സാംസ്‌കാരിക മന്ത്രാലയം
പ്രധാനമന്ത്രിയുടെ സ്മാരകസാമഗ്രികളുടെ 2026-ലെ ഇ-ലേലത്തിൽ കേരളത്തിന്റെ സാംസ്കാരിക സ്മരണികകളും ലേലത്തിന്
വൈവിധ്യമാർന്ന ശേഖരത്തിൽ പരമ്പരാഗത കരകൗശലവസ്തുക്കൾ, കലാരൂപങ്ങൾ, സമുദ്രപാരമ്പര്യങ്ങൾ, ആത്മീയ പൈതൃകം എന്നിവ ഉൾക്കൊള്ളുന്നു
പോസ്റ്റഡ് ഓണ്‍:
24 SEP 2026 6:13PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ സ്മാരകസാമഗ്രികളുടെ 2026-ലെ ഇ-ലേലത്തിൽ കേരളത്തിൽ നിന്നുള്ള വൈവിധ്യമാർന്ന 32 സ്മാരക വസ്തുക്കളും. കേരളത്തിന്റെ കല, കരകൗശലവിദ്യ, പാരമ്പര്യ കലാരൂപങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവ ഉൾച്ചേർക്കുന്നതാണ് ഈ സ്മാരകങ്ങൾ. പരമ്പരാഗത നെട്ടൂർപെട്ടി, ചെറുമാതൃകയിലുള്ള ചുണ്ടൻവള്ളം, കഥകളി, തെയ്യം എന്നിവയുമായി ബന്ധപ്പെട്ട കലാവസ്തുക്കൾ, കേരളീയ ചുവർചിത്രകല, ചരിത്രപ്രസിദ്ധമായ ബേപ്പൂർ ഉരുവിന്റെ കൈകൊണ്ട് നിർമിച്ച മാതൃക എന്നിവ ഈ ശേഖരത്തിലെ ശ്രദ്ധേയമായ വസ്തുക്കളാണ്.
ഓറഞ്ച് നെട്ടൂർപെട്ടി കേരളത്തിന്റെ പരമ്പരാഗത ആഭരണപ്പെട്ടിയാണ്. ചുമർചിത്രകലയും പിച്ചള അലങ്കാരപ്പണികളും ഉൾപ്പെടെയുള്ള നെട്ടൂർപെട്ടി, പണ്ടുകാലത്ത് പ്രഭുകുടുംബങ്ങളുടെയും സമ്പന്നകുടുംബങ്ങളുടെയും വീടുകളിൽ ആഭരണങ്ങളും വിശുദ്ധ വസ്തുക്കളും സൂക്ഷിക്കുന്നതിന് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. കേരളത്തിന്റെ പരമ്പരാഗത കരകൗശലവിദ്യയുടെ സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നതാണിത്.
കേരളത്തിന്റെ സമുദ്രപാരമ്പര്യത്തെ പ്രതിനിധാനംചെയ്യുന്ന മറ്റൊരു പ്രധാന വസ്തുവാണ് സൂക്ഷ്മമായി നിർമിച്ച ചുണ്ടൻവള്ളത്തിന്റെ മാതൃക. കേരളത്തിന്റെ കായൽപ്രദേശങ്ങളുമായും ഓണക്കാലത്തെ വള്ളംകളികളുമായും ബന്ധപ്പെട്ട പരമ്പരാഗത പാമ്പുവള്ളമാണ് ചുണ്ടൻവള്ളം. മറ്റൊരു ശ്രദ്ധേയമായ വസ്തുവാണ് ബേപ്പൂർ ഉരുവിന്റെ ചെറുമാതൃക. പരമ്പരാഗതമായി മരത്തിൽ നിർമിക്കുന്ന, കേരളത്തിന്റെ പൈതൃക സമുദ്രയാനമായ ഉരുവിന്റെ മാതൃകയാണിത്. നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന് കീഴിൽ കോഴിക്കോടുള്ള നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (NSTI) ആണ് ഈ മാതൃക കൈകൊണ്ട് നിർമിച്ചത്. ബേപ്പൂരിലെ വിദഗ്ധരായ ആശാരിമാർ പരമ്പരാഗതമായി നിർമിച്ചിരുന്ന തടി ഉരുക്കളുടെ മാതൃകയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളുടെ നിരവധി പ്രതിനിധാനങ്ങളും ഈ ശേഖരത്തിലുണ്ട്. കഥകളി നർത്തകന്റെ പ്രദർശന പാവയും കഥകളി കലാകാരന്റെ ചിത്രവും കഥകളി എന്ന ശാസ്ത്രീയ നൃത്തനാട്യത്തിന്റെ വിവിധ സവിശേഷതകൾ അവതരിപ്പിക്കുന്നു. അതിന്റെ സങ്കീർണമായ മുഖച്ചായം, വേഷവിധാനം, ആഭരണങ്ങൾ, ശിരോഭൂഷണം തുടങ്ങിയവ ഇതിൽ പ്രതിഫലിക്കുന്നു.
മറ്റൊരു ശ്രദ്ധേയമായ വസ്തുവാണ് ഭൈരവൻ തെയ്യം ആചാരകലാശിൽപ്പം. വടക്കൻ കേരളത്തിന്റെ ആചാരപരമായ നൃത്തകലാപാരമ്പര്യത്തിലെ, ശിവന്റെ പ്രതീകാത്മക അവതാരമായി വിശേഷിപ്പിക്കപ്പെടുന്ന ഭൈരവൻ തെയ്യത്തെയാണ് ഈ ശിൽപ്പം പ്രതിനിധാനംചെയ്യുന്നത്. ഈ രൂപത്തിന്റെ സവിശേഷമായ ശിരോഭൂഷണം, മുഖച്ചായം, മാറിടക്കവചം, പരമ്പരാഗത വേഷവിധാനം എന്നിവ ശിൽപ്പത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ ചുമർചിത്ര പാരമ്പര്യത്തെ പ്രതിനിധാനംചെയ്യുന്നത് രാധ, കൃഷ്ണൻ, ഗോപിക എന്നിവരെ ആലേഖനംചെയ്ത ചിത്രമാണ്. ഗുരുവായൂർ ദേവസ്വത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിങ്ങിലെ കലാകാരന്മാരാണ് ഈ ചിത്രം തയ്യാറാക്കിയത്. ആൽമരത്തിന് കീഴിൽ കൃഷ്ണൻ പുല്ലാങ്കുഴൽ വായിക്കുന്നതും സമീപത്ത് രാധയും ഗോപികയും നിൽക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. പരമ്പരാഗത പഞ്ചവർണ രീതിയിലുള്ള അഞ്ച് നിറങ്ങളുടെ സംയോജനം ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ സിമന്റ് ഷീറ്റിലാണ് ചിത്രം വരച്ചിരിക്കുന്നത്.
കേരളത്തിന്റെ ആത്മീയവും സാമൂഹികവുമായ പൈതൃകവുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികളും ഈ ശേഖരത്തിലുണ്ട്. ആദി ശങ്കരാചാര്യരുടെ ഭക്തിപൂർവമായ ഛായാചിത്രം, ശിവഗിരി മഠത്തിന്റെ സ്മരണയ്ക്കായി കൊത്തുപണിയോടുകൂടിയ തടി ക്ഷേത്രമാതൃക, പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ ചിത്രം, ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ചിത്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വൈക്കം സത്യഗ്രഹത്തിന്റെ 100-ാം വാർഷികം അനുസ്മരിക്കുന്ന സ്മാരക കലാസൃഷ്ടിയും ഈ ശേഖരത്തിന്റെ ഭാഗമാണ്. കൂടാതെ, പരമ്പരാഗത നെറ്റിപ്പട്ടം, കേരളീയ പിച്ചള വാസ്തുവിളക്ക്, ഗുരുവായൂരപ്പന്റെ കൊത്തുപണിയുള്ള തടി പ്രതിമ, പരമ്പരാഗത ശംഖ് സ്മരണിക തുടങ്ങി നിരവധി വസ്തുക്കളും ശേഖരത്തിലുണ്ട്.
പ്രധാനമന്ത്രിയുടെ സ്മാരക വസ്തുക്കളുടെ 2026-ലെ ഇ-ലേലത്തിന്റെ എട്ടാം പതിപ്പ് 2026 ഒക്ടോബർ 2 വരെ നടക്കും. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യങ്ങളും പ്രതിനിധാനംചെയ്യുന്ന നിരവധി സ്മാരകസാമഗ്രികളാണ് ഈ ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലേലത്തീയതി, പങ്കെടുക്കുന്നതിനുള്ള വിശദാംശങ്ങൾ, പൂർണ കാറ്റലോഗ് എന്നിവയ്ക്കായി ഔദ്യോഗിക ഇ-ലേലം പോർട്ടൽ pmmementos.gov.in സന്ദർശിക്കുക.
-NK-
( റിലീസ് ഐ.ഡി: 2314531)
സന്ദര്‍ശക കൗണ്ടര്‍ : 12