പരിസ്ഥിതി, വനം മന്ത്രാലയം
വരുന്ന 'UNFCCC COP31'- കാലാവസ്ഥാ ഉച്ചകോടിയിൽ സന്തുലിത തീരുമാനങ്ങൾക്ക് പ്രായോഗിക സമീപനവും പരസ്പര ബഹുമാനവും വേണമെന്ന് ഇന്ത്യ
പോസ്റ്റഡ് ഓണ്‍:
08 OCT 2026 11:55AM by PIB Thiruvananthpuram
വരാനിരിക്കുന്ന യു.എൻ. കാലാവസ്ഥാ ഉച്ചകോടിയിൽ (UNFCCC COP31) രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സന്തുലിതവും ലക്ഷ്യബോധമുള്ളതുമായ തീരുമാനങ്ങളിലെത്താൻ കൂടുതൽ വഴക്കവും പ്രായോഗിക സമീപനവും പരസ്പര ബഹുമാനവും അനിവാര്യമാണെന്ന് ഇന്ത്യ ആഹ്വാനം ചെയ്തു. ഫിജിയിൽ നടന്ന പ്രീ-കോപ്പ്31 (Pre-COP31) യോഗത്തിലെ 'പൊളിറ്റിക്കൽ ലാൻഡിംഗ് സോണുകളും ഫലങ്ങളും' എന്ന പ്ലീനറി ചർച്ചയിൽ സംസാരിക്കവെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രമായ ആഘാതങ്ങൾ വെറും വാചകക്കസർത്തുകൾക്കപ്പുറം പദ്ധതികളുടെ നടപ്പാക്കലിലേക്കും ഒത്തുചേരലിലേക്കും നീങ്ങാൻ ആവശ്യപ്പെടുന്നുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് പറഞ്ഞു.
പ്രീ-കോപ്പ് ചർച്ചകളെക്കുറിച്ച് പരാമർശിക്കവെ, അംഗരാജ്യങ്ങൾക്കിടയിലുള്ള യോജിപ്പുകൾ "നമ്മുടെ ഭിന്നതകളേക്കാൾ വളരെ വലുതാണെന്ന്" ശ്രീ യാദവ് പറഞ്ഞു. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ ഒരുമിച്ച് ഉറച്ചുനിൽക്കുന്നതിൽ പൊതുവായ യോജിപ്പുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആനുപാതികമായി ഉയർന്ന പ്രതിബദ്ധതകൾ ആവശ്യമാണെന്നും, പ്രത്യേകിച്ച് വിപുലീകരിച്ച കാലാവസ്ഥാ ധനസഹായം, സാങ്കേതികവിദ്യാ കൈമാറ്റം, ശേഷി വികസനം എന്നിവയിലൂടെ ഇത് സാധ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതികൾ നടപ്പാക്കുമ്പോൾ രാജ്യങ്ങൾ സ്വയം നിശ്ചയിച്ചിട്ടുള്ള വഴികളെ മാനിക്കണമെന്നും, ഓരോ രാജ്യത്തിന്റെയും തനതായ സാഹചര്യങ്ങൾക്കും വികസന ആവശ്യങ്ങൾക്കും അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ അനുവദിക്കണമെന്നും ഇന്ത്യ ശക്തമായി വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് നൂതനമായ പരിഹാരങ്ങളും തുടർച്ചയായ പരിഷ്കാരങ്ങളും അടിയന്തിരമായി ആവശ്യമാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. ആഗോള ലക്ഷ്യങ്ങൾ പൊതുവായതാണെങ്കിലും, അവ കൈവരിക്കുന്നതിനുള്ള സമീപനങ്ങളിൽ കൂടുതൽ യോജിപ്പ് ആവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. "എല്ലാ ഭാഗത്തുനിന്നും വിട്ടുവീഴ്ചാ മനോഭാവം കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു," എന്ന് പറഞ്ഞ അദ്ദേഹം, യു.എൻ കൺവെൻഷനും പാരീസ് കരാറിനും കീഴിൽ നിലവിൽ ലഭ്യമായ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ആഹ്വാനം ചെയ്തു. രാജ്യങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ധനസഹായം ലഭ്യമാക്കുന്ന കാര്യം ചർച്ച ചെയ്യാൻ, താൽക്കാലിക അജണ്ടയിൽ ആർട്ടിക്കിൾ 9.1 ഉൾപ്പെടുത്തിയത് ഒരു സുപ്രധാന ഔദ്യോഗിക അവസരമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അതോടൊപ്പം, ധനസഹായത്തിലും മറ്റ് നടപ്പാക്കൽ മാർഗ്ഗങ്ങളിലുമുള്ള നിർണ്ണായകമായ കുറവുകൾ പരിഹരിക്കുന്നതിനും, സുസ്ഥിര വികസനത്തിനായി വിപണി അധിഷ്ഠിത വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ആർട്ടിക്കിൾ 6-ലെ സഹകരണ സമീപനങ്ങൾ തന്ത്രപരമായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അംഗരാജ്യങ്ങളുടെ പങ്കാളിത്തം, സാങ്കേതിക സഹകരണം, ശേഷി വികസനത്തിനായുള്ള പ്രത്യേക പിന്തുണ എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള വ്യക്തമായ ഒരു മാർഗ്ഗരേഖ കോപ്പ്31 (COP31) തയ്യാറാക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി ശ്രീ യാദവ് പറഞ്ഞു. ആഗോള സമൂഹത്തിന്, പ്രത്യേകിച്ച് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ദുർബല വിഭാഗങ്ങൾക്ക് " സംതുലിതവും നീതിയുക്തവും ചരിത്രപരവുമായ ഒരു ഫലം" ഉറപ്പാക്കുന്നതിനായി, കോപ്പ്31-ലേക്ക് നയിക്കുന്ന ഘട്ടത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്നതും സുതാര്യവുമായ ചർച്ചകൾക്ക് ഇന്ത്യ സന്നദ്ധമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്നതും, പരസ്പര കൂടിയാലോചനകളിലൂടെയും സമവായത്തിലൂടെയുമുള്ള ഒരു സമീപനത്തിലൂടെ കോപ്പ്31-ൽ ബഹുമുഖ കാലാവസ്ഥാ ചർച്ചകളെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഫിജിയിലെ ചർച്ചകൾ പൂർത്തിയാക്കി മടങ്ങുമ്പോൾ, ഈ യോഗത്തിലെ നിർമ്മാണാത്മകമായ തീരുമാനങ്ങൾ പ്രയോജനപ്പെടുത്തി അന്റാലിയയിൽ നടക്കുന്ന COP31 ഉച്ചകോടിയിൽ വ്യക്തമായ ലക്ഷ്യങ്ങളോടെ മുന്നേറുകയായിരിക്കണം നമ്മുടെ പ്രധാന ലക്ഷ്യമെന്ന് ഇന്ത്യയുടെ പ്രസ്താവന ഉപസംഹരിക്കവേ, ഭൂപേന്ദർ യാദവ് പറഞ്ഞു. വികസ്വര രാജ്യങ്ങൾക്ക് ആവശ്യമായ നടപ്പാക്കൽ മാർഗ്ഗങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം തന്നെ കാർബൺ ഉദ്‌ഗമനം കുറയ്ക്കുന്നതിലും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിലും പുരോഗതി കൈവരിക്കുന്ന, മികച്ചതും സംതുലിതവുമായ ഒരു ഫലമായിരിക്കണം അന്തിമ തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി കോപ്പ് അധ്യക്ഷൻമാർക്കും ചെയർമാർമാർക്കും, എല്ലാ അംഗരാജ്യങ്ങൾക്കുമൊപ്പം ചേർന്നുപ്രവർത്തിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കി.
പ്രീ-COP31 യോഗത്തിൽ സുതാര്യവും ഫലപ്രദവുമായ ചർച്ചകൾ ഉറപ്പാക്കാൻ നേതൃത്വം നൽകിയ ചർച്ചകളുടെ ചുമതലയുള്ള അധ്യക്ഷൻ ക്രിസ് ബൗവന് കേന്ദ്രമന്ത്രി നന്ദി രേഖപ്പെടുത്തുകയും കോപ്പ്31-ന്റെ വിജയത്തിനായി ആശംസകൾ നേരുകയും ചെയ്തു. എല്ലാ വർഷവും നടക്കുന്ന യു.എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായുള്ള യോഗമാണ് പ്രീ-കോപ്പ്. ഈ വർഷത്തെ പ്രധാന സമ്മേളനം നവംബറിൽ തുർക്കിയിലെ അന്റാലിയയിൽ നടക്കും.

****
( റിലീസ് ഐ.ഡി: 2320948)
സന്ദര്‍ശക കൗണ്ടര്‍ : 7