വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ഐ.എം.സി 2026-ൽ, '5G ഉപയോഗ-സാധ്യതാ ലാബുകൾ' ശിൽപശാല ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ; ഇന്ത്യയുടെ 5G, 6G വികസനത്തിൽ, യുവ നൂതനാശയക്കാരുടെ പങ്ക് എടുത്തുപറഞ്ഞു

പോസ്റ്റഡ് ഓണ്‍: 09 OCT 2026 7:05PM by PIB Thiruvananthpuram

ടെലികോം മേഖലയിൽ തദ്ദേശീയമായ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണം ശക്തിപ്പെടുത്തുന്നതിനും യുവ പ്രതിഭകളെ ശാക്തീകരിക്കുന്നതിനുമുള്ള ഇന്ത്യാ ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചു കൊണ്ട്, കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ, ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐ.എം.സി) പത്താം പതിപ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘5G സാങ്കേതികവിദ്യയുടെ ഉപയോഗ-സാധ്യതാ ലാബുകൾ' ശിൽപശാല ഉദ്ഘാടനം ചെയ്തു. ‘ബൗദ്ധിക ശൃംഖലകൾ കെട്ടിപ്പടുക്കൽ: 5G അഡ്വാൻസ്ഡ്, 6G യുഗത്തിന് വഴിയൊരുക്കുന്ന നൂതനാശയങ്ങൾ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ശിൽപശാല, വ്യവസായമേഖലയും അക്കാദമിക മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും അക്കാദമിക ഗവേഷണഫലങ്ങളെ പ്രായോഗികവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പരിഹാരങ്ങളാക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്നു. നൂതനമായ 5G ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിലും ഭാവിയിലെ ആശയവിനിമയ സാങ്കേതികവിദ്യകളുടെ വികസനത്തിനായി ഇന്ത്യയിലെ യുവപ്രതിഭകളെ സജ്ജരാക്കുന്നതിലും വിദ്യാർത്ഥികൾ, ഗവേഷകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർ വഹിക്കുന്ന നിർണായക പങ്കും ഈ സംരംഭം ഉയർത്തിക്കാട്ടുന്നു.

അക്കാദമിക ഗവേഷണവും വ്യവസായമേഖലയുടെ ആവശ്യങ്ങളും തമ്മിലുള്ള അന്തരം പരിഹരിക്കേണ്ടതിൻ്റെ പ്രാധാന്യവും ശിൽപശാല എടുത്തുപറഞ്ഞു. ഇതിലൂടെ ഇന്ത്യയുടെ വളർന്നുവരുന്ന ഡിജിറ്റൽ, ടെലികോം മേഖലകളുടെ വികസനത്തിൽ സജീവ സംഭാവനകൾ നൽകാൻ യുവപ്രതിഭകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഈ ലബോറട്ടറികളിലൂടെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും അവയുടെ പ്രായോഗിക സാധ്യതകൾ പരീക്ഷിച്ചറിയാനും വിവിധ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന നൂതന പരിഹാരങ്ങൾ വികസിപ്പിക്കാനും അവസരം ലഭിക്കുന്നു.

“ഭാവിയിലെ നെറ്റ്‌വർക്കുകൾ പ്രദർശന വേദികളിൽ മാത്രമല്ല, സർവകലാശാലകളിലും ഗവേഷണശാലകളിലും യുവപ്രതിഭകളുടെ നൂതന ചിന്തകളിലൂടെയുമാകും രൂപംകൊള്ളുക. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാത്രം ഒതുങ്ങാതെ, ഇന്ത്യയ്ക്കും ലോകത്തിനും പ്രയോജനകരമായ പരിഹാരങ്ങൾ വികസിപ്പിക്കാൻ ശേഷിയുള്ള നൂതനാശയക്കാരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം 100 ‘5G യൂസ് കേസ് ലാബുകൾ’ സ്ഥാപിച്ചിരിക്കുന്നത്,” കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ പറഞ്ഞു.

യോഗത്തെ അഭിസംബോധന ചെയ്യവേ, പരമ്പരാഗത അടിസ്ഥാനസൗകര്യ വികസനത്തിനപ്പുറം നൂതനാശയങ്ങൾക്കും ഗവേഷണത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതിൻ്റെ ആവശ്യകതയും ടെലികോം മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനായി രാജ്യത്തെ അക്കാദമിക്-ഗവേഷണ മേഖലകളെ ശാക്തീകരിക്കേണ്ടതിൻ്റെയും പ്രാധാന്യം ടെലികോം വകുപ്പ് സെക്രട്ടറി ശ്രീ അമിത് അഗർവാൾ  ഊന്നിപ്പറഞ്ഞു.  

സാങ്കേതികവിദ്യയുടെ വികസനം ത്വരിതപ്പെടുത്തുന്നതിനും തദ്ദേശീയമായ പരിഹാരമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, 5G അഡ്വാൻസ്ഡ്, 6G കാലഘട്ടത്തിനായി ഇന്ത്യയിലെ പ്രതിഭാധനരായ ഉദ്യോഗാർത്ഥികളെ സജ്ജരാക്കുന്നതിനുമായി അക്കാദമിക് മേഖല, വ്യവസായമേഖല, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഗവണ്മെൻ്റിനുള്ള ശ്രദ്ധ ഈ ശിൽപശാല ഊട്ടിയുറപ്പിച്ചു.

 



 

സാങ്കേതിക പുരോഗതിയുടെ കേന്ദ്രബിന്ദുവായി യുവ നൂതനാശയക്കാരെയും അക്കാദമിക് ഗവേഷണത്തെയും പ്രതിഷ്ഠിക്കുന്നതിലൂടെ, ടെലികോം രംഗത്തെ നൂതനാശയങ്ങളുടെ ആഗോള കേന്ദ്രമായി മാറുകയെന്ന ഇന്ത്യയുടെ ദർശനത്തെയും, സാങ്കേതികമായി ശാക്തീകരിക്കപ്പെട്ടതും സ്വയംപര്യാപ്തവുമായ രാഷ്ട്രമെന്ന ദർശനം സാക്ഷാത്കരിക്കാനുള്ള ഉദ്യമങ്ങളെയും ഈ സംരംഭം പിന്തുണയ്ക്കുന്നു.

 



 

ഉദ്ഘാടന സമ്മേളനത്തിൽ '5G ഇന്നോവേഷൻ ഹാക്കത്തോൺ (എഡിഷൻ-2) 2026'-ലെ വിജയികൾക്കുള്ള പുരസ്കാര വിതരണവും നടന്നു

'5G യൂസ് കേസ് ലാബുകളെ'ക്കുറിച്ചുള്ള ഏകദിന ശിൽപശാലയിൽ, '5G ഇന്നൊവേഷൻ ഹാക്കത്തോൺ 2026'-ൻ്റെ രണ്ടാം പതിപ്പിലെ വിജയികളെയും 50 ഫൈനലിസ്റ്റുകളെയും കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ അഭിനന്ദിച്ചു. അവരുടെ നൂതന ആശയങ്ങളെ അദ്ദേഹം പ്രശംസിക്കുകയും, ഇന്ത്യയിലെ യുവജനങ്ങളുടെ പ്രതിഭ ഉയർത്തിക്കാട്ടുകയും ചെയ്തു. കൂടാതെ, പങ്കെടുത്ത 1,400 ടീമുകളോടും പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതും ആഗോള പ്രശ്നങ്ങൾക്ക് യഥാർത്ഥ സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുന്നതും തുടരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

 



 

കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശേഷി വികസന പരിപാടിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം

നെറ്റ്‌വർക്ക്, മൊബൈൽ സുരക്ഷ എന്നിവയിൽ പ്രത്യേക പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയ ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ അഭിനന്ദിച്ചു. സൈബർ സുരക്ഷാ രംഗത്തെ അറിവും നൈപുണ്യവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന CISSP, CEH, PenTest, CySA തുടങ്ങിയ അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കേഷനുകൾ ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. സൈബർ ഭീഷണികളിൽ നിന്ന് ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കുന്നതിന് അവർ നൽകിയ സംഭാവനകളും കൈവരിച്ച നേട്ടങ്ങളും കണക്കിലെടുത്ത്, മന്ത്രി ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റുകളും ബാഡ്ജുകളും സമ്മാനിച്ചു.

 



 

2047-ഓടെ 'വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകിക്കൊണ്ട്, ഇന്ത്യയുടെ ടെലികോം മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ 5G അഡ്വാൻസ്ഡ്, 6G, ഗവേഷണ ലബോറട്ടറികൾ എന്നിവയ്ക്കുള്ള പ്രാധാന്യം കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുകയും ആഗോളതലത്തിൽ വിശ്വാസ്യത നേടുകയും ചെയ്യുന്ന 'ഇൻ്റലിജൻ്റ് നെറ്റ്‌വർക്കുകൾ' വികസിപ്പിക്കുന്നതിന് കൂട്ടായ പരിശ്രമങ്ങൾ വേണമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി '5G യൂസ് കേസ് ലാബുകളെ'ക്കുറിച്ചുള്ള ഏകദിന ശിൽപശാല ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

മത്സരങ്ങളിലും ആദ്യമാതൃകകളിലും മാത്രം ഒതുങ്ങിനിൽക്കാതെ, ബൗദ്ധിക സ്വത്തവകാശങ്ങളുടെ സൃഷ്ടി, സംരംഭകത്വ വികസനം, വ്യവസായ പങ്കാളിത്തം, വാണിജ്യാടിസ്ഥാനത്തിലുള്ള പ്രായോഗിക വിനിയോഗം എന്നിവയിലേക്കും നൂതനാശയങ്ങൾ വ്യാപിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കമ്മ്യൂണിക്കേഷൻസ് വകുപ്പ് സെക്രട്ടറി പങ്കെടുത്ത ടീമുകളെ അഭിനന്ദിച്ചു.

'വികസിത ഇന്ത്യ'  2047-നായി ഇൻ്റലിജൻ്റ് നെറ്റ്‌വർക്കുകൾ കെട്ടിപ്പടുക്കുന്നു

സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ നിന്ന് തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനം വേഗത്തിലാക്കുന്നതിന്, അക്കാദമിക് ഗവേഷണം, വ്യവസായ മേഖലയുടെ ആവശ്യങ്ങൾ, ദേശീയ സാങ്കേതിക മുൻഗണനകൾ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം ഈ ശിൽപശാല എടുത്തുപറഞ്ഞു.

5G അഡ്വാൻസ്ഡ്, 6G, പുതുതലമുറ ടെലികോം സാങ്കേതികവിദ്യകൾ എന്നിവയിൽ ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഗവേഷണം ശക്തിപ്പെടുത്തുന്നതിലും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലും അക്കാദമിക് മേഖല, സ്റ്റാർട്ടപ്പുകൾ, വ്യവസായം എന്നിവ തമ്മിലുള്ള സഹകരണം വളർത്തുന്നതിലുമുള്ള പ്രതിബദ്ധത ടെലികോം വകുപ്പ് ആവർത്തിച്ചു വ്യക്തമാക്കി.

ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഏകദേശം 100 5G ഉപയോഗ-സാധ്യതാ ലാബുകൾ 

2023 ഒക്ടോബറിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി 100 '5G ഉപയോഗ-സാധ്യതാ ലാബുകൾ' അനുവദിച്ചു. 97.67 കോടി രൂപ ചെലവിൽ ഗവണ്മെൻ്റ് മുൻകൈയെടുത്ത് സ്ഥാപിച്ച ഈ 100 ലാബുകളും 2025 ഏപ്രിലോടെ പ്രവർത്തനസജ്ജമായി.

പ്രായോഗിക പഠനം ശക്തിപ്പെടുത്തുക, 5G സാങ്കേതികവിദ്യകളിലെ ഗവേഷണ-വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, വ്യവസായ-വിദ്യാഭ്യാസ മേഖലകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക, നൂതന ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പുകൾക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും 5G അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.

ഈ സംരംഭം മികച്ച ഫലങ്ങളാണ് ഉളവാക്കിയത്. 2026 ഓഗസ്റ്റോടെ 17,400-ലധികം വിദ്യാർത്ഥികൾ ഈ ലാബുകൾ പ്രയോജനപ്പെടുത്തി; 97 സ്ഥാപനങ്ങൾ 5G കോഴ്സുകൾ നടത്തുകയും 21,000-ത്തിലധികം വിദ്യാർത്ഥികൾ അതിൽ ചേരുകയും ചെയ്തു. 634 ഉത്പന്നങ്ങളുടെയും ഉപയോഗരീതികളുടെയും വികസനത്തിന് ഈ സംരംഭം വഴിയൊരുക്കി; കൂടാതെ, 158 ബൗദ്ധിക സ്വത്തവകാശ അപേക്ഷകൾ സമർപ്പിക്കുകയും 32 പേറ്റൻ്റുകൾ ലഭിക്കുകയും ചെയ്തു. ഇതിൽ പങ്കാളികളായ സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, മറ്റ് അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായുള്ള സഹകരണവും ശക്തിപ്പെടുത്തിയിട്ടുണ്ട്.

5G ഇന്നൊവേഷൻ ഹാക്കത്തോൺ 2026

5G അഡ്വാൻസ്ഡ്, നിർമിത ബുദ്ധി, ഇൻ്റർനെറ്റ് ഓഫ് തിങ്സ് (IoT), ഭൗമാതീത ശൃംഖലകൾ, ഫിക്സഡ് വയർലെസ് ആക്സസ് (FWA), നെറ്റ്‌വർക്ക് വിഭജനം, ടെലികോം സുരക്ഷ തുടങ്ങിയ വളർന്നുവരുന്ന ടെലികോം മേഖലകളിൽ നിന്നായി 1,400-ലധികം നിർദ്ദേശങ്ങളാണ് ഈ വർഷത്തെ ഹാക്കത്തോണിന് ലഭിച്ചത്. '100 5G ഉപയോഗ-സാധ്യതാ ലാബുകൾ' എന്ന സംരംഭത്തിലൂടെ രൂപപ്പെട്ട നൂതനാശയങ്ങളുടെ ആവാസവ്യവസ്ഥയെ 5G ഇന്നൊവേഷൻ ഹാക്കത്തോൺ ശാക്തീകരിക്കുന്നു.

ഇതിൽ നിന്ന് 50 ടീമുകളെ തിരഞ്ഞെടുക്കുകയും അവരുടെ ആശയങ്ങൾ വികസിപ്പിക്കുന്നതിനായി പ്രാരംഭ ധനസഹായം നൽകി പിന്തുണയ്ക്കുകയും ചെയ്യുന്നു. 35 ടീമുകൾ ഐ.എം.സി 2026-ൽ തങ്ങളുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പരിഹാരമാർഗ്ഗങ്ങൾ പ്രദർശിപ്പിക്കാനും, വ്യവസായ മേഖലയിലെ പങ്കാളികളുമായി ആശയവിനിമയം നടത്താനും, തുടർവികസനത്തിനും വാണിജ്യവത്ക്കരണത്തിനുമുള്ള സാധ്യതകൾ ആരായാനും ഇത് അവർക്ക് അവസരമൊരുക്കുന്നു.

 

***


( റിലീസ് ഐ.ഡി: 2321644) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी