പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

സബ്‌സിഡിയോടെയുള്ള ഗാർഹിക എല്‍പിജി സിലിണ്ടര്‍ റീഫില്ലിന് ഒക്ടോബർ 1 മുതൽ ബയോമെട്രിക് ആധാർ അധിഷ്ഠിത പരിശോധന നിർബന്ധം

പോസ്റ്റഡ് ഓണ്‍: 19 SEP 2026 7:42PM by PIB Thiruvananthpuram

നിയന്ത്രിത ചില്ലറവിൽപ്പന വിലയില്‍  സബ്‌സിഡിയോടുകൂടി ഗാർഹിക പാചക വാതക റീഫില്‍ ബുക്ക് ചെയ്യാന്‍ 2026 ഒക്ടോബർ 1 മുതൽ ഉപഭോക്താക്കൾ ബയോമെട്രിക് ആധാർ അധിഷ്ഠിത പരിശോധന പൂർത്തിയാക്കിയിരിക്കണം.

 

സബ്‌സിഡിയോടുകൂടിയ പാചകവാതകം അർഹരായ ഗുണഭോക്താക്കളിലേക്ക് മാത്രം കൃത്യമായി എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഓരോ കണക്ഷനും ആധാർ മുഖേന സ്ഥിരീകരിച്ച ഉപഭോക്താവുമായി ബന്ധിപ്പിക്കുന്നതോടെ ഗാർഹിക സിലിണ്ടറുകൾ വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്ക് വകമാറ്റി ഉപയോഗിക്കുന്നത് തടയാനും വ്യാജ-അനർഹ കണക്ഷനുകൾ റദ്ദാക്കാനും സാധിക്കും. ഒപ്പം സബ്‌സിഡി വിതരണം കൂടുതൽ സുതാര്യവും ലക്ഷ്യാധിഷ്ഠിതവുമാക്കാൻ ഇത് വഴിയൊരുക്കും.  അർഹരായ ആർക്കും ഇതുവഴി എൽ.പി.ജി. നിഷേധിക്കപ്പെടുന്നില്ല.  പരിശോധന പൂർത്തിയാക്കുന്നതിന് ലളിതമായ വിവിധ മാർഗങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

 

2026 ഒക്ടോബർ 1 മുതല്‍ നിലവില്‍ വരുന്ന  മാറ്റങ്ങൾ:

  • ഇതിനകം ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയ ഉപഭോക്താക്കൾ  വീണ്ടും ഇത് ചെയ്യേണ്ടതില്ല. അവർക്ക് പതിവുപോലെ സിലിണ്ടറുകൾ ലഭിക്കും.

  • പരിശോധന പൂർത്തിയാക്കാത്തവർക്ക് പ്രക്രിയ പൂർത്തിയാക്കുന്ന മുറയ്ക്ക് സബ്‌സിഡിയോടെ നിയന്ത്രിത നിരക്കില്‍ റീഫിൽ ബുക്കിങ് സൗകര്യം ലഭ്യമാകും.

 

പരിശോധന എങ്ങനെ പൂർത്തിയാക്കാം?

  • സിലിണ്ടർ വിതരണം ചെയ്യുമ്പോൾ: എണ്ണക്കമ്പനികളുടെ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് സിലിണ്ടർ വിതരണ ജീവനക്കാർക്ക്  ഉപഭോക്താവിൻ്റെ വീടുകളിൽനിന്ന് പരിശോധന പൂർത്തിയാക്കാം.

  • വിതരണ ഏജൻസികളിൽ: എൽ.പി.ജി. വിതരണക്കാരുടെ ഷോറൂമുകൾ സന്ദർശിച്ച് പരിശോധന പൂര്‍ത്തിയാക്കാം.  

  • ഒ.എം.സി. മൊബൈൽ ആപ്പുകൾ വഴി: ഉപഭോക്താക്കൾക്ക് സ്വന്തം വീടുകളിലിരുന്ന് മൊബൈൽ ആപ്പുകൾ വഴി സ്വയം ഇത് പൂർത്തിയാക്കാം:

    •  ഇൻഡെയ്ൻ ഉപഭോക്താക്കൾക്ക്: IndianOil ONE ആപ്പ്. 

    •  ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക്: HelloBPCL ആപ്പ്. 

    •  എച്ച്.പി ഗ്യാസ് ഉപഭോക്താക്കൾക്ക്: HP PAY ആപ്പ്. 

  • ഇ-കെവൈസി  സ്വയം  പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ മാർഗനിർദേശങ്ങൾ പി.എം.യു.വൈ.  പോർട്ടലിൽ ലഭ്യമാണ്.

