ധനകാര്യ മന്ത്രാലയം
"വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് സാമ്പത്തിക പിന്തുണ" എന്ന പ്രമേയവുമായി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനം സമാപിച്ചു
പോസ്റ്റഡ് ഓണ്‍:
19 SEP 2026 9:23PM by PIB Thiruvananthpuram
ഇന്ത്യയെ ഒരു വികസിത രാജ്യമായി, അഥവാ “വികസിത് ഭാരത്” ആയി മാറ്റുന്നതിനാവശ്യമായ സാമ്പത്തിക വിഭവങ്ങൾ കണ്ടെത്തുന്നതിനും സമാഹരിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനായി "വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് സാമ്പത്തിക പിന്തുണ" എന്ന പ്രമേയത്തിലൂന്നി ന്യൂഡൽഹിയിൽ രണ്ട് ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാനങ്ങളിലെയും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും ധനകാര്യ സെക്രട്ടറിമാരും, അക്കാദമിക, വ്യാവസായിക, ബാങ്കിംഗ്, നയരൂപീകരണ രംഗത്തെ വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയുടെ ഭാവി സാമ്പത്തിക ആവശ്യകതകൾ, സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സാമ്പത്തിക വളർച്ച എന്നിവ ഉറപ്പാക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ സമ്മേളനം വിശദമായി ചർച്ചകൾ ചെയ്തു.

രണ്ട് ദിവസത്തെ സമ്മേളനത്തിൽ കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ എന്നിവർ പങ്കെടുത്തു. അസം, ഡൽഹി, ഗോവ, ഹരിയാന, ജമ്മു-കശ്മീർ, കേരളം, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുത്തു. അരുണാചൽ പ്രദേശ്, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാരും ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും സമ്മേളനത്തിൽ പങ്കെടുത്തു. കൂടാതെ, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെയും മുതിർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

ഒന്നാം ദിനം
സമ്മേളനത്തിന്റെ ആദ്യ ദിനം നടന്ന ഉദ്ഘാടന പരിപാടിയിൽ, ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് (DEA) സെക്രട്ടറി ശ്രീമതി അനുരാധ താക്കൂർ പങ്കെടുക്കാനെത്തിയ എല്ലാവരെയും സ്വാഗതം ചെയ്യുകയും സമ്മേളനത്തിന്റെ ലക്ഷ്യവും പശ്ചാത്തലവും വിശദീകരിക്കുകയും ചെയ്തു.
ഇത്തരത്തിലുള്ള ആദ്യ സമ്മേളനമാണിതെന്നും ഇന്ത്യയുടെ വികസനത്തിനായി ദീർഘകാലീനവും വിശാലവുമായ സമീപനമാണ് സമ്മേളനം സ്വീകരിക്കുന്നതെന്നും ശ്രീമതി അനുരാധ താക്കൂർ പറഞ്ഞു. പൊതു-സ്വകാര്യ ധനകാര്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം, അക്കാദമിക് രംഗം, വ്യവസായം, ബാങ്കിംഗ്, നയരൂപീകരണം എന്നീ മേഖലകളിലെ വിദഗ്ധരെയും സമ്മേളനം ഒരുമിച്ചുകൊണ്ടുവന്നു. സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സ്വന്തം കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും “വികസിത ഭാരതം” എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ തമ്മിലുള്ള ശക്തമായ സഹകരണവും വിവിധ തലങ്ങളിലുള്ള പങ്കാളിത്തവും അനിവാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. സ്ഥൂലസാമ്പത്തിക സ്ഥിരതയ്ക്കും ധനകാര്യ അച്ചടക്കത്തിനും ഇന്ത്യയ്ക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 16–17 മാസത്തിനിടെ പ്രമുഖ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ സോവറിൻ ക്രെഡിറ്റ് റേറ്റിംഗ് നാല് തവണ ഉയർത്തിയതായി അവർ വ്യക്തമാക്കി. ജെസിആർ ഇന്ത്യയുടെ റേറ്റിംഗ് BBB+ൽ നിന്ന് A-യിലേക്ക് ഒരു നില ഉയർത്തിയ കാര്യം പ്രത്യേകം പരാമർശിച്ചു.

“വികസിത ഭാരതം”എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ട വൻതോതിലുള്ള വികസനം ഗവണ്മെന്റ് ധനകാര്യത്തെ മാത്രം ആശ്രയിച്ച് സാധ്യമാകില്ലെന്ന് സാമ്പത്തിക കാര്യ വകുപ്പ് (DEA) സെക്രട്ടറി പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന് സ്വകാര്യ മേഖലയിൽ നിന്നുള്ള ധനസഹായം, ധനസമാഹരണത്തിനുള്ള നൂതനമായ മാർഗങ്ങൾ, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളും ഗവണ്മെന്റിന്റെ വിവിധ മേഖലകൾ തമ്മിലുള്ള ശക്തമായ സഹകരണം എന്നിവ നിർണായക പങ്ക് വഹിക്കുമെന്നും അവർ വ്യക്തമാക്കി.
സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന കർമ്മ സമിതികൾ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ തുടരുമെന്ന് പങ്കെടുത്തവരെ അവർ അറിയിച്ചു. വിവിധ മേഖലകളുടെ ധനകാര്യ ആവശ്യങ്ങൾ ഈ സമിതികൾ വിലയിരുത്തുകയും, അവ നിറവേറ്റുന്നതിനായി നടപ്പാക്കാവുന്ന പ്രായോഗിക നടപടികളും ശുപാർശകളും സമർപ്പിക്കുകയും ചെയ്യും.
ഉദ്ഘാടന പരിപാടിയിൽ മഹാരാഷ്ട്ര ഗവണ്മെന്റിന്റെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ സുധീർ ശ്രീവാസ്തവ സംസ്ഥാനങ്ങളുടെ ധനകാര്യ വീക്ഷണവും സാമ്പത്തിക ആവശ്യങ്ങളും സംബന്ധിച്ച അവതരണം നടത്തി.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തിന്റെ അധ്യക്ഷനും ആജീവനാന്ത ട്രസ്റ്റിയും 15-ാം ധനകാര്യ കമ്മീഷൻ ചെയർമാനുമായ ശ്രീ എൻ. കെ. സിംഗ് തന്റെ മുഖ്യപ്രഭാഷണത്തിൽ ഇന്ത്യയുടെ സ്ഥൂല സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ അടിത്തറയെക്കുറിച്ചു എടുത്തുപറഞ്ഞു. 2026–27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് BBB+ൽ നിന്ന് A-ലേക്ക് ഉയർത്തിയ ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുടെ (JCR) സമീപകാല തീരുമാനവും അദ്ദേഹം പരാമർശിച്ചു.

“വികസിത ഭാരതം” എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ 7–8 ശതമാനം സാമ്പത്തിക വളർച്ച നിലനിർത്താൻ ഇന്ത്യയുടെ മൊത്ത ആഭ്യന്തര സമ്പാദ്യ നിരക്ക് നിലവിലെ ഏകദേശം 34 ശതമാനത്തിൽ നിന്ന് 38–40 ശതമാനമായി ഉയരേണ്ടതുണ്ടെന്ന് ശ്രീ എൻ. കെ. സിംഗ് പറഞ്ഞു. സംസ്ഥാനങ്ങളുടെ കടബാധ്യതയുടെ സുസ്ഥിരത വിലയിരുത്തുന്നതിനൊപ്പം, ബജറ്റിന് പുറത്തുള്ള വായ്പകൾ, ഗവണ്മെന്റ് ഗ്യാരണ്ടികൾ, കുടിശ്ശികകൾ, സംസ്ഥാന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ വഴി സ്വീകരിക്കുന്ന വായ്പകൾ എന്നിവ സംബന്ധിച്ച് കൂടുതൽ ധനകാര്യ സുതാര്യത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. വരുമാനം വർദ്ധിപ്പിക്കുന്നതിന് നികുതി നിരക്കുകൾ ഉയർത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ലഭ്യമായ വിവരങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലുള്ള നികുതി ഡാറ്റാബേസുകളുമായി സമന്വയിപ്പിച്ച് നിർമ്മിതബുദ്ധിയും (AI) മെഷീൻ ലേണിംഗും പ്രയോജനപ്പെടുത്തുന്നതിലൂടെ നികുതി പാലനത്തിലെ പരിമിതികൾ കണ്ടെത്താനും നികുതി അടിത്തറ വിപുലീകരിക്കാനും വരുമാന സമാഹരണം മെച്ചപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു ധനസഹായത്തിൽ നിന്ന് സ്വകാര്യ മൂലധനത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും, സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഗോവെർന്മേന്റ് വിഭവങ്ങൾ ഉത്തേജക ശക്തിയായി പ്രവർത്തിക്കണമെന്നും ശ്രീ സിംഗ് പറഞ്ഞു. ദേശീയവും അന്തർദേശീയവുമായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വ്യക്തവും പ്രവചനാത്മകവുമായ നിയമങ്ങൾ, നടപ്പാക്കാൻ കഴിയുന്ന കരാറുകൾ, വേഗത്തിലുള്ള തർക്കപരിഹാര സംവിധാനങ്ങൾ, ശക്തമായ നിക്ഷേപ കരാറുകൾ എന്നിവ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്പാദന ഘടക വിപണി പരിഷ്കാരങ്ങളുടെ ഭാഗമായി മൂലധനം, തൊഴിൽ, ഭൂമി എന്നിവ നിർണായക മേഖലകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താരതമ്യേന ഉയർന്ന മൂലധനച്ചെലവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും, നൈപുണ്യ വികസനം, അപ്രന്റീസ്ഷിപ്പ്, സർവകലാശാല-വ്യവസായ സഹകരണം എന്നിവയിലൂടെ തൊഴിലാളികളുടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, ഭൂമിയുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാനും അനുമതി നടപടികൾ ലളിതമാക്കാനും ഡിജിറ്റൽ ഭൂരേഖകൾ കൂടുതൽ ശക്തിപ്പെടുത്താനും സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വിഷയാധിഷ്ഠിത സെഷനുകൾ
ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക സ്ഥിതിഗതികളെക്കുറിച്ചുള്ള ആദ്യ വിഷയാധിഷ്ഠിത സെഷന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ചെയർമാൻ ശ്രീ അജയ് സേത്ത് നേതൃത്വം നൽകി. ജെ. പി. മോർഗനിൻ മാനേജിംഗ് ഡയറക്ടറും ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ (PM-EAC) പാർട്ട് ടൈം അംഗവുമായ ഡോ. സജ്ജിദ് ഇസഡ്. ചിനോയ് സെഷനിൽ മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യയുടെ സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന വിഷയങ്ങൾ പാനൽ ചർച്ച ചെയ്തു. 2047-ഓടെ “വികസിത ഭാരതം” എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സമ്പാദ്യ-നിക്ഷേപ നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് സിറ്റിബാങ്കിലെ ഇന്ത്യാ വിഭാഗം ചീഫ് ഇക്കണോമിസ്റ്റ് ഡോ. സമീരൻ ചക്രവർത്തി വിശദീകരിച്ചു. മുംബൈയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസർച്ചിലെ പ്രൊഫ. അഷിമ ഗോയൽ, നൂതന ധനസഹായ മാർഗങ്ങളുടെ സഹായത്തോടെ സംസ്ഥാനതലത്തിൽ ധനകാര്യവുമായി ബന്ധപ്പെട്ട ഗോൾഡൻ റൂൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ ഡയറക്ടർ പ്രൊഫ. എൻ. ആർ. ഭാനുമൂർത്തി, പൊതു ധനകാര്യ സംവിധാനം ശക്തിപ്പെടുത്തുക, ധനകാര്യ പ്രതിരോധശേഷി മെച്ചപ്പെടുത്തുക, വികസനത്തിനാവശ്യമായ വിഭവങ്ങൾ ഫലപ്രദമായി സമാഹരിക്കുക എന്നിവയ്ക്കുള്ള മാർഗങ്ങളെക്കുറിച്ച് സംസാരിച്ചു.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ ഉദയ് കൊട്ടക് ഒരു പ്രത്യേക സെഷനിൽ പങ്കെടുത്തു.

രണ്ടാം ദിനം
'കാർഷിക മേഖലയുടെ പരിവർത്തനത്തിനും വികസനത്തിനും ആവശ്യമായ ധനസഹായം' ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള സെഷനോടെയാണ് സമ്മേളനത്തിന്റെ രണ്ടാം ദിനം ആരംഭിച്ചത്. കൃഷി വകുപ്പ് മുൻ സെക്രട്ടറി ഡോ. ദേവേഷ് ചതുർവേദി സെഷൻ മോഡറേറ്റ് ചെയ്തു. എംസിഎക്‌സിന്റെ പബ്ലിക് ഇന്ററസ്റ്റ് ഡയറക്ടറും ചെയർമാനുമായ ഡോ. ഹർഷ് കുമാർ ഭൻവാല മുഖ്യപ്രഭാഷണം നടത്തി.
കാർഷിക മേഖലയുടെ വികസനവും പരിവർത്തനവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന വിഷയങ്ങൾ പാനൽ ചർച്ച ചെയ്തു. സമുന്നതി സ്ഥാപകനും നോൺ-എക്സിക്യൂട്ടീവ് ചെയർമാനുമായ ശ്രീ അനിൽ കുമാർ എസ്. ജി., കാർഷിക ഉത്പന്നങ്ങൾക്ക് മികച്ച വിപണി പ്രവേശനം ഉറപ്പാക്കുന്നതിനും വിശ്വസനീയമായ ധനസഹായം ലഭ്യമാക്കുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച് വിശദീകരിച്ചു. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷൗമിട്രോ ചാറ്റർജി, വിളവെടുപ്പനന്തര വിപണനം, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യസംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വെല്ലുവിളികളെക്കുറിച്ച് വിശദീകരിച്ചു. ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റിന്റെ (IFAD) കൺട്രി ഡയറക്ടറും സൗത്ത് ഏഷ്യ ഹബ്ബിന്റെ മേധാവിയുമായ ഡോ. മാർക്ക് ഡി സൂസ ഷീൽഡ്, കാർഷിക മേഖലയുടെ പരിവർത്തനത്തിന് പിന്തുണ നൽകുന്നതിനായി വിപുലീകരിക്കാനോ കൂടുതൽ പ്രയോജനപ്പെടുത്താനോ കഴിയുന്ന സാമ്പത്തിക ഉപകരണങ്ങളെക്കുറിച്ചുള്ള IFAD-ന്റെ അനുഭവങ്ങൾ പങ്കുവെച്ചു.
ശുദ്ധവും സുസ്ഥിരവുമായ ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തിന് ആവശ്യമായ ധനസമാഹരണ മാർഗ്ഗങ്ങളെക്കുറിച്ചാണ് സമ്മേളനത്തിന്റെ മൂന്നാമത്തെ വിഷയാധിഷ്ഠിത സെഷൻ പ്രധാനമായും ചർച്ച ചെയ്തത്. ഊർജ്ജ മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറി ശ്രീ അലോക് കുമാർ സെഷൻ മോഡറേറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ തരുൺ കപൂർ സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയും ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിന് ആവശ്യമായ സാമ്പത്തിക വിഭവങ്ങൾ, ധനസഹായ മാർഗങ്ങൾ, ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിന് ആവശ്യമായ ധനസഹായവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന മേഖലകളെക്കുറിച്ച് പാനലിസ്റ്റുകൾ വിശദമായി ചർച്ച ചെയ്തു. ഇൻഡിഗ്രിഡിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ ഹർഷ് ഷാ, പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കും വൈദ്യുതി പ്രസരണ അടിസ്ഥാനസൗകര്യങ്ങൾക്കും ധനസഹായം ഉറപ്പാക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചു. ടാറ്റ പവറിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. പ്രവീർ സിൻഹ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ് (BESS), പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ (PSP), മറ്റ് ഊർജ്ജ സംഭരണ സംവിധാനങ്ങൾ എന്നിവയ്ക്കുള്ള ധനസഹായ മാർഗ്ഗങ്ങളെക്കുറിച്ച് വിശദീകരിച്ചു. ലോക ബാങ്കിന്റെ ദക്ഷിണേഷ്യൻ മേഖലയിലെ ഊർജ്ജ, ഖനന മേഖലകളുടെ പ്രാക്ടീസ് മാനേജരും മേധാവിയുമായ ശ്രീ രാഹുൽ കിച്ച്‌ലു, കാർബൺ ക്യാപ്ചർ, യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ് (CCUS) പദ്ധതികൾക്കുള്ള ധനസഹായം സംബന്ധിച്ചും ഇന്ത്യ ദേശീയമായി നിർണയിച്ച സംഭാവന (NDC) ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകുന്ന കാർബൺ ക്രെഡിറ്റ് ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനെക്കുറിച്ചും പരാമർശിച്ചു.
എല്ലാ സെഷനിലും സംസ്ഥാന ഗവണ്മെന്റ് പ്രതിനിധികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു, പങ്കെടുക്കുന്നവർക്ക് അവരുടെ ധനസഹായ മുൻഗണനകൾ, ആവശ്യങ്ങൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറാൻ അവസരം ലഭിച്ചു.
പ്രത്യേക സെഷനുകൾ
“വികസിത ഭാരതം” എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ നൂതനവും ഉയർന്നുവരുന്നതുമായ വിവിധ വശങ്ങളെ കേന്ദ്രീകരിച്ച് രണ്ട് പ്രത്യേക സെഷനുകൾ നടന്നു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതിനിർവ്വഹണ മന്ത്രാലയം (MoSPI) സെക്രട്ടറി ഡോ. സൗരഭ് ഗാർഗ്, മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം (GSDP) ഒരു പ്രധാന സൂചകമായി പരിഗണിച്ച് വികസിത രാഷ്ട്രമാകുന്നതിലേക്കുള്ള ഇന്ത്യയുടെ പുരോഗതി എങ്ങനെ വിലയിരുത്താമെന്നത് സംബന്ധിച്ച് അവതരണം നടത്തി. കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം (MeitY) സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ,“വികസിത ഭാരതം” എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ നവയുഗ സാങ്കേതികവിദ്യകൾക്ക് വഹിക്കാനാകുന്ന നിർണായക പങ്കിനെക്കുറിച്ച് വിശദീകരിച്ചു.


സമാപന സമ്മേളനം
സാമ്പത്തിക വിഭവങ്ങൾ സമാഹരിക്കുന്നതിലും പങ്കിടുന്നതിലുമുള്ള പരമ്പരാഗത ചർച്ചകൾക്കുപരിയായി, അടുത്ത രണ്ട് ദശാബ്ദങ്ങളിലെ ഇന്ത്യയുടെ വികസനത്തിന് ആവശ്യമായ ധനസഹായം എങ്ങനെ ഉറപ്പാക്കാമെന്നതിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾക്ക് കൂട്ടായി ചർച്ച ചെയ്യാനുള്ള വിലപ്പെട്ട അവസരമാണ് ഈ സമ്മേളനം ഒരുക്കിയതെന്ന് സമാപന സെഷനിൽ, ഇന്ത്യ ഗവണ്മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ പറഞ്ഞു. ചർച്ചകളുടെ ഗുണനിലവാരവും സംസ്ഥാനങ്ങൾ തങ്ങളുടെ കാഴ്ചപ്പാടുകൾ തുറന്ന മനസ്സോടെ പങ്കുവെച്ച രീതിയും ഇത്തരം സമ്മേളനം എല്ലാ വർഷവും സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് ശക്തമായ സമ്പാദ്യ അടിത്തറയുണ്ടെന്നും അത് ഇനിയും കൂടുതൽ വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം, “വികസിത ഭാരതം” എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ വൻതോതിലുള്ള നിക്ഷേപം സമാഹരിക്കാൻ സ്വകാര്യ മൂലധനത്തിന്റെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ഗവണ്മെന്റുകൾക്കായി മൂന്ന് പ്രധാന മുൻഗണനാ മേഖലകൾ അദ്ദേഹം നിർദേശിച്ചു. ഒന്നാമതായി, ഭൂമി, വൈദ്യുതി, മികച്ച ലോജിസ്റ്റിക് സൗകര്യങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കാര്യക്ഷമമായ ഏകജാലക അനുമതി സംവിധാനങ്ങൾ നടപ്പാക്കിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനങ്ങൾ സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമതായി, ആസൂത്രണം ചെയ്ത പദ്ധതികളും വിശ്വസനീയമായ പദ്ധതി റിപ്പോർട്ടുകളും ഉൾപ്പെടുന്ന ശക്തമായ പദ്ധതിരേഖ വികസിപ്പിച്ച് നിക്ഷേപ പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണം. ഇതിലൂടെ ആഭ്യന്തര, ബഹുമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ ധനസഹായം ലഭ്യമാക്കാൻ സാധിക്കും. കൂടാതെ, നിലവിൽ വായ്പാ ലഭ്യത കുറവായതും എന്നാൽ സാമ്പത്തിക വളർച്ചയ്ക്ക് മികച്ച സാധ്യതയുള്ളതുമായ ജില്ലകളിലേക്ക് കൂടുതൽ വായ്പകൾ ലഭ്യമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. മൂന്നാമതായി, സാമ്പത്തിക പരിമിതികൾ നിലനിൽക്കുമ്പോഴും സംസ്ഥാനങ്ങൾ സ്വന്തം മൂലധന ചെലവ് വർധിപ്പിക്കുന്നത് തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഈ സാഹചര്യത്തിൽ, 2031–32 ഓടെ സംസ്ഥാനങ്ങളുടെ മൂലധന ചെലവ് ജിഎസ്ഡിപിയുടെ ഏകദേശം 2.4 ശതമാനത്തിൽ നിന്ന് 3 ശതമാനമായി ഉയർത്തണമെന്ന ശ്രീ സുധീർ ശ്രീവാസ്തവയുടെ നിർദ്ദേശവും അദ്ദേഹം പരാമർശിച്ചു.
“വികസിത ഭാരതം” എന്ന ലക്ഷ്യം കൈവരിക്കുന്നതിന് “വികസിത സംസ്ഥാനങ്ങൾ” അനിവാര്യമാണെന്ന് ഡോ. നാഗേശ്വരൻ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങൾ പങ്കുവെച്ച മികച്ച പ്രവർത്തനരീതികളും നിലവിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളും വിദഗ്ധരുടെ ശുപാർശകളും വ്യക്തമായ ഉത്തരവാദിത്തങ്ങളും സമയപരിധികളും നിശ്ചയിച്ചുള്ള പങ്കാളിത്തങ്ങളിലൂടെ പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 2047-ലേക്കുള്ള ഇന്ത്യയുടെ ദീർഘകാല വികസന പ്രയാണം തുടരുന്നതിനൊപ്പം, ആഗോള ധനസഹായത്തിനുള്ള അവസരങ്ങൾ ലഭ്യമായിരിക്കുന്ന അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സാമ്പത്തിക വിഭവങ്ങളുടെ സമാഹരണം വേഗത്തിലാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് ദിവസത്തെ സമ്മേളനത്തിന്റെ സമാപന സെഷനിൽ, ബാങ്കിംഗ് മേഖലയിൽ നിന്ന് ലഭ്യമായ വിവിധ ധനസഹായ സ്രോതസ്സുകളെക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ശ്രീ ചല്ല ശ്രീനിവാസുലു ഷെട്ടി വിശദീകരിച്ചു.

***
( റിലീസ് ഐ.ഡി: 2312631)
സന്ദര്‍ശക കൗണ്ടര്‍ : 4