രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

റായ്‌പൂരിൽ നുവാഖായ് ഉത്സവ വേളയിൽ 'സേവ സമ്മാൻ പർവ്', 'യുവ പ്രബോധൻ' പരിപാടികളിൽ പങ്കെടുത്ത് രാഷ്ട്രപതി

പോസ്റ്റഡ് ഓണ്‍: 22 OCT 2026 6:21PM by PIB Thiruvananthpuram

ഛത്തീസ്ഗഢിലെ റായ്‌പൂരിൽ നുവാഖായ് ഉത്സവത്തോടനുബന്ധിച്ച് നടന്ന 'സേവ സമ്മാൻ പർവ്', 'യുവ പ്രബോധൻ' എന്നിവയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി  മുർമു ഇന്ന് (ഒക്ടോബർ 22, 2026) പങ്കെടുത്തു.


ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, നുവാഖായ് മിലൻ സമാരോഹ് കേവലമൊരു സാംസ്കാരിക ആഘോഷം മാത്രമല്ലെന്നും; അത് നമ്മുടെ സമ്പന്നമായ പാരമ്പര്യങ്ങളുടെയും സാമൂഹിക ഐക്യത്തിൻ്റെയും പ്രതീകമാണെന്നും വ്യക്തമാക്കി. ഇത്തരം അവസരങ്ങൾ നമ്മുടെ വേരുകളിലേക്ക് തിരിച്ചെത്താനും, സാംസ്കാരിക പൈതൃകത്തിൽ അഭിമാനിക്കാനും, ജീവിത മൂല്യങ്ങൾ ഭാവി തലമുറകളിലേക്ക് കൈമാറാനുമുള്ള അവസരങ്ങൾ നൽകുന്നു.
 


 
നുവാഖായ് ഉത്സവം നമ്മുടെ കാർഷിക പാരമ്പര്യങ്ങളുടെ ആഘോഷവും, പ്രകൃതിയോടുള്ള കൃതജ്ഞതയും, ഒരുമയുടെ  തെളിവുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഭക്ഷണം വിശപ്പ് മാറ്റാനുള്ള ഒരു മാർഗ്ഗം മാത്രമല്ലെന്നും; അത് നമ്മുടെ കർഷകരുടെ കഠിനാധ്വാനത്തിൻ്റെയും, ഭൂമി മാതാവിൻ്റെ ഔദാര്യത്തിൻ്റെയും, പ്രകൃതിയുടെ അമൂല്യ ദാനങ്ങളുടെയും പ്രതീകമാണെന്നും ഈ ഉത്സവം നമ്മെ ഓർമ്മിപ്പിക്കുന്നു. ഭക്ഷണത്തെ ബഹുമാനിക്കുക, കർഷകരുടെ സംഭാവനകളെ അംഗീകരിക്കുക, പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുക എന്നിവ നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും അവർ പറഞ്ഞു.
 


 
സാഹചര്യങ്ങളും വെല്ലുവിളികളും വ്യത്യാസപ്പെട്ടിരിക്കാം; എന്നിരുന്നാലും, നൂതന ആശയങ്ങൾ കണ്ടെത്താനും, മികച്ചവ സൃഷ്ടിക്കാനും, തനതായ  വ്യക്തിത്വം രൂപപ്പെടുത്താനുമുള്ള ആഴത്തിലുള്ള അഭിനിവേശം യുവാക്കൾക്ക് ഉണ്ടാകണമെന്ന്, പരിപാടിയിൽ പങ്കെടുത്ത യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. വ്യക്തിപരമായ പരിശ്രമങ്ങളെ കൂട്ടായ ദേശീയ ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കുമ്പോൾ, അത് രാജ്യത്തിൻ്റെ പുരോഗതിക്ക് വഴിയൊരുക്കുമെന്ന് അവർ പറഞ്ഞു. വലിയ സ്വപ്നങ്ങൾ കാണാനും, കാഴ്ചപ്പാടുകൾ വിശാലമാക്കാനും, നല്ല ശീലങ്ങൾ  പാലിക്കാനും, സമൂഹത്തിനോടും രാജ്യത്തോടുമുള്ള സേവനം മുഖ്യമായി നില നിർത്താനും അവരോട് നിർദ്ദേശിച്ചു. എല്ലാ പ്രവർത്തനങ്ങളും സത്യസന്ധതയോടും, സമഗ്രതയോടും, സംവേദനക്ഷമതയോടും കൂടി പിന്തുടരാൻ രാഷ്‌ട്രപതി പ്രോത്സാഹിപ്പിച്ചു. വലിയ തീരുമാനങ്ങൾ കൊണ്ട് മാത്രമല്ല, കോടിക്കണക്കിന് പൗരന്മാരുടെ ചെറുതും ആത്മാർത്ഥവുമായ ശ്രമങ്ങളിലൂടെയും കൂടിയാണ് രാഷ്ട്ര നിർമ്മാണം സാധ്യമാകുന്നതെന്ന് അവർ ഊന്നിപ്പറഞ്ഞു. വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടിലേക്കുള്ള യുവാക്കളുടെ  സംഭാവനകളെ ശക്തിപ്പെടുത്തുന്നതാണ് ഈ ഗുണങ്ങളെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അറിവിനെ വിനയത്തോടും, അഭിലാഷങ്ങളെ  ധാർമ്മിക മൂല്യങ്ങളോടും, വിജയത്തെ സേവന മനോഭാവത്തോടും സംയോജിപ്പിക്കാനും രാഷ്ട്രപതി അഭ്യർത്ഥിച്ചു.
 


 
നുവാഖായ് മിലൻ സമാരോഹിൽ സ്ത്രീകളുടെ ഗണ്യമായ പങ്കാളിത്തം കാണുന്നതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. 2047-ഓടെ വികസിത  ഇന്ത്യ എന്ന ലക്ഷ്യവുമായിട്ടാണ് രാജ്യം മുന്നോട്ട് പോകുന്നതെന്ന് അവർ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സ്ത്രീകളുടെ തുല്യ പങ്കാളിത്തം തികച്ചും അനിവാര്യമാണ്. രാജ്യത്തിൻ്റെയും സമൂഹത്തിൻ്റെയും കാര്യങ്ങളിൽ സജീവമായി പങ്കെടുക്കാൻ എല്ലാ സ്ത്രീകളോടും അവർ അഭ്യർത്ഥിച്ചു. സ്ത്രീകൾ  മുന്നേറുമ്പോൾ അതിൻ്റെ പ്രയോജനം അവർക്കോ കുടുംബത്തിനോ മാത്രമല്ല, സമൂഹത്തിനും രാജ്യത്തിനും കൂടി ലഭിക്കുമെന്ന് അവർ പറഞ്ഞു.  സഹോദരിമാർക്കും പെൺമക്കൾക്കും യാതൊരു തടസ്സവുമില്ലാതെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഒരുക്കിക്കൊടുക്കാൻ പുരുഷന്മാർ, പ്രത്യേകിച്ച് യുവാക്കൾ മുന്നോട്ട്  വരണമെന്ന് രാഷ്‌ട്രപതി ആഹ്വാനം ചെയ്തു. സ്ത്രീകളോടുള്ള ബഹുമാനം വാക്കുകളിൽ മാത്രം ഒതുങ്ങരുതെന്നും; അത് പെരുമാറ്റത്തിലും മനോഭാവത്തിലും ദൈനംദിന ജീവിതത്തിലും പ്രതിഫലിക്കണമെന്നും അവർ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളുടെ ശ്രമങ്ങളിലൂടെയും സ്വന്തം ഇച്ഛാശക്തിയിലൂടെയും ഛത്തീസ്ഗഢിലെ യുവാക്കൾ നക്സലിസത്തിൻ്റെ പാതയിൽ നിന്ന് മാറി മുഖ്യധാരയിലേക്ക് കടന്നുവന്നതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ഭീകരതയുടെ ഇരുട്ടിനെ മാറ്റി  വികസനത്തിൻ്റെ വെളിച്ചം ഇപ്പോൾ പരക്കുകയാണ്. ഈ പരിവർത്തനം യുവജനങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിന് കാരണമാവുകയും, സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെയും വികസനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നതായി രാഷ്‌ട്രപതി പറഞ്ഞു.
 
***

( റിലീസ് ഐ.ഡി: 2326880) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati