പ്രധാനമന്ത്രിയുടെ ഓഫീസ്
ചെന്നൈയിൽ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
പോസ്റ്റഡ് ഓണ്‍:
11 OCT 2026 4:21PM by PIB Thiruvananthpuram
തമിഴ്‌നാട് ഗവർണർ ശ്രീ രാജേന്ദ്ര അർലേക്കർ ജി, മുഖ്യമന്ത്രി ശ്രീ സി.ജോസഫ് വിജയ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ എൽ.മുരുകൻ ജി, ശ്രീ നൈനാർ നാഗേന്ദ്രൻ ജി, എന്റെ തമിഴ് സഹോദരീസഹോദരന്മാരേ, വണക്കം.
നിങ്ങളെല്ലാവരോടുമൊപ്പം ചെന്നൈയിൽ ഒത്തുചേരാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. തമിഴ്‌നാടിനെ സംബന്ധിച്ച് ഇതൊരു ചരിത്രപ്രധാനമായ ദിവസമാണ്. പതിമൂവായിരം കോടി രൂപയുടെ പദ്ധതികളാണ് ഇന്നത്തെ പരിപാടിയിൽ ഉൾപ്പെട്ടിരിക്കുന്നത്. പൂർത്തിയായ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പുതിയവയുടെ തറക്കല്ലിടലും ഇന്ന് നമ്മൾ നിർവഹിക്കുകയാണ്. ഇതിൽ ചില പദ്ധതികൾ ദൈനംദിന യാത്രകൾ കൂടുതൽ എളുപ്പമാക്കും. മറ്റു ചിലത് വ്യവസായത്തെയും വാണിജ്യത്തെയും ശക്തിപ്പെടുത്തും. ഇവയെല്ലാം ചേർന്ന് തമിഴ്‌നാട്ടിലുടനീളമുള്ള യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഈ അവസരത്തിൽ സംസ്ഥാനത്തിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
ഇന്ന് പവിത്രമായ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാവുകയാണ്. നവരാത്രിയുടെ ഈ ശുഭമുഹൂർത്തത്തിൽ, ശിവന്റെയും ശക്തിയുടെയും പുണ്യഭൂമിയായ തമിഴ്‌നാട്ടിൽ, ഈ ചടങ്ങിലേക്ക് എത്തുന്നതിന് മുൻപ് ജലകണ്ഠേശ്വര ക്ഷേത്രത്തിൽ വെച്ച് ഭഗവാൻ പരമശിവന്റെ അനുഗ്രഹം വാങ്ങാൻ എനിക്ക് ഭാഗ്യമുണ്ടായി. തമിഴ്‌നാട്ടിലെ ഈ പുണ്യ തീർത്ഥാടന മണ്ണിൽ നിന്ന്, രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നവരാത്രി ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ഭാരതരത്ന ജയപ്രകാശ് നാരായൺ ജിയുടെയും ഭാരതരത്ന നാനാജി ദേശ്മുഖിന്റെയും ജന്മവാർഷികം കൂടിയാണ്. ഈ രണ്ട് മഹദ്‌വ്യക്തികളുടെയും ജീവിതം രാഷ്ട്രസേവനത്തിനായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഈ വേദിയിൽ നിന്ന് ഈ രണ്ട് മഹദ്‌വ്യക്തികൾക്കും ഞാൻ എന്റെ പ്രണാമം അർപ്പിക്കുന്നു.
സുഹൃത്തുക്കളേ,
കുറച്ചുസമയം മുൻപ് ഐ.ഐ.ടി മദ്രാസിലെ ബ്രെയിൻ റിസർച്ച് സെന്റർ സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഈ രംഗത്ത് നടക്കുന്ന ഗവേഷണങ്ങൾക്ക് പൊതുജനാരോഗ്യ മേഖലയിൽ നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ഈ സന്ദർശനത്തിന് പുറമെ, ചെന്നൈ മെട്രോയുടെ മറ്റൊരു പാത കൂടി ജനങ്ങൾക്കായി സമർപ്പിക്കാനും എനിക്ക് അവസരമുണ്ടായി.
സുഹൃത്തുക്കളേ,
ക്ഷേത്രം മുതൽ മെട്രോ വരെ, തമിഴ്‌നാടിന്റെ ഈ രീതി ഇന്നത്തെ ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നവയാണ്. ഇന്ത്യ അതിന്റെ സാംസ്കാരിക കരുത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും, ശാസ്ത്ര മുന്നേറ്റങ്ങളിലൂടെ മുന്നേറുകയും, ആധുനിക അടിസ്ഥാന സൗകര്യങ്ങളിലൂടെ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ പാരമ്പര്യവും ഭാവിയിലേക്കുള്ള നമ്മുടെ പ്രതീക്ഷകളും കൈകോർത്ത് ഒന്നിച്ച് മുന്നേറുകയാണ്.
സുഹൃത്തുക്കളേ,
കുറച്ചു ദിവസങ്ങൾക്ക് മുൻപ്, നിങ്ങളുടെ അനുഗ്രഹത്തോടും രാജ്യത്തെ ജനങ്ങളുടെ സ്നേഹത്തോടും കൂടി, ഭരണത്തലവൻ എന്ന നിലയിൽ ഞാൻ ഇരുപത്തഞ്ചു വർഷമെന്ന പ്രധാനപ്പെട്ട ഒരു നാഴികക്കല്ല് പിന്നിട്ടു. 2001 ഒക്‌ടോബറിലാണ് ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അന്നുമുതൽ, ആദ്യം മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും സേവനം അനുഷ്ഠിക്കാൻ രാജ്യത്തെ ജനങ്ങൾ എനിക്ക് അവസരം നൽകി. ഈ ഇരുപത്തഞ്ചു വർഷങ്ങൾക്കിടയിൽ, ജനാധിപത്യത്തിന്റെ രണ്ട് കരുത്തുകളിലുള്ള എന്റെ വിശ്വാസം തുടർച്ചയായി വളർന്ന് കൂടുതൽ ശക്തമായി. ഒന്നാമത്തേത് - രാജ്യത്തെ ജനങ്ങൾ. രണ്ടാമത്തേത് - സഹകരണ ഫെഡറലിസം. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെയാണ് രാഷ്ട്രത്തിന്റെ വികസനം സാധ്യമാകുന്നത് എന്ന മന്ത്രമാണ് ഞാൻ എപ്പോഴും പിന്തുടർന്നിട്ടുള്ളത്.
സുഹൃത്തുക്കളേ,
ഒരു മുഖ്യമന്ത്രി എന്ന നിലയിൽ, സംസ്ഥാനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും എന്തൊക്കെയാണെന്ന് എനിക്ക് വ്യക്തിപരമായി മനസ്സിലായിരുന്നു. അതുകൊണ്ടുതന്നെ, പ്രധാനമന്ത്രിയായ ശേഷം ആ ആഗ്രഹങ്ങൾ നിറവേറ്റാൻ ശ്രമിക്കുക മാത്രമല്ല, ഓരോ സംസ്ഥാനത്തിനും അതിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാവിധ ശ്രമങ്ങളും ഞാൻ നടത്തുകയും ചെയ്തു.
സുഹൃത്തുക്കളേ,
മുഖ്യമന്ത്രി എന്ന നിലയിൽ, കരുണാനിധി ജിയുമായും അമ്മ ജയലളിത ജിയുമായും പലതവണ ആശയവിനിമയം നടത്താൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായ ശേഷമാകട്ടെ ജയലളിത ജി, ഒ. പന്നീർസെൽവം ജി, ഇ. പളനിസാമി ജി, എം. കെ. സ്റ്റാലിൻ ജി എന്നിവർക്കൊപ്പം പ്രവർത്തിക്കാനും എനിക്ക് അവസരമുണ്ടായി. സർക്കാരുകൾ മാറിമാറി വന്നെങ്കിലും, തമിഴ്‌നാടിന്റെ വികസനത്തോടും അവിടുത്തെ ജനങ്ങളെ സേവിക്കുന്നതിനോടുമുള്ള എന്റെ പ്രതിജ്ഞാബദ്ധത എപ്പോഴും മാറ്റമില്ലാതെ തുടർന്നു. ഇന്ന് അതേ പ്രതിജ്ഞാബദ്ധതയോടെ, മുഖ്യമന്ത്രി ജോസഫ് വിജയ് ജിയോടൊപ്പം ചേർന്ന് തമിഴ്‌നാടിന്റെ വികസനത്തിലേക്കുള്ള ഈ യാത്രയെ നമ്മൾ ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകുകയാണ്.
സുഹൃത്തുക്കളേ,
ഇന്ന് തമിഴ്‌നാട്ടിൽ നമ്മുടെ പ്രധാന മുൻഗണനകളിലൊന്ന് നഗരവികസനമാണ്. നഗരവൽക്കരണം ഒരു വെല്ലുവിളിയല്ല, മറിച്ച് അതൊരു അവസരമാണെന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. ഇതിൽ പൊതുഗതാഗതം വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നുണ്ട്. ഗതാഗത സൗകര്യങ്ങൾ മികച്ചതാകുമ്പോൾ അത് ജനങ്ങളുടെ ജീവിതസൗകര്യം വർദ്ധിപ്പിക്കുന്നു. റോഡുകൾ വീതികൂട്ടുന്നതുകൊണ്ട് മാത്രം മികച്ച ഗതാഗതസൗകര്യം സൃഷ്ടിക്കാനാവില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. ആധുനിക നഗരങ്ങളിൽ സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളാണ് നമുക്ക് ആവശ്യം. അതുകൊണ്ട് തന്നെ, കഴിഞ്ഞ ദശകത്തിൽ രാജ്യത്തുടനീളം മെട്രോ ശൃംഖലകളുടെ വൻതോതിലുള്ള വികസനം നമ്മൾ ഏറ്റെടുത്ത് നടപ്പിലാക്കി. 2014-ൽ രാജ്യത്തെ അഞ്ച് നഗരങ്ങളിൽ മാത്രമായിരുന്നു മെട്രോ സർവീസുകൾ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാജ്യത്തുടനീളമുള്ള ഇരുപത്തഞ്ച് നഗരങ്ങളിൽ മെട്രോ സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. 2014-ൽ ഇന്ത്യയുടെ മെട്രോ ശൃംഖല വെറും 250 കിലോമീറ്റർ മാത്രമായിരുന്നു. ഇരുനൂറ്റമ്പത് കിലോമീറ്റർ. എന്നാൽ ഇന്നിത് 1,100 കിലോമീറ്ററിലധികം പിന്നിട്ടിരിക്കുന്നു. ചെന്നൈ മെട്രോയുടെ ഈ വിപുലീകരണത്തോടെ ഈ ശൃംഖല കൂടുതൽ വളരുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ചെന്നൈയിൽ ജീവിക്കുന്ന സാധാരണക്കാരായ പൗരന്മാർക്കും, ജോലി ചെയ്യുന്ന കുടുംബങ്ങൾക്കും, വിദ്യാർത്ഥികൾക്കും, മുതിർന്ന പൗരന്മാർക്കും കൂടുതൽ എളുപ്പത്തിൽ യാത്ര ചെയ്യാനും കുറഞ്ഞ സമയം കൊണ്ട് യാത്ര പൂർത്തിയാക്കാനും വേണ്ടിയാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്.
സുഹൃത്തുക്കളേ,
നമ്മുടെ സംസ്ഥാനങ്ങളെ ശാക്തീകരിച്ച് ഭാരതത്തെ കൂടുതൽ കരുത്തുറ്റതാക്കേണ്ടതുണ്ട്. അതിനാൽ, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ ഉൽപ്പാദന മേഖലയെ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിച്ചു വരികയാണ്. തമിഴ്‌നാടിന്റെ ഉൽപ്പാദന മേഖലയിലും ചെറുകിട വ്യവസായങ്ങളിലും അവിടുത്തെ തൊഴിലാളികളിലും ഓരോ ഭാരതീയനും അഭിമാനം കൊള്ളുന്നു. ഇന്ന് 'മേയ്ക്ക് ഇൻ ഇന്ത്യ' ആയാലും 'വോക്കൽ ഫോർ ലോക്കൽ' ആയാലും കേന്ദ്രസർക്കാരിന്റെ ഇത്തരം പദ്ധതികളുടെ പ്രയോജനം തമിഴ്‌നാടിനും ലഭിക്കുന്നുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന് ഉപകരണഭാഗങ്ങൾ മുതൽ സാങ്കേതികവിദ്യയും ഉൽപ്പന്നങ്ങളും വരെയുള്ള മുഴുവൻ ഉൽപ്പാദന ശൃംഖലയെയും ഓരോ സംസ്ഥാനത്തും കേന്ദ്രസർക്കാർ ശക്തിപ്പെടുത്തി വരികയാണ്. ഈ ശ്രമങ്ങളുടെ ഫലമായി, ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഉൽപ്പാദക രാജ്യമായി നമ്മൾ മാറിയിരിക്കുന്നു. 2014 മുതൽ നമ്മുടെ ഇലക്ട്രോണിക്സ് കയറ്റുമതി പതിനൊന്ന് മടങ്ങ് വർദ്ധിച്ചു. നമ്മുടെ പ്രതിരോധ മേഖലയിലെ കയറ്റുമതി അമ്പത് മടങ്ങ് വർദ്ധിച്ചു. നമ്മുടെ എൻജിനീയറിങ് കയറ്റുമതിയും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളേ,
ഉൽപ്പാദന മേഖലയിലെ ഈ വളർച്ച കാരണം രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിച്ചു. ഭാരതത്തിന്റെ ഈ ഉൽപ്പാദന വളർച്ചയിൽ തമിഴ്‌നാട്ടിലെ ജനങ്ങൾ വളരെ പ്രശംസനീയമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇന്ന്, അത്യാധുനിക ലൂബ്രിക്കന്റ് ബേസ് ഓയിൽ പദ്ധതിക്ക് നമ്മൾ തറക്കല്ലിടുകയാണ്. ഇത് ഇവിടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തിന്റെ ഇറക്കുമതി വലിയ അളവിൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ശക്തമായ ഒരു ഉൽപ്പാദന മേഖല കെട്ടിപ്പടുക്കാൻ നമുക്ക് മികച്ച റോഡുകൾ ആവശ്യമാണ്. അസംസ്കൃത വസ്തുക്കളുടെ ഗതാഗതത്തിനായി റെയിൽവേയും തുറമുഖങ്ങളും ആവശ്യമാണ്. ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ, അത് വിവിധ തലങ്ങളിൽ വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ എൻജിനീയർമാർക്കും ടെക്നീഷ്യന്മാർക്കും തൊഴിലാളികൾക്കും ജോലി ലഭിക്കുന്നു, എല്ലാവർക്കും തൊഴിൽ ലഭിക്കുന്നു. സിമന്റ്, സ്റ്റീൽ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഫാക്ടറികളിലും ചെറിയ കമ്പനികളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഒരു പദ്ധതി പൂർത്തിയാകുമ്പോൾ, മെച്ചപ്പെട്ട ഗതാഗത-സമ്പർക്ക (കണക്റ്റിവിറ്റി) സൗകര്യങ്ങൾ വ്യവസായങ്ങളെയും സേവന മേഖലകളെയും മുന്നോട്ട് നയിക്കാൻ സഹായിക്കുന്നു. അതുകൊണ്ടാണ് ഇന്ന് ഉദ്ഘാടനം ചെയ്യുകയും തുടക്കം കുറിക്കുകയും ചെയ്യുന്ന റെയിൽ, റോഡ് പദ്ധതികൾ തമിഴ്‌നാടിന്റെ പുരോഗതിക്ക് ഏറ്റവും പ്രധാനപ്പെട്ടതായി മാറുന്നത്.
ഇന്ന് രാജ്യത്തുടനീളമുള്ള തുറമുഖ അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തി വരികയാണ്, അതിലൂടെ ഷിപ്പിംഗ് മേഖലയ്ക്ക് പുതിയ ഉയരങ്ങൾ കൈവരിക്കാൻ സാധിക്കും. ഇതിലും തമിഴ്‌നാടിന് വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. ഈ ദിശയിൽ, കേന്ദ്രസർക്കാർ അടുത്തിടെ ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഏകദേശം പതിനേഴായിരം കോടി രൂപയുടെ നിക്ഷേപത്തോടെ, തൂത്തുക്കുടിയിലെ വി. ഒ. ചിദംബരനാർ തുറമുഖം ലോകോത്തര നിലവാരത്തിലുള്ള വൻകിട കണ്ടെയ്നർ--ഹരിത ഊർജ്ജ ഹബ്ബായും വികസിപ്പിക്കപ്പെടുകയാണ്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ, ലോകത്തിലെ എറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾക്ക് പോലും ഇവിടെ എളുപ്പത്തിൽ അടുക്കാൻ സാധിക്കും. ഇത് തമിഴ്‌നാടിനെ വ്യവസായത്തിന്റെയും ഗതാഗതത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റാൻ സഹായിക്കും.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഇന്ത്യൻ തുറമുഖങ്ങളുടെ വേഗതയും കാര്യക്ഷമതയും വർദ്ധിച്ചിട്ടുണ്ട്. വേഗത വർദ്ധിച്ചതിന്റെ ഫലമായി, തുറമുഖങ്ങളിൽ കപ്പലുകൾ ചെലവഴിക്കുന്ന സമയം (ടേൺഅറൗണ്ട് ടൈം) പകുതിയായി കുറഞ്ഞു. ഇതിന്റെ ഫലമായി, ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇപ്പോൾ മുൻപത്തേക്കാൾ വേഗത്തിൽ ആഗോള വിപണികളിൽ എത്തുന്നു.
നമ്മുടെ സമുദ്ര സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള (ഓഷ്യൻ എക്കോണമി) കാഴ്ചപ്പാടിൽ, നമ്മുടെ മത്സ്യത്തൊഴിലാളികൾ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ, പി.എം മൽസ്യ സമ്പദ യോജനയിലൂടെയും മറ്റ് നിരവധി പദ്ധതികളിലൂടെയും തമിഴ്‌നാടിനായി ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇവിടെയുള്ള മത്സ്യബന്ധന തുറമുഖങ്ങൾ നവീകരിച്ചു വരുന്നു. ഫിഷിംഗ് ലാൻഡിംഗ് കേന്ദ്രങ്ങൾ വികസിപ്പിക്കുന്നു. കോൾഡ് ചെയിൻ സൗകര്യങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. കൂടാതെ, മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഗതാഗത വാഹനങ്ങൾ വാങ്ങുന്നതിനും സഹായം നൽകിവരുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്കായി ചെന്നൈ ഫിഷിംഗ് ഹാർബർ നവീകരിക്കുന്നതായാലും, തമിഴ്‌നാട്ടിൽ സീവീഡ് പാർക്ക് (കടൽകള പാർക്ക്) വികസിപ്പിക്കുന്നതായാലും, കേന്ദ്രസർക്കാർ ഈ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിലൂടെ, മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോൾ പ്രവർത്തന മൂലധനം കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്നുണ്ട്. ഇന്ന് രാജ്യത്തെ മത്സ്യോൽപ്പാദനം വേഗത്തിൽ വളർന്നിരിക്കുന്നു. കഴിഞ്ഞ വർഷം, നമ്മുടെ സമുദ്രവിഭവ കയറ്റുമതി അളവിലും മൂല്യത്തിലും എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഇത് നമ്മുടെ മത്സ്യബന്ധന കുടുംബങ്ങളുടെയും തീരദേശവാസികളുടെയും ജീവിതനിലവാരം ഉയർത്താൻ സഹായിച്ചു.
സുഹൃത്തുക്കളേ,
തുടർച്ചയായി പുതിയ ഉയരങ്ങൾ കീഴടക്കുന്ന ഒരു തമിഴ്‌നാട് പടുത്തുയർത്താനാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഇതിനായി കേന്ദ്രഗവൺമെന്റിൻറെ ഭാഗത്തുനിന്ന് എന്ത് പിന്തുണയാണോ വേണ്ടത്, അതിനായി പൂർണ്ണ പ്രതിജ്ഞാബദ്ധതയോടെ ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കും. വികസിത തമിഴ്‌നാടിലൂടെ വികസിത ഭാരതം എന്ന ലക്ഷ്യം നമുക്ക് ഒന്നിച്ച് സാക്ഷാത്കരിക്കാം. ഈ മനോഭാവത്തോടെ, ഈ പദ്ധതികൾക്കായി ഒരിക്കൽ കൂടി നിങ്ങളേവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
നന്ദി, വണക്കം!
നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
***
NK
( റിലീസ് ഐ.ഡി: 2322163)
സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക:
Bengali
,
English
,
Urdu
,
हिन्दी
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada