രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യ-ഫിജി ഉഭയകക്ഷി സംയുക്ത പ്രവര്‍ത്തക സമിതി (JWG)യുടെ രണ്ടാമത് യോഗം ന്യൂഡല്‍ഹിയില്‍ നടന്നു
പോസ്റ്റഡ് ഓണ്‍:
28 SEP 2026 6:11PM by PIB Thiruvananthpuram
ഇന്ത്യ–ഫിജി ഉഭയകക്ഷി സംയുക്ത പ്രവര്‍ത്തക സമിതിയുടെ രണ്ടാമത് യോഗം 2026 സെപ്റ്റംബര്‍ 28ന് ന്യൂഡല്‍ഹിയില്‍ നടന്നു. സൈനിക പരിശീലനവും ശേഷി വര്‍ദ്ധനവും, സേനകള്‍ തമ്മിലുള്ള സഹകരണം, സമുദ്രസുരക്ഷ, സൈബര്‍ പരിശീലനം, പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം, ഇന്ത്യയുടെയും ഫിജിയുടെയും സായുധ സേനകള്‍ തമ്മിലുള്ള സ്ഥാപനപരമായ സഹകരണം മെച്ചപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ പരസ്പര താല്പര്യമുള്ള ഒട്ടേറെ മേഖലകളില്‍ ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തി.
സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതും സുരക്ഷിതവുമായ ഇന്തോ-പസഫിക് എന്ന കാഴ്ചപ്പാടില്‍ ഫിജിക്കും പസഫിക് ദ്വീപ് രാജ്യങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം ഇന്ത്യ ആവര്‍ത്തിച്ചു. ഉഭയകക്ഷി പ്രതിരോധ സഹകരണം വര്‍ദ്ധിച്ചുവരുന്നതില്‍ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തുകയും പരസ്പര പ്രയോജനകരമായ മേഖലകളില്‍ സഹകരണം കൂടുതല്‍ വിപുലമാക്കാന്‍ പ്രതിജ്ഞാബദ്ധത വ്യക്തമാക്കുകയും ചെയ്തു.
പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (അന്താരാഷ്ട്ര സഹകരണം) ശ്രീ. അമിതാഭ് പ്രസാദ്, ഫിജി പ്രതിരോധകാര്യ പെര്‍മനന്റ് സെക്രട്ടറി ശ്രീ. മേസണ്‍ സ്മിത്ത് എന്നിവര്‍ സംയുക്തമായി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രണ്ടാമത് ഇന്ത്യ–ഫിജി സംയുക്ത പ്രവര്‍ത്തകസമിതി യോഗത്തിനിടെ ശ്രീ. സ്മിത്ത്, പ്രതിരോധ സെക്രട്ടറി ശ്രീ. രാജേഷ് കുമാര്‍ സിംഗുമായും കൂടിക്കാഴ്ച നടത്തി. പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണത്തിനുള്ള അവസരങ്ങള്‍ ഉള്‍പ്പെടെ, ഉഭയകക്ഷി പ്രതിരോധസമുദ്ര സഹകരണം ശക്തിപ്പെടുത്തുന്നതിലായിരുന്നു ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
പ്രത്യേക സൈനിക പരിശീലന സഹകരണം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഫിജിയന്‍ പ്രതിനിധി സംഘം 2026 സെപ്റ്റംബര്‍ 29–30 തീയതികളില്‍ കൊച്ചി സന്ദര്‍ശിക്കും. ഇരു നാവികസേനകളും തമ്മിലുള്ള സാങ്കേതിക വൈദഗ്ധ്യവും ഏകോപനവും വര്‍ദ്ധിപ്പിക്കുന്നതിനായി, നാവിക പരിശീലന സഹകരണവും പ്രൊഫഷണല്‍ വ്യോമയാന പരിശീലന മൊഡ്യൂളുകളും ഔദ്യോഗികമാക്കുന്നതിന് പ്രതിനിധി സംഘം ദക്ഷിണ നാവിക കമാന്‍ഡ് സന്ദര്‍ശിക്കും.
ഔദ്യോഗിക ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി, ശ്രീ. സ്മിത്ത് ന്യൂഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ ഇന്ത്യയുടെ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ വേള്‍ഡ് ട്രേഡ് സെന്ററിലുള്ള DPSU ഭവനും ഫിജി പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ഉല്‍പ്പാദന ശേഷിയെക്കുറിച്ച് സംഘത്തിന് വിശദീകരിച്ചു നല്‍കുകയും ചെയ്തു. യഥാര്‍ത്ഥ പോര്‍ക്കള സാഹചര്യങ്ങള്‍ പുനഃസൃഷ്ടിക്കുന്ന പ്രദര്‍ശനങ്ങളും ആധുനിക ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി (AR/VR) സിമുലേഷന്‍ സൗകര്യങ്ങളും ഉള്‍പ്പെടെ 'ആത്മനിര്‍ഭര്‍ ഭാരത്' സംരംഭത്തിന് കീഴിലുള്ള പുരോഗതികളും പ്രദര്‍ശിപ്പിച്ചു.
ചരിത്ര, സാംസ്‌കാരിക തലത്തിലും ജനങ്ങള്‍ തമ്മിലുമുള്ള അടുത്ത ബന്ധമാണ് ഇന്ത്യയും ഫിജിയും പുലര്‍ത്തുന്നത്. നിലവിലുള്ള പ്രതിരോധ പങ്കാളിത്തം ദൃഢമാക്കുന്നതിനും സഹകരണത്തിനുള്ള പുതിയ വഴികള്‍ കണ്ടെത്തുന്നതിനും ഈ യോഗം അവസരമൊരുക്കി. പതിവ് സമ്പര്‍ക്കങ്ങള്‍ നിലനിര്‍ത്താനും ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കാനും ഇരുപക്ഷവും തത്വത്തില്‍ തീരുമാനിച്ചു.
***
( റിലീസ് ഐ.ഡി: 2316302)
സന്ദര്‍ശക കൗണ്ടര്‍ : 3