PIB Backgrounder
azadi ka amrit mahotsav

വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിലൂടെ ഇന്ത്യയുടെ അതിര്‍ത്തികള്‍ ശക്തിപ്പെടുത്തുന്നു

പോസ്റ്റഡ് ഓണ്‍: 06 SEP 2026 11:00AM by PIB Thiruvananthpuram

വൈബ്രന്റ്  വില്ലേജസ് പ്രോഗ്രാം (VVP) ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളുടെ പങ്കിനെ പുനര്‍നിര്‍വ്വചിച്ചിരിക്കുകയാണ്. അവയിപ്പോള്‍ ഒറ്റപ്പെട്ട വിദൂര ഔട്ട്പോസ്റ്റുകളല്ല, മറിച്ച് ദേശീയ സുരക്ഷയിലും വികസനത്തിലുമുള്ള തന്ത്രപ്രധാന പങ്കാളികളാണ്. 11,639 കോടി രൂപയുടെ സംയോജിത അടങ്കലോടെ VVP-I, VVP-II എന്നിവയിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയുടെ അന്താരാഷ്ട്ര കര അതിര്‍ത്തികളോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമങ്ങളില്‍ റോഡ് കണക്റ്റിവിറ്റി, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഉപജീവന അവസരങ്ങള്‍ എന്നിവ വിപുലീകരിക്കാന്‍ ഈ പദ്ധതി സഹായിക്കുന്നു. ഊര്‍ജ്ജസ്വലവും പ്രതിരോധശേഷിയുള്ളതും സമൃദ്ധവുമായ അതിര്‍ത്തി സമൂഹങ്ങളെ വാര്‍ത്തെടുക്കാന്‍  VVP ലക്ഷ്യമിടുന്നു. ഇത് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം സുസ്ഥിര സാമ്പത്തിക അവസരങ്ങളും സൃഷ്ടിക്കുന്നു. അതിര്‍ത്തി മേഖലകളില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ജനവിഭാഗങ്ങളെ നിലനിര്‍ത്തുന്നതിലൂടെ ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.

എന്തുകൊണ്ടാണ് നമ്മുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഇത്രയും പ്രാധാന്യമര്‍ഹിക്കുന്നത്?

 



 

ഏഴ് അയല്‍രാജ്യങ്ങളുമായി 15,000 കിലോമീറ്ററിലധികം അന്താരാഷ്ട്ര കര അതിര്‍ത്തി ഇന്ത്യ പങ്കിടുന്നുണ്ട്. ഇതില്‍ ഏറ്റവും നീളമേറിയത് ബംഗ്ലാദേശുമായുള്ള 4,096.7 കിലോമീറ്റര്‍ അതിര്‍ത്തിയാണ്. ചൈനയുമായി 3,488 കിലോമീറ്ററും പാകിസ്ഥാനുമായി 3,323 കിലോമീറ്ററുമാണ് അതിര്‍ത്തി ദൈര്‍ഘ്യം. നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയുമായാണ് ശേഷിക്കുന്ന അതിര്‍ത്തി പങ്കിടുന്നത്.

ദുര്‍ഘടമായ ഭൂപ്രകൃതി, മോശം യാത്രാസൗകര്യങ്ങള്‍, പരിമിതമായ അടിസ്ഥാനസൗകര്യങ്ങള്‍, ഉപജീവനത്തിനുള്ള കുറഞ്ഞ അവസരങ്ങള്‍ എന്നിവ മൂലം പതിറ്റാണ്ടുകളായി പല അതിര്‍ത്തി ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലായിരുന്നു. ഈ വെല്ലുവിളികള്‍ കാരണം ആളുകള്‍ മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറുകയും പല അതിര്‍ത്തി പ്രദേശങ്ങളിലും ജനവാസം തീരെ കുറയുകയും ചെയ്തു. ദീര്‍ഘകാലമായി നിലനിന്നിരുന്ന ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 2023-ലാണ് വൈബ്രന്റ്  വില്ലേജസ് പ്രോഗ്രാമിന് (VVP) തുടക്കം കുറിച്ചത്. ഇന്ത്യയുടെ അതിര്‍ത്തികളിലെ തെരഞ്ഞെടുത്ത ഗ്രാമങ്ങളുടെ സമഗ്ര വികസനം  ത്വരിതപ്പെടുത്താനാണ് ഇത് ലക്ഷ്യമിടുന്നത്. അതിര്‍ത്തി കാക്കുന്ന സേനയുടെ കണ്ണും കാതുമായി അതിര്‍ത്തി നിവാസികളെ അംഗീകരിക്കുന്ന ഈ പദ്ധതി, ഊര്‍ജ്ജസ്വലവും സുരക്ഷിതവും സമൃദ്ധവുമായ അതിര്‍ത്തി സമൂഹങ്ങളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിടുന്നു. കൂടാതെ, ഈ പ്രദേശങ്ങളെ രാജ്യത്തിന്റെ  'അവസാന ഗ്രാമങ്ങള്‍' എന്നതിന് പകരം 'ആദ്യ ഗ്രാമങ്ങളായി' കാണുന്ന കാഴ്ചപ്പാടിലുള്ള മാറ്റവും ഈ പദ്ധതി മുന്നോട്ടുവെക്കുന്നു.

വടക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ആരംഭിച്ച ഈ പദ്ധതി, ഘട്ടംഘട്ടമായി മുഴുവന്‍ കര അതിര്‍ത്തികളിലേക്കും സര്‍ക്കാര്‍ വ്യാപിപ്പിച്ചു. ശാക്തീകരിക്കപ്പെട്ട അതിര്‍ത്തി സമൂഹങ്ങളാണ് സുരക്ഷിതവും ശക്തവുമായ വികസിത ഭാരതം @2047-ന്റെ അടിത്തറ.

നിങ്ങള്‍ക്കറിയാമോ? 1999-ലെ കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള ആദ്യ മുന്നറിയിപ്പ് ലഭിച്ചത് റഡാറില്‍ നിന്നോ പട്രോളിംഗ് സംഘത്തില്‍ നിന്നോ ആയിരുന്നില്ല. 1999 മെയ് 3-ന് കാര്‍ഗില്‍ സെക്ടറിലെ സംശയാസ്പദമായ നീക്കങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അവിടുത്തെ പ്രാദേശിക നിവാസികളായിരുന്നു. രാജ്യത്തിന്റെ ആദ്യ പ്രതിരോധ നിരയെന്ന നിലയില്‍ അതിര്‍ത്തി സമൂഹങ്ങള്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അടിവരയിടുന്നതാണ് ഈ സംഭവം.

 



 

രണ്ട് ഘട്ടങ്ങള്‍, ഒരൊറ്റ അതിര്‍ത്തി ദൗത്യം

ഇന്ത്യയുടെ മുഴുവന്‍ അന്താരാഷ്ട്ര കര അതിര്‍ത്തികളെയും ഉള്‍പ്പെടുത്തി രണ്ട് ഘട്ടങ്ങളായാണ് സര്‍ക്കാര്‍ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം നടപ്പിലാക്കുന്നത്. വടക്കന്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങളെയാണ് VVP-I ഉള്‍ക്കൊള്ളുന്നത്. മറ്റ് അന്താരാഷ്ട്ര കര അതിര്‍ത്തികളിലേക്കും ഇതേ വികസന മാതൃക വ്യാപിപ്പിക്കുന്നതാണ് VVP-II. രണ്ട് ഘട്ടങ്ങളിലുമായി 11,639 കോടി രൂപയുടെ സംയോജിത അടങ്കലോടെ 2,616-ലധികം ഗ്രാമങ്ങളെ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

 



 

രൂപകല്‍പ്പനയില്‍ വ്യത്യാസമുണ്ടെങ്കിലും ഒരൊറ്റ ലക്ഷ്യമാണ് ഈ രണ്ട് ഘട്ടങ്ങള്‍ക്കുമുള്ളത്. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് VVP-I എങ്കില്‍, പൂര്‍ണ്ണമായും കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന കേന്ദ്ര മേഖലാ പദ്ധതിയാണ് VVP-II. ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, പ്രാദേശിക ഉപജീവനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുക, അതിര്‍ത്തി സമൂഹങ്ങളെ ശാക്തീകരിക്കുക എന്നിവയാണ് രണ്ട് ഘട്ടങ്ങളുടെയും ലക്ഷ്യം. രാജ്യത്തിന്റെ  'ആദ്യ ഗ്രാമങ്ങളെ' ഊര്‍ജ്ജസ്വലമായ വളര്‍ച്ചാ കേന്ദ്രങ്ങളായി വികസിപ്പിച്ചുകൊണ്ട് അതിര്‍ത്തി സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇവ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.


VVP-I: വടക്കന്‍ അതിര്‍ത്തി സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നു

 



 

വടക്കന്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ക്കായി 2022-23 ലെ കേന്ദ്ര ബജറ്റിലാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന്റെ ആദ്യഘട്ടം പ്രഖ്യാപിച്ചത്. 2023 ഏപ്രില്‍ 10-ന് അരുണാചല്‍ പ്രദേശിലെ അഞ്ജാവ് ജില്ലയിലുള്ള കിബിത്തൂവിലാണ് ഇത് ആരംഭിച്ചത്. 4 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 19 ജില്ലകളിലായി വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന 46 ബ്ലോക്കുകളിലെ ഗ്രാമങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇതില്‍ ഏകദേശം 1.42 ലക്ഷം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന 662 തന്ത്രപ്രധാന ഗ്രാമങ്ങള്‍ക്ക് സമഗ്ര വികസനത്തിന് മുന്‍ഗണന നല്‍കി. അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ലഡാക്കുമാണ് ഇവ. 2022-23 മുതല്‍ 2026-27 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലായി 4,800 കോടി രൂപയുടെ അടങ്കലോടെയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഇതില്‍ 2,500 കോടി രൂപ റോഡ് കണക്റ്റിവിറ്റിക്കായി പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്. വിദൂര അതിര്‍ത്തി ഗ്രാമങ്ങളിലെ വികസന വിടവ് നികത്താനും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ലഭ്യമായതിന് സമാനമായ മികച്ച അടിസ്ഥാനസൗകര്യങ്ങളും അവശ്യ സേവനങ്ങളും അവിടെ ഉറപ്പാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

നിങ്ങള്‍ക്കറിയാമോ? തന്ത്രപ്രധാനമായ സ്ഥാനം, ചരിത്രപരമായ പ്രാധാന്യം, അടിയന്തര വികസന ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് VVP ആരംഭിക്കുന്നതിനായി കിബിത്തൂവിനെ തിരഞ്ഞെടുത്തത്. അരുണാചല്‍ പ്രദേശിലെ അഞ്ജാവ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കിബിത്തൂ, ഇന്ത്യയുടെ ഏറ്റവും കിഴക്കേയറ്റത്തുള്ള ജനവാസ ഗ്രാമങ്ങളിലൊന്നാണ്. 1962-ലെ ഇന്ത്യാ-ചൈന യുദ്ധത്തില്‍ കനത്ത പോരാട്ടം നടന്ന മേഖലയാണിത്. ദുര്‍ഘടമായ ഭൂപ്രകൃതിയും പരിമിതമായ യാത്രാസൗകര്യങ്ങളും ആളുകളുടെ കൊഴിഞ്ഞുപോക്കും കാലങ്ങളായി ഇവിടുത്തെ വികസനത്തിന് തടസ്സമായി നിലനിന്നിരുന്നു. കിബിത്തൂവില്‍ നിന്ന് തന്നെ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വികസനം ആദ്യം എത്തിക്കുക എന്ന സര്‍ക്കാരിന്റെ  കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്.

