ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ കൊല്ലത്ത് മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു
വികാരപരമായി അധികം പ്രതികരിക്കാത്ത വ്യക്തി പോലും ഈ സ്ഥലം സന്ദർശിക്കുമ്പോൾ, അമ്മ ചെയ്യുന്ന സേവനങ്ങളോട് നന്ദിയുള്ളവനായി തീരുന്നു
ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നത്, അഞ്ചു പതിറ്റാണ്ടുകളായി അമ്മ ആത്മീയ പരിശീലനവും ധർമ്മവുമാക്കി മാറ്റിയിരിക്കുന്നു; അതുകൊണ്ടാണ് അമ്മയുടെ ജന്മദിനവും സേവന പ്രവർത്തനങ്ങളിലൂടെ ആഘോഷിക്കപ്പെടേണ്ടത്
ലഹരിമുക്ത ഇന്ത്യക്കായുള്ള പ്രധാനമന്ത്രി മോദിയുടെ നിശ്ചയദാർഢ്യത്തിന് അമ്മ അനുഗ്രഹം നൽകിയിട്ടുണ്ട്; അമ്മയുടെ അനുഗ്രഹത്താൽ രാജ്യം മുഴുവൻ ലഹരിമുക്തമാവുകയും നാം ഈ ലക്ഷ്യം തീർച്ചയായും കൈവരിക്കുകയും ചെയ്യും
കൊല്ലത്തെ എളിയ ഗ്രാമത്തിൽ ജനിച്ച അമ്മ, കോടിക്കണക്കിന് പേരുടെ ജീവിതത്തിൽ നിന്ന് ദാരിദ്ര്യവും ദുഃഖവും നിരാശയും അകറ്റുകയും അസംഖ്യം പേർക്ക് മോചനത്തിലേക്കുള്ള വഴി തെളിക്കുകയും ചെയ്തു
അമ്മയുടെ ജീവിതത്തിന് മൂന്ന് ഭാഗങ്ങളുണ്ട് – ‘ഭാവം’, ‘കർമ്മം’, ‘കരുണ’; ഒരു മാതാവിനെക്കാൾ ആഴത്തിലുള്ള അമ്മയുടെ സ്നേഹം ആത്മാവിനെ സ്പർശിക്കുന്നു
ദുഃഖത്തിൽ തനിച്ചല്ലെന്നും അമ്മ ഒപ്പമുണ്ടെന്നും കോടിക്കണക്കിന് പേർ അമ്മയുടെ സ്നേഹത്തിലൂടെ തിരിച്ചറിയുന്നു
2001-ലെ ഗുജറാത്ത് ഭൂകമ്പസമയത്ത് അമ്മ 1,200 വീടുകൾ നിർമ്മിച്ച് ഒരു ഗ്രാമം പുനസ്ഥാപിച്ചു, ഇന്ന് അത് 'അമ്മയുടെ ഗ്രാമം' എന്നറിയപ്പെടുന്നു
അമ്മ സേവനമനോഭാവത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റി; അമ്മയെ സംബന്ധിച്ചിടത്തോളം 'സേവന ദിനം' ഒരിക്കലും അവസാനിക്കുന്നില്ല—അത് വർഷത്തിൽ 365 ദിവസവും തുടരുന്നു
അമ്മയുടെ ജീവിതം സൂക്ഷ്മമായി പരിശോധിച്ചാൽ അതിനെ മൂന്ന് ഭാഗങ്ങളായി തിരിക്കാം: ‘ഭാവം’, ‘കർമ്മം’, ‘കരുണ’
വളരെ ചുരുക്കം ചിലർ മാത്രമേ ജീവിതം മുഴുവൻ നിസ്വാർഥ സേവനത്തിനായി മാറ്റിവയ്ക്കാറുള്ളൂ; അമ്മ ജീവിതം നിസ്വാർഥ സേവനത്തിനായി സമർപ്പിച്ചിരിക്കുന്നു
ഗുജറാത്ത് ഭൂകമ്പം, സുനാമി, ഉത്തരാഖണ്ഡ് ദുരന്തം, വയനാട് ഉരുൾപൊട്ടൽ, അല്ലെങ്കിൽ കോവിഡ് ഉയർത്തിയ വെല്ലുവിളികൾ എന്നിവയാകട്ടെ—എല്ലാ അവസരങ്ങളിലും അമ്മയും അമ്മയുടെ അനുയായികളും മാതൃകാപരമായ സേവന പാരമ്പര്യം കാഴ്ചവച്ചിട്ടുണ്ട്
ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദ ലോകസമാധാന ഉച്ചകോടി, ലോക മതപാർലമെന്റ് തുടങ്ങിയ വിവിധ വേദികളിൽ അമ്മ ഹിന്ദുത്വത്തിന്റെയും സേവനത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
26 SEP 2026 8:16PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര-സഹകരണവകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഇന്ന് കൊല്ലം ജില്ലയിൽ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
അമ്മയുടെ സാന്നിധ്യത്തിലായിരിക്കുന്നത് എല്ലാ ഐഹിക ഉത്തരവാദിത്വങ്ങൾക്കും ഉപരിയായി മനുഷ്യനായിരിക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാൻ ഒരാളെ പ്രാപ്തനാക്കുന്നതായി കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. വികാരപരമായി അധികം പ്രതികരിക്കാത്ത വ്യക്തി പോലും ഈ സ്ഥലം സന്ദർശിക്കുമ്പോൾ, അമ്മ ചെയ്യുന്ന സേവനങ്ങളോട് കൃതജ്ഞതയുള്ളതായി തീരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ ജന്മദിനം—'വിശ്വസേവാ ദിനം' ആയി ആചരിക്കുന്നത്—നാം പൂർണ്ണഹൃദയത്തോടെ ആഘോഷിക്കുകയാണ്. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നത് അഞ്ചു പതിറ്റാണ്ടുകളായി സാധനയും (ആത്മീയ പരിശീലനം) ധർമ്മവുമാക്കി മാറ്റിയ ഒരാളുടെ ജന്മദിനം തീർച്ചയായും സേവന രൂപത്തിൽ തന്നെയായിരിക്കണം ആഘോഷിക്കപ്പെടേണ്ടത്.
സംവിധാനങ്ങൾ സമൂഹത്തെ നിലനിർത്തുമ്പോൾ, അമ്മയുടെ രൂപമാർന്ന കരുണയാണ് അതിനെ ഒന്നിച്ചുനിർത്തുന്നത് എന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പേർക്ക് മറ്റുള്ളവരുടെ ദുഃഖങ്ങൾ മനസ്സിലാക്കാനുള്ള അറിവും അനുകമ്പയും പകർന്നുനൽകുന്നത് അമ്മയെപ്പോലെയുള്ള ആത്മീയജ്യോതിസ്സാണ്. ദുരിതത്തിൽ തനിച്ചല്ലെന്നും, മറിച്ച് അമ്മ ഒപ്പമുണ്ടെന്നുമുള്ള ആഴത്തിലുള്ള തിരിച്ചറിവ് അമ്മയുടെ സ്നേഹാശ്ലേഷത്തിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പേരിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
2015 സെപ്റ്റംബർ 27, 2016 ഏപ്രിൽ 3, 2023 ജൂൺ 4 എന്നീ തീയതികളിൽ അമ്മയെ കാണാൻ തനിക്ക് ഭാഗ്യമുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 'വിശ്വസേവാ ദിനത്തിൽ' അമ്മയുടെ അനുഗ്രഹം ലഭിക്കുന്നത് ജീവിതത്തിലെ വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. 2001-ൽ ഗുജറാത്തിലുണ്ടായ വിനാശകരമായ ഭൂകമ്പസമയത്താണ് അമ്മയുടെ കരുണ ആദ്യമായി നേരിട്ടറിഞ്ഞത്. അന്ന് 1,200 മനോഹരമായ വീടുകൾ നിർമിച്ച് അമ്മ ഗ്രാമം മുഴുവൻ സ്ഥാപിച്ചു. ടൗൺ ഹാൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ, ആശുപത്രി തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ നൽകി അമ്മ ആ പ്രദേശം വികസിപ്പിച്ചെടുത്തു. ഇന്ന് ആ ഗ്രാമം 'അമ്മയുടെ ഗ്രാമം' എന്നറിയപ്പെടുന്നു.
അമ്മയെ സംബന്ധിച്ചിടത്തോളം 'സേവന ദിനം' ഒരിക്കലും അവസാനിക്കുന്നില്ല, കാരണം അമ്മയുടെ സേവനം വർഷം മുഴുവൻ, 365 ദിവസവും, തുടരുന്നു എന്ന് ശ്രീ അമിത് ഷാ പറഞ്ഞു. 1953 സെപ്റ്റംബർ 27-ന് കൊല്ലം ജില്ലയിലെ പറയകടവ് ഗ്രാമത്തിലെ സാധാരണ കുടുംബത്തിലാണ് അമ്മ ജനിച്ചത്. ഈ കുട്ടി കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ നിന്ന് ദാരിദ്ര്യവും ദുഃഖവും നിരാശയും അകറ്റുന്നതിനുള്ള മാധ്യമമായി മാറുമെന്നും അസംഖ്യം സഹജീവികളുടെ മോചനത്തിന് വഴിയൊരുക്കുമെന്നും അന്ന് ആർക്കും അറിയുമായിരുന്നില്ല.
അമ്മയുടെ ജീവിതം സൂക്ഷ്മമായി പരിശോധിച്ചാൽ അതിനെ ഭാവം (ഭക്തി), കർമ്മം (പ്രവർത്തനം), കരുണ (അനുകമ്പ) എന്നീ മൂന്ന് വശങ്ങളായി തിരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി പറഞ്ഞു. സഹജമായ കരുണയാണ് അമ്മയുടെ വ്യക്തിത്വത്തിന്റെ സവിശേഷമായ ആകർഷണം. അമ്മയുടെ ആശ്ലേഷമെന്ന അനുഗ്രഹം ലഭിച്ച ഏതൊരാൾക്കും അത് മാതൃസ്നേഹത്തെക്കാൾ ആഴത്തിൽ ആത്മാവിനെ ഉണർത്തുന്നതായി മനസ്സിലാക്കാം. മനുഷ്യർ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ സ്വാർത്ഥരഹിതമായ സേവനത്തിൽ ഏർപ്പെടുമ്പോൾ, ചുരുക്കം ചിലർ മാത്രമേ അവരുടെ ജീവിതമാകെയും അതിനായി മാറ്റിവയ്ക്കുന്നുള്ളൂ; അമ്മ ജീവിതം മുഴുവൻ നിസ്വാർഥ സേവനത്തിനായി വിനിയോഗിച്ചിരിക്കുന്നു. പലർക്കും സേവനമനോഭാവമുണ്ടെങ്കിലും, ആ മനോഭാവത്തെ പ്രസ്ഥാനമാക്കാൻ ചുരുക്കം ചിലർക്കേ സാധിക്കാറുള്ളൂ; അമ്മ സേവന പാരമ്പര്യത്തെ വ്യവസ്ഥാപിത രൂപത്തിലാക്കുക മാത്രമല്ല, അതിനെ ആഗോള പ്രസ്ഥാനമാക്കി മാറ്റുകയും ചെയ്തു.
നിലവിൽ രാജ്യത്തുടനീളം 86 അമൃത വിദ്യാലയങ്ങളുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഗുജറാത്ത് ഭൂകമ്പം, സുനാമി, ഉത്തരാഖണ്ഡ് ദുരന്തം, വയനാട് ഉരുൾപൊട്ടൽ, അല്ലെങ്കിൽ കോവിഡ്-19 ഉയർത്തിയ വെല്ലുവിളികൾ എന്നിവയാകട്ടെ, ഓരോ പ്രതിസന്ധി ഘട്ടത്തിലും അമ്മയും അമ്മയുടെ അനുയായികളും സേവനത്തിന്റെ മാതൃകാപരമായ പാരമ്പര്യം കാഴ്ചവച്ചിട്ടുണ്ട്. പത്തുലക്ഷത്തിലധികം തൈച്ചെടികൾ നടുന്നത് മുതൽ ആരോഗ്യം, വിദ്യാഭ്യാസം, ജീവനോപാധി എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും 101 ഗ്രാമങ്ങളെ പൂർണ്ണമായും സ്വയംപര്യാപ്തമാക്കുന്നത് വരെയുള്ള നിരവധി പ്രവർത്തനങ്ങൾ അമ്മ പൂർത്തിയാക്കിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദ ലോകസമാധാന ഉച്ചകോടി, വിശ്വ ധർമ്മ സംസദ് തുടങ്ങിയ വിവിധ ആഗോള വേദികളിൽ അമ്മ ഹിന്ദുത്വത്തിന്റെയും സേവനത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചതായി ശ്രീ ഷാ പറഞ്ഞു.
ഇന്ത്യ ജി-20 അധ്യക്ഷപദവി വഹിച്ചപ്പോൾ അമ്മ സിവില്‍-20-ന് നേതൃത്വം നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'ലഹരിമുക്ത ഇന്ത്യ' യജ്ഞത്തിനും അമ്മ അനുഗ്രഹം നൽകിയിട്ടുണ്ട്; ഈ അനുഗ്രഹത്താൽ രാജ്യം മുഴുവൻ ലഹരിമുക്തമാവുകയും നാം ഈ ലക്ഷ്യം തീർച്ചയായും കൈവരിക്കുകയും ചെയ്യും. "സർവ്വജന ഹിതായ, സർവ്വജന സുഖായ" എന്ന മന്ത്രം ഉൾക്കൊണ്ട്, അതേ പാത പിന്തുടരാനായി അമ്മ തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു.
****
( റിലീസ് ഐ.ഡി: 2315437)
സന്ദര്‍ശക കൗണ്ടര്‍ : 9