പോസ്റ്റഡ് ഓണ്:
22 OCT 2026 6:25PM by PIB Thiruvananthpuram
ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ (NSDC), സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (SSE) അരങ്ങേറുന്നതിന്റെ ഭാഗമായി മുംബൈയിലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE) സംഘടിപ്പിച്ച പ്രത്യേക 'മണി മുഴക്കൽ' (bell-ringing) ചടങ്ങിൽ കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുമായ ശ്രീ ജയന്ത് ചൗധരി പങ്കെടുത്തു. സുസ്ഥിര ഉപജീവനമാർഗ്ഗം എന്ന പൊതുലക്ഷ്യത്തിനായി സർക്കാർ ധനസഹായം, സ്വകാര്യ കമ്പനികളുടെ CSR ഫണ്ടുകൾ, ചെറുകിട നിക്ഷേപകരുടെ മൂലധനം, പ്രൊഫഷണൽ പരിശീലന സ്ഥാപനങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാൻ ഉദ്ദേശിക്കുന്നത്.
ഈ പരിപാടിയിൽ 'സീറോ കൂപ്പൺ സീറോ പ്രിൻസിപ്പൽ' (ZCZP) എന്ന് അറിയപ്പെടുന്ന പ്രത്യേക സാമ്പത്തിക ഉപകരണങ്ങൾ നാഷണൽ സ്കിൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ (NSDC) പുറത്തിറക്കി. നൈപുണ്യ പരിശീലനവും വിദേശ തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിനായി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻ്റ് (NABARD) ഈ പദ്ധതിയിൽ 4 കോടി രൂപ നിക്ഷേപിച്ചു. മധ്യപ്രദേശിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 'മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ' (OBC) നിന്നുള്ള 600 യുവാക്കൾക്ക് പരിശീലനം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശ രാജ്യങ്ങളിൽ തൊഴിൽ കണ്ടെത്തുന്നതിന് ആവശ്യമായ നൈപുണ്യങ്ങൾ പകർന്നു നൽകാനും, തദ്വാരാ ഭാവി ശോഭനമാക്കാനും ഇത് അവരെ സഹായിക്കും.
മധ്യപ്രദേശ് സർക്കാരിലെ പിന്നാക്ക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീമതി കൃഷ്ണ ഗൗർ; മഹാരാഷ്ട്ര സർക്കാരിലെ നൈപുണ്യ, തൊഴിൽ, സംരംഭകത്വ, നൂതനാശയ വകുപ്പ് മന്ത്രി ശ്രീ മംഗൾ പ്രഭാത് ലോധ; മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീമതി മനീഷ വർമ്മ; ഭാരത സർക്കാരിന്റെ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിലെ (MSDE) അഡീഷണൽ സെക്രട്ടറി ശ്രീമതി മനീഷ സെൻശർമ്മ; നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) എം.ഡിയും CEO യുമായ ശ്രീ ആശിഷ് കുമാർ ചൗഹാൻ; നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (NSDC) CEO ശ്രീ അരുൺ കുമാർ പിള്ള; നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ വി.; DCM ശ്രീറാം ഇന്റർനാഷണൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ അലോക് ശ്രീറാം എന്നിവരും, പദ്ധതിയിൽ പങ്കാളിത്തമുള്ള വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഗുണമേന്മയുള്ള പരിശീലനം, സുസ്ഥിര ഉപജീവന മാർഗ്ഗങ്ങൾ, ആഗോള തൊഴിൽ അവസരങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിൽ 'സാമൂഹിക ധനകാര്യം' (social finance), സഹകരണാധിഷ്ഠിത സ്ഥാപന ചട്ടക്കൂടുകൾ എന്നിവ വഹിക്കുന്ന പങ്കിനെക്കുറിച്ച് പ്രത്യേകം പരാമർശിച്ചു.
ഇന്ത്യയുടെ വികസനത്തിന്, ജനങ്ങൾക്ക് വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം, തൊഴിലവസരങ്ങൾ എന്നിവ നൽകിക്കൊണ്ട് അവരിൽ നിക്ഷേപം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ശ്രീ ജയന്ത് ചൗധരി പറഞ്ഞു. സർക്കാരിന് ആവശ്യമായ പിന്തുണയും സൗകര്യങ്ങളും ഒരുക്കാൻ കഴിയുമെങ്കിലും, വൻതോതിലുള്ള വികസനം സാധ്യമാകണമെങ്കിൽ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സംഭാവന നൽകുന്നവർ അടക്കമുള്ളവരുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഈ വിഭാഗങ്ങളെ ഒന്നിപ്പിക്കാനും, സുതാര്യത ഉറപ്പാക്കാനും, പദ്ധതികളുടെ ഗുണഫലങ്ങൾ വിലയിരുത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾക്ക് നൈപുണ്യ പരിശീലനവും, അന്താരാഷ്ട്ര തൊഴിലവസരങ്ങളും, സുസ്ഥിരമായ ഉപജീവനമാർഗവും ഒരുക്കുന്നതിനായി സഹകരിച്ച് പ്രവർത്തിച്ചതിന് NSDC, നബാർഡ്, NSE, മധ്യപ്രദേശ് സർക്കാർ, മറ്റ് പങ്കാളികൾ അടക്കമുള്ള എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു" എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ശ്രീ ജയന്ത് ചൗധരി പറഞ്ഞു.
മധ്യപ്രദേശ് സർക്കാരിലെ പിന്നാക്ക വിഭാഗ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീമതി കൃഷ്ണ ഗൗർ "പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾക്ക്, പ്രത്യേകിച്ച്, ഗുണമേന്മയുള്ള പരിശീലനവും തൊഴിലവസരങ്ങളും നേടുന്നതിൽ സാമ്പത്തികവും സാമൂഹികവുമായ തടസ്സങ്ങൾ നേരിടുന്നവർക്ക്, കൂടുതൽ അവസരങ്ങൾ ഒരുക്കാൻ മധ്യപ്രദേശ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. NSDC-യുമായുള്ള ഈ പങ്കാളിത്തം, നമ്മുടെ സംസ്ഥാനത്തെ 600 യുവാക്കൾക്ക് അന്താരാഷ്ട്ര തൊഴിൽ വിപണി ആവശ്യപ്പെടുന്ന നൈപുണ്യങ്ങൾ നേടാനും ജപ്പാൻ, ജർമ്മനി എന്നിവിടങ്ങളിലെ തൊഴിലിനായി തയ്യാറെടുക്കാനും അവസരമൊരുക്കുന്നു. സർക്കാർ ധനസഹായത്തെ തൊഴിൽ ലഭ്യതയുമായി (placement outcomes) ബന്ധിപ്പിക്കുന്ന മാതൃകയെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇതിന്റെ പ്രയോജനം ലഭിക്കുന്ന യുവാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും മെച്ചപ്പെട്ട ഉപജീവനമാർഗങ്ങൾ കണ്ടെത്താനും മികച്ച ഭാവി കെട്ടിപ്പടുക്കാനും സഹായിക്കുന്ന വിലപ്പെട്ടൊരു വഴിത്തിരിവായി ഈ സംരംഭം മാറുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” എന്ന് അഭിപ്രായപ്പെട്ടു.
നിക്ഷേപത്തെ തൊഴിൽ സൃഷ്ടിയുമായി ബന്ധിപ്പിക്കുന്ന നൂതന ധനസഹായ മാതൃക
ഏകദേശം 11.25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, പരസ്പര പൂരകങ്ങളായ മൂന്ന് ധനസ്രോതസ്സുകളെ സംയോജിപ്പിക്കുന്ന ഒരു 'സമ്മിശ്ര ധനസഹായ' ( blended-financing) മാതൃകയാണ് പിന്തുടരുന്നത്. പദ്ധതിച്ചെലവിന്റെ 15 ശതമാനം ഗുണഭോക്താക്കളുടെ പങ്കാളിത്തത്തിലൂടെയും, 35 ശതമാനം 'സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്' (Social Stock Exchange) മുഖേന സമാഹരിക്കുന്ന ഫണ്ടിലൂടെയും കണ്ടെത്തുന്നു. ബാക്കി 50 ശതമാനം തുക, ഉദ്യോഗാർത്ഥികൾക്ക് അന്താരാഷ്ട്ര തലത്തിൽ തൊഴിൽ ലഭിക്കുന്ന മുറയ്ക്ക് മധ്യപ്രദേശ് സർക്കാർ നൽകുന്നതാണ്.
NSDC-യും മധ്യപ്രദേശ് സർക്കാരും 'സോഷ്യൽ ഇംപാക്ട് ബോണ്ട്' (Social Impact Bond) എന്ന പ്രത്യേക ധനസഹായ സംവിധാനത്തിന് ധാരണയിലെത്തി. ഇതിൻപ്രകാരം, പരിശീലനം നേടിയ എത്രപേർക്ക് ജോലി ലഭിച്ചു എന്നത് പോലുള്ള, കണക്കാക്കാൻ കഴിയുന്ന ഫലങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും സർക്കാർ ചെലവുകൾ നിർണയിക്കുക. അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തി രജിസ്റ്റർ ചെയ്യുക, താമസസൗകര്യത്തോടുകൂടിയ പരിശീലനം ലഭ്യമാക്കുക, വിദേശ ഭാഷകൾ പഠിക്കാനും വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങൾക്കായി തയ്യാറെടുക്കാനും സഹായിക്കുന്നതിനായി ലാംഗ്വേജ് ലബോറട്ടറികൾ (ഭാഷാ പഠന കേന്ദ്രങ്ങൾ) സജ്ജീകരിക്കുക തുടങ്ങിയ കാര്യങ്ങളിലും സംസ്ഥാന സർക്കാർ സഹായം നൽകും.
സാമൂഹ്യ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അർഹരായ സംഘടനകൾക്ക്, പലിശ നൽകാനോ മുതൽ തിരിച്ചടയ്ക്കാനോ ഉള്ള സാധാരണ ബാധ്യതകളില്ലാതെ വിഭവങ്ങൾ സമാഹരിക്കാൻ ZCZP സംവിധാനം അവസരമൊരുക്കുന്നു. എന്നാൽ, ഈ തുക ഉദ്ദേശിച്ച സാമൂഹിക ലക്ഷ്യത്തിനായിത്തന്നെ വിനിയോഗിക്കണം; ഫണ്ട് ചെലവഴിക്കുന്നതിൽ സുതാര്യത പാലിക്കണം; കൂടാതെ, എത്ര പേർക്ക് പരിശീലനം ലഭിച്ചു അല്ലെങ്കിൽ എത്ര പേർക്ക് തൊഴിൽ ലഭിച്ചു എന്നിങ്ങനെ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം.
ഈ സംരംഭത്തിന്റെ പ്രധാന സവിശേഷത അതിന്റെ നൂതന ധനസമാഹരണ രീതിയും, ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുള്ള സംവിധാനവുമാണെന്ന് ശ്രീമതി മനീഷ സെൻസർമ വിശദീകരിച്ചു. നൈപുണ്യ പരിശീലനം നൽകുക, തൊഴിൽ കണ്ടെത്താൻ ആളുകളെ സഹായിക്കുക തുടങ്ങിയ നിർദ്ദിഷ്ട വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, സർക്കാർ ഫണ്ടുകളെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സാമൂഹിക നിക്ഷേപകരിൽ (social investors) നിന്നുമുള്ള ഫണ്ടുകളുമായി സമന്വയിപ്പിക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു. ഫണ്ടുകൾ സമാഹരിക്കുന്നതിന് പുതിയ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനൊപ്പം, കൃത്യമായ മാനേജ്മെന്റും സുതാര്യതയും കണക്കാക്കാവുന്ന ഫലങ്ങളും ഉറപ്പാക്കാൻ NSDC നടത്തുന്ന ശ്രമങ്ങളെ മന്ത്രാലയം അഭിനന്ദിക്കുന്നു. ഈ പരിപാടിയിൽ നിന്ന് ലഭിക്കുന്ന അനുഭവസമ്പത്ത്, ഭാവിയിൽ സമാനമായ നൈപുണ്യ വികസന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വിപുലീകരിക്കുന്നതിനും സർക്കാരിനെ സഹായിക്കുമെന്നും, പ്രായോഗികതലത്തിൽ ഗുണഫലങ്ങൾ കൈവരിക്കുന്നതിനായിരിക്കും മുൻഗണന നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു.
സ്ഥാപനപരമായ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നു
ഗ്രാമീണ വികസനത്തെയും സാമ്പത്തിക സഹായത്തെയും, യുവാക്കൾക്ക് വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രവർത്തനമാണ് നബാർഡ് (NABARD) ഏറ്റെടുത്തിരിക്കുന്നത്. വിദേശത്ത് മികച്ച വരുമാനം ലഭിക്കുന്ന ജോലികൾ നേടുന്നതിന് ആവശ്യമായ നൈപുണ്യങ്ങൾ യുവാക്കൾക്ക് പ്രദാനം ചെയ്തു കൊണ്ട്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗ്രാമീണ കുടുംബങ്ങളെ സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇത് കൂടുതൽ വരുമാനം നേടാനും, ഭാവിയിലേക്ക് കൂടുതൽ സമ്പാദ്യം കരുതിവെക്കാനും, ദീർഘകാലാടിസ്ഥാനത്തിൽ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കുടുംബങ്ങളെ സഹായിക്കും.
സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നബാർഡിന്റെ പങ്കാളിത്തം വികസന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുള്ള പുതിയതും ഫലപ്രദവുമായ മാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് നബാർഡിന്റെ ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ വി. പറഞ്ഞു. കൂടുതൽ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സ്വകാര്യ കമ്പനികളെയും സാമൂഹിക ക്ഷേമ പരിപാടികളിൽ നിക്ഷേപിക്കാൻ ഈ സംരംഭം പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വികസന ഫണ്ടിംഗിന്റെ വിജയം വിലയിരുത്തേണ്ടത് എത്ര പണം ശേഖരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി മാത്രമല്ല, മറിച്ച് ആ പണം തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും, ആളുകളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും, സ്ഥിരതയുള്ള ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിനും, ജീവിതത്തിൽ ശാശ്വതവും ഗുണപരവുമായ പരിവർത്തനങ്ങൾ കൊണ്ടുവരുന്നതിനും എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
നൈപുണ്യ വികസനത്തിനും തൊഴിൽ സംബന്ധമായ പരിശീലന പരിപാടികൾക്കുമായി ധനസമാഹരണത്തിന് പുതുവഴികൾ കണ്ടെത്തുന്നതിൽ സുപ്രധാന ചുവടുവെപ്പാണ് 'സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചു'മായുള്ള (Social Stock Exchange) സഹകരണമെന്ന് NSDC, CEO ശ്രീ. അരുൺകുമാർ പിള്ള പറഞ്ഞു. ഈ സംരംഭത്തിലൂടെ, ആളുകളെ നൈപുണ്യം നേടാനും തൊഴിൽ കണ്ടെത്താനും സ്ഥിര വരുമാനം നേടാനും സഹായിക്കുന്നതിനായി സർക്കാരും ധനകാര്യ സ്ഥാപനങ്ങളും പ്രത്യേക പരിശീലന ഏജൻസികളും സഹകരിച്ച് പ്രവർത്തിക്കുന്നു. തങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും നബാർഡ്, NSE, മധ്യപ്രദേശ് സർക്കാർ, മറ്റ് പങ്കാളികൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഈ പരിപാടി ഫലപ്രദമായി നടപ്പിലാക്കുന്നതിനും, കൈവരിക്കുന്ന ഫലങ്ങൾ പരിശോധിച്ചുറപ്പാക്കുന്നതിനും, സാമൂഹിക ക്ഷേമ-നൈപുണ്യ വികസന മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി ഇത്തരം പദ്ധതികൾ ഇനിയും വികസിപ്പിക്കുന്നതിനും NSDC മുൻഗണന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ സംരംഭത്തിലൂടെ 600 യുവാക്കൾക്ക് വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾക്കായി പരിശീലനം ലഭിക്കും. ഇതിൽ 300 പേരെ ജപ്പാനിലെയും, 300 പേരെ ജർമ്മനിയിലെയും തൊഴിലവസരങ്ങൾക്കായി സജ്ജരാക്കും. പ്രാദേശിക ഭാഷകൾ പഠിക്കുന്നതും തൊഴിൽ നേടുന്നതിന് ആവശ്യമായ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതും ഉൾപ്പെടെയുള്ള താമസസൗകര്യത്തോടുകൂടിയ പരിശീലനമാണ് ഇവർക്ക് ലഭിക്കുക. പരിചരണ സേവനങ്ങൾ (caregiving), ഹോട്ടൽ-അതിഥി സൽക്കാരം, നിർമ്മാണം, ഉത്പാദനം തുടങ്ങിയ മേഖലകളിലെ തൊഴിലവസരങ്ങൾക്കായി, ഓരോ രാജ്യത്തിന്റെയും പ്രത്യേക ആവശ്യകതകൾക്കനുസൃതമായി ഇവരെ ഒരുക്കിയെടുക്കുന്നതിലാണ് പരിശീലനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. NSDC-യുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള 'NSDC ഇന്റർനാഷണൽ ലിമിറ്റഡ്' എന്ന കമ്പനിയാണ് പരിശീലനം നൽകുക.
ഈ സംരംഭത്തിലൂടെ, ഇതിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അന്താരാഷ്ട്ര തൊഴിലവസരങ്ങൾ നേടാനും വരുമാന സാധ്യതകൾ വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൊഴിൽ സ്വഭാവവും തൊഴിൽ സാഹചര്യങ്ങളും അനുസരിച്ച്, ജപ്പാനിൽ ജോലി ലഭിക്കുന്നവർക്ക് ഏകദേശം 1 മുതൽ 1.2 ലക്ഷം രൂപ വരെയും, ജർമ്മനിയിൽ ജോലി ലഭിക്കുന്നവർക്ക് 1.1 മുതൽ 3.2 ലക്ഷം രൂപ വരെയും പ്രതിമാസ വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്.
സർക്കാർ ധനസഹായത്തിന് പുറമെ, നൈപുണ്യ വികസനത്തിനായുള്ള ഫണ്ട് സമാഹരണത്തിന് പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് NSDC സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ' (Social Stock Exchange) ചേരുന്നത്. സാമൂഹിക നിക്ഷേപകരിൽ നിന്നുള്ള മൂലധനവും, തൊഴിൽ നേട്ടങ്ങളുമായി ബന്ധിതമായ സർക്കാർ സഹായവും സമന്വയിപ്പിച്ചുകൊണ്ട്, ഭാവിയിൽ സമാനമായ പദ്ധതികൾക്ക് മാതൃകയാക്കാവുന്ന ഒരു സംവിധാനം സൃഷ്ടിക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. യുവാക്കളുടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തുക, വിദേശരാജ്യങ്ങളിൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ അവരെ സഹായിക്കുക, അതുവഴി അവരും അവരുടെ കുടുംബങ്ങളും സ്ഥിരമായ വരുമാനം നേടി മെച്ചപ്പെട്ട ജീവിതനിലവാരം കൈവരിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.
NSDC-യെക്കുറിച്ച്
നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ഭാരത സർക്കാരിന്റെ നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. വ്യവസായ പങ്കാളിത്തങ്ങൾ, നൂതന ധനസഹായ സംവിധാനങ്ങൾ, നൈപുണ്യ വികസന സംരംഭങ്ങൾ എന്നിവയിലൂടെ, ഇന്ത്യയിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും, തൊഴിൽ പരിശീലനം മെച്ചപ്പെടുത്താനും , സുസ്ഥിരമായ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കാനും NSDC നിരന്തരം പരിശ്രമിച്ചു പോരുന്നു.
*****