PIB Backgrounder
azadi ka amrit mahotsav

മലിനജലത്തിനപ്പുറം: ഉപയോഗിച്ച വെള്ളത്തെ ഒരു വിഭവമാക്കി മാറ്റുന്നു

പോസ്റ്റഡ് ഓണ്‍: 30 SEP 2026 12:26PM by PIB Thiruvananthpuram

വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ജലം ഉപയോഗിച്ചുകഴിഞ്ഞാല്‍ ജലചക്രം അവിടെ അവസാനിക്കുന്നില്ല. വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, അയല്‍പക്കങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ജലം വെറും മാലിന്യമായി മാറേണ്ടതില്ല. ഉചിതമായ സംവിധാനങ്ങളിലൂടെ, ഉപയോഗിച്ച ജലം ശേഖരിക്കാനും ശുദ്ധീകരിക്കാനും പുനഃചംക്രമണം നടത്താനും വീണ്ടും പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാനും സാധിക്കും.  ശുചിത്വ ഭാരത ദൗത്യം-നഗര(സ്വച്ഛ് ഭാരത് മിഷന്‍-അര്‍ബന്‍/എസ്.ബി.എം-യു)ത്തിന് കീഴില്‍, നഗരങ്ങളിലെ ശുചിത്വ പരിപാലനത്തെക്കുറിച്ചുള്ള പുതിയൊരു സമീപനത്തിന് ഈ വ്യതിയാനം രൂപം നല്‍കുന്നു.  ഉപയോഗിച്ച ജലത്തിന്റെ ശുദ്ധീകരണം, ശുദ്ധീകരിക്കാത്ത മലിനജലം ജലാശയങ്ങളിലെത്തുന്നത് തടയല്‍, സുരക്ഷിതമായ പുനരുപയോഗം സാധ്യമാക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ഉപയോഗിച്ച ജല പരിപാലനം'(യു. ഡബ്ല്യു.എം)ആണ് ഇതിന്റെ കാതല്‍. ഈ പ്രക്രിയയില്‍ മലിനജല സംസ്‌കരണ പ്ലാന്റു(എസ്.ടി.പി)കള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു; ഇവ മലിനജല പരിപാലനത്തെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും തുടര്‍ ഉപയോഗത്തിനായി ജലം വീണ്ടെടുക്കുന്നതിനുമുള്ള ഒരു അവസരമാക്കി മാറ്റുന്നു.

വീടുകളില്‍ നിന്നും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും ഉണ്ടാകുന്ന മലിനജലം കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നഗരങ്ങള്‍ക്ക് നല്‍കുന്ന വാട്ടര്‍ പ്ലസ് സാക്ഷ്യപ്പെടുത്തലിലൂടെ  ഈ സമീപനം കൂടുതല്‍ ശക്തിപ്പെടുന്നു. പരിസ്ഥിതിയിലേക്ക് ഒഴുക്കിവിടുന്നതിന് മുന്‍പ് മലിനജലം തൃപ്തികരമായ ശുദ്ധീകരണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ശുദ്ധീകരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കപ്പുറം, നഗരങ്ങള്‍ തങ്ങളുടെ ജലവിഭവങ്ങള്‍ എങ്ങനെ ആസൂത്രണം ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു എന്നതിലേക്കും ഇതിന്റെ ശ്രദ്ധ നീളുന്നു. മലിനജലം പുനരുപയോഗിക്കുന്നതിനായി നഗരതലത്തിലുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നഗര തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നു. വ്യക്തമായി നിര്‍വചിക്കപ്പെട്ട ഉത്തരവാദിത്തങ്ങളും സാങ്കേതികവിദ്യയിലുണ്ടായ പുരോഗതിയും മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്താന്‍ നഗരങ്ങളെ സഹായിക്കുന്നു. മല മാലിന്യവും സെപ്റ്റിക് ടാങ്ക് മാലിന്യവുമുള്‍പ്പെടെ മുഴുവന്‍ മലിനജലത്തിന്റേയും സുരക്ഷിതമായ കൈകാര്യവും ശുദ്ധീകരണവും വിലയിരുത്തിക്കൊണ്ട് വെളിയിട മലമൂത്രവിസര്‍ജ്ജന വിമുക്ത, സമഗ്ര മലിനജല-മാലിന്യ സംസ്‌കരണ (ഒ.ഡി.എഫ് പ്ലസ് പ്ലസ്)മാനദണ്ഡങ്ങള്‍ ഈ സമീപനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

ഈ നടപടികള്‍ സംയുക്തമായി സുസ്ഥിരമായ ശുചിത്വത്തിനും, ഉപയോഗിച്ച ജലത്തെ ഒരു വിഭവമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ചാക്രിക സമ്പദ് വ്യവസ്ഥയ്ക്കും വേണ്ടിയുള്ള അടിത്തറ പാകുന്നു. എസ്.ബി.എം. 2.0-ന് കീഴില്‍, ചെറിയ നഗരങ്ങളില്‍ മലിനജല സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി 11,785 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഈ പദ്ധതികള്‍ പ്രതിദിനം 4,900 ദശലക്ഷം ലിറ്റര്‍ (എം.എല്‍.ഡി) സംസ്‌കരണ ശേഷി കൂട്ടിച്ചേര്‍ക്കുകയും, കാര്യക്ഷമമായ മലിനജല സംസ്‌കരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുകയും ചെയ്യും.

ഉപയോഗിച്ച ജലത്തിന് രണ്ടാം ജന്മം ലഭിക്കുന്നിടം

ഉപയോഗിച്ച ജലത്തിന്റെ കൈകാര്യം ചെയ്യല്‍ രീതികള്‍ പരമ്പരാഗത സംസ്‌കരണ-നിര്‍മാര്‍ജന മാര്‍ഗങ്ങള്‍ക്കപ്പുറത്തേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ നഗരങ്ങള്‍ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍, ജല ആവശ്യകതകള്‍, പ്രാദേശിക അവസ്ഥകള്‍ എന്നിവയ്ക്ക് അനുയോജ്യമായ രീതികള്‍ വികസിപ്പിച്ചെടുക്കുന്നു. ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന ശുദ്ധീകരിച്ച ജലം കൃഷി, ഉദ്യാനപരിപാലനം, വ്യവസായം, റോഡ് വൃത്തിയാക്കല്‍, തടാകങ്ങളുടെ പുനരുജ്ജീവനം തുടങ്ങിയ മേഖലകളില്‍ ഉപയോഗിച്ചുവരുന്നു. ജയ്പൂര്‍, ഇന്‍ഡോര്‍, സൂറത്ത്, നവി മുംബൈ തുടങ്ങിയ നഗരങ്ങളിലെ അനുഭവങ്ങള്‍ ഇത്തരം വിവിധ രീതികളെ എടുത്തുകാണിക്കുന്നു.

ജയ്പൂര്‍: വന്‍തോതിലുള്ള ജല പുനരുപയോഗത്തിന് സാങ്കേതികവിദ്യാധിഷ്ഠിത രൂപകല്പന:

 


ദേഹ്ലവാസ് പ്ലാന്റിലെ ജലശുദ്ധീകരണം

 

2020-23 കാലയളവില്‍ 22.50 ഹെക്ടര്‍ സ്ഥലത്തായി നിര്‍മ്മിച്ച ജയ്പൂരിലെ ദേഹ്ലവാസ് മലിനജല ശുദ്ധീകരണ പ്ലാന്റിന് (എസ്.ടി.പി), രാജസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന മലിനജല ശുദ്ധീകരണ ശേഷിയാണുള്ളത് (പ്രതിദിനം 215 ദശലക്ഷം ലിറ്റര്‍). മലിനജലം ഫലപ്രദമായി ശുദ്ധീകരിച്ച് പുനരുപയോഗിക്കാവുന്ന വിഭവമാക്കി മാറ്റുന്നതിലൂടെ, ചാക്രിക സമ്പദ് വ്യവസ്ഥ, ജലസംരക്ഷണം എന്നീ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. മേല്‍നോട്ട നിയന്ത്രണ, ഡാറ്റ ശേഖരണ (സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റ അക്വിസിഷന്‍ /എസ്.സി.എ.ഡി.എ) സംവിധാനം വഴി പൂര്‍ണ്ണമായും യാന്ത്രികവത്കരിച്ചതാണ് ഈ ആധുനിക സാങ്കേതികവിദ്യാധിഷ്ഠിത പ്ലാന്റ്.

 


ദ്രവ്യവതി നദിയിലേക്ക് പ്ലാന്റ് ശുദ്ധീകരിച്ച വെള്ളം ഒഴുക്കിവിടുന്നു

 

ജയ്പൂര്‍ എസ്.ടി.പിയില്‍ നിലവില്‍ അതീവ കാര്യക്ഷമമായ തുടര്‍ ബാച്ചുകളായി ജലം ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനസംവിധാനം (സീക്വന്‍സിങ് ബാച്ച് റിയാക്ടര്‍/ എസ്.ബി.ആര്‍) സജ്ജീകരിച്ചിട്ടുണ്ട്. ഈ പ്രക്രിയയില്‍, ക്ലോറിന്‍ ടാങ്കിലെത്തുന്നതിന് മുന്‍പ് മലിനജലം ഒരു പാര്‍ഷല്‍ ഫ്ളൂം (തുറന്ന മാര്‍ഗങ്ങളിലൂടെയുള്ള ജലപ്രവാഹം അളക്കുന്ന ഉപകരണം), പ്രൈമറി ക്ലാരിഫയര്‍ (ആദ്യഘട്ട മലിനജല ശുദ്ധീകരണ പ്ലാന്റ്), ബേസിന്‍ (ജലസംഭരണി) എന്നിവയിലൂടെ കടന്നുപോകുന്നു. തുടര്‍ന്ന് അത് ശുദ്ധജലമായി മാറ്റപ്പെടുന്നു. മലിനജല സംസ്‌കരണത്തിലെ ആദ്യഘട്ട അവശിഷ്ടങ്ങളുടെ സാന്ദ്രത കൂട്ടുന്ന ഉപകരണങ്ങള്‍ (പ്രൈമറി സ്ലഡ്ജ് തിക്കനേഴ്സ്), വെള്ളം പിഴിഞ്ഞുകളയാന്‍ സ്‌ക്രൂ രൂപത്തിലുള്ള സംവിധാനം ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ (സ്‌ക്രൂ പ്രസ്സ് മെഷീനുകള്‍) എന്നിവ ഉപയോഗിച്ചാണ് ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കുന്നത്.

ഒരിക്കല്‍ എസ്.ടി.പി.യില്‍ സംസ്‌കരിച്ചാല്‍, മലിനജലം വീണ്ടുമൊരു വിലപ്പെട്ട വിഭവമായി മാറുന്നു. ജലസേചനത്തിനും വിവിധ വ്യാവസായിക പ്രക്രിയകള്‍ക്കും ഇത് വീണ്ടും ഉപയോഗിക്കുന്നു, മലിനജല പുനഃചംക്രമണം എന്നറിയപ്പെടുന്ന പ്രവര്‍ത്തന രീതി, സാമ്പത്തികമായി ലാഭകരമായ മാര്‍ഗ്ഗം കൂടിയാണ്. നിലവില്‍, ശുദ്ധീകരിച്ച വെള്ളത്തിന്റെ ഒരു ഭാഗം പൂന്തോട്ട പരിപാലനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി അടുത്തുള്ള ഒരു കോളനിയിലേക്ക് വിതരണം ചെയ്യുന്നുണ്ട്. ശുദ്ധീകരിച്ച ശേഷമുള്ള വെള്ളം ദ്രവ്യവതി നദിയിലേക്ക് ഒഴുക്കിവിടുന്നു; അതേസമയം, ശുദ്ധീകരിക്കാത്ത മലിനജലം നദിയില്‍ കലരുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. പ്ലാന്റിനു ചുറ്റുമായി ഒരു ഹരിതമേഖലയും വികസിപ്പിച്ചിട്ടുണ്ട്; ഇവിടെ നട്ടുപിടിപ്പിച്ച 30,000-ത്തിലധികം ചെടികള്‍ പ്രദേശത്തിന്റെ ഹരിതാഭയ്ക്ക് മാറ്റു കൂട്ടുന്നു.

ഇന്‍ഡോര്‍: 'വാട്ടര്‍ പ്ലസ്' പ്രയാണത്തിന് നേതൃത്വം നല്‍കുന്നു

സംസ്‌കരിക്കാത്ത മലിനജലം പരിസ്ഥിതിയില്‍ കലരാതെ സംരക്ഷിക്കുകയെന്ന  ലളിതമായ ലക്ഷ്യത്തോടെയാണ്, ഉപയോഗിച്ച ജല മാനേജ്‌മെന്റിലൂടെ ഇന്‍ഡോറിന്റെ പരിവര്‍ത്തനം ആരംഭിച്ചത്. ഈ സമീപനം, വാട്ടര്‍ പ്ലസ് സര്‍ട്ടിഫിക്കേഷന്‍ (മലിനജലം ശരിയായി ശുദ്ധീകരിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുന്ന നഗരങ്ങള്‍ക്കുള്ള പ്രത്യേക സാക്ഷ്യപത്രം) നേടുന്ന ആദ്യ നഗരമായി മാറാന്‍ ആ നഗരത്തെ സഹായിച്ചു. നഗരതലത്തില്‍ സുസ്ഥിരമായ ശുചിത്വ-ജലവിനിയോഗ സംവിധാനങ്ങള്‍ എങ്ങനെ നടപ്പിലാക്കാമെന്ന് ഇതിന്റെ പ്രവര്‍ത്തനരീതികള്‍ തെളിയിച്ചു. സമാനമായ രീതികള്‍ പിന്തുടരാന്‍ മറ്റ് പല ചെറിയ നഗരങ്ങള്‍ക്കും ഈ മാതൃക പ്രചോദനമേകിയിട്ടുണ്ട്.

ഇന്ന്, ഇന്‍ഡോറിലെ നദികളിലൂടെയോ പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവുമായ ഓടകളിലൂടെയോ സംസ്‌കരിക്കാത്ത മലിനജലം ഒഴുകുന്നില്ല. 2020-ഓടെ, നിലവിലുണ്ടായിരുന്ന 3 കേന്ദ്രീകൃത മലിനജല സംസ്‌കരണ പ്ലാന്റുകള്‍ക്ക് (എസ്.ടി.പി) പുറമെ 7 വികേന്ദ്രീകൃത പ്ലാന്റുകളും നഗരത്തിലുണ്ടായിരുന്നു. ശുദ്ധീകരിച്ച മലിനജലം കൊണ്ടുപോകുന്നതിനായി 200 കിലോമീറ്ററിലധികം നീളമുള്ള പൈപ്പ് ശൃംഖലയും അത് സ്ഥാപിച്ചിരുന്നു. ഭൂഗര്‍ഭജലവും ഉപരിതല ജലവും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഇന്‍ഡോര്‍ ഒരേസമയം ശക്തിപ്പെടുത്തുകയും ചെയ്തു. 2022-ല്‍, പാര്‍പ്പിട, ജനവാസേതര മേഖലകളിലായി 1.25 ലക്ഷത്തിലധികം മഴവെള്ള സംഭരണ സംവിധാനങ്ങള്‍ സ്ഥാപിച്ചു. വെറും നാല് മാസത്തെ സമയപരിധിയ്ക്കുള്ളിലാണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ശുദ്ധീകരിച്ച മലിനജലം ഇപ്പോള്‍ ജല-ഉദ്യാനങ്ങള്‍ക്കും റോഡരികില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതിനും ഉദ്യാനകൃഷിക്കും ഉപയോഗിക്കുന്നു. റോഡുകള്‍ കഴുകുന്നതിനും മലിനജല പൈപ്പ്‌ലൈന്‍ വൃത്തിയാക്കുന്ന യന്ത്രങ്ങള്‍ ശുചീകരിക്കുന്നതിനും ഇത് ഉപയോഗിക്കുന്നുണ്ട്.

 


 

സൂറത്ത്: മലിനജലത്തെ ഒരു സാമ്പത്തിക വിഭവമാക്കി മാറ്റുന്നു

 


സൂറത്തിലെ ജലശുദ്ധീകരണ പ്ലാന്റുകള്‍

 

മലിനജലത്തെ സാമ്പത്തിക മൂല്യമുള്ള ഒരു വിഭവമായി കണക്കാക്കിക്കൊണ്ട്, അത് പുനരുപയോഗിക്കുന്നതിനുള്ള ആശയത്തെ സൂറത്ത് കൂടുതല്‍ വിപുലീകരിച്ചിരിക്കുന്നു. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആകെ 116 എം.എല്‍.ഡി സംയോജിത ശേഷിയുള്ള നാല് ത്രിതീയ സംസ്‌കരണ (ടെര്‍ഷ്യറി ട്രീറ്റ്‌മെന്റ്) പ്ലാന്റുകള്‍' സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജല സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഈ പ്ലാന്റുകള്‍ സഹായിച്ചിട്ടുണ്ട്. ശുദ്ധീകരിച്ച മലിനജലം നഗരത്തില്‍ കുടിക്കാന്‍ ഉപയോഗിക്കേണ്ടതില്ലാത്ത വിവിധ ആവശ്യങ്ങള്‍ക്കായി പുനരുപയോഗിക്കുന്നു. നേരിട്ടുള്ള വിതരണ ലൈനുകള്‍, ടാങ്കറുകളില്‍ നിറയ്ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവ വഴി വ്യാവസായിക ആവശ്യങ്ങള്‍, തടാകങ്ങളുടെ പുനരുജ്ജീവനം, കൃഷി, വന്‍തോതിലുള്ള വൃക്ഷത്തൈ നടീല്‍, ഓവുചാല്‍ ശുചീകരണം തുടങ്ങിയവയ്ക്കാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യാധിഷ്ഠിതമായവ ഉള്‍പ്പെടെ 170 മലിനജല പൈപ്പ്‌ലൈന്‍ ശുചീകരണ യന്ത്രങ്ങള്‍ നഗരത്തിലുണ്ട്. മലിനജല നിര്‍മാര്‍ജന സംവിധാനം വൃത്തിയാക്കുന്നതിനും പരിപാലിക്കുന്നതിനുമാണ് ഈ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.



നവി മുംബൈ: നഗര സേവനങ്ങളില്‍ പുനരുപയോഗം ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

 


നവി മുംബൈയിലെ മലിനജല ശുദ്ധീകരണം



മലിനജല സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ശുദ്ധീകരിച്ച ജലത്തിന്റെ വിപുലമായ പുനരുപയോഗവും സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് നവി മുംബൈയുടെ 'വാട്ടര്‍ പ്ലസ്' മുന്നേറ്റം. 'ഫൈവ്-സ്റ്റാര്‍' വിലയിരുത്തല്‍ നിരക്കും(റേറ്റിങ്) വാട്ടര്‍ പ്ലസ് സര്‍ട്ടിഫിക്കേഷനും നേടിയ മഹാരാഷ്ട്രയിലെ ഏക നഗരമാണിത്. നഗരം തങ്ങളുടെ മലിനജല സംസ്‌കരണ സാങ്കേതികവിദ്യ നവീകരിക്കുകയും, 30 ലക്ഷം ജനസംഖ്യയെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ മലിനജല സംസ്‌കരണ പ്ലാന്റുകള്‍ (എസ്.ടി.പി)  രൂപകല്‍പ്പന ചെയ്യുകയും ചെയ്തു. ഊര്‍ജ്ജ ചെലവ് കുറയ്ക്കുന്നതിനായി അതിന്റെ പമ്പിങ് സ്റ്റേഷനുകളും നവീകരിച്ചു. ഉത്പാദിപ്പിക്കുന്ന മലിനജലം ഈ സ്റ്റേഷനുകള്‍ എസ്.ടി.പി.കളിലേക്ക് മാറ്റുന്നു. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കാന്‍ മലിനജല ശൃംഖലയില്‍ മുന്‍കൂട്ടി അറ്റകുറ്റപ്പണികള്‍ നടത്തി. നവി മുംബൈയില്‍ മലിനജല പൈപ്പ്‌ലൈനുകളുടെയും സെപ്റ്റിക് ടാങ്കുകളുടെയും ശുചീകരണം 100 ശതമാനവും യന്ത്രവത്കൃതമായി നടപ്പിലാക്കി. നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള നിരപ്പ് നിര്‍ണയ (ലെവല്‍) ട്രാന്‍സ്മിറ്ററുകള്‍ വഴി എല്ലാ സെപ്റ്റിക് ടാങ്കുകളെയും നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നു. ശുദ്ധീകരിച്ച വെള്ളത്തിന്റെ 30 ശതമാനത്തിലധികം നഗരത്തിലെ മുപ്പതിലേറെ ഉദ്യാനങ്ങളില്‍ പുനരുപയോഗിക്കുന്നു. ഖരമാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങള്‍, മാലിന്യങ്ങളും മണ്ണും അമര്‍ത്തിയൊതുക്കുന്ന വാഹനങ്ങള്‍ (കംപാക്റ്ററുകള്‍), നഗര ഗതാഗതത്തിനുപയോഗിക്കുന്ന ബസുകള്‍ എന്നിവ കഴുകുന്നതിനും ഇത് ഉപയോഗിക്കുന്നു. നനയ്ക്കല്‍ യന്ത്രങ്ങളി (സ്പ്രിംക്ലറുകള്‍)ലും റോഡ് ഡിവൈഡറുകളിലും ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നതിലൂടെ ശുദ്ധജലത്തിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ സാധിക്കുന്നു.

 

തിരുപ്പതി: ശുദ്ധീകരിച്ച വെള്ളത്തിനായുള്ള ഒരു വരുമാന മാതൃക
 

തുക്കിവാകത്ത് ഒരു മലിനജല സംസ്‌കരണ പ്ലാന്റ് (എസ്.ടി.പി) പ്രവര്‍ത്തിപ്പിക്കുന്നതിനായി തിരുപ്പതി സ്വയംപര്യാപ്തമായ ഒരു മാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ നഗരം 'വാട്ടര്‍ പ്ലസ്' ആയും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 19 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ പ്ലാന്റിന് പ്രതിദിനം 50 ദശലക്ഷം ലിറ്റര്‍ (എം.എല്‍.ഡി) സംസ്‌കരണ ശേഷിയുണ്ട്. നഗരത്തിലെ 1,04,057 കുടുംബങ്ങള്‍ക്ക് ഇത് സേവനം നല്‍കുന്നു. ശുദ്ധീകരിച്ച വെള്ളത്തില്‍ 24 എം.എല്‍.ഡി വിവിധ ആവശ്യങ്ങള്‍ക്കായി പുനരുപയോഗിക്കപ്പെടുന്നു. ശുദ്ധീകരിച്ച ഈ വെള്ളത്തില്‍ 5 എം.എല്‍.ഡി അളവിലുള്ള ജലം 'ശ്രീകാളഹസ്തി പൈപ്സ് ലിമിറ്റഡി'ന് പ്ലാന്റ് വില്‍ക്കുന്നു. ഇതിലൂടെ, പ്ലാന്റിന് പ്രതിമാസം 6 ലക്ഷം രൂപയുടെ അറ്റവരുമാനം നേടാന്‍ സാധിക്കുന്നു. കൂടാതെ, ഉപയോഗിച്ച് സംസ്‌കരിച്ച 18 എം.എല്‍.ഡി ജലം കൃഷിക്കായി കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്നു. ഈ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനം ശുദ്ധീകരിച്ച വെള്ളത്തിന്റെ ഒരു ഭാഗം റോഡുകളും തെരുവുകളും വൃത്തിയാക്കുന്നതിനായി വീണ്ടും ഉപയോഗിക്കുന്നു. നഗരമെമ്പാടുമുള്ള റോഡുകള്‍ക്ക് നടുവിലെ ഡിവൈഡറുകള്‍, പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവ നനയ്ക്കാനും ഈ വെള്ളം ഉപയോഗിക്കുന്നു. സംസ്‌കരിച്ച വെള്ളത്തിന്റെ പുനരുപയോഗം പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം നടപടികള്‍ സഹായിക്കുന്നു. സുസ്ഥിരമായ മാലിന്യജല സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനത്തിനായി മലിനജലം പുനരുപയോഗിക്കുന്നതിനൊപ്പം, വരുമാനമുണ്ടാക്കുന്ന ഒരു മാതൃക കൂടി ഉള്‍പ്പെടുത്തിയുള്ള സമീപനമാണ് തിരുപ്പതി സ്വീകരിച്ചിരിക്കുന്നത്.



തിരുപ്പതിയിലെ ജലശുദ്ധീകരണ പ്ലാന്റ്

 

നഗര ജല ചരിത്രത്തിലെ ഒരു വഴിത്തിരിവ്

ഉപയോഗിച്ച ജലം കൈകാര്യം ചെയ്യുന്നതിലുള്ള വര്‍ധിച്ചുവരുന്ന ശ്രദ്ധ, നഗരങ്ങള്‍ അവയുടെ ജല ആവശ്യകതയെ എങ്ങിനെ സമീപിക്കുന്നു എന്ന രീതിയില്‍ മാറ്റം വരുത്തുന്നു. സംസ്‌കരണം എന്നത് ഇപ്പോള്‍ മലിനീകരണം തടയുന്നതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല; മറിച്ച് പ്രയോജനകരമായ ഉപയോഗത്തിനായി ജലം വീണ്ടെടുക്കുന്നതും അതിന്റെ ഭാഗമാണ്. ജലസേചനം, വ്യവസായം, ഉദ്യാനപരിപാലനം, ദൈനംദിന നഗര സേവനങ്ങള്‍ എന്നിവയില്‍ ശുദ്ധീകരിച്ച ജലം പുതിയ ഉപയോഗങ്ങള്‍ കണ്ടെത്തുന്നു. കൂടുതല്‍ നഗരങ്ങള്‍ സംസ്‌കരണ കാര്യക്ഷമത ശക്തിപ്പെടുത്തുകയും പുനരുപയോഗ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുമ്പോള്‍, നഗര ജല കൈകാര്യം കൂടുതല്‍ ചാക്രികവും വിഭവ-കാര്യക്ഷമവുമായി മാറിക്കൊണ്ടിരിക്കുകയാണ്. ലഭ്യമായ എല്ലാ ജലസ്രോതസ്സുകളും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ വൃത്തിയുള്ള ശുചിത്വ സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ മാറ്റം സഹായിക്കുന്നു.


അവലംബം

Ministry of Housing and Urban Affairs

Click here to see pdf

 

***


( റിലീസ് ഐ.ഡി: 2317685) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati