മന്ത്രിസഭ
azadi ka amrit mahotsav

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) വേതന പരിധി പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


51 ലക്ഷത്തിലധികം കൂടുതൽ ജീവനക്കാർ നിർബന്ധിത ഇ.പി.എഫ്.ഒ പരിധിക്ക് കീഴിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു

തൊഴിൽ മേഖലയുടെ ഔപചാരികവൽക്കരണം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ ദീർഘകാല സാമൂഹിക സുരക്ഷാ കാഴ്ചപ്പാട് മുൻപോട്ടു കൊണ്ടുപോകുന്നതിനും തീരുമാനം തുണയാകും

ശക്തമായ വിരമിക്കൽ സുരക്ഷയിലേക്കും വികസിത് ഭാരത്@2047-ലേക്കുമുള്ള പ്രധാന ചുവടുവെയ്പ്പ്

പോസ്റ്റഡ് ഓണ്‍: 16 SEP 2026 3:07PM by PIB Thiruvananthpuram

തൊഴിൽ മന്ത്രാലയം മുന്നോട്ടുവച്ച  നിർദ്ദേശം പരിഗണിച്ച്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (EPFO) കീഴിലുള്ള നിർബന്ധിത ആനുകൂല്യങ്ങൾക്കായുള്ള ശമ്പള പരിധി പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഈ തീരുമാനം 51 ലക്ഷത്തിലധികം കൂടുതൽ ജീവനക്കാരെ നിർബന്ധിത ഇ.പി.എഫ്.ഒ പരിധിയിൽ കൊണ്ടുവരുമെന്നും, തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷാ പരിരക്ഷ ഗണ്യമായി വിപുലീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

2004 മുതൽ 2014 വരെയുള്ള ദശകത്തിൽ ഇ.പി.എഫ്.ഒ (EPFO) ശമ്പള പരിധി മാറ്റമില്ലാതെ തുടരുകയായിരുന്നു. തുടർന്ന് 2014 സെപ്റ്റംബറിലാണ് ഇത് 15,000 രൂപയാക്കി ഗണ്യമായി ഉയർത്തിയത്. തുടർന്നുള്ള വർഷങ്ങളിൽ ഉണ്ടായ സുസ്ഥിരമായ വേതന വളർച്ച, വർദ്ധിച്ച വരുമാനം, ഔപചാരിക തൊഴിലവസരങ്ങളുടെ വികാസം എന്നിവ പ്രതിഫലിപ്പിക്കുന്നതിനായി, ശമ്പള പരിധി 25,000 രൂപയായി വീണ്ടും ഉയർത്തിക്കൊണ്ട് ഇപ്പോഴത്തെ തീരുമാനം ഈ സമീപനം മുന്നോട്ട് കൊണ്ടുപോകുന്നു.

നിലവിൽ, പ്രതിമാസം 15,000 രൂപയ്ക്ക് മുകളിൽ ശമ്പളത്തിൽ ഒരു പുതിയ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരൻ ഇ.പി.എഫ് (EPF) ചട്ടക്കൂടിന് കീഴിൽ സ്വയം ഉൾപ്പെടാറില്ല. അതിനാൽ നിർബന്ധിത പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ, ഇൻഷുറൻസ് സംരക്ഷണം എന്നിവയ്ക്ക് പുറത്ത് നിൽക്കേണ്ടി വരുന്നു. ശമ്പള പരിധി 25,000 രൂപയായി ഉയർത്തുന്നതോടെ, 15,000 മുതൽ 25,000 രൂപ വരെ ശമ്പള പരിധിയിലുള്ള വലിയൊരു വിഭാഗം ജീവനക്കാർ നിയമാനുസൃതമായ ഈ സാമൂഹിക സുരക്ഷാ പദ്ധതിക്ക് കീഴിൽ വരും.

ബാധകമായ പദ്ധതി വ്യവസ്ഥകൾ അനുസരിച്ച് പ്രൊവിഡന്റ് ഫണ്ട് സമ്പാദ്യം, എംപ്ലോയീസ് പെൻഷൻ സ്കീം (EPS) പ്രകാരമുള്ള പെൻഷൻ സുരക്ഷ, എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം (EDLI) പ്രകാരമുള്ള ഇൻഷുറൻസ് സംരക്ഷണം എന്നിവയിലേക്കുള്ള പ്രവേശനം കൂടുതൽ വിശാലമാക്കാൻ ഈ അംഗീകാരം സഹായിക്കും. കൂടാതെ, നിലവിലുള്ള ശമ്പള നിരക്കുകളെ കൃത്യമായി പ്രതിഫലിപ്പിക്കാൻ നിയമപരമായ വിഹിതത്തിനും പെൻഷൻ യോഗ്യമായ ശമ്പള ചട്ടക്കൂടിനും സാധിക്കും.

2014 സെപ്റ്റംബറിലാണ് ശമ്പള പരിധി അവസാനം പരിഷ്കരിച്ചത്. അന്നുമുതൽ ഇന്ത്യയിൽ സുസ്ഥിരമായ വേതന വളർച്ചയും വരുമാന വർദ്ധനവും ഔപചാരിക തൊഴിലവസരങ്ങളുടെ വ്യാപനവും ഉണ്ടായിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും തൊഴിൽ മേഖലകളിലും കുറഞ്ഞ വേതനം നിലവിലുള്ള പരിധിക്ക് അടുത്തേക്ക് എത്തിയിട്ടുമുണ്ട്. അതിനാൽ ശമ്പള പരിധി 25,000 രൂപയായി ഉയർത്തിയത് ഇ.പി.എഫ്.ഒ (EPFO) ചട്ടക്കൂടിനെ വർദ്ധിച്ചുവരുന്ന ശമ്പള നിരക്കുകൾക്കനുസരിച്ച് പുതുക്കുകയും, ഔപചാരിക സാമൂഹിക സുരക്ഷയുടെ ആനുകൂല്യങ്ങൾ കൂടുതൽ തൊഴിലാളികളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നു.

ഈ നടപടി തൊഴിൽ മേഖലയുടെ ഔപചാരികവൽക്കരണത്തിനും, ജീവനക്കാരുടെ സ്ഥിരതയ്ക്കും, ദീർഘകാല വിരമിക്കൽ സുരക്ഷയ്ക്കും കൂടുതൽ കരുത്തേകുമെന്ന് പ്രതീക്ഷിക്കുന്നു. വലിയൊരു വിഭാഗം ജീവനക്കാരെ നിയമപരമായ സാമൂഹിക സുരക്ഷാ ചട്ടക്കൂടിന് കീഴിലേക്ക് സ്വയമേവ കൊണ്ടുവരുന്നതിലൂടെ, ഔപചാരിക തൊഴിലിനൊപ്പം മാറ്റം വരുത്താൻ സാധിക്കുന്നതും ഉറപ്പുള്ളതുമായ സാമൂഹിക സുരക്ഷാ സംരക്ഷണം ഉണ്ടായിരിക്കണമെന്ന തത്വം ഈ തീരുമാനം ബലപ്പെടുത്തുന്നു. തൊഴിലുടമകളെ സംബന്ധിച്ചിടത്തോളം, വിപുലമായ സാമൂഹിക സുരക്ഷാ പരിരക്ഷ ജീവനക്കാരുടെ നിലനിൽപ്പ്, തൊഴിൽ സേനയുടെ സ്ഥിരത, മനോവീര്യം, കൂടുതൽ സുരക്ഷിതവും ഭാവിസജ്ജവുമായ ഒരു തൊഴിൽ സംസ്കാരത്തിന്റെ വികസനം എന്നിവയ്ക്ക് പിന്തുണ നൽകും.

വിവിധ മന്ത്രാലയങ്ങളുമായുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ നിർദ്ദേശം സമർപ്പിച്ചത്. 2026 ജൂൺ 16-ന് ചേർന്ന എക്‌സ്‌പൻഡിചർ ഫിനാൻസ് കമ്മിറ്റിയുടെ (Expenditure Finance Committee) യോഗം ഇത് ശുപാർശ ചെയ്യുകയും ചെയ്തു. നിലവിലുള്ള വാർഷിക ബജറ്റ് വിഹിതമായ ഏകദേശം 10,250 കോടി രൂപയ്ക്ക് പകരം, പ്രതിവർഷം സർക്കാരിന് ഏകദേശം 11,339 കോടി രൂപയുടെ ബാധ്യതയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷത്തെ മൊത്തം ചെലവ് ഏകദേശം 56,696 കോടി രൂപയായിരിക്കും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലൊന്നാണ് ഇന്ന് ഇ.പി.എഫ്.ഒ (EPFO) നടത്തുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF), എംപ്ലോയീസ് പെൻഷൻ സ്കീം (EPS), എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം (EDLI) എന്നിവ ഇ.പി.എഫ്.ഒ വഴി കൈകാര്യം ചെയ്യുന്നു. ഏറ്റവും പുതിയ ഇ.പി.എഫ്.ഒ കണക്കുകൾ പ്രകാരം, ഏകദേശം 7.68 ലക്ഷം സ്ഥാപനങ്ങളിലായി 7.98 കോടിയോളം വിഹിതം നൽകുന്ന അംഗങ്ങളുണ്ട്. കൂടാതെ, ഇ.പി.എസ് (EPS) വഴി 82 ലക്ഷത്തോളം പെൻഷൻകാർക്ക് പെൻഷൻ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇ.പി.എഫ് അംഗത്വവുമായി ബന്ധപ്പെടുത്തിയാണ് ഇ.ഡി.എൽ.ഐ (EDLI) ഇൻഷുറൻസ് സംരക്ഷണം നൽകുന്നത്.

ഇന്ത്യയുടെ വളർച്ചാ കഥയുടെ കേന്ദ്രബിന്ദു രാജ്യത്തെ തൊഴിൽ ശക്തിയാണ്. ശമ്പളം വർദ്ധിക്കുകയും വരുമാനം മെച്ചപ്പെടുകയും ഔപചാരിക തൊഴിലവസരങ്ങൾ വികസിക്കുകയും ചെയ്യുമ്പോൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ മേഖലയുടെ ഔപചാരികവൽക്കരണത്തിനും ഗവൺമെൻറ്  നൽകുന്ന തുടർച്ചയായ ഊന്നൽ തൊഴിലാളികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. ഇ.പി.എഫ്.ഒ (EPFO) വേതന പരിധി ഉയർത്തുന്നത്, സാമൂഹിക സുരക്ഷാ ചട്ടക്കൂടും ഈ പുരോഗതിക്കൊപ്പം മുന്നേറുന്നുവെന്നും ഔപചാരിക തൊഴിൽ മേഖലയിലെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് നിയമപരമായ സാമൂഹിക സുരക്ഷാ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നു.

ഇന്ത്യ 'വികസിത് ഭാരത്@2047'-ലേക്ക് കുതിക്കുമ്പോൾ സാമ്പത്തിക വളർച്ച, വേതന വർദ്ധനവ്, ഔപചാരിക തൊഴിലവസരങ്ങളുടെ വികാസം എന്നിവയ്‌ക്കൊപ്പം സാമൂഹിക സംരക്ഷണവും മുന്നേറുന്നുവെന്ന് ഈ അംഗീകാരം ഉറപ്പാക്കുന്നു. ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതും ഭാവിസജ്ജവുമായ ഒരു സാമൂഹിക സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിലേക്കുള്ള സുപ്രധാനമായ മറ്റൊരു ചുവടുവെയ്പ്പാണ് ഇത്.

തീരുമാനം നടപ്പിലാക്കുന്നതിനായി കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇ.പി.എഫ്.ഒയും ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കും.

***

SK


( റിലീസ് ഐ.ഡി: 2310888) സന്ദര്‍ശക കൗണ്ടര്‍ : 18
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Gujarati , Telugu , Kannada