ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
08 SEP 2026 7:01PM by PIB Thiruvananthpuram
ടിമോർ-ലെസ്റ്റെയിൽ നടന്ന ഡബ്ല്യു.എച്ച്.ഒ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയുടെ (RC79) 79-ാമത് സമ്മേളനത്തിനിടെ സംഘടിപ്പിച്ച " ആരോഗ്യ മേഖലയിലെ മനുഷ്യ വിഭവശേഷി : വിദഗ്ധ പരിചരണ ലഭ്യതയിലെ തുല്യത " എന്ന വിഷയത്തിലുള്ള മന്ത്രിതല ചർച്ചയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ പങ്കെടുത്തു. ആരോഗ്യപ്രവർത്തകരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും വിദഗ്ധ ആരോഗ്യപരിചരണത്തിൽ തുല്യ പ്രവേശനക്ഷമത ഉറപ്പാക്കുന്നതിനുമായി നടന്ന ചർച്ചയിൽ ഡബ്ല്യു.എച്ച്.ഒ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ അംഗരാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരും മുതിർന്ന പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
സാർവത്രിക ആരോഗ്യ പരിരക്ഷ (UHC) കൈവരിക്കുന്നതിന് തുല്യമായ വിദഗ്ധ പരിചരണ ലഭ്യത അത്യാവശ്യമാണെന്നും, ഇതിനായി ആരോഗ്യപ്രവർത്തകരുടെ വിദ്യാഭ്യാസം, പരിശീലനം, നിയമനം, നിലനിർത്തൽ, തുടർച്ചയായ പ്രൊഫഷണൽ വികസനം എന്നിവ അടങ്ങുന്ന ഒരു സമഗ്ര സമീപനം അനിവാര്യമാണെന്നും ചർച്ചയെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ജെ.പി. നദ്ദ പറഞ്ഞു.
ആരോഗ്യപ്രവർത്തകരുടെ ശേഷി വിപുലീകരിക്കുന്നതിലും വിദഗ്ധ ആരോഗ്യപരിചരണത്തിലേക്കുള്ള പ്രവേശനം ശക്തിപ്പെടുത്തുന്നതിലും, പ്രത്യേകിച്ച് ഗ്രാമീണ, ഗോത്രവർഗ്ഗ, സേവനങ്ങൾ കൃത്യമായി ലഭിക്കാത്ത, എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് വേണ്ടി ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി കേന്ദ്ര ആരോഗ്യ മന്ത്രി എടുത്തുപറഞ്ഞു.
പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിലൂടെയും നിലവിലുള്ള ഗവൺമെന്റ് മെഡിക്കൽ കോളേജുകളുടെ നിലവാരം ഉയർത്തുന്നതിലൂടെയും ഇന്ത്യ ഗവൺമെന്റ് മെഡിക്കൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യം ഗണ്യമായി വിപുലീകരിച്ചിട്ടുണ്ടെന്നും, ഇത് ബിരുദ, ബിരുദാനന്തര മെഡിക്കൽ സീറ്റുകളിൽ ഗണ്യമായ വർദ്ധനയ്ക്ക് കാരണമായെന്നും ശ്രീ നദ്ദ എടുത്തുപറഞ്ഞു.
2014 മുതൽ, രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 387-ൽ നിന്ന് 858 ആയി ഇരട്ടിയിലധികമായി വർദ്ധിച്ചു. അതായത് 121.71 ശതമാനം വർദ്ധന രേഖപ്പെടുത്തി. ഇതേ കാലയളവിൽ, എം.ബി.ബി.എസ് സീറ്റുകൾ 51,348-ൽ നിന്ന് 1,42,464 ആയി വർദ്ധിച്ചു, അതായത് 177.45 ശതമാനം വർദ്ധന. അതേസമയം ബിരുദാനന്തര ബിരുദ സീറ്റുകൾ 31,185-ൽ നിന്ന് 86,287 ആയി ഉയർന്നു- ഇത് 176.69 ശതമാനത്തിന്റെ വർദ്ധനയാണ്.
ബിരുദാനന്തര ബിരുദ ശേഷി വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള വിപുലീകരണവും മന്ത്രി എടുത്തുപറഞ്ഞു. 2028–29 ഓടെ 10,000 അധിക ബിരുദാനന്തര സീറ്റുകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ 2025 സെപ്റ്റംബറിൽ ദീർഘിപ്പിച്ചു. സേവനങ്ങൾ വേണ്ടത്ര ലഭിക്കാത്ത പ്രദേശങ്ങൾക്കും എമർജൻസി മെഡിസിൻ, ജിറിയാട്രിക്സ്, സൈക്യാട്രി, ഫാമിലി മെഡിസിൻ തുടങ്ങി ആരോഗ്യ പ്രവർത്തകർ കുറവുള്ള മേഖലകൾക്കും ഇതിൽ മുൻഗണന നൽകിയിട്ടുണ്ട്.
ശക്തവും വൈവിധ്യപൂർണ്ണവുമായ ഒരു ആരോഗ്യസംരക്ഷണ സേനയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, നിലവിലുള്ള മെഡിക്കൽ കോളേജുകളോട് ചേർന്ന് 157 പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിച്ചുവരികയാണെന്ന് ശ്രീ നദ്ദ പ്രസ്താവിച്ചു. ഈ സ്ഥാപനങ്ങൾ പ്രതിവർഷം ഏകദേശം 15,700 നഴ്സിംഗ് ബിരുദധാരികളെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സേവനങ്ങൾ വേണ്ടത്ര ലഭിക്കാത്ത ജില്ലകളിലും സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായ നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നു.
നാഷണൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കമ്മീഷൻ ആക്ട്, 2023-ന്റെ പിന്തുണയോടെ 10 സുപ്രധാന മേഖലകളിൽ 'നഴ്‌സ് പ്രാക്ടീഷണർ പ്രോഗ്രാമുകൾ' ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ അനുബന്ധസേവന രംഗത്തെ ആരോഗ്യപ്രവർത്തകരുടെ ശേഷി വിപുലീകരിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളും കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. 'നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് ആക്ട്, 2021, 2024-ൽ സ്ഥാപിച്ച ദേശീയ കമ്മീഷൻ എന്നിവയുടെ പിന്തുണയോടെ അഞ്ച് വർഷത്തിനുള്ളിൽ 1,00,000 അനുബന്ധ ആരോഗ്യ പ്രവർത്തകരെ സൃഷ്ടിക്കുമെന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കമ്മീഷൻ വിഭിന്നങ്ങളായ 57 അനുബന്ധ ആരോഗ്യ മേഖലകളെ സുസംഘടിതമായ ഒരു നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്നു.
പരിശോധന, മുൻകൂട്ടിയുള്ള രോഗനിർണയം, റഫറൽ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള സമഗ്ര പ്രാഥമിക ആരോഗ്യപരിചരണം നൽകുന്നതിൽ 'ആയുഷ്മാൻ ആരോഗ്യ മന്ദിറു'കളുടെ പങ്ക് ശ്രീ നദ്ദ ചൂണ്ടിക്കാണിച്ചു. 'ആയുഷ്മാൻ ആരോഗ്യ ശിബിരങ്ങൾ' സേവനങ്ങൾ വേണ്ടത്ര ലഭിക്കാത്ത സമൂഹങ്ങളിലേക്ക് പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും കൂടുതൽ വ്യാപിപ്പിക്കുന്നു.
വിദഗ്ധ സേവനങ്ങളും റഫറൽ സേവനങ്ങളും നൽകുന്നതിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെയും (CHC) ഫസ്റ്റ് റഫറൽ യൂണിറ്റുകളുടെയും (FRU) പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ദുർഘടമായ പ്രദേശങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ ലഭ്യത ഉറപ്പാക്കുന്നതിനും അവരെ നിലനിർത്തുന്നതിനുമായി, മികച്ച വേതനം, ദുർഘട പ്രദേശങ്ങൾക്കുള്ള അലവൻസുകൾ, സ്‌പെഷ്യാലിറ്റി സേവനങ്ങളുടെ ഇൻ-സോഴ്‌സിംഗ്, പ്രകടനാധിഷ്ഠിത ആനുകൂല്യങ്ങൾ, നിശ്ചിത കാലാവധിയുള്ള നിയമനങ്ങൾ തുടങ്ങിയ അനുയോജ്യമായ സംവിധാനങ്ങൾ ഗവൺമെന്റ് നൽകിവരുന്നു.
ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ മറികടക്കുന്നതിനും വിദഗ്ധ ചികിത്സസേവനങ്ങളിലേക്കുള്ള പ്രവേശനം വ്യാപിപ്പിക്കുന്നതിനും ഡിജിറ്റൽ ആരോഗ്യ സാങ്കേതികവിദ്യകളെ ഇന്ത്യ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു. 'ഇ-സഞ്ജീവനി', അഭാ (ABHA) അധിഷ്ഠിത ഡിജിറ്റൽ ആരോഗ്യ രേഖകൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ടെലികൺസൾട്ടേഷൻ, റഫറൽ ചികിത്സ, തുടർപരിചരണം എന്നിവ സുഗമമാക്കുന്നു, പ്രത്യേകിച്ച് വിദൂര, സേവനങ്ങൾ വേണ്ടത്ര ലഭിക്കാത്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇത് ഏറെ പ്രയോജനകരമാണ്.
സേവനങ്ങൾ വേണ്ടത്ര ലഭിക്കാത്ത പ്രദേശങ്ങൾക്കും വിദഗ്ധ ഡോക്ടർമാരുടെ ക്ഷാമമുള്ള പ്രത്യേക മേഖലകൾക്കും നിരന്തരം ഊന്നൽ നൽകിക്കൊണ്ട് ബൃഹത്തും , വൈവിധ്യപൂർണ്ണവും, ഭൂമിശാസ്ത്രപരമായി കൃത്യമായി വിതരണം ചെയ്യപ്പെട്ടതുമായ ഒരു ആരോഗ്യസേനയെ കെട്ടിപ്പടുക്കുന്നതിലേക്കാണ് ഇന്ത്യയുടെ സമീപനം നീങ്ങുന്നതെന്ന് ശ്രീ നദ്ദ വ്യക്തമാക്കി. ഈ നടപടികൾ വിദഗ്ധ പരിചരണത്തിൽ തുല്യത ഉറപ്പാക്കുന്നതിനുള്ള ടീം അധിഷ്ഠിതവും തുടർപരിചരണത്തിലൂന്നിയതുമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഡബ്ല്യു.എച്ച്.ഒ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ അംഗരാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർ " ആരോഗ്യ മേഖലയിലെ മനുഷ്യ വിഭവ ശേഷി : വിദഗ്ധ പരിചരണ ലഭ്യതയിലെ തുല്യത ' സംബന്ധിച്ച ഡിലി (DILI)പ്രഖ്യാപനം അംഗീകരിച്ചു എന്നത് RC79-ന്റെ പ്രധാന അനന്തരഫലമാണ്.
ഈ പ്രഖ്യാപനത്തിലൂടെ, ആരോഗ്യപ്രവർത്തകരുടെ അപര്യാപ്തത , അസമമായ വിതരണം, വിദഗ്ധ ആരോഗ്യപരിചരണത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത എന്നിവ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സമഗ്ര നടപടികൾ സ്വീകരിക്കാൻ അംഗരാജ്യങ്ങൾ പ്രതിജ്ഞാബദ്ധരായിട്ടുണ്ട്.
നിലവിലുള്ളതും ഭാവിയിലുള്ളതുമായ ജനസംഖ്യാപരവും രോഗസംബന്ധിയായതുമായ ആവശ്യങ്ങൾക്കും ആരോഗ്യ അടിയന്തരാവസ്ഥകൾ നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾക്കും അനുസൃതമായി ആരോഗ്യപ്രവർത്തകരുടെ ആസൂത്രണം, വിദ്യാഭ്യാസം, ധനസഹായം എന്നിവ ക്രമീകരിക്കാൻ പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നു. കൂടാതെ, അന്താരാഷ്ട്ര ആരോഗ്യപ്രവർത്തകരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഡബ്ല്യു.എച്ച്.ഒ ഗ്ലോബൽ കോഡ് ഓഫ് പ്രാക്ടീസിന്റെ മാർഗ്ഗനിർദേശത്തോടെ , പ്രത്യേകിച്ച് ഗ്രാമീണ, സേവനങ്ങൾ വേണ്ടത്ര ലഭിക്കാത്ത പ്രദേശങ്ങളിൽ, വിദഗ്ധ ആരോഗ്യപ്രവർത്തകരെ ആകർഷിക്കുന്നതിനും, റിക്രൂട്ട് ചെയ്യുന്നതിനും, നിയമിക്കുന്നതിനും, നിലനിർത്തുന്നതിനും, അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുമുള്ള നയങ്ങൾ രൂപീകരിക്കാനും ഇത് ആവശ്യപ്പെടുന്നു.
യോഗ്യതയുള്ളതും രജിസ്റ്റർ ചെയ്തതുമായ പരമ്പരാഗത, പൂരക, സംയോജിത വൈദ്യശാസ്ത്ര പ്രാക്ടീഷണർമാരുമായുള്ള സഹകരണം ഉൾപ്പെടെ; ചുമതലകൾ പങ്കുവെക്കൽ, മാർഗ്ഗനിർദ്ദേശം നൽകൽ, ജനസമ്പർക്ക പരിപാടികൾ, വിസിറ്റിംഗ് സ്പെഷ്യലിസ്റ്റ് പ്രോഗ്രാമുകൾ എന്നിവയിലൂടെ നിലവിലുള്ള ആരോഗ്യസേനയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പ്രഖ്യാപനം കൂടുതൽ ഊന്നൽ നൽകുന്നു.
പ്രാഥമിക ആരോഗ്യപരിചരണ സംഘങ്ങൾ, സ്പെഷ്യലിസ്റ്റ് സേവനങ്ങൾ, ടെലികൺസൾട്ടേഷൻ നെറ്റ്‌വർക്കുകൾ, ഏകോപിത റഫറൽ ആശുപത്രികൾ എന്നിവയിലൂടെ സംയോജിത റഫറൽ സംവിധാനങ്ങളും തുടർപരിചരണവും ശക്തിപ്പെടുത്തുന്നതിനും അംഗരാജ്യങ്ങൾ പ്രതിജ്ഞാബദ്ധരായിട്ടുണ്ട്.
ഗ്രാമീണ, വിദൂര, സേവനങ്ങൾ വേണ്ടത്ര ലഭിക്കാത്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് സ്പെഷ്യലിസ്റ്റ് സേവനങ്ങളിലേക്കുള്ള പ്രവേശനം വ്യാപിപ്പിക്കുന്നതിനായി ടെലിമെഡിസിൻ, ടെലികൺസൾട്ടേഷൻ, എ.ഐ (AI) അധിഷ്ഠിത ക്ലിനിക്കൽ ടൂളുകൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ ആരോഗ്യ സാങ്കേതികവിദ്യകളുടെ സുരക്ഷിതവും തുല്യവുമായ സ്വീകാര്യത ത്വരിതപ്പെടുത്തുന്നത് ശക്തിപ്പെടുത്താൻ പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നു.
പരമ്പരാഗത, പൂരക, സംയോജിത വൈദ്യശാസ്ത്ര സേവനങ്ങളുടെ സംയോജനത്തോടെ, ജനങ്ങളിലേക്ക് കൂടുതൽ എത്തിച്ചേരുന്നതിന് മൊബൈൽ-ഔട്ട്‌റീച്ച് സ്പെഷ്യലിസ്റ്റ് ടീമുകൾ, സാമൂഹ്യ അധിഷ്ഠിത സ്പെഷ്യലിസ്റ്റ് പരിചരണം എന്നിവയുൾപ്പെടെയുള്ള നൂതന സേവന വിതരണ മാതൃകകളെയും ഇത് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു.
ആരോഗ്യപ്രവർത്തകരുടെ വികസനം, ബഹുവിഷയ സംഘങ്ങൾ, സാമൂഹ്യ അധിഷ്ഠിത സേവനങ്ങൾ, ശക്തിപ്പെടുത്തിയ റഫറൽ മാർഗ്ഗങ്ങൾ എന്നിവയിലൂടെ എല്ലാ തലങ്ങളിലുമുള്ള ആരോഗ്യ സംവിധാനങ്ങളിലേക്ക് പാലിയേറ്റീവ് പരിചരണം സംയോജിപ്പിക്കാനും അംഗരാജ്യങ്ങൾ തീരുമാനിച്ചു .
കാൻസർ, ഹൃദ്രോഗ പരിചരണം, ട്രോമ, മാതൃ-നവജാത ശിശു പരിചരണം, മാനസികാരോഗ്യം, വാർദ്ധക്യകാല പരിചരണം, പുനരധിവാസ പരിചരണം എന്നിവയുൾപ്പെടെ ഉയർന്ന മുൻഗണനയുള്ള സ്പെഷ്യലൈസ്ഡ് സേവനങ്ങൾക്കായുള്ള ദേശീയ ശേഷി ശക്തിപ്പെടുത്തുന്നതിന് പ്രഖ്യാപനം ഊന്നൽ നൽകുന്നു. തെളിവധിഷ്ഠിത നയരൂപീകരണത്തെ പിന്തുണയ്ക്കുന്നതിനായി ദേശീയ ആരോഗ്യസേനാ വിവര സംവിധാനങ്ങൾ കരുത്തുറ്റതാക്കാനും ഇത് ആഹ്വാനം ചെയ്യുന്നു.
പ്രാദേശിക സഹകരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ഹെൽത്ത് പ്രൊഫഷണൽ റെഗുലേറ്റർമാരുടെയും നയരൂപകർത്താക്കളുടെയും പ്രാദേശിക ശൃംഖല ഉൾപ്പെടെയുള്ളവയിലൂടെ വിവര കൈമാറ്റം, സംയുക്ത പരിശീലനം, ക്ലിനിക്കൽ മാർഗ്ഗനിർദ്ദേശം, പ്രാദേശിക സഹകരണം എന്നിവ സുഗമമാക്കുന്നതിന് അംഗരാജ്യങ്ങൾ പ്രതിജ്ഞാബദ്ധരായി.
പ്രാഥമിക ആരോഗ്യസംരക്ഷണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള 2023-ലെ ഡൽഹി പ്രഖ്യാപനത്തിൻ കീഴിലുള്ള പ്രതിജ്ഞാബദ്ധതകളെ ദിലി പ്രഖ്യാപനം അനുസ്മരിച്ചു. ഈ മേഖലയിലെ ദ്രുതഗതിയിലുള്ള ജനസംഖ്യാ-രോഗസംബന്ധിയായ മാറ്റങ്ങൾ, സങ്കീർണ്ണവും വിട്ടുമാറാത്തതുമായ രോഗങ്ങൾ വർദ്ധിച്ചുവരുന്ന പ്രതിസന്ധി, സ്പെഷ്യലിസ്റ്റ് ആരോഗ്യപ്രവർത്തകരുടെ അപര്യാപ്തതയും അസമമായ വിതരണവും എന്നിവ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
സാങ്കേതിക സഹായം, ശേഷി വികസനം, നയപരമായ മാർഗ്ഗനിർദ്ദേശം, ശക്തിപ്പെടുത്തിയ പ്രാദേശിക സഹകരണ സംവിധാനങ്ങൾ എന്നിവയിലൂടെ പ്രതിജ്ഞാബദ്ധതകൾ നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കാൻ അംഗരാജ്യങ്ങൾ ലോകാരോഗ്യ സംഘടനയോട് (WHO) ആഹ്വാനം ചെയ്തു.
വിദഗ്ധ പരിചരണത്തിലേക്കുള്ള തുല്യമായ പ്രവേശനക്ഷമത ഉറപ്പാക്കുന്നതിനും സാർവത്രിക ആരോഗ്യ പരിരക്ഷ മുന്നോട്ട് കൊണ്ടുപോകുന്നതിനും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലുടനീളം 'എല്ലാവർക്കും ആരോഗ്യം' എന്നത് സാക്ഷാത്കരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായി ഡിലി പ്രഖ്യാപനം അംഗീകരിച്ചതിനെ ഇന്ത്യ സ്വാഗതം ചെയ്തു. പ്രഖ്യാപനത്തിലെ പ്രതിജ്ഞാബദ്ധതകൾ പ്രായോഗിക നടപടികളാക്കി മാറ്റുന്നതിന് അംഗരാജ്യങ്ങളുമായും ലോകാരോഗ്യ സംഘടനയുമായും ചേർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധത ഇന്ത്യ സ്ഥിരീകരിച്ചു.
കൂടാതെ, ലോകാരോഗ്യ സംഘടനയുടെ റീജിയണൽ കമ്മിറ്റിയുടെ 79-ാമത് സമ്മേളനത്തിൽ, പൊതുജനാരോഗ്യത്തിന്റെ നിർണായക മേഖലകളിൽ രാജ്യം കൈവരിച്ച തുടർച്ചയായ നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഇന്ത്യയ്ക്ക്, WHO തെക്കുകിഴക്കൻ ഏഷ്യൻ പ്രാദേശിക മേഖലയ്ക്കായുള്ള രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു.
കഴിഞ്ഞ ദശകത്തിൽ പ്രാദേശികമായി മാതൃ-നവജാത ശിശു ടെറ്റനസ് നിർമ്മാർജ്ജനം നടത്തിയതിനും ; ഉയർന്ന രക്തസമ്മർദ്ദം , പ്രമേഹം എന്നിവയ്ക്കുള്ള പ്രോട്ടോക്കോൾ അധിഷ്ഠിത ചികിത്സയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുക എന്ന ദേശീയ ലക്ഷ്യo കൈവരിച്ചത് ഉൾപ്പെടെ, പ്രാഥമിക ആരോഗ്യസംരക്ഷണത്തിലൂടെ സാംക്രമികേതര രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ ശക്തമായ നേതൃത്വം നൽകിയതിനുമാണ് ഇന്ത്യയ്ക്ക് അംഗീകാരം ലഭിച്ചത്.
പ്രാഥമിക ആരോഗ്യസംരക്ഷണം, രോഗ പ്രതിരോധം, മുൻകൂട്ടിയുള്ള രോഗനിർണയം, മുൻഗണന നൽകേണ്ട ആരോഗ്യ പ്രശ്നങ്ങളുടെ ഫലപ്രദമായ പരിപാലനം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നിരന്തര പ്രതിജ്ഞാബദ്ധതയെയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്.
ഇന്ത്യയുടെ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും സമർപ്പിത സേവനവും നൽകിയ രാജ്യത്തുടനീളമുള്ള മുൻനിര ആരോഗ്യപ്രവർത്തകർക്കായി കേന്ദ്ര ആരോഗ്യ മന്ത്രി ഈ അംഗീകാരങ്ങൾ സമർപ്പിച്ചു.
ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ , മാനവ വിഭവശേഷി, പ്രാഥമിക ആരോഗ്യസംരക്ഷണം, ഡിജിറ്റൽ ആരോഗ്യം, ആരോഗ്യ സംവിധാനത്തിന്റെ പ്രതിരോധശേഷി എന്നിവയിലെ നിക്ഷേപങ്ങളിലൂടെ സാർവത്രിക ആരോഗ്യ പരിരക്ഷ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമായി തുടരുന്നു.
****