 

പരിശോധന പൂർത്തിയാക്കാൻ ആഗ്രഹിക്കാത്തവർക്കുള്ള സൗകര്യം:

ബയോമെട്രിക് പരിശോധന പൂർത്തിയാക്കാൻ താല്പര്യമില്ലാത്തവർക്കോ സാധിക്കാത്തവർക്കോ തുടർന്നും പാചകവാതകം ലഭിക്കും. ഇതിന് കമ്പനികളുടെ വെബ് പോർട്ടൽ, മൊബൈൽ ആപ്പ്, വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട്, ഐ.വി.ആർ.എസ്.  തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വഴി ഈ വിവരം രേഖപ്പെടുത്തണം. ഇത്തരക്കാര്‍ക്ക് സബ്‌സിഡിയില്ലാതെ വിപണി നിരക്കിൽ പ്രാദേശിക ലഭ്യതയ്ക്ക് വിധേയമായി  5 കിലോഗ്രാം അല്ലെങ്കിൽ 10 കിലോഗ്രാം സിലിണ്ടറുകൾ ലഭ്യമാക്കും.  

 

ഇതുവരെയുള്ള പുരോഗതി:

2026 സെപ്റ്റംബർ 19 വരെയുള്ള കണക്കനുസരിച്ച് നിലവിലെ 27.43 കോടി ഗാർഹിക ഉപഭോക്താക്കൾ (89.9 ശതമാനം) ബയോമെട്രിക് പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞു. തുടക്കത്തിൽ 2026 ജൂൺ 30 വരെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ സമയം നൽകുന്നതിന് ഇത് ജൂലൈ 31, ആഗസ്റ്റ് 7, ആഗസ്റ്റ് 15, ആഗസ്റ്റ് 23, ആഗസ്റ്റ് 31, സെപ്റ്റംബർ 7, ഒടുവിൽ സെപ്റ്റംബർ 14 എന്നിങ്ങനെ പലതവണ നീട്ടിനൽകിയിരുന്നു.

 

2023 ഒക്ടോബർ മുതൽ എണ്ണക്കമ്പനികൾ രാജ്യവ്യാപകമായി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. 12 കോടിയിലധികം എസ്.എം.എസ്., വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചു. വിതരണക്കാരും ജീവനക്കാരും ഉപഭോക്താക്കളുമായി വ്യക്തിപരമായി ബന്ധപ്പെട്ടു. ഏജൻസികളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ഗ്രാമീണ മേഖലകളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചു. സിലിണ്ടർ ബുക്കിങ് സമയത്തെ ഐ.വി.ആർ.എസ് സന്ദേശങ്ങൾ, മൊബൈൽ അറിയിപ്പുകൾ, സമൂഹമാധ്യമങ്ങള്‍,  പത്രങ്ങൾ എന്നിവ വഴിയും വിപുലമായ പ്രചാരണം നടത്തി.

 

എൽ.പി.ജി. സബ്‌സിഡി ബാധ്യത:

ഉല്പാദനച്ചെലവിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ഗാർഹിക പാചകവാതകം വിതരണം ചെയ്യുന്നത്. 2026 സെപ്റ്റംബറിലെ പരോക്ഷ സബ്‌സിഡി 14.2 കിലോഗ്രാം സിലിണ്ടറിന് 210 രൂപയോളമാണ്; 2026 ജൂണിൽ ഇത് സിലിണ്ടറിന് 721 രൂപ വരെ എത്തിയിരുന്നു.

 

ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഗാർഹിക പാചകവാതകം ലഭ്യമാക്കുന്നതിന് 2022-23 സാമ്പത്തിക വർഷം കേന്ദ്ര ഗവണ്‍മെൻ്റ്  22,000 കോടി രൂപയും, 2025-26, 2026-27 സാമ്പത്തിക വർഷങ്ങളിലായി 30,000 കോടി രൂപയും എണ്ണക്കമ്പനികൾക്ക് നഷ്ടപരിഹാരമായി നൽകുന്നുണ്ട്. എങ്കിലും,  പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഗാർഹിക എൽ.പി.ജി. ഇനത്തിലെ ആകെ ബാധ്യത 2026 ആഗസ്റ്റ് 31-ലെ കണക്കനുസരിച്ച് 62,000 കോടി രൂപ കവിഞ്ഞു. ഈ സാഹചര്യത്തിൽ സബ്‌സിഡി പദ്ധതി സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് അത് യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് മാത്രം ചുരുക്കേണ്ടത് അനിവാര്യമാണ്.

 

ഒക്ടോബർ 1-ന് മുൻപ് പരിശോധന പൂർത്തിയാക്കുക:

പരിശോധന ഇനിയും പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ലഭ്യമാക്കിയിരിക്കുന്ന മേൽപ്പറഞ്ഞ ഏതെങ്കിലും മാർഗങ്ങൾ പ്രയോജനപ്പെടുത്തി 2026 ഒക്ടോബർ 1-ന് മുൻപ് ബയോമെട്രിക് പരിശോധന പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

എൽ.പി.ജി. സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും 1800-2333-555 എന്ന ടോൾഫ്രീ ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം.

 

****


( റിലീസ് ഐ.ഡി: 2312596) സന്ദര്‍ശക കൗണ്ടര്‍ : 60
ഈ റിലീസ് വായിക്കുക: हिन्दी , English , Urdu , Marathi