PIB Backgrounder
ഗാര്‍ഹിക പി.എന്‍.ജി (PNG) കണക്ഷനുകളുടെ പ്രോത്സാഹനത്തിനായുള്ള ആനുകൂല്യ പദ്ധതി
എല്ലാ വീടുകളിലേക്കും ശുദ്ധവും താങ്ങാനാവുന്ന ചെലവിലും പൈപ്പ് വഴിയുള്ള പാചകവാതകം
പോസ്റ്റഡ് ഓണ്‍:
13 SEP 2026 11:08AM by PIB Thiruvananthpuram
സംഗ്രഹം :
പാചക ആവശ്യങ്ങള്‍ക്കായി ശുദ്ധമായ ഊര്‍ജ്ജം ഉറപ്പാക്കുന്നതിലേക്കുള്ള ഇന്ത്യയുടെ യാത്രയിലും രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയിലും പൈപ്പ് വഴിയുള്ള പ്രകൃതി വാതക (PNG) ശൃംഖല വ്യാപിപ്പിക്കുന്നത് ഒരു പ്രധാന പങ്കുവഹിക്കുന്നു. വീടുകളിലേക്ക് പി.എന്‍.ജി ലഭ്യമാക്കുന്നത് സിറ്റി ഗ്യാസ് വിതരണ (CGD) ശൃംഖലയുടെ വികസനത്തിന്റെ ഭാഗമാണ്. വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായ യൂണിറ്റുകള്‍ എന്നിവയ്ക്ക് ഇന്ധനവാതക സേവനം നല്‍കുന്ന പൈപ്പ് ലൈനുകളും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്നതാണ് ഈ ശൃംഖല. പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (PNGRB) അംഗീകാരം നല്‍കിയ ഏജന്‍സികളാണ് ഇത് വികസിപ്പിക്കുന്നത്. രാജ്യത്തെ പ്രധാന ഭൂപ്രദേശങ്ങളെ മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 309 ഭൂമിശാസ്ത്രപരമായ മേഖലകളില്‍ (GAs) പി.എന്‍.ജി.ആര്‍.ബി ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 2026 ഓഗസ്റ്റ് 18-ലെ കണക്കനുസരിച്ച്, രാജ്യത്തുടനീളം 1.74 കോടി ഗാര്‍ഹിക പി.എന്‍.ജി കണക്ഷനുകളുണ്ട്.
പി.എന്‍.ജി സേവനം കൂടുതല്‍ വിപുലീകരിക്കുന്നതിനായി, 'വാര്‍ഷിക പിഎന്‍ജി കണക്ഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആനുകൂല്യ പദ്ധതി' 2026 ഓഗസ്റ്റ് 18-ന് ആരംഭിച്ചു. ഈ പദ്ധതി 2026 സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

പദ്ധതിയെക്കുറിച്ച്:
ഗാര്‍ഹിക പി.എന്‍.ജി കണക്ഷനുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനാണ് ഈ പ്രോത്സാഹന പദ്ധതി ലക്ഷ്യമിടുന്നത്. പൈപ്പ് ലൈന്‍ വഴിയുള്ള വിതരണത്തിലൂടെ വീടുകള്‍ക്ക് ശുദ്ധവും സുരക്ഷിതവും താങ്ങാനാവുന്നതുമായ ചെലവില്‍ പാചകവാതകം ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ബില്ലിംഗ് ആരംഭിക്കാത്ത കണക്ഷനുകളെ സജീവ കണക്ഷനുകളാക്കി മാറ്റുന്നതിന് സി.ജി.ഡി ഏജന്‍സികള്‍ക്ക് ഈ പദ്ധതി വഴി കിഴിവ് നല്‍കുന്നു. കൂടാതെ, പുതിയ മേഖലകളിലേക്ക് പി.എന്‍.ജി ശൃംഖല വ്യാപിപ്പിക്കുന്നതിനും ഇത് പ്രോത്സാഹനം നല്‍കുന്നു. ആറ് മാസത്തിനുള്ളില്‍ രണ്ട് ഘട്ടങ്ങളായാണ് (Tranches) ഈ പദ്ധതി നടപ്പിലാക്കുന്നത്.
Figure
ഗാര്‍ഹിക പിഎന്‍ജി കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രോത്സാഹന പദ്ധതി
വേഗത്തിലുള്ള കണക്ഷന്‍: ഗാര്‍ഹിക പിഎന്‍ജി കണക്ഷനുകള്‍ സജീവമാക്കുന്നത് വേഗത്തിലാക്കുന്നു
വിശാലമായ ലഭ്യത: സജീവമല്ലാത്തവയെ പുനരുജീവിപ്പിക്കുകയും ശൃംഖല വിപുലീകരിക്കുകയും ചെയ്യുന്നു
കുറഞ്ഞ ചെലവ്: ഇറക്കുമതി ചെയ്യുന്ന വിലകൂടിയ എല്‍എന്‍ജിയ്ക്ക് ബദല്‍
ശുദ്ധമായ പാചകം : ശുദ്ധമായ, താങ്ങാനാവുന്ന ചെലവിലുള്ള വാതകം പ്രോത്സാഹിപ്പിക്കുന്നു
കിഴിവ് : ഓരോ അധിക കണക്ഷനും 200 എസ്‌സിഎം
പദ്ധതിക്ക് കീഴില്‍ ഓരോ ഭൂമിശാസ്ത്രപരമായ മേഖലയ്ക്കും ഏറ്റവും കുറഞ്ഞ കണക്ഷനുകളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. പ്രവര്‍ത്തന കാലയളവില്‍, യോഗ്യരായ സി.ജി.ഡി (CGD) ഏജന്‍സികള്‍ ഈ പരിധിക്ക് മുകളിലേക്ക് സജീവമാക്കിയ ഗാര്‍ഹിക കണക്ഷനുകള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ഇത്തരം ഓരോ അധിക കണക്ഷനും, ഏജന്‍സിക്ക് 200 സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ (SCM) വാതകത്തിന്റെ അധിക വിഹിതം ലഭിക്കുന്നു. ഇത് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതും വില കുറഞ്ഞതുമായ അഡ്മിനിസ്റ്റേര്‍ഡ് പ്രൈസ് മെക്കാനിസം (APM) വാതകമാണ്.
ഈ അധിക വിഹിതം, വിലകൂടിയ ദ്രവീകൃത പ്രകൃതി വാതകത്തിന് (LNG) പകരമായി നല്‍കും. സി.ജി.ഡി ഏജന്‍സികള്‍ നിലവില്‍ തങ്ങളുടെ കംപ്രസ്ഡ് പ്രകൃതി വാതക (ഗതാഗത) വിഭാഗത്തിനായി ഈ എല്‍.എന്‍.ജി വാങ്ങുന്നുണ്ട്. ഇതിന് പകരം വില കുറഞ്ഞ എ.പി.എം വാതകം ഉപയോഗിക്കുന്നത് വഴി, വാതകം വാങ്ങുന്നതിനായുള്ള അവരുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുന്നു.
അതുകൊണ്ടുതന്നെ ഒരു ഗാര്‍ഹിക കണക്ഷനായി ചെലവഴിക്കുന്ന മൂലധനം തിരിച്ചുകിട്ടുന്നതിനുള്ള കാലാവധി (Payback period) ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം പത്ത് വര്‍ഷത്തില്‍ നിന്ന് ഏതാണ്ട് മൂന്ന് വര്‍ഷമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
അതിനാല്‍ വീടുകളില്‍ വേഗത്തില്‍ കണക്ഷനുകള്‍ നല്‍കുന്നതിന് കമ്പനികള്‍ക്ക് ശക്തമായ ഒരു വാണിജ്യ കാരണം ലഭിക്കുന്നു.
ഗാര്‍ഹിക പി.എന്‍.ജി കൊണ്ടുള്ള നേട്ടങ്ങള്‍:
ഉപയോഗിക്കാനുള്ള എളുപ്പം, ചെലവ് ചുരുക്കല്‍, സുലഭമായ ലഭ്യത എന്നിവ ഉള്‍പ്പെടെ വീടുകള്‍ക്ക് പി.എന്‍.ജി നിരവധി പ്രധാന നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള പി.എന്‍.ജിയുടെ പ്രധാന നേട്ടങ്ങള്‍ താഴെ പറയുന്നവയാണ്:
* സുരക്ഷിതവും സുഗമവുമായ ഉപയോഗം: കുറഞ്ഞ മര്‍ദ്ദത്തില്‍ ഭൂഗര്‍ഭ പൈപ്പ് ലൈനുകള്‍ വഴിയാണ് വാതകം പ്രവഹിക്കുന്നത്, അതിനാല്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യേണ്ടതില്ല. വായുവിനേക്കാള്‍ ഭാരം കുറഞ്ഞതായതിനാല്‍, വാതക ചോര്‍ച്ച ഉണ്ടാകുന്ന അപൂര്‍വ്വ സാഹചര്യങ്ങളില്‍ ഇത് ഉയര്‍ന്ന് വേഗത്തില്‍ അന്തരീക്ഷത്തില്‍ കലരുന്നു
* ദിനചര്യയിലെ സൗകര്യം: സിലിണ്ടറുകള്‍ ബുക്ക് ചെയ്യുകയോ, സൂക്ഷിക്കുകയോ, മാറ്റുകയോ ചെയ്യേണ്ടതില്ല. പാചകവാതകം എപ്പോഴും 24 മണിക്കൂറും വീട്ടില്‍ ലഭ്യമായിരിക്കും. വൈദ്യുതിയോ വെള്ളമോ പോലെ ഉപയോഗിച്ചതിന്റെ മീറ്റര്‍ റീഡിംഗിന്റെ അടിസ്ഥാനത്തിലാണ് ബില്ലുകള്‍ നല്‍കേണ്ടത്.
* കുറഞ്ഞ ചെലവ്: ഒരു കുടുംബത്തിന് യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന പാചകവാതകത്തിന് മാത്രം പണം നല്‍കിയാല്‍ മതിയാകും. ഊര്‍ജ്ജത്തിന്റെ തുക കണക്കാക്കുമ്പോള്‍ എല്‍.പി.ജിയേക്കാള്‍ പി.എന്‍.ജിക്ക് പൊതുവെ ചെലവ് കുറവാണ്. അതിനാല്‍ പ്രതിമാസ ഇന്ധനച്ചെലവ് ക്രമേണ കുറയുന്നു.
* ശുചിത്വമുള്ള പരിസ്ഥിതി: പരമ്പരാഗത പാചകവാതക ഇന്ധനങ്ങളെ അപേക്ഷിച്ച് പി.എന്‍.ജി ശുദ്ധമായി കത്തുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. വീടിനുള്ളിലെ വായു കൂടുതല്‍ ശുദ്ധമായിരിക്കുകയും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയുകയും ചെയ്യുന്നു.
* ഉറപ്പുള്ള വിതരണം: പൈപ്പ് ലൈന്‍ വഴിയുള്ള വിതരണം തുടര്‍ച്ചയായി ലഭ്യമാണ്. സിലിണ്ടര്‍ വിതരണത്തിന്റെ തടസ്സങ്ങളില്‍ നിന്ന് മുക്തവുമാണ്. ഉയര്‍ന്ന നിലകളിലുള്ള ഫ്‌ലാറ്റുകളിലും തിരക്കേറിയ നഗര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്.
പി.എന്‍.ജി വിപുലീകരണത്തിനായുള്ള സംരംഭങ്ങള്‍:
വേഗത്തിലുള്ള അംഗീകാരങ്ങള്‍, നികുതി ഇളവുകള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ പി.എന്‍.ജി വിപുലീകരണത്തിന് പിന്തുണ നല്‍കുന്നുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ബോധവല്‍ക്കരണ പരിപാടികളും ഗാര്‍ഹിക പി.എന്‍.ജിയിലേക്കുള്ള മാറ്റം കൂടുതല്‍ എളുപ്പമുള്ളതും വേഗത്തിലുള്ളതുമാക്കുന്നു:
* ലളിതമാക്കിയ നിയന്ത്രണ അംഗീകാരങ്ങള്‍: പ്രകൃതി വാതകം & പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണ ( പൈപ്പ് ലൈനുകളുടെ സ്ഥാപിക്കല്‍, നിര്‍മിതി, പ്രവര്‍ത്തനം, അനുബന്ധ സംവിധാനങ്ങളുടെ വിപുലീകരണം)ഉത്തരവ് , 2026 പ്രകാരം ഒരു ത്വരിതപ്പെടുത്തിയ അനുമതി ചട്ടക്കൂട് പുറപ്പെടുവിച്ചിട്ടുണ്ട്. പി.എന്‍.ജി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് ഭൂമിയോ പൊതുസ്ഥലങ്ങളോ ഉപയോഗിക്കുന്നതിനുള്ള അനുമതി ഉള്‍ക്കൊള്ളുന്ന റൈറ്റ്-ഓഫ്-വേ (RoW) തുക ഏകീകൃതമാക്കുന്നതും ഈ ഉത്തരവ് വ്യക്തമാക്കുന്നു. അപേക്ഷകള്‍ ഇപ്പോള്‍ മുന്‍ഗണനാടിസ്ഥാനത്തിലും നിശ്ചിത സമയപരിധിക്കുള്ളിലും പരിഗണിക്കും.
* കുറച്ച മൂല്യവര്‍ദ്ധിത നികുതി (VAT): പ്രകൃതി വാതകത്തിന്മേലുള്ള വാറ്റ് (VAT) 5 ശതമാനമായി കുറയ്ക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് പൈപ്പ് വഴിയുള്ള വാതകം കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നു.
* ദേശീയ പി.എന്‍.ജി യജ്ഞം 2.0: വിവിധ ഭൂമിശാസ്ത്രപരമായ മേഖലകളില്‍ ഡി.പി.എന്‍.ജി (DPNG) കണക്ഷനുകള്‍ വേഗത്തിലാക്കുന്നതിനായി 2026 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ രാജ്യവ്യാപകമായി പ്രചാരണ പരിപാടി നടന്നു.
* ഏകീകൃത പി.എന്‍.ജി രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍: ഒരു ഏകജാലക ഡിജിറ്റല്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചു വരുന്നു. ഇത് പുതിയ കണക്ഷനുകള്‍ക്ക് അപേക്ഷിക്കുന്നതും അവയുടെ സ്ഥിതി നിരീക്ഷിക്കുന്നതും ലളിതവും വേഗത്തിലുള്ളതുമാക്കും.
ശുചിത്വമുള്ളതും സൗകര്യപ്രദവുമായ വീടുകളിലേക്കുള്ള മാറ്റം:
വീടുകളില്‍ ഉപയോഗിക്കുന്ന ശുദ്ധമായ പാചക ഇന്ധനം ഓരോ കുടുംബത്തിന്റെയും സൗകര്യവും ആരോഗ്യവും ആത്മാഭിമാനവും വര്‍ദ്ധിപ്പിക്കുന്നു. ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന പുതിയ പദ്ധതി, ഗ്യാസ് കമ്പനികളുടെ വാണിജ്യപരമായ താല്‍പ്പര്യങ്ങളെ ഈ ദേശീയ ലക്ഷ്യവുമായി സംയോജിപ്പിക്കുന്നു. പൈപ്പ് ലൈനുകള്‍ കൂടുതല്‍ മേഖലകളിലേക്കും അടുക്കളകളിലേക്കും എത്തുന്നതോടെ, സിലിണ്ടറുകളെ ആശ്രയിക്കുന്നത് ക്രമേണ കുറയുന്നു. അങ്ങനെ പൈപ്പ് വഴിയുള്ള പാചകവാതകം ഇന്ത്യയിലെ ദൈനംദിന ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായി മാറാന്‍ ഒരുങ്ങുകയാണ്
അവലംബം:
Incentive Scheme for Promotion of Domestic PNG Connections
***
( റിലീസ് ഐ.ഡി: 2310172)
സന്ദര്‍ശക കൗണ്ടര്‍ : 5