യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

വികസിത ഭാരതത്തിനായി ലഹരിമുക്ത യുവത്വം: രാജ്യവ്യാപകമായി നടക്കുന്ന ദേശീയ സങ്കൽപ് സമരോഹ് പരിപാടിയോടെ 100 ആഴ്ച നീണ്ടുനിൽക്കുന്ന നശാ മുക്ത് യുവ അഭിയാന് തുടക്കമാകും

പോസ്റ്റഡ് ഓണ്‍: 17 SEP 2026 5:44PM by PIB Thiruvananthpuram

മേരാ യുവ ഭാരത് (മൈ ഭാരത്), നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) എന്നിവയിലൂടെ യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള യുവജനകാര്യ വകുപ്പ് 2026 സെപ്റ്റംബർ 18 മുതൽ 100 ആഴ്ച നീണ്ടുനിൽക്കുന്ന നശാ മുക്ത് യുവ അഭിയാന് തുടക്കം കുറിക്കും. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന യുവജന പ്രതിജ്ഞയും ഒപ്പുശേഖരണ പ്രചാരണവും ഉൾപ്പെടുന്ന ദേശീയ സങ്കൽപ് സമാരോഹ് പരിപാടിയോടെയാണ് ഇതിന് തുടക്കമിടുന്നത്. യുവജനങ്ങളുടെ നിരന്തര പങ്കാളിത്തം, ബോധവൽക്കരണം, സമൂഹത്തിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെ വികസിത ഭാരതത്തിനായി ലഹരിമുക്ത യുവത്വത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യമെമ്പാടുമുള്ള യുവജനങ്ങളെ അണിനിരത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ആത്മീയ സംഘടനകൾ, വ്യവസായ സംഘടനകൾ, എൻ.ജി.ഒകൾ, സർവകലാശാലാ കൂട്ടായ്മകൾ എന്നിവരെ വെർച്വലായി അഭിസംബോധന ചെയ്തുകൊണ്ട് 2026 ഓഗസ്റ്റ് 2-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ‘വികസിത ഭാരതത്തിനായി നശാ മുക്ത് യുവ സങ്കൽപ് അഭിയാൻ’ എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. പ്രതിരോധിക്കുക, സംരക്ഷിക്കുക, വീണ്ടെടുക്കുക, നയിക്കുക എന്നീ നാല് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പ്രചാരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സംരംഭം ആരംഭിച്ചതിനു ശേഷം ഇതുവരെ 30,200-ലധികം കേന്ദ്രങ്ങളിൽ നിന്നുള്ള പങ്കാളിത്തവും, 2.5 കോടിയിലധികം പ്രേക്ഷകശ്രദ്ധയും, ഒരു കോടിയിലധികം പ്രതിജ്ഞകളും രേഖപ്പെടുത്തിയിട്ടുണ്ട്.

 

ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി, 2026 സെപ്റ്റംബർ 18 മുതൽ എൻ.എസ്.എസ് തിരഞ്ഞെടുക്കപ്പെട്ട 300 കേന്ദ്രങ്ങളിൽ ദേശീയ സങ്കൽപ് സമരോഹ് സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ ശൃംഖലയിൽ പങ്കാളികളാകുന്നത്. എൻ.എസ്.എസ് റീജിയണൽ ഡയറക്ടറേറ്റുകൾ വഴി കണ്ടെത്തിയ കോളേജുകളും സർവകലാശാലകളും മറ്റ് സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഡൽഹി, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, മഹാരാഷ്ട്ര, കേരളം എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾ ഇതിലുണ്ട്.

 

100 ആഴ്ച നീണ്ടുനിൽക്കുന്ന നശാ മുക്ത് യുവ അഭിയാൻ്റെ ആദ്യ ഞായറാഴ്ചാ ദിനാചരണം 2026 സെപ്റ്റംബർ 20-ന് നടക്കും. ഇതിൻ്റെ ഭാഗമായി മേരാ യുവ ഭാരത് (മൈ ഭാരത്) ജില്ലാ ഓഫീസുകളും യൂത്ത് ഹോസ്റ്റലുകളും ഉൾപ്പെടെ 485 മേരാ യുവ ഭാരത് യൂണിറ്റുകളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കൂട്ടായ യുവജന പ്രതിജ്ഞയും ഒപ്പുശേഖരണ പ്രചാരണവുമാണ് ദേശീയ സങ്കൽപ് സമരോഹ് പരിപാടിയിൽ പ്രധാനമായും ഉൾപ്പെടുന്നത്. വിഷയാധിഷ്ഠിത തെരുവുനാടകങ്ങൾ, മുദ്രാവാക്യ രചന, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ചർച്ചകൾ എന്നിവയും ഇതോടൊപ്പം നടക്കും. ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ലഹരിമുക്ത ഭാരതത്തിനായുള്ള കൂട്ടായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാനും ഈ പ്രവർത്തനങ്ങൾ യുവജനങ്ങൾക്ക് വേദിയൊരുക്കും.

 

100 ആഴ്ച നീണ്ടുനിൽക്കുന്ന നശാ മുക്ത് യുവ അഭിയാന് തുടക്കം കുറിച്ചതിന് പിന്നാലെ, 2026 സെപ്റ്റംബർ മുതൽ ഡിസംബർ വരെ 12 ആഴ്ചക്കാലത്തേക്കുള്ള കർമ്മപരിപാടികൾ നടപ്പാക്കും. 'എൻ്റെ ആരോഗ്യം, എൻ്റെ അഭിമാനം', 'ആരോഗ്യമുള്ള യുവത്വം, ലഹരിമുക്ത യുവത്വം', 'ജീവിത നൈപുണ്യ മാസം' എന്നീ മൂന്ന് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഘട്ടങ്ങളായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

ആരോഗ്യ പരിശോധനയും ബി.എം.ഐ ക്യാമ്പുകളും, ധ്യാന - വെൽനസ് സെഷനുകൾ, ആരോഗ്യ നടത്തവും കൂട്ടയോട്ടവും, യുവമേളകൾ, യോഗ സെഷനുകൾ, പരമ്പരാഗത കായിക വിനോദങ്ങൾ, മിനി മാരത്തണുകൾ, സൈക്ലത്തോണുകൾ, കായിക ലീഗുകൾ, തീരുമാനങ്ങളെടുക്കാൻ പ്രാപ്തമാക്കുന്ന ശിൽപ്പശാലകൾ, സമപ്രായക്കാരിൽ നിന്നുള്ള സമ്മർദ്ദങ്ങൾ മറികടക്കാനുള്ള ചർച്ചകൾ, പ്രശ്നപരിഹാര പ്രവർത്തനങ്ങൾ, യുവജനങ്ങൾ അവതരിപ്പിക്കുന്ന റോൾ പ്ലേകളും തെരുവുനാടകങ്ങളും തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും.

 

എൻ.എസ്.എസ് ഘടകത്തിന് കീഴിൽ, ആഴ്ചകളിൽ വെള്ളി, ശനി ദിവസങ്ങളിലാകും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. തുടർന്നുള്ള 11 ആഴ്ചകളിൽ ഓരോ ആഴ്ചയും 200 കേന്ദ്രങ്ങളിൽ വീതം പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതോടെ 12 ആഴ്ച കാലയളവിൽ എൻ.എസ്.എസ് മുഖേന ആകെ 2,500 പരിപാടികൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മേരാ യുവ ഭാരത് (മൈ ഭാരത്) അതിൻ്റെ നിയുക്ത യൂണിറ്റുകളിലൂടെ പ്രതിവാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഈ കാലയളവിൽ യൂണിറ്റ് തലത്തിൽ 3,235 പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള വ്യവസ്ഥകളാണ് നടപ്പാക്കൽ പദ്ധതിയിലുള്ളത്.

 

മേരാ യുവ ഭാരത് സന്നദ്ധപ്രവർത്തകർ, എൻ.എസ്.എസ് അംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയോടൊപ്പം ആത്മീയ- വ്യവസായ സംഘടനകൾ, സർവകലാശാലകൾ, എൻ.ജി.ഒകൾ തുടങ്ങിയ പങ്കാളിത്ത സംഘടനകളെയും ഈ പ്രചാരണം ഒരുമിച്ച് കൊണ്ടുവരും. അംഗീകൃത പ്രചാരണ ബ്രാൻഡിംഗും വിവര, വിദ്യാഭ്യാസ, ആശയവിനിമയ (ഐ.ഇ.സി) സാമഗ്രികളും ഉപയോഗിച്ചാകും പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക. സംസ്ഥാനങ്ങൾ, ജില്ലകൾ, പങ്കാളിത്ത സംഘടനകൾ എന്നിവിടങ്ങളിലുടനീളമുള്ള പ്രചാരണത്തിൻ്റെ വ്യാപ്തിയും നടത്തിപ്പും നിരീക്ഷിക്കുന്നതിനായി ഫോട്ടോകൾ, വീഡിയോകൾ, പങ്കാളിത്ത കണക്കുകൾ, പ്രധാന നേട്ടങ്ങൾ എന്നിവയിലൂടെ പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും.

 

ആരോഗ്യം, ശാരീരികക്ഷമത, ജീവിത നൈപുണ്യങ്ങൾ, ബോധവൽക്കരണം, ജനകീയ പങ്കാളിത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ഇടപെടലുകൾ നിലനിർത്താനാണ് 100 ആഴ്ച നീണ്ടുനിൽക്കുന്ന നശാ മുക്ത് യുവ അഭിയാൻ ലക്ഷ്യമിടുന്നത്. വികസിത ഭാരതത്തിനായി ലഹരിമുക്ത യുവത്വത്തെ വാർത്തെടുക്കാനുള്ള യുവജനങ്ങളുടെ കൂട്ടായ പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്താൻ ഇത് വഴിയൊരുക്കും.

***

 


( റിലീസ് ഐ.ഡി: 2311689) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Kannada