്ധിപ്പിക്കാനും അദ്ദേഹം പ്രതിജ്ഞാബദ്ധത അറിയിച്ചു. ഉച്ചകോടിയിൽനിന്ന് ഉയർന്നുവരുന്ന ആശയങ്ങൾ ദേശീയ ലക്ഷ്യങ്ങൾക്ക് ഊർജം പകരുമെന്ന് പൂർണവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, പങ്കെടുത്ത എല്ലാവർക്കും ആശംസകൾ നേർന്നു. “നാം വലിയ സ്വപ്നങ്ങൾ കാണും, എല്ലാ വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റും, ഓരോ തീരുമാനവും ലക്ഷ്യത്തിലെത്തിക്കും,” പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

 

****


( റിലീസ് ഐ.ഡി: 2327518) സന്ദര്‍ശക കൗണ്ടര്‍ : 5