ഖനി മന്ത്രാലയം
azadi ka amrit mahotsav

ജമ്മു കശ്മീരിൽ ചരിത്രത്തിലാദ്യമായി രണ്ട് ധാതു ഖനന മേഖലകളുടെ ലേലം വിജയകരമായി പൂർത്തിയായി; ഖനന വികസനത്തിന് തുടക്കം

പോസ്റ്റഡ് ഓണ്‍: 02 OCT 2026 6:03PM by PIB Thiruvananthpuram

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ രണ്ട് ധാതു ഖനന മേഖലകളുടെ ലേലം കേന്ദ്ര ഗവണ്മെൻ്റിൻ്റെ ഇ-ലേല പ്രക്രിയയിലൂടെ കേന്ദ്ര ഖനി മന്ത്രാലയം വിജയകരമായി പൂർത്തിയാക്കി. ജമ്മു കശ്മീരിൻ്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ലേലം നടക്കുന്നത്. കേന്ദ്രഭരണ പ്രദേശത്തെ ധാതു സമ്പത്ത് പൂർണമായി പ്രയോജനപ്പെടുത്തുന്നതിനും വ്യവസ്ഥാപിതമായ ധാതു വികസനത്തിൻ്റെ പുതുഘട്ടത്തിന് തുടക്കം കുറിക്കുന്നതിനും  ചരിത്രപരമായ ഈ ലേലം വഴിതുറക്കും.

 

ഭരണഘടനയുടെ  370-ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും ജമ്മു കശ്മീർ വലിയ പ്രാധാന്യം നൽകി വരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ മുന്നേറ്റം. ധാതു ഖനന മേഖലകളുടെ ലേലം പൂർത്തിയായതോടെ കേന്ദ്രഭരണ പ്രദേശത്തിൻ്റെ പ്രകൃതിവിഭവങ്ങൾ ആസൂത്രിതമായി പര്യവേക്ഷണം ചെയ്യാനും വികസിപ്പിക്കാനും വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നത്.

 

ധാതു ഖനന മേഖലകളുടെ ലേലച്ചുമതല ജമ്മു കശ്മീർ ഭരണകൂടം കേന്ദ്ര ഖനി മന്ത്രാലയത്തെയാണ് ഏൽപ്പിച്ചിരുന്നത്. പ്രകൃതിവിഭവങ്ങളുടെ ചിട്ടയായ വികസനത്തിന് പൂർണമായും സുതാര്യവും മത്സരപരവുമായ ലേല പ്രക്രിയയാണ് മന്ത്രാലയം നടപ്പാക്കിയത്.

 

ഖനന മേഖലകളുടെ വിശദാംശങ്ങൾ:

 

കൂട്ട്-കപ്രാൻ ചുണ്ണാമ്പുകല്ല് ഖനന മേഖല, അനന്ത്നാഗ് 

 

അനന്ത്നാഗ് ജില്ലയിലെ ദോരു തഹസിലിലുള്ള കൂട്ട്, കപ്രാൻ ഗ്രാമങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ ഖനന മേഖലയ്ക്ക് 22.43 ഹെക്ടർ വിസ്തൃതിയുണ്ട്. ഇവിടെ 4.75 ദശലക്ഷം ടൺ ചുണ്ണാമ്പുകല്ല് നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. G-4 ഘട്ടം വരെയുള്ള പ്രാഥമിക പര്യവേക്ഷണം ഇവിടെ പൂർത്തിയായിട്ടുണ്ട്. കൂടുതൽ വിപുലമായ പര്യവേക്ഷണങ്ങൾക്കും ഖനന വികസനത്തിനും ഇത് അനുയോജ്യമാണ്.

 

വാന്ത്റാഗ് ചുണ്ണാമ്പുകല്ല് ഖനന മേഖല, അനന്ത്നാഗ്  

 

5.36 ഹെക്ടർ വിസ്തൃതിയുള്ള വാന്ത്റാഗ് ഖനന മേഖലയില്‍ 10.853 ദശലക്ഷം ടൺ ചുണ്ണാമ്പുകല്ല് നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 159 മീറ്റർ ഡ്രില്ലിങ് ഉൾപ്പെടെ G-3 ഘട്ടം വരെയുള്ള പര്യവേക്ഷണം ഇവിടെ നടന്നിട്ടുണ്ട്. തുടർന്നുള്ള ഖനന-വികസന പ്രവർത്തനങ്ങൾക്ക് ഇത് കൃത്യമായ ഭൗമശാസ്ത്ര അടിത്തറ നൽകുന്നു.

 

രണ്ട് ചുണ്ണാമ്പുകല്ല് ഖനന മേഖലകളുടെ ലേലം പൂർത്തിയായത് കേന്ദ്രഭരണ പ്രദേശത്തേക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും സാമ്പത്തിക പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും വഴിയൊരുക്കും.  ഖനനവും അനുബന്ധ വ്യവസായങ്ങളും വികസിക്കുന്നതിലൂടെ വൻതോതില്‍ പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പ്രാദേശിക ചെറുകിട സംരംഭകർക്കും വ്യാപാരികൾക്കും സേവനദാതാക്കൾക്കും അനുബന്ധ വ്യവസായങ്ങൾക്കും ഇത് പുതിയ വാണിജ്യ സാധ്യതകൾ തുറക്കും.

 

ജമ്മു കശ്മീരിൻ്റെ ധാതുസമ്പത്തിൽ നിന്ന് കൂടുതൽ മൂല്യവർധനയുണ്ടാക്കാനും വളർന്നുവരുന്ന ഖനന മേഖലയിൽ പ്രാദേശിക ജനങ്ങൾക്ക് പങ്കാളിത്തം ഉറപ്പാക്കാനും ഇത് സഹായകമാകും. 'വികസിത് ജമ്മു കശ്മീരിൻ്റെ' സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിൽ നിർണായക ചുവടുവയ്പ്പാണ് പദ്ധതി.

 

ജമ്മു കശ്മീരിലെ ധാതുവിഭവങ്ങളുടെ സുതാര്യവും പരിസ്ഥിതി സൗഹൃദപരവും ഉത്തരവാദിത്തപൂർണവുമായ വികസനം ഉറപ്പാക്കാൻ കേന്ദ്ര ഖനി മന്ത്രാലയം കേന്ദ്രഭരണ പ്രദേശത്തെ ഗവണ്മെൻ്റുമായി ചേർന്ന് തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

 

***


( റിലീസ് ഐ.ഡി: 2318489) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी