PIB Backgrounder
azadi ka amrit mahotsav

നീലാകാശത്തിലേക്കുള്ള ഇന്ത്യയുടെ പാത

കൂടുതൽ ശുദ്ധമായ വായുവിനായി
ബോധവത്കരണത്തിൽ നിന്ന് പ്രവർത്തനത്തിലേക്ക്

പോസ്റ്റഡ് ഓണ്‍: 07 SEP 2026 8:26PM by PIB Thiruvananthpuram
സെപ്റ്റംബർ ഏഴിന് ആഗോളതലത്തിൽ ആചരിക്കുന്ന നീലാകാശത്തിനായുള്ള അന്താരാഷ്ട്ര ശുദ്ധവായു ദിനം, വായു മലിനീകരണത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നു. 130 നഗരങ്ങളിലായി നടപ്പിലാക്കുന്ന ദേശീയ ശുദ്ധവായു പദ്ധതി (എൻ.സി.എ.പി) ഇന്ത്യയുടെ ബഹുതല പ്രതികരണങ്ങളിൽ ഉൾപ്പെടുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ 108 നഗരങ്ങളിൽ വായുവിലുള്ള 10 മൈക്രോമീറ്ററോ അതിൽ താഴെയോ വലിപ്പമുള്ള സൂക്ഷ്മമായ പൊടിപടലങ്ങളുടെ (പി.എം-10) നിരക്ക്, 2017-18 നെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയത്. അവയിൽ, 72 നഗരങ്ങൾ 20 ശതമാനത്തിലധികം കുറവ് കൈവരിച്ചപ്പോൾ 26 നഗരങ്ങൾ 40 ശതമാനത്തിന് മുകളിൽ കുറവ് രേഖപ്പെടുത്തി. ശാക്തീകരിച്ച നിരീക്ഷണം, മലിനീകരണമില്ലാത്ത ഗതാഗത സംവിധാനങ്ങൾ, നഗരങ്ങളിൽ പ്രത്യേകമായുള്ള നടപടികൾ, ശാസ്ത്രീയമായ ഇടപെടലുകൾ എന്നിവ ശുദ്ധവായുവിനായുള്ള പരിശ്രമങ്ങളെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു.
 

 

ശുദ്ധവായു ലക്ഷ്യം: ആഗോളവും ദേശീയവുമായ പ്രതിബദ്ധത

മനുഷ്യൻ്റെ ആരോഗ്യത്തിനും പരിസ്ഥിതി സുസ്ഥിരതയ്ക്കും സാമ്പത്തിക ക്ഷേമത്തിനും ശുദ്ധവായു അടിസ്ഥാനപരമാണ്. നഗരവത്കരണവും സാമ്പത്തിക പ്രവർത്തനങ്ങളും വിപുലീകരിക്കുമ്പോൾ, വായു മലിനീകരണം പരിഹരിക്കുന്നത് ഒരു പ്രധാന ആഗോള മുൻഗണനയായി മാറിയിരിക്കുന്നു. ഈ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട്, ആഗോള സമൂഹം പരിസ്ഥിതി പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായി ശുദ്ധവായുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു.

ആഗോളതലത്തിൽ സെപ്റ്റംബർ 7 നീലാകാശത്തിനായുള്ള അന്താരാഷ്ട്ര ശുദ്ധവായു ദിനമായി ആചരിക്കുന്നു. വായു മലിനീകരണത്തിനെതിരായ ആഗോള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ 2019 ലാണ് ഈ ദിനം നിശ്ചയിച്ചത്. എല്ലാ തലങ്ങളിലും പൊതുജന അവബോധം വളർത്തേണ്ടതിൻ്റെയും വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യേണ്ടതിൻ്റെയും പ്രാധാന്യത്തിനാണ് ഇത് ഊന്നൽ നൽകിയത്. ആഗോള പ്രചാരണത്തെ ദേശീയ മുൻഗണനകളുമായി ബന്ധിപ്പിക്കുന്ന ശുദ്ധ വായു ദിനമായി ഇന്ത്യ ഈ ദിവസത്തെ ആചരിക്കുന്നു.

സമഗ്രവും ബഹുമുഖവുമായ ഒരു സമീപനത്തിലൂടെയാണ് കേന്ദ്ര ഗവണ്മെൻ്റ് ഈ സങ്കീർണ്ണമായ വെല്ലുവിളിയെ നേരിടുന്നത്. വായു-ഗുണനിലവാര നിരീക്ഷണം, ബഹിർഗമന നിയന്ത്രണം, നഗര കേന്ദ്രീകൃത പ്രവർത്തന പദ്ധതികൾ എന്നിവയെ ഈ സമീപനം സംയോജിപ്പിക്കുന്നു. ലക്ഷ്യാധിഷ്ഠിത പരിപാടികളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കേന്ദ്ര ഗവണ്മെൻ്റ്, സംസ്ഥാനങ്ങളെയും നഗരങ്ങളെയും പിന്തുണയ്ക്കുന്നു. ഈ നടപടികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന ഗവണ്മെൻ്റുകളും ജില്ലാ ഭരണകൂടങ്ങളും നിർണായക പങ്ക് വഹിക്കുന്നു. ഈ സംയുക്ത ശ്രമങ്ങൾ മലിനീകരണ സ്രോതസ്സുകളെ ഇല്ലാതാക്കുന്നതിനൊപ്പം സുസ്ഥിരമായ വായു-ഗുണനിലവാര കൈകാര്യത്തിനുള്ള സ്ഥാപനപരമായ ശേഷി ശക്തിപ്പെടുത്തുന്നു.

 

വായു മലിനീകരണം മനസ്സിലാക്കൽ

മനുഷ്യൻ്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്ന അളവിൽ ദോഷകരമായ വസ്തുക്കൾ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുമ്പോഴാണ് വായു മലിനീകരണം സംഭവിക്കുന്നത്. ഈ മാലിന്യങ്ങൾ വാതകങ്ങളായോ, ദ്രാവക തുള്ളികളായോ അല്ലെങ്കിൽ ഖരകണങ്ങളായോ കാണപ്പെടാം. പ്രകൃതിദത്ത പ്രക്രിയകളിൽ നിന്നും ഗതാഗതം, വ്യവസായങ്ങൾ, നിർമ്മാണ പ്രവൃത്തികൾ, കത്തിക്കൽ എന്നിവയുൾപ്പെടെയുള്ള മനുഷ്യ ചെയ്തികളിൽ നിന്നും അവ രൂപപ്പെടാം.
അവയിൽ, പ്രധാന വായു മലിനീകരണ ഘടകമെന്നത് പർട്ടിക്കുലേറ്റ് മാറ്റർ (പി.എം) ആണ്, ഇതിൽ വായുവിൽ തങ്ങിനിൽക്കുന്ന ചെറിയ ഖര അല്ലെങ്കിൽ ദ്രാവക കണികകൾ ഉൾപ്പെടുന്നു. അവയുടെ വലിപ്പം അനുസരിച്ച്, ഈ കണങ്ങളെ സാധാരണയായി പി.എം-10 എന്നും പി.എം-2.5 എന്നും തരംതിരിക്കുന്നു. പി.എം 10 എന്നാൽ 10 മൈക്രോമീറ്ററോ അതിൽ കുറവോ വ്യാസമുള്ള കണങ്ങളെയാണ് സൂചിപ്പിക്കുന്നത്. പി.എം 2.5 എന്നത് 2.5 മൈക്രോമീറ്ററോ അതിൽ കുറവോ വ്യാസമുള്ള സൂക്ഷ്മ കണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഒരു വ്യക്തതക്കായി പറഞ്ഞാൽ 
ഒരു മനുഷ്യൻ്റെ മുടിക്ക് ഏകദേശം 100 മൈക്രോമീറ്റർ വീതിയുണ്ട്, ഇത് പി.എം 2.5 നെ വളരെയധികം ചെറുതാക്കുന്നു. ഏകദേശം 40 സൂക്ഷ്മ കണികകൾ അതിൻ്റെ വീതിയിൽ ഉൾക്കൊള്ളിക്കാം. അവയുടെ ചെറിയ വലിപ്പം സൂക്ഷ്മ കണങ്ങളെ ശ്വസന വ്യവസ്ഥയിലേക്ക് കൂടുതൽ ആഴത്തിൽ തുളച്ചുകയറാൻ അനുവദിക്കുന്നു. ചില കണങ്ങൾക്ക് രക്തപ്രവാഹത്തിൽ പോലും പ്രവേശിക്കാൻ കഴിയുമെന്നത് ഇത് അവയുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ വർദ്ധിപ്പിക്കുന്നു. ഇതൊക്കെയാണ് ശുദ്ധവായുവും ആരോഗ്യകരമായ സമൂഹങ്ങളും നിലനിർത്തുന്നതിനായി സൂഷ്മകണ മലിനീകരണം നിയന്ത്രിക്കുന്നത് ഒരു പ്രധാന മുൻഗണനയാക്കുന്നത്.

വായു മലിനീകരണം ലഘൂകരിക്കുന്ന പ്രവർത്തനത്തിൽ ഇന്ത്യ

ദേശീയ വായു ഗുണനിലവാര നിരീക്ഷണ പരിപാടി (എൻ.എ.എം.പി)

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ അന്തരീക്ഷ വായു ഗുണനിലവാര നിരീക്ഷണ (എൻ.എ.എ.ക്യൂ.എം) പദ്ധതി ആരംഭിച്ചു. പിന്നീട് ഇത് എൻ.എ.എം.പി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. വായു മലിനീകരണം കൃത്യമായ ഇടവേളകളിൽ വിലയിരുത്തുക, നഗരപ്രദേശങ്ങളിലെ അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരവും അതിൻ്റെ പ്രവണതകളും നിർണ്ണയിക്കുക, ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ കണക്കാക്കുക, നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അന്തരീക്ഷ വായു ഗുണനിലവാര മാനദണ്ഡങ്ങളുടെ ലംഘനങ്ങളും ആരോഗ്യപരമായ അപകടങ്ങളും കണ്ടെത്തുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യങ്ങൾ.

 


2026 മാർച്ച് വരെ, രാജ്യത്തെ അന്തരീക്ഷ വായു ഗുണനിലവാര നിരീക്ഷണ ശൃംഖലയിൽ നിലവിൽ 28 സംസ്ഥാനങ്ങളിലെയും 7 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 603 നഗരങ്ങളിലായി മനുഷ്യർ നേരിട്ട് വിവരങ്ങൾ രേഖപ്പെടുത്തുന്ന നിലയങ്ങളും തത്സമയ സ്റ്റേഷനുകളും ഉൾപ്പെടെ 1,646 സ്റ്റേഷനുകൾ ഉൾപ്പെടുന്നു. മനുഷ്യർ നേരിട്ട് വിവരങ്ങൾ രേഖപ്പെടുത്തുന്ന നിലയങ്ങൾ ഇടയ്ക്കിടെ സാമ്പിളുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. അതേസമയം, സി.എ.എ.ക്യു.എം.എസ് വായു ഗുണനിലവാര വിവരങ്ങൾ തുടർച്ചയായി, തത്സമയം സ്വയമേവ ലഭ്യമാക്കുന്നു.

സമീർ (എസ്.എ.എം.ഇ.ഇ.ആർ) മൊബൈൽ ആപ്ലിക്കേഷനും വെബ്ബ് പോർട്ടലും 292-ലധികം നഗരങ്ങൾക്ക് തത്സമയ എ.ക്യു.ഐ വിവരങ്ങൾ നൽകുന്നു. ഇത് സുതാര്യതയും പൗര അവബോധവും വർദ്ധിപ്പിക്കുന്നു. മലിനീകരണ നിയന്ത്രണ ശ്രമങ്ങളിൽ പൊതുജന പങ്കാളിത്തം സാധ്യമാക്കുന്നതിനായി ദേശീയ ശുദ്ധവായു പദ്ധതിയിൽ (എൻ.സി.എ.പി) ഉൾപ്പെട്ടിരിക്കുന്ന എല്ലാ നഗരങ്ങളിലും പൊതുജന പരാതി പരിഹാര പോർട്ടലുകൾ സജ്ജമാക്കിയിട്ടുണ്ട്.

 

ഇന്ത്യയിലെ വായു മലിനീകരണ നിരീക്ഷണം


അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരവും വ്യാവസായിക സ്രോതസ്സുകളിൽ നിന്നുള്ള മലിനീകരണവും നിരീക്ഷിക്കുന്നതിന് ഇന്ത്യ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. തുടർച്ചയായ അന്തരീക്ഷ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം (സി.എ.എ.ക്യൂ.എം.എസ്), അന്തരീക്ഷ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം (എ.എ.ക്യു.എം.എസ്), തുടർച്ചയായ തത്സമയ ബഹിർഗമന നിരീക്ഷണ സംവിധാനം (ഓ.സി.ഇ.എം.എസ്) എന്നിവ ഉൾപ്പെട്ടതാണ് ഈ പ്രധാന സംവിധാനങ്ങൾ.
സി.എ.എ.ക്യൂ.എം.എസ് അന്തരീക്ഷ വായുവി
ൻ്റെ ഗുണനിലവാരം യാന്ത്രികമായി തത്സമയം നിരീക്ഷിക്കുന്നു. പി.എം 2.5, പി.എം 10, സൽഫർ ഡൈ ഓക്‌സൈഡ് (എസ്.ഒ 2), നൈട്രജൻ ഓക്‌സൈഡുകൾ (എൻ.ഒ), കാർബൺ മോണോക്‌സൈഡ് (സി.ഒ), ഓസോൺ (ഒ 3), അമോണിയ (എൻ.എച്ച് 3) തുടങ്ങിയ മലിനവസ്തുക്കളെ ഇത് നിരീക്ഷിച്ച് പിന്തുടരുന്നു. ഈ സംവിധാനം തുടർച്ചയായി മലിനീകരണ അളവ് രേഖപ്പെടുത്തുകയും വായുവിൻ്റെ ഗുണനിലവാര അവസ്ഥകൾ സമയബന്ധിതമായി വിലയിരുത്തുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മനുഷ്യ പ്രയത്‌നത്തിലൂടെ പ്രവർത്തിക്കുന്നതും, യന്ത്രവത്കൃതമായി സ്വയമേവ പ്രവർത്തിക്കുന്നതുമായ നിരീക്ഷണ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ഒരു നിരീക്ഷണ ചട്ടക്കൂടാണ് എ.എ.ക്യു.എം.എസ്. ദേശീയ അന്തരീക്ഷ ഗുണനിലവാര മാനദണ്ഡം (എൻ.എ.എ.ക്യു.എസ്) വ്യക്തമാക്കിയിട്ടുള്ള സൂക്ഷ്മ കണങ്ങൾ (പി.എം2.5, പി.എം10), നൈട്രജൻ ഡൈ ഓക്‌സൈഡ് (എൻ.ഒ2), സൾഫർ ഡൈ ഓക്‌സൈഡ് (എസ്.ഒ 2), കാർബൺ മോണോക്‌സൈഡ് (സി.ഒ), ഓസോൺ (ഒ3), അസ്ഥിര ജൈവ സംയുക്തങ്ങൾ (വി.ഒ.സി.എസ്), മറ്റ് മലിനീകരണ വസ്തുക്കൾ തുടങ്ങിയ നിർണായക വായു മലിനീകരണ വസ്തുക്കളെ കണ്ടെത്താനും അളക്കാനും ഇതിന് കഴിയും. കൂടാതെ താപനില, ഈർപ്പം, കാറ്റിൻ്റെ ദിശ, വേഗത, തുടങ്ങിയ നിർദ്ദിഷ്ട കാലാവസ്ഥാ മാനദണ്ഡങ്ങളും. മാനുവൽ നിരീക്ഷണത്തിൽ, വായു സാമ്പിളുകൾ 24 മണിക്കൂറിനുള്ളിൽ ശേഖരിച്ച് ലബോറട്ടറികളിൽ വിശകലനം ചെയ്യുന്നു. ഇത് മലിനീകരണ സാന്ദ്രതയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുകയും വായുവിൻ്റെ ഗുണനിലവാരം ദീർഘകാലമായി വിലയിരുത്തുന്നതിന് പിന്തുണയേകുകയും ചെയ്യുന്നു. 
വ്യാവസായിക സ്രോതസ്സുകളിൽ നിന്നുള്ള  ബഹിർഗമനം നേരിട്ട്  തുടർച്ചയായി നിരീക്ഷിക്കുന്ന ഓൺലൈൻ  നിരീക്ഷണ സംവിധാനങ്ങളാണ് ഒ.സി.ഇ.എം.എം.എസ്. ഉയർന്ന മലിനീകരണമുണ്ടാക്കുന്ന 17 വിഭാഗങ്ങൾ പോലുള്ള വ്യാവസായിക സൗകര്യങ്ങളിലാണ് ഈ സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഡൽഹി-ദേശീയ തലസ്ഥാന മേഖലയിൽ 17 വിഭാഗങ്ങളിലുള്ള  മലിനീകരണ വ്യവസായങ്ങൾക്ക് പുറമേ, ഇടത്തരം, ബൃഹത്തായ ചുവപ്പ് വിഭാഗത്തിലുള്ള മലിനീകരണ വ്യവസായങ്ങൾ, ഭക്ഷ്യ-ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങൾ, ലോഹ യൂണിറ്റുകൾ എന്നിവ ഒ.സി.ഇ.എം.എം.എസ്.സ്ഥാപിക്കേണ്ടത് നിർബന്ധമാക്കി. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി, അവർ നിരീക്ഷണ വിവരങ്ങൾ നിരന്തരമായി നിയന്ത്രണാധികാരികൾക്ക് സി.പി.സി.ബി സെർവറിലേക്കായി കൈമാറുന്നു. വ്യാവസായിക ബഹിർഗമനങ്ങളും മലിനജല പുറന്തള്ളലുകളും നിർദ്ദിഷ്ട പാരിസ്ഥിതിക മാനദണ്ഡങ്ങൾക്കുള്ളിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

 

വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ)


പൗരന്മാർക്ക് വായുവിൻ്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള ഒരു ലളിതമായ ഉപാധിയാണ് എ.ക്യു.ഐ. മലിനീകരണ സാന്ദ്രതയും അവയുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളും അടിസ്ഥാനമാക്കി, വായുവിൻ്റെ ഗുണനിലവാരത്തെ നല്ലത് മുതൽ ഗുരുതരം വരെ 6 വിഭാഗങ്ങളായി ഇത് തരംതിരിക്കുന്നു. പി.എം10, പി.എം 2.5, എൻ.ഒ 2, എസ്.ഒ 2, സി.ഒ, ഒ 3, എൻ.എച്ച് 3, പി.ബി എന്നീ എട്ട് മലിനീകരണ വസ്തുക്കൾ ഉപയോഗിച്ചാണ് എ.ക്യു.ഐ കണക്കാക്കുന്നത്, ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന മലിനീകരണ ഘടകമാണ് മൊത്തത്തിലുള്ള എ.ക്യു.ഐ നിർണ്ണയിക്കുന്നത്.
 

എ,ക്യു.ഐ വിഭാഗം

 

 

എ.ക്യു.ഐ

നല്ലത്

0-50

തൃപ്തികരം

51-100

ഇടത്തരം

101-200

മോശം

201-300

വളരെ മോശം

301-400

ഗുരുതരം

401-500

 


ദേശീയ ശുദ്ധവായു പദ്ധതി (എൻ.സി.എ.പി)

നഗരപ്രദേശങ്ങളിലെ വായു മലിനീകരണം ദൗത്യ രൂപത്തിൽ പരിഹരിക്കുന്നതിനായി, 2019 ൽ രാജ്യത്തുടനീളം 130 നഗരങ്ങളിൽ കേന്ദ്ര ഗവണ്മെൻ്റ് എൻ.സി.എ.പി ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളുടെയും നഗര തദ്ദേശ സ്ഥാപനങ്ങളുടെയും (യു.എൽ.ബി) മറ്റ് പങ്കാളികളുടെയും സംയോജിത ശ്രമങ്ങൾ ഉൾപ്പെടുന്ന ഒരു ബഹുമുഖ സംരംഭമാണിത്.
നഗര, സംസ്ഥാന, ദേശീയ തലങ്ങളിലെ ശുദ്ധവായു പ്രവർത്തന പദ്ധതികളിലൂടെ ഉറവിട കേന്ദ്രീകൃത ലഘൂകരണ നടപടികൾക്ക് എൻ.സി.എ.പി ഊന്നൽ നൽകുന്നു. കൂടാതെ കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളിൽ രൂപീകരിച്ച വിവിധ കമ്മിറ്റികളാണ് ഇത് നിരീക്ഷിക്കുന്നത്.

 


 

എൻ.സി.എ.പിയുടെ പ്രധാന നേട്ടം

  • എൻ.സി.എ.പിയുടെ കീഴിൽ, 24 സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും 130 നഗരങ്ങളും ഹ്രസ്വകാല, ദീർഘകാല മേഖലാ നടപടികളിലൂടെ പ്രധാന മലിനീകരണ സ്രോതസ്സുകളെ ലക്ഷ്യം വച്ചുള്ള സംസ്ഥാന, നഗര-കേന്ദ്രീകൃത ശുദ്ധവായു പ്രവർത്തന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
  • മലിനീകരണ ലഘൂകരണ നടപടികളെ പിന്തുണയ്ക്കുന്നതിനായി വായു ഗുണനിലവാര പ്രകടനവുമായി ബന്ധപ്പെട്ട ധനസഹായങ്ങൾ വഴി 2019-20 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെ 130 നഗരങ്ങൾക്ക് 16,423.55 കോടി രൂപ അനുവദിച്ചു. ഇതുവരെ, നഗരങ്ങൾ ധനസഹായത്തിൻ്റെ 11,575.54 കോടി  രൂപ (70.5 ശതമാനം) വിനിയോഗിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  • 2025-26 സാമ്പത്തിക വർഷത്തിൽ, 2017-18 നെ അപേക്ഷിച്ച് 108 നഗരങ്ങൾ വാർഷിക പി.എം 10 സാന്ദ്രത കുറച്ചു, 72 നഗരങ്ങൾ 20 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി. 26 നഗരങ്ങൾ 40 ശതമാനത്തിൽ കൂടുതൽ കുറവ് രേഖപ്പെടുത്തി, 14 എണ്ണം ദേശീയ അന്തരീക്ഷ ഗുണനിലവാര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നു.

 

ശുദ്ധവായു പുരോഗതിയുടെ ഡിജിറ്റൽ നിരീക്ഷണം

നേട്ടങ്ങൾ കൈവരിക്കാത്ത നഗരങ്ങളിലെ വായു മലിനീകരണ നിയന്ത്രണത്തിനായുള്ള ''പ്രാണ'' പോർട്ടൽ, ദേശീയ ശുദ്ധവായു പദ്ധതിയുടെ (എൻ.സി.എ.പി) നടത്തിപ്പ് കൈകാര്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഒരു പോർട്ടലാണ്. നഗര വായു പ്രവർത്തന പദ്ധതി നടപ്പിലാക്കലിൻ്റെ ഭൗതികവും സാമ്പത്തികവുമായ സ്ഥിതി നിരീക്ഷിക്കുന്നതിന് ഇത് പിന്തുണ നൽകുകയും എൻ.സി.എ.പിയുടെ കീഴിലുള്ള വായു ഗുണനിലവാര കൈകാര്യ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കുകയും ചെയ്യുന്നു. വിവിധ പങ്കാളികളുടെ എൻ.സി.എ.പിയുടെ കീഴിലുള്ള വിവിധ പ്രവർത്തനങ്ങളും അവയുടെ പുരോഗതിയും സംബന്ധിച്ച വിവരങ്ങൾ ഈ പോർട്ടലിൽ ലഭ്യമാണ്. ഇത് ഭാവിയിൽ നയപരമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും

പോർട്ടൽ ലഭ്യമാകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സ്വച്ഛ് വായു സർവേക്ഷൺ


എൻ.സി.എ.പിയുടെ കീഴിലുള്ള 130 നഗരങ്ങളുടെ വാർഷിക വിലയിരുത്തലാണ് സ്വച്ഛ് വായു സർവേക്ഷൺ (ശുദ്ധവായു വിലയിരുത്തൽ). 2022-23 ൽ ആരംഭിച്ച ഇത് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ ഒരു സംരംഭമാണ്. പ്രധാന മലിനീകരണ സ്രോതസ്സുകളെ അഭിസംബോധന ചെയ്യുന്നതിനുള്ള നടപടികളും നഗര-കേന്ദ്രീകൃത ശുദ്ധ വായു പ്രവർത്തന പദ്ധതികളുടെ നടത്തിപ്പും വിലയിരുത്തലിൽ ഉൾപ്പെടുന്നു. വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി നഗരങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം, നൂതനത്വം, ത്വരിത പ്രവർത്തനം എന്നിവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു.

 

സ്വച്ഛ് വായു സർവേക്ഷൺ 2025 ലെ ചാമ്പ്യന്മാർ

ഈ മൂന്ന് വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവച്ച 11 നഗരങ്ങളെ 2025 ലെ സർവേക്ഷൺ അംഗീകരിച്ചു. 10 ലക്ഷമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള 47 നഗരങ്ങളെ ഒന്നാം വിഭാഗത്തിൽ ഉൾക്കൊള്ളുന്നു. 3 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള 44 നഗരങ്ങളെയാണ് രണ്ടാം വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള 40 നഗരങ്ങളാണ് മൂന്നാം വിഭാഗത്തിൽ ഉള്ളത് ഒന്നാം വിഭാഗത്തിൽ ഇൻഡോറും രണ്ടാം വിഭാഗത്തിൽ അമരാവതിയും മൂന്നാം വിഭാഗത്തിൽ  ദേവാസും ഒന്നാം സ്ഥാനം നേടി.

 

സ്വച്ഛ് വായു സർവേക്ഷൺ 2026 ചാമ്പ്യൻമാർ

താഴെത്തട്ടിൽ നിന്നുള്ള സമീപനം ഉറപ്പാക്കുന്നതിലും അടിസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ തിരിച്ചറിയുന്നതിലും വാർഡ് തല സ്വച്ഛ് വായു സർവേക്ഷൻ ഒരു പടി മുന്നിലാണ്. രാജ്യത്തുടനീളമുള്ള 7,400-ലധികം വാർഡുകളിൽ വാർഡ് തല സ്വച്ഛ് വായു സർവേക്ഷൺ നടത്തി. 

2026 ലെ സർവേക്ഷൺ ഈ മൂന്ന് വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവച്ച 10 നഗരങ്ങളെ അംഗീകരിച്ചു. ഒന്നാം വിഭാഗത്തിൽ ലഖ്നൗവും, രണ്ടാം വിഭാഗത്തിൽ റൂർക്കേലയും, മൂന്നാം വിഭാഗത്തിൽ കലിംഗനഗറും ഒന്നാം സ്ഥാനങ്ങളിലെത്തി.

ദേശീയ തലത്തിൽ മൂന്ന് വിഭാഗങ്ങളിലായി 10 വാർഡുകൾക്കാണ് അവാർഡ് നൽകിയത്; ജനസംഖ്യ 30,000 ത്തിൽ കൂടുതലുള്ളവ ഒന്നാം വിഭാഗത്തിലും, ജനസംഖ്യ പതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടയിലുള്ളത് രണ്ടാം വിഭാഗത്തിലും, ജനസംഖ്യ പതിനായിരത്തിൽ കുറവുള്ളത് മൂന്നാം വിഭാഗത്തിലും ഉൾപ്പെടുന്നു.


ഒന്നാം വിഭാഗത്തിൽ ലഖ്നൗവിലെ വാർഡ് 70, രണ്ടാം വിഭാഗത്തിൽ ഭുവനേശ്വറിലെ 30, 36 വാർഡുകൾ, മൂന്നാം വിഭാഗത്തിൽ റൂർക്കലയിലെ വാർഡ് 13 എന്നിവ ഒന്നാം സ്ഥാനങ്ങളിലെത്തി. കൂടാതെ, 23 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 3 വാർഡുകൾ വീതം ആകെ 69 വാർഡുകൾക്ക് പുരസ്‌കാരം ലഭിച്ചു.

വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് മേഖലാടിസ്ഥാനത്തിലുള്ള പ്രധാന ലഘൂകരണ നടപടികൾ

വാഹന ബഹിർഗമനം

  • 2020 ഏപ്രിൽ മുതൽ രാജ്യത്തുടനീളം ബി.എസ് 6 അനുസൃത വാഹനങ്ങൾ അവതരിപ്പിച്ചു.
  • കേന്ദ ഭവന, നഗരകാര്യ മന്ത്രാലയത്തിൻ്റെ പി.എം ഇ-ഡ്രൈവ് പദ്ധതിയിലൂടെയും പി.എം ഇ-ബസ് സേവയിലൂടെയും ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം.
  • വൈദ്യുതി മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇ-വാഹനങ്ങൾക്ക് ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കൽ.
  • നഗര കർമ്മ പദ്ധതികളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കലും വാഹന ഗതാഗതത്തിൽ നിന്നുള്ള മലിനീകരണം പരിഹരിക്കുന്നതിനുള്ള ജംഗ്ഷൻ മെച്ചപ്പെടുത്തൽ നടപടികളും ഉൾപ്പെടുന്നു.
  • വാഹന സ്‌ക്രാപ്പിംഗ് നയം നടപ്പിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതിനായി അംഗീകൃത വാഹന പൊളിക്കൽ സൗകര്യം (ആർ.വി.എസ്.എഫ്), യാന്ത്രിക വാഹന പരിശോധനാ സംവിധാനം (എ.ടി.എസ്) എന്നിവ സ്ഥാപിക്കുന്നതിനുള്ള വിജ്ഞാപനങ്ങൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എം.ഒ.ആർ.ടി.എച്ച്) പുറപ്പെടുവിച്ചു.
  • കേന്ദ്ര  റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം മലിനീകരണ നിയന്ത്രണ (പി.യു.സി) സർട്ടിഫിക്കറ്റ് സംവിധാന പദ്ധതി മെച്ചപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യുന്നു.
  • ഗതാഗത വായുമലിനീകരണവും ശൃംഖലാതല ബഹിർഗമനവും കുറയ്ക്കുന്നതിനായി വാഹന ആസ്തികളുടെ ത്വരിതപ്പെടുത്തിയ പുതുക്കലിനും പ്രോത്സാഹനത്തിനുമുള്ള പരിപാടി (പരിവർത്തൻ) പദ്ധതി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ആരംഭിച്ചു. ബി.എസ് -4 വാഹനങ്ങൾക്കും  പഴയ ട്രക്കുകൾക്കും ബസുകൾക്കും പകരം ബി.എസ്-6, സി.എൻ.ജി അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) എന്നിവ ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നൽകി ദേശീയ തലസ്ഥാന മേഖലയിലെ വാഹന മലിനീകരണം കുറയ്ക്കാൻ ഈ സമയ ബന്ധിത വാഹനവ്യൂഹ നവീകരണ പദ്ധതി ലക്ഷ്യമിട്ടു.
  • ഡൽഹി-ദേശീയ തലസ്ഥാന മേഖലയിൽ പൊതുഗതാഗത സേവനങ്ങൾ, പ്രത്യേകിച്ച് ദേശീയ തലസ്ഥാന മേഖലയിലെ ബസുകൾ, കൂടുതൽ വൃത്തിയുള്ള രീതികളിലേക്ക് മാറ്റുന്നതിനായി ഡൽഹി എൻ.സി.ടി ഗവണ്മെൻ്റിനും ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാന ഗവണ്മെൻ്റുകൾക്കും സി.എ.ക്യു.എം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുഗതാഗതത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും 2026 നവംബർ ഒന്നു മുതൽ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ ബി.എസ്-വി.ഐ/സിഎൻജി/ഇ.വി പൊതുഗതാഗത ബസുകൾ മാത്രം ഡൽഹിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാനും സി.എ.ക്യു.എം സംസ്ഥാന ഗവണ്മെൻ്റുകളോട് നിർദ്ദേശിച്ചു.
  • ഡൽഹി-ദേശീയ തലസ്ഥാന മേഖലയിൽ, മോട്ടോർ വാഹന അഗ്രഗേറ്റർമാർ, വിതരണ സേവന ദാതാക്കൾ, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ എന്നിവ നൽകുന്ന സേവനങ്ങളിൽ ശുചിത്വമാർന്ന യാത്രാ സൗകര്യം വേഗത്തിലാക്കുന്നത് സംബന്ധിച്ച് സി.എ.ക്യു.എം ഡൽഹി എൻ.സി.ടി ഗവണ്മെൻ്റിനും ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാന ഗവണ്മെൻ്റുകൾക്കും നിർദ്ദേശം നൽകി.
  • ഡൽഹി-ദേശീയ തലസ്ഥാന മേഖലയിൽ ഡൽഹിയിൽ എൽ-5 വിഭാഗത്തിൽപ്പെട്ട (യാത്രാ-ചരക്ക്) ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ മാത്രമേ നിർബന്ധമായും ഉൾപ്പെടുത്താവൂ. തുടർന്ന് എൻ.സി.ആറിലെ ഉയർന്ന സാന്ദ്രതയുള്ള ജില്ലകളായ ഗുരുഗ്രാം, ഫരീദാബാദ്, സോണിപത്ത്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ, എൻ.സി.ആറിലെ മറ്റ് എല്ലാ ജില്ലകളിലും ക്രമാനുഗതമായി വൈദ്യുത മുച്ചക്ര വാഹനങ്ങൾ മാത്രമേ ഉൾപ്പെടുത്താവൂ.


വ്യാവസായിക ബഹിർഗമനം

  • വ്യാവസായിക മേഖലകൾക്കുള്ള പാരിസ്ഥിതിക മാനദണ്ഡങ്ങൾ കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. പ്രത്യേക മാനദണ്ഡങ്ങളില്ലാത്ത വ്യവസായങ്ങൾ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പ്രകാരം ബാധകമായ പൊതു മാനദണ്ഡങ്ങൾ പാലിക്കണം.
  • മലിനീകരണ സാധ്യതയെ അടിസ്ഥാനമാക്കി സി.പി.സി.ബി 419 വ്യാവസായിക മേഖലകളെയും ഉപമേഖലകളെയും തരംതിരിച്ചു. ഇതിൽ 125 എണ്ണം ചുവപ്പ്, 137 ഓറഞ്ച്, 94 പച്ച, 54 വെള്ള, 9 നീല എന്നീ വിഭാഗങ്ങളാണ്.
  • ഡൽഹി-ദേശീയ തലസ്ഥാന മേഖലയിൽ വ്യാവസായിക ബഹിർഗമനം കുറയ്ക്കുന്നതിന്, വ്യവസായങ്ങൾക്കുള്ള അംഗീകൃത ഇന്ധനങ്ങളുടെ ഒരു മാനകീകരിച്ച പട്ടിക സി.എ.ക്യു.എം പുറത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ വ്യവസായങ്ങളും  തുടർച്ചയായ  ഓൺലൈൻ ബഹിർഗമന നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുകയും സി.പി.സി.ബി സെർവറുകളുമായുള്ള ബന്ധം ഉറപ്പാക്കുകയും വേണം.
  • ഉയർന്ന മലിനീകരണമുണ്ടാക്കുന്ന 17 വ്യവസായ വിഭാഗങ്ങളോട് തുടർച്ചയായ ഓൺലൈൻ ബഹിർഗമന നിരീക്ഷണ സംവിധാനങ്ങൾ (ഒ.സി.ഇ.എം.എസ് ) സ്ഥാപിക്കാൻ സി.പി.സി.ബി നിർദ്ദേശിച്ചു.
  • മലിനീകരണമുണ്ടാക്കുന്ന വൻകിട വ്യവസായങ്ങൾക്കായി 50 എം.ജി /എൻ.എം³ എന്ന പുതുക്കിയ സൂക്ഷ്മ കണ ബഹിർഗമന മാനദണ്ഡങ്ങൾ സി.എ.ക്യൂ.എം കർശനമാക്കുകയും പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇത് 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. തിരിച്ചറിഞ്ഞ വ്യവസായ യൂണിറ്റുകളിലെല്ലാം അതനുസരിച്ച് വായുമലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിച്ചുവരികയാണ്.

 

 

  • വ്യാവസായിക സ്ഥാപനങ്ങളുള്ള, അനുയോജ്യമല്ലാത്ത പ്രദേശങ്ങളിൽ കർശനമായ നിരീക്ഷണ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
  • സി.ഇ.പി.ഐ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണം വ്യാവസായിക ക്ലസ്റ്ററുകളെ ഗുരുതരമായ മലിനീകരണ പ്രദേശങ്ങൾ (സി.പി.എ) അല്ലെങ്കിൽ അതി ഗുരുതരമായ മലിനീകരണ പ്രദേശങ്ങൾ (എസ്.പി.എ) എന്നിങ്ങനെ തരംതിരിക്കുന്നതിന് പ്രാപ്തമാക്കുന്നു. മലിനീകരണ ഭാരം കുറയ്ക്കുന്നതിനും പാരിസ്ഥിതിക ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ മേഖലകൾക്കായി പ്രവർത്തന പദ്ധതികൾ നിർബന്ധമാക്കിയിട്ടുണ്ട്.
  • 2022ൽ, ഡീസൽ, ഗ്യാസോലിൻ അല്ലെങ്കിൽ ഡ്യുവൽ ഇന്ധന മോഡിൽ പ്രവർത്തിക്കുന്ന 800 കിലോ വാട്ട് വരെയുള്ള പവർ ജനറേറ്ററുകൾക്ക് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കർശനമായ ബഹിർഗമന മാനദണ്ഡങ്ങൾ (സി.പി.സി.ബി.-4 ൽ കൂടുതൽ) പ്രഖ്യാപിച്ചു.


റോഡ് പൊടിപടലവും നിർമ്മാണവും

  • നിർമ്മാണ, പൊളിക്കൽ (സി & ഡി) മാലിന്യങ്ങളുടെ പരിസ്ഥിതി സൗഹൃദ കൈകാര്യത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും നിർമ്മാണ വസ്തുക്കളിൽ നിന്നും നിർമ്മാണ പൊളിക്കൽ മാലിന്യങ്ങളിൽ നിന്നുമുള്ള പൊടി നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സി.പി.സി.ബി പ്രസിദ്ധീകരിച്ചു.

 

 

  • 20,000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള നിർമ്മാണ സ്ഥലങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും (എസ്.പി.സി.ബികൾ) മലിനീകരണ നിയന്ത്രണ സമിതികളും (പി.സി.സികൾ) ആൻ്റി-സ്‌മോഗ് തോക്കും മതിയായ പൊടി നിയന്ത്രണ നടപടികളും വിന്യസിക്കണം. സി & ഡി പദ്ധതികളിൽ ൻ്റി-സ്‌മോഗ് തോക്കുകൾ ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സി.പി.സി.ബി പുറപ്പെടുവിച്ചു.
  • എൻ.സി.ആറിലെ പൊടി നിയന്ത്രണ നടപടികൾ നിരീക്ഷിക്കുന്നതിനും ഫലപ്രദമായി നടപ്പിലാക്കുന്നതിനുമായി റോഡ് ഉടമസ്ഥത/പരിപാലന/നിർമ്മാണ ഏജൻസികൾ ഒരു 'പൊടി നിയന്ത്രണ, കൈകാര്യ സമിതി' (ഡി.സി.എം.സി) സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സി.എ.ക്യു.എമ്മിൻ്റെ പതിവ് അവലോകനങ്ങൾക്കൊപ്പം എൻ.സി.ആറിലുടനീളം 70 പൊടി നിയന്ത്രണ, കൈകാര്യ സമിതികൾ (ഡി.സി.എം.സി) രൂപീകരിച്ചിട്ടുണ്ട്.
  • ഡൽഹി എൻ.സി.ആറിലെ 500 ചതുരശ്ര മീറ്റർ സ്ഥലവിസ്തൃതിയുള്ള നിർമ്മാണ സ്ഥലങ്ങളിലെ പൊടി ലഘൂകരണ നടപടികൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി ഓൺലൈൻ നിരീക്ഷണ സംവിധാനം (വെബ് പോർട്ടൽ വഴി) അവതരിപ്പിച്ചു.
  • റോഡ് പൊടി നിയന്ത്രിക്കുന്നതിനായി റോഡുകളുടെ പുനർവികസനം, മതിയായ യന്ത്രവൽകൃത റോഡ് അടിച്ചുവാരൽ യന്ത്രങ്ങൾ (എം.ആർ.എസ്.എം) എന്നിവയും ഡൽഹി -എൻ.സി.ആറിലെ നിർമ്മാണ, പൊളിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തലും.

 

 

നിർമ്മാണ, പൊളിക്കൽ മാലിന്യങ്ങൾ

ഇന്ത്യൻ നഗരങ്ങളിലെ സൂക്ഷ്മ കണ മലിനീകരണത്തിന് നിർമ്മാണ പ്രവൃത്തികളും റോഡ് പൊടിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദേശീയ ശുദ്ധവായു പദ്ധതിക്ക് കീഴിൽ (എൻ.സി.എ.പി) നടത്തിയ ഉറവിട മാലിന്യ സ്രോതസ്സ് പഠനങ്ങൾ പ്രകാരം, മിക്ക നഗരങ്ങളിലും ഇത്  പി.എം10 ൻ്റെ ഏകദേശം 40-50 ശതമാനം വരെ ഉൾക്കൊള്ളുന്നു. 
നഗര ശുദ്ധവായു പ്രവർത്തന പദ്ധതികൾക്കു കീഴിൽ  നഗരങ്ങൾ റോഡ് മെച്ചപ്പെടുത്തലിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും മുൻഗണന നൽകുന്നു. പൊടി കുറയ്ക്കുന്നതിനും നഗരത്തിലെ വായുവി
ൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ജംഗ്ഷൻ മെച്ചപ്പെടുത്തലുകളും തുറസ്സായ സ്ഥലങ്ങളുടെ ഹരിതവൽക്കരണം എന്നിവയും നടപടികളിൽ ഉൾപ്പെടുന്നു.

 


തുറസ്സായ സ്ഥലത്ത് മാലിന്യങ്ങൾ കത്തിക്കൽ

  • ഖരമാലിന്യങ്ങളുടെ നിർവ്വഹണം (2016, 2026ൽ പരിഷ്‌കരിച്ചു), പ്ലാസ്റ്റിക് മാലിന്യങ്ങൾ (2016,  2022ൽ ഭേദഗതി ചെയ്തു), അപകടകരമായ മാലിന്യങ്ങൾ (2016), ഇ-മാലിന്യം (2022), ബാറ്ററി മാലിന്യങ്ങൾ (2022), ബയോമെഡിക്കൽ മാലിന്യ കൈകാര്യ നിയമങ്ങൾ (2016).
  • പ്ലാസ്റ്റിക് പാക്കേജിംഗ്, ഇ-മാലിന്യം, ബാറ്ററികൾ, ടയറുകൾ, ഉപയോഗിച്ച എണ്ണ എന്നിവയ്ക്കായി വിപണി അധിഷ്ഠിത വിപുലീകൃത ഉൽപാദക ഉത്തരവാദിത്തം (ഇ.പി.ആർ) നിർബന്ധമാക്കുന്നു. ഇത് പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയും, മാലിന്യക്കൂമ്പാരങ്ങളുണ്ടാക്കുന്ന അമിത സമ്മർദ്ദം കുറയ്ക്കുകയും, അനൗപചാരിക മാലിന്യ സംസ്‌കരണത്തിൽ നിന്നുള്ള ബഹിർഗമനം തടയുകയും ചെയ്യുന്നു.
  • പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന ബഹിർഗമനം തടയുന്നതിനും വേണ്ടി, പ്ലാസ്റ്റിക് ഭക്ഷ്യോപകരണങ്ങൾ, സ്‌ട്രോ, തെർമോക്കോൾ അലങ്കാരങ്ങൾ തുടങ്ങിയ ഉപയോഗക്ഷമത കുറഞ്ഞതും മാലിന്യം നിക്ഷേപിക്കാൻ സാധ്യതയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്നതുമായ 12 പ്ലാസ്റ്റിക് (എസ്.യു.പി) ഇനങ്ങൾക്കുള്ള നിരോധനം 2022 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു.


വിള അവശിഷ്ടങ്ങളും ജൈവവസ്തുക്കൾ കത്തിക്കലും

  • ഒറ്റത്തവണ സാമ്പത്തിക സഹായത്തിലൂടെ സി.പി.സി.ബി നെൽവൈക്കോൽ പെല്ലറ്റൈസേഷൻ (ചെറിയ ഗുളിക രൂപത്തിലാക്കൽ), ടോറഫാക്ഷൻ (ഉയർന്ന താപനിലയിൽ വറുത്തെടുക്കൽ) എന്നിവയ്ക്കായുള്ള പ്ലാൻ്റുകളെ പിന്തുണക്കുന്നു.

 

 

  • ഡൽഹിയുടെ 300 കിലോമീറ്റർ ചുറ്റളവിലുള്ള താപവൈദ്യുത നിലയങ്ങളിലും, ദേശീയ തലസ്ഥാന മേഖലയിലെ സ്വകാര്യ ആവശ്യങ്ങൾക്കായുള്ള പവർ പ്ലാൻ്റുകളിലും, ചുടുകട്ട നിർമ്മാണ ചൂളകളിലും  5 മുതൽ 10 ശതമാനം വരെ ജൈവവസ്തുക്കളുടെ സഹജ്വലനം നടത്താൻ സി.എ.ക്യു.എം നിർദ്ദേശിച്ചിട്ടുണ്ട്. ഈ നടപടികൾ വിള അവശിഷ്ടങ്ങളുടെ ബദൽ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും തുറന്ന സ്ഥലത്ത് കത്തിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
  • എൻ.സി.ആർ സംസ്ഥാനങ്ങളിൽ നെല്ല് വൈക്കോൽ അടിസ്ഥാനമാക്കിയുള്ള പെല്ലറ്റൈസേഷൻ (ചെറിയ ഗുളിക രൂപത്തിലാക്കൽ), ടോറഫാക്ഷൻ (ഉയർന്ന താപനിലയിൽ വറുത്തെടുക്കൽ) എന്നിവയ്ക്കായുള്ള പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് സി.പി.സി.ബി സാമ്പത്തിക സഹായം നൽകുന്നു. പഞ്ചാബിലെ 27 പ്ലാൻ്റുകളും ഹരിയാനയിലെ 7 പ്ലാൻ്റുകളും ഉൾപ്പെടെ 34 പ്ലാൻ്റുകൾക്കായി 37.16 കോടി രൂപ അനുവദിച്ചു.
  • 2018-19 മുതൽ 2025-26 വരെയുള്ള കാലയളവിൽ വിള അവശിഷ്ട പരിപാലന സംരംഭങ്ങൾക്കായി കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം 4,233.84 കോടി രൂപ അനുവദിച്ചു. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹിയിലെ എൻ.സി.ടി എന്നിവിടങ്ങളിൽ 43,535 ലധികം കാർഷിക യന്ത്ര വാടക വിതരണ കേന്ദ്രങ്ങൾ (സി.എച്ച്.സി) സ്ഥാപിക്കുകയും 3.53 ലക്ഷത്തിലധികം വിള അവശിഷ്ട കൈകാര്യയന്ത്രങ്ങൾ കർഷകർക്കായി വിതരണം ചെയ്യുകയും ചെയ്തു.

 

 

  • ഒന്നിലധികം പങ്കാളികളുടെ സംയുക്ത പരിശ്രമം പ്രോത്സാഹനാർഹമായ ഫലങ്ങൾ നൽകി. തുടർച്ചയായ ശ്രമങ്ങളുടെ ഫലമായി, 2021 നെ അപേക്ഷിച്ച് 2025 ൽ പഞ്ചാബിൽ വൈക്കോൽ കത്തിക്കൽ കേസുകളുടെ എണ്ണം 93 ശതമനവും ഹരിയാനയിൽ 91 ശതമാനവും കുറഞ്ഞു.


വനവൽക്കരണവും പച്ചപ്പും

  • വനത്തിൻ്റെ ഗുണനിലവാരം, ആവാസവ്യവസ്ഥാപരമായ അതിജീവന ശേഷി, കാർബൺ വേർതിരിക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിൽ ഹരിത ഇന്ത്യ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2026 മാർച്ച് വരെ സംസ്ഥാനങ്ങൾക്ക് 1,019.26 കോടി രൂപ അനുവദിച്ചു.
  • നഷ്ടപരിഹാര വനവൽക്കരണ നിധി കൈകാര്യ ആസൂത്രണ അതോറിറ്റി (സി.എ.എം.പി.എ) വന പുനഃസ്ഥാപനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും പിന്തുണയ്ക്കുന്നു. 2020-21 സാമ്പത്തിക വർഷത്തിനും 2024-25 സാമ്പത്തിക വർഷത്തിനും ഇടയിൽ 3.20 ലക്ഷം ഹെക്ടറിലധികം നഷ്ടപരിഹാര വനവൽക്കരണം ഏറ്റെടുത്തു.
  • 2020 ൽ ആരംഭിച്ച നഗര വന യോജന, 2026-27 ഓടെ 1,000 നഗര വനങ്ങളും ഉദ്യാനങ്ങളും വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2026 മാർച്ച് 31 വരെ, 626 നഗര വനങ്ങൾ /ഉദ്യാനങ്ങൾ വികസിപ്പിക്കുന്നതിനായി 557.62 കോടി രൂപ അനുവദിച്ചു.
  • ആരവല്ലി ഹരിത മതിൽ സംരംഭം രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലായി 6.31 ദശലക്ഷം ഹെക്ടർ ഭൂമി പുനരുദ്ധാരണം ലക്ഷ്യമിടുന്നു. 393.24 ലക്ഷം തൈകൾ ഉത്പാദിപ്പിക്കാൻ ആകെ ശേഷിയുള്ള 435 നഴ്‌സറികൾ ഇത് സ്ഥാപിച്ചു. 2025 ൽ ഏകദേശം 36,025 ഹെക്ടർ ഭൂമി പുനഃസ്ഥാപിച്ചു.
  • അമ്മയുടെ പേരിൽ ഒരു മരം (ഏക് പെദ് മാ കേ നാം) എന്ന കാമ്പയിൻ ഒരു പ്രധാന ജനകീയ പരിസ്ഥിതി പ്രസ്ഥാനമായി മാറി. 2025 ഡിസംബറോടെ 262.4 കോടി തൈകൾ നട്ടുപിടിപ്പിച്ചു.


ഇന്ത്യയുടെ ശുദ്ധവായു ലക്ഷ്യങ്ങളെ നയിക്കുന്ന സ്ഥാപനങ്ങൾ

വായു മലിനീകരണം പരിഹരിക്കുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ്  ഒരു ബഹുതല സ്ഥാപന ചട്ടക്കൂട് സ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണം, നിരീക്ഷണം, നടപ്പാക്കൽ, ശാസ്ത്രീയ വിലയിരുത്തൽ, ഏകോപിത നടപടികൾ എന്നിവയ്ക്കായി ദേശീയ നിയന്ത്രണ ഏജൻസികൾ, സംസ്ഥാന ഏജൻസികൾ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സവിശേഷ സ്ഥാപനങ്ങൾ എന്നിവയെ ഇത് ഒരുമിച്ച് കൊണ്ടുവരുന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി)

1974 ലെ ജല (മലിനീകരണ പ്രതിരോധവും നിയന്ത്രണവും) നിയമപ്രകാരം സ്ഥാപിതമായ ഒരു നിയമാനുസൃത സ്ഥാപനമാണ് സി.പി.സി.ബി. കൂടാതെ 1981 ലെ വായു (മലിനീകരണ പ്രതിരോധവും നിയന്ത്രണവും) നിയമപ്രകാരം അധികാരങ്ങളും പ്രവർത്തനങ്ങളും നിക്ഷിപ്തമാണ്. കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് സാങ്കേതിക സേവനങ്ങൾ  നൽകുന്നതിനൊപ്പം വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ വായു മലിനീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനും ഇത് പ്രവർത്തിക്കുന്നു.

വായു ഗുണ നിലവാര കൈകാര്യ കമ്മീഷൻ (സി.എ.ക്യൂ.എം)

ദേശീയ തലസ്ഥാന പ്രദേശവും സമീപ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന അന്തരീക്ഷ മണ്ഡലത്തിലെ വായു മലിനീകരണം ഏകോപിതമായി കൈകാര്യം ചെയ്യുന്നതിനായി, ഗവണ്മെൻ്റ്  2021-ൽ 'കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെൻ്റ് ഇൻ നാഷണൽ ക്യാപിറ്റൽ റീജിയൻ ആൻഡ് അഡ്‌ജോയിനിംഗ് ഏരിയാസ് ആക്റ്റ്' പാസാക്കുകയും, ഒരു പ്രത്യേക നിയമപരമായ സമിതിയായി സി.എ.ക്യു.എം രൂപീകരിക്കുകയും ചെയ്തു. എൻ.സി.ആറിൽ ഉടനീളം ഘട്ടം ഘട്ടമായുള്ള പ്രതികരണാത്മക കർമ്മ പദ്ധതി (ജി.ആർ.എ.പി) നടപ്പിലാക്കലും ഇത് ഏകോപിപ്പിക്കുന്നു.

 

 

ഘട്ടം ഘട്ടമായുള്ള പ്രതികരണാത്മക കർമ്മ പദ്ധതി (ജി.ആർ.എ.പി)

ദേശീയ തലസ്ഥാന മേഖലയിലെ രൂക്ഷമാകുന്ന വായുവിൻ്റെ ഗുണനിലവാരം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു അടിയന്തര പ്രതികരണ ചട്ടക്കൂടാണ് ജി.ആർ.എ.പി. മലിനീകരണത്തിൻ്റെ തീവ്രതയെ അടിസ്ഥാനമാക്കി ഘട്ടം ഘട്ടമായും ലക്ഷ്യാധിഷ്ഠിതമായ നടപടികൾ കൈക്കൊള്ളുന്നതിന് ഇത് വിവിധ ഗവണ്മെൻ്റ് ഏജൻസികളെ ഒരുമിച്ച് കൊണ്ടുവരുന്നു. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എ.ക്യൂ.ഐ) നിശ്ചിത നിലവാരത്തിലെത്തുമ്പോഴോ അല്ലെങ്കിൽ അത് എത്തുമെന്ന് പ്രതീക്ഷിക്കുമ്പോഴോ ആണ് നടപടികൾ ആരംഭിക്കുന്നത്. സമയബന്ധിതമായ നടപടികൾ സാധ്യമാക്കുന്നതിന് ജി.ആർ.എ.പി വായു ഗുണനിലവാര വിവരങ്ങൾ, കാലാവസ്ഥാ പ്രവചനങ്ങൾ, ശാസ്ത്രീയ വിലയിരുത്തലുകൾ എന്നിവ ഉപയോഗിക്കുന്നു. 'മോശം' (എ.ക്യൂ.ഐ 201-300) മുതൽ 'ഗുരുതരം' (450 ന് മുകളിലുള്ള എ.ക്യൂ.ഐ) വരെയാണ് ഇതിൻ്റെ നാല് ഘട്ടങ്ങൾ. വായു ഗുണനിലവാരം വഷളാകുന്നതിനനുസരിച്ച് നടപടികൾ ക്രമേണ കർശനമാകും. പൊടിയും ബഹിർഗമനവും നിയന്ത്രിക്കൽ, നിർമ്മാണ, വ്യാവസായിക പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ, ചില വാഹനങ്ങൾക്ക് നിയന്ത്രണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. വായു ഗുണ നിലവാര കൈകാര്യ കമ്മീഷൻ  (സി.എ.ക്യൂ.എം ) എൻ.സി.ആറിൽ ഉടനീളം നിർവഹണം ഏകോപിപ്പിക്കുന്നു.

 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ (എസ്.പി.സി.ബി)


പാരിസ്ഥിതിക മലിനീകരണം നിയന്ത്രിക്കുന്നതിന് ഉത്തരവാദിത്തമുള്ള പ്രധാന നിയന്ത്രണ സ്ഥാപനങ്ങളാണ് ഇന്ത്യയിലെ എസ്.പി.സി.ബികൾ. പരിസ്ഥിതി നിയന്ത്രണത്തിൽ അവർ മുൻപന്തിയിലാണ്. ജല നിയമം, വായു നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയ്ക്ക് കീഴിലുള്ള അവരുടെ യഥാർത്ഥ ഉത്തരവാദിത്തങ്ങൾക്കപ്പുറം, ഇന്ന് എസ്.പി.സി.ബി ശബ്ദ നിരീക്ഷണം, അപകടകരമായതും പ്ലാസ്റ്റിക് മാലിന്യങ്ങളും കൈകാര്യം ചെയ്യൽ, ചരക്കു പട്ടിക നിലനിർത്തൽ, മാനദണ്ഡങ്ങൾ നിശ്ചയിക്കൽ, വികസിക്കുന്ന ഒരു വ്യാവസായിക അടിത്തറയിലുടനീളം നിയമാനുസരണം ഉറപ്പാക്കൽ എന്നിവയും ചെയ്യുന്നു.

നിയന്ത്രണം, നിരീക്ഷണം, നിർവ്വഹണം, ശാസ്ത്രീയ വിലയിരുത്തൽ എന്നിവയിലൂടെ വായു മലിനീകരണം പരിഹരിക്കുന്നതിനുള്ള ഏകോപിത ചട്ടക്കൂട് ഈ സ്ഥാപനങ്ങൾ നൽകുന്നു.

വ്യവസായങ്ങൾക്കായുള്ള പാരിസ്ഥിതിക നിയന്ത്രണത്തിൽ കൂടുതൽ സുതാര്യത, സുസ്ഥിരത, കാര്യക്ഷമത എന്നിവ കൊണ്ടുവരുന്നതിനായി, ഗവണ്മെൻ്റ്  1981 ലെ വായു നിയമത്തിലും 1974 ലെ ജല നിയമത്തിലും ഭേദഗതി വരുത്തി.  2025 ജനുവരി 29 ന് 'വായു മലിനീകരണ നിയന്ത്രണ (സമ്മതം നൽകൽ, നിരസിക്കൽ അല്ലെങ്കിൽ റദ്ദാക്കൽ) മാർഗ്ഗനിർദ്ദേശങ്ങൾ,  2025 ജനുവരി 30 ന് ജലമലിനീകരണം (സമ്മതം നൽകൽ, നിരസിക്കൽ അല്ലെങ്കിൽ റദ്ദാക്കൽ) മാർഗ്ഗനിർദ്ദേശങ്ങൾ, എന്നിങ്ങനെ ഏകീകൃത സമ്മത മാർഗ്ഗനിർദ്ദേശങ്ങൾ വിജ്ഞാപനം ചെയ്തു.

എല്ലാ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെയും മലിനീകരണ നിയന്ത്രണ സമിതികളുടെയും സമ്മത അപേക്ഷകളുടെ നടപടിക്രമം ഓൺലൈനായി പൂർത്തീകരിക്കുന്നതിനായി സി.പി.സി.ബി ഒരു ഏകീകൃത അനുമതി, അംഗീകാര കൈകാര്യ സംവിധാനം (യു.സി.എ.എം.എസ്) ആരംഭിച്ചു. ധനസഹായം നിരസിക്കൽ അല്ലെങ്കിൽ സമ്മതപത്രം റദ്ദാക്കൽ എന്നിവയുടെ പൂർണ്ണമായ ഓൺലൈൻ നടപടിക്രമത്തിനുള്ള പരിഹാരം ഈ പോർട്ടൽ വാഗ്ദാനം ചെയ്യുന്നു. ഫീസിനത്തിലെ ഏകീകരണം, സ്ഥല നിർണയ മാനദണ്ഡങ്ങൾ, സമയക്രമങ്ങൾ എന്നിവയിലെ ഈ ഏകീകരണം മെച്ചപ്പെട്ട സുതാര്യതയും പിന്തുടർച്ചയും ഉറപ്പാക്കും.

ഭാവി പാത

ഇന്ത്യയുടെ ശുദ്ധവായു പദ്ധതികൾ സുസ്ഥിരവും, ഉറവിട-നിർദ്ദിഷ്ടവും, ശാസ്ത്രാധിഷ്ഠിതവുമായ ഇടപെടലുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വായു ഗുണനിലവാര നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്നത് മലിനീകരണ സ്രോതസ്സുകളെയും ഉയർന്നുവരുന്ന ഹോട്ട്സ്പോട്ടുകളെയും നന്നായി തിരിച്ചറിയാൻ സഹായിക്കും. തത്സമയ വിവരങ്ങൾ, പ്രവചനം, ശാസ്ത്രീയ മാതൃകാ നിർമ്മാണം എന്നിവയുടെ കൂടുതൽ ഉപയോഗം സമയബന്ധിതവും ലക്ഷ്യബോധമുള്ളതുമായ ഇടപെടലുകളെ പിന്തുണയ്ക്കും.

ദേശീയ പരിപാടികളെ അടിസ്ഥാനപരമായി പരിമാണയുക്തമായ മെച്ചപ്പെടുത്തലുകളിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ സംസ്ഥാനങ്ങളും നഗരങ്ങളും ജില്ലാ ഭരണകൂടങ്ങളും കേന്ദ്രബിന്ദുക്കളായി തുടരും. കൂടുതൽ ശുദ്ധമായ യാത്രാ സൗകര്യങ്ങൾ, മെച്ചപ്പെട്ട പൊതുഗതാഗതം, ശുദ്ധമായ ഇന്ധനങ്ങൾ കൂടുതലായി സ്വീകരിക്കൽ എന്നിവ ഗതാഗതത്തിൽ നിന്നുള്ള ബഹിർഗമനം കൂടുതലായി കുറയ്ക്കാൻ സഹായിക്കും.


പൊടി കൈകാര്യം, മാലിന്യ സംസ്‌കരണം, വ്യാവസായിക ബഹിർഗമന നിയന്ത്രണങ്ങൾ എന്നിവയുടെ ശാക്തീകരണം പ്രധാന നഗര മലിനീകരണ ഉറവിടങ്ങളെ അഭിസംബോധന ചെയ്യും. നഗര ഹരിതവൽക്കരണവും ആവാസവ്യവസ്ഥ പുനഃസ്ഥാപനവും അതിജീവനശേഷി മെച്ചപ്പെടുത്തുന്നതിനൊപ്പം അധിക പാരിസ്ഥിതിക നേട്ടങ്ങൾ നൽകും.

തുടർച്ചയായ നൂതനവൽക്കരണം ശുദ്ധമായ സാങ്കേതികവിദ്യകളും കൂടുതൽ കാര്യക്ഷമമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും കൊണ്ടുവരും. സ്വഭാവപരമായ മാറ്റം നിലനിർത്തുന്നതിന് പൊതുജന അവബോധവും പൗര പങ്കാളിത്തവും അനിവാര്യമായി തുടരും. സഹകരണാധിഷ്ഠിത ഭരണത്തിനും അളക്കാവുന്ന ഫലങ്ങൾക്കും ഇന്ത്യ തുടർന്നും നൽകുന്ന ഊന്നൽ ശുദ്ധവായുവിലേക്കും ആരോഗ്യകരമായ സമൂഹങ്ങളിലേക്കുമുള്ള പുരോഗതി ത്വരിതപ്പെടുത്താൻ സഹായിക്കും.

അവലംബം

Click here for pdf file. 

***


( റിലീസ് ഐ.ഡി: 2308533) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: हिन्दी , English , Urdu , Bengali , Gujarati , Tamil