VVP-I ന് കീഴിലുള്ള പ്രധാന ഇടപെടലുകള്‍

എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകള്‍, കുടിവെള്ളം, തടസ്സമില്ലാത്ത വൈദ്യുതി, മൊബൈല്‍-ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, അവശ്യ ആരോഗ്യ-വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്ക് ഈ പദ്ധതി പിന്തുണ നല്‍കുന്നു. ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങളും മൊത്തത്തിലുള്ള ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ടൂറിസം സൗകര്യങ്ങളും വിവിധോദ്ദേശ്യ കമ്മ്യൂണിറ്റി സെന്ററുകളും പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഹബ്-ആന്‍ഡ്-സ്‌പോക്ക് മാതൃകയിലാണ് ഉപജീവന സഹായങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. സാമൂഹിക സംരംഭകത്വം, യുവജനങ്ങളുടെയും വനിതകളുടെയും ശാക്തീകരണം, ടൂറിസത്തിന്റെയും പ്രാദേശിക സംസ്‌കാരത്തിന്റെയും പ്രോത്സാഹനം, ഒരു ബ്ലോക്ക് - ഒരു ഉല്‍പ്പന്നം സംരംഭങ്ങള്‍ എന്നിവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു. വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ  VVP-I  രൂപപ്പെടുത്തിയ സേവനവിതരണ മാതൃകയാണ് ഇപ്പോള്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെ ശേഷിക്കുന്ന കര അതിര്‍ത്തികളിലേക്കും വ്യാപിപ്പിക്കുന്നത്.

 



 

നിങ്ങള്‍ക്കറിയാമോ? ഏകദേശം നാല് പതിറ്റാണ്ടുകളായി ഇന്ത്യ അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് പിന്തുണ നല്‍കി വരുന്നുണ്ട്. 1986-87 ലാണ് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ 'ബോര്‍ഡര്‍ ഏരിയ ഡെവലപ്മെന്റ് പ്രോഗ്രാം' (BADP) ആരംഭിച്ചത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ആദ്യ ജനവാസ മേഖല വരെയുള്ള 10 കിലോമീറ്റര്‍ പരിധിയിലെ ഗ്രാമങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് പിന്നീട് ഇത് വിപുലീകരിച്ചു. 16 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 111 ജില്ലകളെ ഉള്‍ക്കൊള്ളിച്ച ഈ പദ്ധതിക്ക് കീഴില്‍ 2004-05 മുതല്‍ 39,000-ലധികം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഈ പദ്ധതി ഇപ്പോള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. ഇതിന്റെ അടിത്തറയില്‍ നിന്നുകൊണ്ട്, തെരഞ്ഞെടുത്ത അതിര്‍ത്തി ഗ്രാമങ്ങളിലാണ് VVP  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബാധകമായ എല്ലാ സര്‍ക്കാര്‍ പദ്ധതികളുടെയും പ്രയോജനം ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക്  ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ ആളുകള്‍ സ്വന്തം ഗ്രാമങ്ങളില്‍ തന്നെ തുടരാനും അതുവഴി അതിര്‍ത്തി സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു.

VVP-II: എല്ലാ കര അതിര്‍ത്തികളിലേക്കും മാതൃക വ്യാപിപ്പിക്കുന്നു

2025 ഏപ്രില്‍ 2-നാണ് കേന്ദ്ര മന്ത്രിസഭ VVP-II-2 ന് അംഗീകാരം നല്‍കിയത്. ആദ്യ ഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി, പൂര്‍ണ്ണമായും കേന്ദ്ര ധനസഹായത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് VVP-II  നടപ്പാക്കുന്നത്. 2026 ഫെബ്രുവരി 20-ന് അസമിലെ കാച്ചാര്‍ ജില്ലയിലുള്ള നാഥന്‍പൂര്‍ ഗ്രാമത്തിലാണ് പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്. 2028-29 സാമ്പത്തിക വര്‍ഷം വരെ 6,839 കോടി രൂപയുടെ അടങ്കലാണ് ഈ പദ്ധതിക്കുള്ളത്.

അന്താരാഷ്ട്ര കര അതിര്‍ത്തികളോട് ചേര്‍ന്നുകിടക്കുന്ന 334 ബ്ലോക്കുകളിലെ 1,954 ഗ്രാമങ്ങളാണ് സമഗ്ര വികസനത്തിനായി ഇതില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ ബ്ലോക്കുകള്‍ 15 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. അരുണാചല്‍ പ്രദേശ്, അസം, ബിഹാര്‍, ഗുജറാത്ത്, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇവ.  പ്രവര്‍ത്തനങ്ങളിലെ ആവര്‍ത്തനം ഒഴിവാക്കുന്നതിനായി,  VVP-I-ല്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുള്ള വടക്കന്‍ അതിര്‍ത്തിയിലെ ബ്ലോക്കുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

VVP-II ന് കീഴിലുള്ള ഇടപെടലുകള്‍

അതിര്‍ത്തി ഗ്രാമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി VVP-II ന് കീഴില്‍ ഒരു സമഗ്ര പാക്കേജിന് ഭാരത സര്‍ക്കാര്‍ അംഗീകാരം നല്‍കി. അടിസ്ഥാനസൗകര്യങ്ങള്‍, സഹകരണ സംഘങ്ങളും സ്വയംസഹായ സംഘങ്ങളും  വഴിയുള്ള മൂല്യശൃംഖലകള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ടൂറിസം സര്‍ക്യൂട്ടുകള്‍, സുസ്ഥിര ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് പദ്ധതി പിന്തുണ നല്‍കുന്നു. കൂടാതെ റോഡ് കണക്റ്റിവിറ്റി, ആരോഗ്യസംരക്ഷണം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, നൈപുണ്യ വികസനം, ടെലികോം കണക്റ്റിവിറ്റി എന്നിവയും ഇത് പ്രോത്സാഹിപ്പിക്കുന്നു. ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഉപജീവനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുക, അതിര്‍ത്തി ഗ്രാമങ്ങളില്‍ തന്നെ തുടരാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഏകീകൃത വികസന ചട്ടക്കൂടിന് കീഴില്‍ ഇന്ത്യയുടെ മുഴുവന്‍ കര അതിര്‍ത്തികളിലേക്കും വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിനെ ഇത് വ്യാപിപ്പിക്കുന്നു.

 



 

നിങ്ങള്‍ക്കറിയാമോ? സമൃദ്ധവും സുരക്ഷിതവുമായ അതിര്‍ത്തി മേഖലകള്‍ കെട്ടിപ്പടുക്കാനാണ് VVP-II ലക്ഷ്യമിടുന്നത്. അതിര്‍ത്തി സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനും പദ്ധതി പ്രത്യേക ഊന്നല്‍ നല്‍കുന്നു.

പദ്ധതികളുടെ സംയോജനത്തിലൂടെ വികസനം ഉറപ്പാക്കുന്നു

ഗ്രാമതല കര്‍മ്മ പദ്ധതികളെ അടിസ്ഥാനമാക്കിയാണ് VVP നടപ്പാക്കുന്നത്. പ്രാദേശിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അതിര്‍ത്തികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും അനുയോജ്യമായ പ്രത്യേക ഇടപെടലുകളിലൂടെയാണ് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്. നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി   പദ്ധതികളുടെ പരമാവധി പ്രയോജനം ഉറപ്പുവരുത്തുന്ന ഒരു സംയോജനാധിഷ്ഠിത സമീപനമാണ് പരിപാടി പിന്തുടരുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി ഗ്രാം സഡക് യോജന (PMGSY)-IV-ന് കീഴിലാണ് എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകള്‍ വികസിപ്പിക്കുന്നത്.

അതിര്‍ത്തി ഗ്രാമങ്ങള്‍ നേരിടുന്ന സവിശേഷമായ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി, കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇളവുകള്‍ ശുപാര്‍ശ ചെയ്യാവുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഇതിന്റെ നോഡല്‍ മന്ത്രാലയം എന്ന നിലയിലുള്ള  ചുമതല. ഏകോപിതമായ ആസൂത്രണത്തിനും നിര്‍വ്വഹണത്തിനുമായി സംസ്ഥാന സര്‍ക്കാരുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, അതിര്‍ത്തി സംരക്ഷണ സേനകള്‍ എന്നിവയുമായി ചേര്‍ന്ന് മന്ത്രാലയം പ്രവര്‍ത്തിക്കുന്നു.

ഗ്രാമങ്ങളില്‍ ദൃശ്യമായ മാറ്റങ്ങള്‍

തുടക്കം കുറിച്ചതുമുതല്‍, വടക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിന് ശക്തമായ അടിത്തറ പാകാന്‍ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം-I ന് സാധിച്ചിട്ടുണ്ട്.

 



 

2026 ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം 3,020.32 കോടി രൂപയുടെ അടങ്കലോടെ 1,248 പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ  മറ്റ് കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് 1,655 പദ്ധതികള്‍ക്ക് കൂടി അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 953.47 കോടി രൂപ  അനുവദിച്ചിട്ടുണ്ട്. 283 പദ്ധതികള്‍ പൂര്‍ത്തിയായതായി അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അനുവദിച്ച പദ്ധതികളുടെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശം തിരിച്ചുള്ള പട്ടിക താഴെ നല്‍കുന്നു:

 

ക്രമ നമ്പര്‍

സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം

ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയ പദ്ധതികള്‍

1.

അരുണാചല്‍ പ്രദേശ്      

832

2.

ഹിമാചല്‍ പ്രദേശ്

98

3.

ലഡാക്ക് (കേന്ദ്രഭരണ പ്രദേശം)

79

4.

സിക്കിം  

87

5.

ഉത്തരാഖണ്ഡ് 

152

 

ആകെ  

1,248


               
കണക്റ്റിവിറ്റി: റോഡുകളും വലിയ പാലങ്ങളും

മൊത്തം, 2,481.93 കോടി രൂപയുടെ അടങ്കലോടെ 111 റോഡ് പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. മുമ്പ് യാതൊരുവിധ റോഡ് കണക്റ്റിവിറ്റിയും ഇല്ലാതിരുന്ന 134 ഗ്രാമങ്ങളെ ഈ റോഡുകള്‍ ബന്ധിപ്പിക്കും. ഈ പദ്ധതികള്‍ക്ക് കീഴില്‍ ആകെ 35 വലിയ പാലങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട റോഡ് സൗകര്യങ്ങള്‍ യാത്ര സുഗമമാക്കാനും പ്രാദേശിക വിപണികള്‍ വിപുലീകരിക്കാനും ഈ ഗ്രാമങ്ങളിലെ ടൂറിസം മേഖലയെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ വരുമാന സ്രോതസ്സായി ടൂറിസം

ഗ്രാമങ്ങളില്‍ പദ്ധതിയുടെ ഏറ്റവും പ്രകടമായ മാറ്റങ്ങളിലൊന്നായി ടൂറിസം മേഖല മാറിയിട്ടുണ്ട്. VVP-1 ന് കീഴില്‍ 145 കോടി രൂപയുടെ 327 ടൂറിസം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. വ്യൂ പോയിന്റുകള്‍, സാഹസിക വിനോദസഞ്ചാരം, ഇക്കോ-ടൂറിസം, ഇക്കോ-റിസോര്‍ട്ടുകള്‍, ട്രെക്കിംഗ് റൂട്ടുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ജനസമ്പര്‍ക്കവും സേവന വിതരണവും

2026 ജൂലൈ 31 വരെ 8,800-ലധികം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ബോധവല്‍ക്കരണ പരിപാടികള്‍, സേവന വിതരണ ക്യാമ്പുകള്‍, ആരോഗ്യ-മൃഗസംരക്ഷണ ക്യാമ്പുകള്‍, നൈപുണ്യ പരിശീലനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അരുണാചല്‍ പ്രദേശില്‍ 2,990 പ്രവര്‍ത്തനങ്ങളും ലഡാക്കില്‍ 2,221 പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തി. ഉത്തരാഖണ്ഡില്‍ 2,038-ഉം ഹിമാചല്‍ പ്രദേശില്‍ 1,037-ഉം സിക്കിമില്‍ 530-ഉം പ്രവര്‍ത്തനങ്ങള്‍ നടന്നു.

നിങ്ങള്‍ക്കറിയാമോ? വികസിത വൈബ്രന്റ്  വില്ലേജ് പ്രോഗ്രാം അതിര്‍ത്തി ഗ്രാമങ്ങളെ ഇന്ത്യയിലെ യുവശക്തിക്കായുള്ള സജീവ  പഠനകേന്ദ്രങ്ങളാക്കി മാറ്റുന്നു. 2026-ല്‍, എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള നാനൂറിലധികം സന്നദ്ധപ്രവര്‍ത്തകര്‍ ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 74 അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒരാഴ്ചയോളം ചെലവഴിച്ചു. സാമൂഹിക സേവനം, സാംസ്‌കാരിക വിനിമയം, താഴെത്തട്ടിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അവര്‍ പങ്കാളികളായി.

 



 

VVP: അടിസ്ഥാന സൗകര്യങ്ങള്‍ക്കപ്പുറമുള്ള സ്വാധീനം

വൈബ്രന്റ്  വില്ലേജസ് പ്രോഗ്രാമിന്റെ സ്വാധീനം അടിസ്ഥാന സൗകര്യ വികസനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് സുരക്ഷ, ഉപജീവനമാര്‍ഗ്ഗങ്ങള്‍, ഭരണനിര്‍വ്വഹണം, ജനങ്ങളുടെ അതിജീവനശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലും ഇത് നിര്‍ണ്ണായക പങ്കുവഹിക്കുന്നു.

സുരക്ഷ: ജനവാസമുള്ളതും ആത്മവിശ്വാസമുള്ളതുമായ അതിര്‍ത്തി മേഖല, അതിര്‍ത്തി കാക്കുന്ന സേനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആസ്തിയായി വര്‍ത്തിക്കുന്ന ശക്തമായൊരു ജനതയെ അതിര്‍ത്തികളില്‍ സൃഷ്ടിക്കുകയാണ് രണ്ട് ഘട്ടങ്ങളിലൂടെയും ലക്ഷ്യമിടുന്നത്.

ജനസംഖ്യയും തിരിച്ചുള്ള കുടിയേറ്റവും: ഉപജീവന അവസരങ്ങളും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും ലഭ്യമായതോടെ കുടുംബങ്ങള്‍ക്ക് അതിര്‍ത്തി ഗ്രാമങ്ങളില്‍ തന്നെ തുടര്‍ന്നുജീവിക്കാന്‍ പ്രേരണ നല്‍കുന്നു.  അരുണാചല്‍ പ്രദേശിലെ കുറുങ് കുമേ, ദിബാംഗ് വാലി, ഷി-യോമി എന്നീ ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുകയാണ്. പദ്ധതിയുടെ യഥാര്‍ത്ഥ വിജയമാണ് ഇത് തെളിയിക്കുന്നത്.

സമ്പദ് വ്യവസ്ഥ: അതിര്‍ത്തി ടൂറിസം, സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ എന്നിവയിലൂടെ മുന്‍പ് വരുമാന സാധ്യതകള്‍ തീരെ കുറവായിരുന്ന പ്രദേശങ്ങളില്‍ പ്രാദേശിക വരുമാന അടിത്തറ സൃഷ്ടിക്കുന്നു. അതിര്‍ത്തി സംരക്ഷണ സേനകള്‍ പ്രാദേശികമായി സാധനങ്ങള്‍ സംഭരിക്കാന്‍ തുടങ്ങിയതോടെ ഗ്രാമങ്ങളില്‍ത്തന്നെ ഒരു സ്ഥിരം വിപണി ഉറപ്പാക്കുന്നു.

ഭരണനിര്‍വ്വഹണം: നിലവിലുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹരായ എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കാന്‍ പദ്ധതികളുടെ പരമാവധി പ്രയോജനം ഉറപ്പാക്കുന്ന സമീപനത്തിലൂടെ സാധിക്കുന്നു. വിവിധ വകുപ്പുകളിലായി ചിതറിക്കിടക്കുന്ന ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കുന്നതിനുള്ള ഏകോപിത സംവിധാനമായി ഗ്രാമതല കര്‍മ്മ പദ്ധതികള്‍ ജില്ലാ ഭരണകൂടത്തിന് സഹായകമാകുന്നു.

ഈ നാല് മേഖലകളും മുന്നോട്ടുവെക്കുന്നത് ഒരൊറ്റ ആശയമാണ്: അതിര്‍ത്തികളില്‍ വികസനവും സുരക്ഷയും പരസ്പര വിരുദ്ധമല്ല, മറിച്ച് പരസ്പരം കരുത്തുപകരുന്ന ഘടകങ്ങളാണ്.

നിങ്ങള്‍ക്കറിയാമോ? അരുണാചല്‍ പ്രദേശില്‍, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) പാല്‍, പച്ചക്കറികള്‍, മുട്ട, ധാന്യങ്ങള്‍ എന്നിവ നേരിട്ട് സംഭരിക്കുന്നത് ഇത്തരം വൈബ്രന്റ് ഗ്രാമങ്ങളില്‍ നിന്നാണ്. ഇതിലൂടെ ഓരോ അതിര്‍ത്തി പോസ്റ്റും തൊട്ടടുത്തുള്ള കൃഷിയിടങ്ങളിലെ വിശ്വസനീയമായ ഒരു സ്ഥിരം ഉപഭോക്താവായി മാറുന്നു.

ബന്ധിതവും സ്വയംപര്യാപ്തവുമായ അതിര്‍ത്തിയിലേക്ക്

രാജ്യത്തിന്റെ സമഗ്ര മുന്നേറ്റത്തില്‍ അതിര്‍ത്തി സമൂഹങ്ങള്‍ക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന വാഗ്ദാനമാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം. മികച്ച അടിസ്ഥാനസൗകര്യങ്ങളും സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗങ്ങളും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ സംയോജനവും ചേര്‍ന്ന് സ്വന്തം മണ്ണില്‍ത്തന്നെ മെച്ചപ്പെട്ട അവസരങ്ങളാണ് ജനങ്ങള്‍ക്ക് തുറന്നുനല്‍കുന്നത്. അതോടൊപ്പം അതിര്‍ത്തി ടൂറിസവും പ്രാദേശിക സംരംഭങ്ങളും അതിര്‍ത്തി മേഖലകളുടെ വികസന സാധ്യതകളെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നു. ഈ ഗ്രാമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലവും സമൃദ്ധവും സ്വയംപര്യാപ്തവുമായി മാറുമ്പോള്‍, അവ ഇന്ത്യയുടെ അതിര്‍ത്തികളെ തുടര്‍ന്നും ശക്തിപ്പെടുത്തുകയും 2047-ഓടെ സുരക്ഷിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസിത ഭാരതം എന്ന ദര്‍ശനം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും.

 

References

Prime Minister’s Office

Cabinet

Ministry of Home Affairs

Ministry of Youth Affairs and Sports

Press Information Bureau (Research Unit)

Sansad TV

Click here to see pdf

 

***


( റിലീസ് ഐ.ഡി: 2307530) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil