ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ലക്ഷദ്വീപിലെ അഗത്തിയിൽ ഫിഷറീസ് ജനസമ്പർക്ക പരിപാടിയിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പങ്കെടുത്തു

ലക്ഷദ്വീപിലെ അലങ്കാര മത്സ്യമേഖലയുടെ വികസനത്തിനായുള്ള തന്ത്രപരമായ കർമ്മപദ്ധതി "മിഷൻ രംഗീൻ മച്‌ലി 2031" ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 31 AUG 2026 3:16PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ലക്ഷദ്വീപിലെ അഗത്തിയിൽ നടന്ന ഫിഷറീസ് ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കുകയും, അലങ്കാര മത്സ്യമേഖലയുടെ വികസനത്തിനായുള്ള തന്ത്രപരമായ കർമ്മപദ്ധതി  “മിഷൻ രംഗീൻ മച്‌ലി 2031” പ്രകാശനം ചെയ്യുകയും ചെയ്തു. കൂടാതെ, മത്സ്യബന്ധന മേഖലയിലെ ഗുണഭോക്താക്കൾക്കുള്ള വിവിധ ഗവണ്മെൻ്റ് ആനുകൂല്യങ്ങളും സഹായങ്ങളും അദ്ദേഹം ചടങ്ങിൽ വിതരണം ചെയ്തു.

ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രപ്രധാനമായ ദിനവും ഇന്ത്യയുടെ നീല വിപ്ലവത്തിലെ പുതിയൊരു നാഴികക്കല്ലുമാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഇന്ത്യയുടെ ദേശീയപതാകയിലെ നീല ചക്രം നീല വിപ്ലവത്തിൻ്റെയും സമുദ്ര സമ്പദ്‌ വ്യവസ്ഥയുടെയും സാധ്യതകളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മത്സ്യബന്ധന, മത്സ്യക്കൃഷി മേഖല സമ്പദ്‌ വ്യവസ്ഥയുടെ ഒരു പ്രധാന വളർച്ചാ മേഖലയായി ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളി സമൂഹങ്ങൾ ഗവണ്മെൻ്റിനെ സമീപിക്കുന്നതിനായി കാത്തിരിക്കുന്നതിനുപകരം, പിന്തുണയും പദ്ധതികളും നേരിട്ട് അവരിലേക്ക്‌ എത്തിച്ചുകൊണ്ട് ഗവണ്മെൻ്റ്  ഭരണസംവിധാനത്തിൽ പരിവർത്തനം കൊണ്ടുവരികയാണെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് (PMMSY) കീഴിൽ ലക്ഷദ്വീപിനായി 62 കോടിയിലധികം രൂപയുടെ മത്സ്യബന്ധന വികസന പദ്ധതികൾക്ക്‌  അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷദ്വീപിൻ്റെ വിപുലമായ സമുദ്ര സാധ്യതകളെ എടുത്തുപറഞ്ഞുകൊണ്ട്, ദ്വീപുകൾക്ക് ഒരു ലക്ഷം ടണ്ണിലധികം മത്സ്യവിഭവ സാധ്യതയുണ്ടെന്നും ഇതിൽ ഏകദേശം 94,000 ടൺ ട്യൂണയും ട്യൂണയോട് സാമ്യമുള്ള മത്സ്യവിഭവങ്ങളുമാണെന്നും ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ദ്വീപസമൂഹത്തിലെ ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി ഉറപ്പാക്കുന്നതോടൊപ്പം ഈ സാധ്യതകളെ ശാസ്ത്രീയമായും സുസ്ഥിരമായും പ്രയോജനപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ വളർന്നുവരുന്ന സമുദ്രോൽപ്പന്ന കയറ്റുമതിയെക്കുറിച്ചും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ സമുദ്രോൽപ്പന്ന കയറ്റുമതി 73,000 കോടി രൂപ കവിഞ്ഞതായും 120-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക സാമ്പത്തിക മേഖലയുമായും ആഴക്കടലുമായും ബന്ധപ്പെട്ട സംരംഭങ്ങൾ ഇന്ത്യയുടെ മത്സ്യബന്ധന മേഖലയെയും ആഗോള സമുദ്രോൽപ്പന്ന വിപണിയിലെ ഇന്ത്യയുടെ സാന്നിധ്യത്തെയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സുസ്ഥിരതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, ഉത്തരവാദിത്തപൂർണ്ണമായ മത്സ്യബന്ധനം, സമുദ്ര വിഭവങ്ങളുടെ സംരക്ഷണം, നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യപ്പെടാത്തതും നിയന്ത്രണമില്ലാത്തതുമായ മത്സ്യബന്ധനത്തിനെതിരെ കർശന നടപടി എന്നിവയ്ക്ക് ശ്രീ സി.പി. രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു. മത്സ്യബന്ധനത്തെ പാരമ്പര്യമായി ലഭിച്ച ഒരു തൊഴിലായി മാത്രം കാണാതെ, ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ആഗോള അവസരങ്ങൾ എന്നിവയാൽ മുന്നോട്ട് നയിക്കപ്പെടുന്ന ആധുനിക തൊഴിൽമേഖലയായി കാണണമെന്ന് അദ്ദേഹം യുവജനങ്ങളോട് അഭ്യർത്ഥിച്ചു.

ഹരിത വിപ്ലവത്തോടും ധവള വിപ്ലവത്തോടും താരതമ്യപ്പെടുത്തിക്കൊണ്ട്, മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ജീവിതത്തിൽ സമാനമായ മാറ്റങ്ങൾ കൊണ്ടുവരാൻ നീല വിപ്ലവത്തിന് സാധിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വികസിത ഇന്ത്യ 2047 എന്ന ലക്ഷ്യത്തിൻ്റെ  ശക്തമായ ഒരു സ്തംഭമായി ഇന്ത്യയുടെ സമുദ്ര സമ്പദ്‌ വ്യവസ്ഥയെ മാറ്റുന്നതിന് എല്ലാ പങ്കാളികളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ കെ. പട്ടേൽ, കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ, ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖി ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

****


( റിലീസ് ഐ.ഡി: 2305094) സന്ദര്‍ശക കൗണ്ടര്‍ : 32
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Tamil