ഉപരാഷ്ട്രപതിയുടെ കാര്യാലയം
കേരളത്തിൻ്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ആറന്മുള ഉതൃട്ടാതി വള്ളംകളി ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
കേരളത്തിന്റെ കാലാതീതമായ പാരമ്പര്യങ്ങളുടെയും ഭക്തിയുടെയും ഒത്തൊരുമയുടെയും പ്രതീകമാണ് ആറന്മുള വള്ളംകളി: ഉപരാഷ്ട്രപതി
പാരമ്പര്യത്തിനും ആധുനികതയ്ക്കും ഒന്നിച്ച് മുന്നേറാനാകും: ഉപരാഷ്ട്രപതി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വികാസ് ഭീ, വിരാസത് ഭീ' എന്ന ദർശനം അനുസ്മരിച്ചു
പോസ്റ്റഡ് ഓണ്‍:
30 AUG 2026 4:24PM by PIB Thiruvananthpuram
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും ഭക്തിയുടെയും കാലാതീതമായ പാരമ്പര്യങ്ങളുടെയും മഹത്തായ പ്രതീകമായി വിശേഷിപ്പിച്ചുകൊണ്ട്, പമ്പാനദിയിലെ ആറന്മുള ഉതൃട്ടാതി വള്ളംകളി ഇന്ന് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്തതിൽ ജനങ്ങളെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ, അടുത്തിടെ സമാപിച്ച സഭാ സമ്മേളനത്തിൽ സംസ്ഥാന പുനർനാമകരണ ബിൽ പാസാക്കുന്നതിൽ അധ്യക്ഷത വഹിക്കാൻ തനിക്ക് അവസരം ലഭിച്ചതായി അനുസ്മരിച്ചു. കേരളീയർക്ക് ഓണാഘോഷ വേളയിൽ അദ്ദേഹം ആശംസകളും അറിയിച്ചു.
ഓണവുമായും വള്ളസദ്യയെന്ന പവിത്രമായ പാരമ്പര്യവുമായും ബന്ധപ്പെട്ടിരിക്കുന്ന ആറന്മുള വള്ളംകളി, മനോഹരമായി അലങ്കരിച്ച പള്ളിയോടങ്ങളും താളത്തിനൊത്ത് തുഴയുന്ന നൂറിലധികം തുഴച്ചിൽക്കാരുമായി കൂട്ടായ്മയുടെയും അച്ചടക്കത്തിന്റെയും കായികക്ഷമതയുടെയും ഉത്തമ ഉദാഹരണമായി നിലകൊള്ളുന്നതായി ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു.
പമ്പാനദിയുടെ ആത്മീയ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, അത് ശബരിമല തീർത്ഥാടനത്തിന്റെ അവിഭാജ്യ ഘടകമാണെന്നും വിശ്വാസം, വിശുദ്ധി, ആത്മ സമർപ്പണം എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്നും വ്യക്തമാക്കി. ശബരിമലയിലേക്കുള്ള തന്റെ ഏഴ് തീർത്ഥാടനങ്ങൾ അനുസ്മരിച്ച അദ്ദേഹം, പാർലമെന്റ് അംഗമായി നാമനിർദ്ദേശം ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ് നടത്തിയ ആദ്യ ദർശനം ഏറെ സവിശേഷമായി കരുതുന്നുവെന്ന് അഭിപ്രായപ്പെട്ടു. തുടർന്നുണ്ടായ തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് അയ്യപ്പഭഗവാന്റെ അനുഗ്രഹം കാരണമായെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആറന്മുളയുടെ പാരമ്പര്യത്തെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, പുരാതനമായ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തെയും പ്രശസ്തമായ ജിഐ ടാഗുള്ള ആറന്മുള കണ്ണാടിയെയും എടുത്തുപറഞ്ഞു. കഴിഞ്ഞ വർഷം ഉപരാഷ്ട്രപതിയുടെ വസതിയിൽ നടന്ന ആഘോഷങ്ങൾ അനുസ്മരിച്ച അദ്ദേഹം, അതിഥികൾക്ക് താൻ ആറന്മുള കണ്ണാടി സമ്മാനമായി നൽകിയെന്നും അതിന്റെ മികച്ച കരകൗശലവിദ്യയെ എല്ലാവരും ഏറെ പ്രശംസിച്ചുവെന്നും പറഞ്ഞു. പരമ്പരാഗത കലകളും കരകൗശല വസ്തുക്കളും അറിവുകളും ഭാവി തലമുറയ്ക്കായി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന ആളുകൾ പോലും ഇത്തരത്തിലുള്ള പ്രിയപ്പെട്ട പാരമ്പര്യങ്ങളിൽ പങ്കാളികളാകാൻ നാട്ടിലേക്ക് മടങ്ങിയെത്തുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ ശ്രീ സി. പി. രാധാകൃഷ്ണൻ, സാംസ്കാരിക പാരമ്പര്യങ്ങൾ ആളുകളെ അവരുടെ തായ്വേരുകളുമായി എങ്ങനെ ബന്ധിപ്പിച്ചു നിർത്തുന്നു എന്നതിന്റെ തെളിവാണ് ആറന്മുളയെന്നും അഭിപ്രായപ്പെട്ടു.
പാരമ്പര്യം, ആധുനികത എന്നിവയ്ക്ക് കൈകോർത്തു മുന്നേറാൻ കഴിയുമെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ “വികാസ് ഭി, വിരാസത് ഭി” എന്ന ദർശനം അനുസ്മരിച്ചു. ഇന്ത്യയിലെ വിവിധങ്ങളായ ആഘോഷങ്ങൾ രാജ്യത്തിന്റെ സാംസ്കാരിക ഐക്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞ ഉപരാഷ്ട്രപതി, "നമ്മുടെ വൈവിധ്യം വിഭജനത്തിന്റെ സ്രോതസ്സല്ല, മറിച്ച് അത് നമ്മുടെ ശക്തി സ്രോതസ്സാണ് " എന്നും നിരീക്ഷിച്ചു.
ചടങ്ങിൽ കേരളം ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ്, ശ്രീ ആന്റോ ആന്റണി എം.പി, ആറന്മുള എം.എൽ.എ ശ്രീ അബിൻ വർക്കി, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു.
-SK-
( റിലീസ് ഐ.ഡി: 2304723)
സന്ദര്‍ശക കൗണ്ടര്‍ : 11