PIB Backgrounder
azadi ka amrit mahotsav

ഒപ്പുവെച്ച്, കരാർ ഉറപ്പിച്ച്, കയറ്റുമതിയിലേക്ക്

ഇന്ത്യയുടെ വ്യാപാര കരാറുകൾ പ്രവർത്തിപഥത്തിൽ

പോസ്റ്റഡ് ഓണ്‍: 18 AUG 2026 11:45AM by PIB Thiruvananthpuram

സ്വതന്ത്ര വ്യാപാര കരാറുകളുടെ (എഫ്.ടി.എ) ശൃംഖല വിപുലീകരിക്കുന്നതിൽ നിന്ന്, വിപണി സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്ന ഘട്ടത്തിലേക്ക് ഇന്ത്യയുടെ എഫ്.ടി.എ യാത്ര നീങ്ങുകയാണ്. സമീപകാലത്തെ കയറ്റുമതി പ്രകടനം എഫ്.ടി.എ പങ്കാളി രാജ്യങ്ങളുടെ വർദ്ധിച്ചുവരുന്ന വാണിജ്യ പ്രാധാന്യം വ്യക്തമാക്കുന്നു. പ്രാരംഭ കയറ്റുമതി നേട്ടങ്ങളിലും, മുൻഗണനാ അടിസ്ഥാനത്തിലുള്ള സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ (CoO) വിതരണത്തിലുണ്ടായ വർദ്ധനയിലും, വിപണികളിലേക്ക് എത്തുന്ന കയറ്റുമതി ഉൽപ്പന്നങ്ങളുടെ ശ്രേണി വിപുലമായതിലും ഈ മാറ്റം ദൃശ്യമാണ്. കരാറുകളിലൂടെ സൃഷ്ടിക്കപ്പെട്ട അവസരങ്ങൾ കൂടുതൽ ബിസിനസുകൾ പ്രയോജനപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കയറ്റുമതിക്കാർക്ക് മുൻഗണനാ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും പുതിയ വിപണികളിലേക്ക് പ്രവേശിക്കാനും സഹായിക്കുന്ന ഗവണ്മെൻ്റ് സംരംഭങ്ങളും ഈ പരിവർത്തനത്തിന് പിന്തുണ നൽകുന്നുണ്ട്.

 

ഇന്ത്യയുടെ എഫ്.ടി.എ കയറ്റുമതി പശ്ചാത്തലം

 

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ, സ്വതന്ത്ര വ്യാപാര കരാറുകളുടെ ശൃംഖല വിപുലീകരിച്ചുകൊണ്ട് കൂടുതൽ ആത്മവിശ്വാസത്തോടും ദീർഘവീക്ഷണത്തോടും കൂടിയ വ്യാപാര തന്ത്രമാണ് ഇന്ത്യ പിന്തുടരുന്നത്. ഓരോ കരാറും ഇന്ത്യൻ വിപണിയുടെ വ്യാപ്തി, രാജ്യത്തിൻ്റെ സാമ്പത്തിക സാധ്യതകൾ, 140 കോടി ജനങ്ങളുടെ കഴിവുകളിൽ അന്താരാഷ്ട്ര തലത്തിൽ വളർന്നുവരുന്ന വിശ്വാസം എന്നിവ പ്രതിഫലിപ്പിക്കുന്നു.

 

സമീപകാല വ്യാപാര കരാറുകൾ പ്രധാന ആഗോള വിപണികളിലേക്കുള്ള വ്യാപാരബന്ധങ്ങൾ വിപുലീകരിക്കുകയും, വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുകയും, കയറ്റുമതിക്കാർക്ക് വൈവിധ്യമാർന്ന അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

 

 

പുതിയ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനപ്പുറം, അവ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഭ്യന്തര മുൻഗണനകൾ സംരക്ഷിക്കുന്നതോടൊപ്പം വിപണി പ്രവേശന സാധ്യതകളെ കൂടുതൽ കയറ്റുമതിക്കാരുടെ പങ്കാളിത്തം, നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവയിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്. ഈ സന്തുലിതമായ സമീപനം, 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ എഫ്.ടി.എകളുടെ സംഭാവന കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.

 

എഫ്.ടി.എ വിപണികളിലുടനീളമുള്ള കയറ്റുമതി പ്രകടനം

 

ഇന്ത്യയുടെ വികസിക്കുന്ന വ്യാപാര കരാർ ശൃംഖല കയറ്റുമതിക്കാരെ നിരവധി വിപണികളുമായി ബന്ധിപ്പിക്കുന്നു. രാജ്യത്തിൻ്റെ വളരുന്ന കയറ്റുമതി അടിത്തറ ഈ വിപുലീകരണത്തിന് പിന്തുണ നൽകുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ, ചരക്ക്-സേവന കയറ്റുമതികൾ സംയോജിതമായി 863.1 ബില്യൺ യു.എസ് ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ഇതിൽ 441.8 ബില്യൺ യു.എസ് ഡോളറിൻ്റെ ചരക്ക് കയറ്റുമതിയും ഉൾപ്പെടുന്നു. ഈ മുന്നേറ്റം 2026-27 സാമ്പത്തിക വർഷത്തിലും തുടരുകയാണ്.

 

2026 ഏപ്രിൽ-ജൂൺ കാലയളവിൽ, സംയോജിത കയറ്റുമതി 232.73 ബില്യൺ യു.എസ് ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.37 ശതമാനം വർദ്ധനവാണ് ഇത് കാണിക്കുന്നത്. ഈ മൊത്തത്തിലുള്ള കയറ്റുമതി പ്രകടനത്തിൽ, ഇന്ത്യയുടെ എഫ്.ടി.എ. പങ്കാളി രാജ്യങ്ങൾ ചരക്ക് കയറ്റുമതിയുടെ പ്രധാന വിപണികളായി നിലകൊള്ളുന്നു.

 

പട്ടിക 1: 

എഫ്.ടി.എ പങ്കാളി രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി (2025-26)

എഫ്.ടി.എ വിപണി

കയറ്റുമതി (ദശലക്ഷം യു.എസ് ഡോളറിൽ)

എഫ്.ടി.എ ഗ്രൂപ്പുകൾ  

ആസിയാൻ

38,416.33

സാഫ്‌റ്റ

25,774.68

എഫ്.ടി.എ രാജ്യങ്ങൾ

യു.എ.ഇ 

37,359.11

യുണൈറ്റഡ് കിംഗ്ഡം

13,444.19

സിംഗപ്പൂർ

11,863.66

നേപ്പാൾ

7,447.11

ഓസ്ട്രേലിയ

7,284.17

മലേഷ്യ

6,825.55

ജപ്പാൻ

6,039.50

റിപ്പബ്ലിക് ഓഫ് കൊറിയ

6,012.03

ശ്രീലങ്ക

5,516.83

തായ്‌ലൻഡ്

5,058.60

ഒമാൻ

4,021.48

ഭൂട്ടാൻ

1,252.86

ന്യൂസിലാൻഡ്*

566.51

മൗറീഷ്യസ്

473.64

ഉറവിടം: വാണിജ്യ, വ്യവസായ മന്ത്രാലയം

* ഒപ്പുവെച്ചെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല

 

ഈ വിപണികളിൽ, സമീപകാലത്ത് ഇന്ത്യ ഒപ്പുവെച്ച വ്യാപാര കരാറുകളുടെ പ്രാരംഭ നേട്ടങ്ങൾ വ്യക്തമാക്കുന്ന പ്രധാന ഉദാഹരണങ്ങളാണ് യു.എ.ഇയും ഓസ്‌ട്രേലിയയും.

 

ഇന്ത്യയുടെ പുതുതലമുറ എഫ്.ടി.എകൾ: പ്രാരംഭ നേട്ടങ്ങളുടെ വിജയഗാഥകൾ

 

ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA): പ്രാരംഭ വ്യാപാര നേട്ടങ്ങൾക്ക് കരുത്തേകുന്നു

 

ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2022 മെയ് 1-ന് പ്രാബല്യത്തിൽ വന്നു. റെക്കോർഡ് സമയമായ 88 ദിവസങ്ങൾക്കുള്ളിൽ ചർച്ചകൾ പൂർത്തിയാക്കിയ ഈ കരാർ, ഒരു പതിറ്റാണ്ടിനിടയിലെ ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ്ണ സ്വതന്ത്ര വ്യാപാര കരാറായിരുന്നു.

 

ഏറ്റവും വലിയ വ്യക്തിഗത എഫ്.ടി.എ കയറ്റുമതി വിപണി: 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 37,359.11 ദശലക്ഷം യു.എസ് ഡോളർ മൂല്യമുള്ള ചരക്കുകൾ യു.എ.ഇ.യിലേക്ക് കയറ്റുമതി ചെയ്തു. ഇന്ത്യയുടെ വ്യാപാര കരാറുകളിൽ, ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനം യു.എ.ഇ ആയിരുന്നു.

  

ഉഭയകക്ഷി വ്യാപാരം 100 ബില്യൺ യു.എസ് ഡോളർ പിന്നിട്ടു: 2024-25 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 19.6 ശതമാനം വളർച്ചയോടെ 100.06 ബില്യൺ യു.എസ് ഡോളർ പിന്നിട്ടു. കരാർ പ്രാബല്യത്തിൽ വന്ന് മൂന്ന് വർഷത്തിനുള്ളിലാണ് ഈ നാഴികക്കല്ല് കൈവരിച്ചത്.

 

വിപുലമായ പങ്കാളിത്തത്തിന് വഴിയൊരുക്കുന്ന വിജയം: ഉഭയകക്ഷി വ്യാപാരത്തിലുണ്ടായ വിജയത്തെത്തുടർന്ന്, 2032-ഓടെ വ്യാപാരം ഇരട്ടിയാക്കി 200 ബില്യൺ യു.എസ് ഡോളറിലെത്തിക്കുക എന്ന പുതിയ ലക്ഷ്യം ഇന്ത്യയും യു.എ.ഇയും നിശ്ചയിച്ചു.

 

ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാർ (ECTA): വിജയകരമായ വ്യാപാര പങ്കാളിത്തം കൂടുതൽ വിപുലമാക്കുന്നു

 

ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാർ (ECTA) 2022 ഡിസംബർ 29-ന് പ്രാബല്യത്തിൽ വന്നു. ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം വികസിത സമ്പദ്‌ വ്യവസ്ഥയുള്ള ഒരു രാജ്യവുമായി ഇന്ത്യ ഒപ്പുവെച്ച ആദ്യ വ്യാപാര കരാറാണ് ഇ.സി.ടി.എ.

 

ശക്തമായ കയറ്റുമതി പ്രകടനം: 2024-25 സാമ്പത്തിക വർഷത്തിൽ മൊത്തം ഉഭയകക്ഷി വ്യാപാരം 24.1 ബില്യൺ യു.എസ് ഡോളറിലെത്തി. ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2020-21 സാമ്പത്തിക വർഷത്തിലെ 4 ബില്യൺ യു.എസ് ഡോളറിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 7.28 ബില്യൺ യു.എസ് ഡോളറായി ഉയർന്നു. ഇത് 80 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്.

 

പൂർണ്ണമായും തീരുവ രഹിതമായ വിപണി പ്രവേശനം: ഓസ്ട്രേലിയ തങ്ങളുടെ 98.3 ശതമാനം താരിഫ് ലൈനുകൾക്കും ഉടനടി തീരുവയില്ലാത്ത വിപണി പ്രവേശനം അനുവദിച്ചു. 2026 മുതൽ, ഇന്ത്യയിൽ നിന്നുള്ള എല്ലാ കയറ്റുമതികൾക്കും ഓസ്‌ട്രേലിയൻ വിപണിയിലേക്ക് തീരുവയില്ലാതെ പ്രവേശിക്കാൻ അർഹതയുണ്ട്.  

 

പുതിയ സംരംഭങ്ങളിലൂടെ വിജയം മുന്നോട്ട് കൊണ്ടുപോകുന്നു: നിലവിൽ ചർച്ചകൾ പുരോഗമിക്കുന്ന കൂടുതൽ വിപുലമായ സമഗ്ര സാമ്പത്തിക സഹകരണ കരാറിന് (CECA) ഇ.സി.ടി.എ അടിത്തറയേകുന്നു. ചരക്കുകൾ, സേവനങ്ങൾ, സഞ്ചാരം, ഡിജിറ്റൽ വ്യാപാരം, ഉത്ഭവ ചട്ടങ്ങൾ, ഉയർന്നുവരുന്ന മറ്റ് സഹകരണ മേഖലകൾ എന്നിവ ഉൾക്കൊള്ളാനാണ് ഈ കരാർ ലക്ഷ്യമിടുന്നത്.

 

തീരുവ ഇളവുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിലും കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണിയിലും ഈ പ്രാരംഭ നേട്ടങ്ങൾ പ്രതിഫലിക്കുന്നു. ഈ കരാറുകളിലൂടെ സൃഷ്ടിക്കപ്പെട്ട അവസരങ്ങൾ ബിസിനസുകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ തുടങ്ങിയിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

 

സമീപകാല എഫ്.ടി.എകൾക്ക് കീഴിലുള്ള കയറ്റുമതി സുഗമമാക്കലും ഉൽപ്പന്ന വൈവിധ്യവൽക്കരണവും

 

കയറ്റുമതിക്കാർക്ക് സുഗമമായി എഫ്.ടി.എ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു

 

ഒരു വ്യാപാര കരാർ മുൻഗണനാ വിപണി പ്രവേശനത്തിന് വഴിയൊരുക്കുമ്പോൾ, അതിൻ്റെ പ്രായോഗിക പ്രയോജനം എന്നത് കയറ്റുമതിക്കാർ ലഭ്യമായ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരു എഫ്.ടി.എയ്ക്ക് കീഴിൽ, കയറ്റുമതിക്കാർ സാധാരണയായി അവരുടെ ചരക്കുകളുടെ ഉത്ഭവം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഇത് കരാറിന് കീഴിൽ ലഭ്യമായ മുൻഗണനാ താരിഫ് ഇളവുകൾക്ക് ചരക്കുകൾ അർഹമാണെന്ന് ഉറപ്പാക്കുന്നു.

 

ചരക്കുകൾ നിർദ്ദിഷ്ട ഉത്ഭവ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് മുൻഗണനാ സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ (CoO) സാക്ഷ്യപ്പെടുത്തുന്നു. ഇതിലൂടെ അർഹതയുള്ള ചരക്കുകൾക്ക് കസ്റ്റംസ് തീരുവ കുറഞ്ഞ നിരക്കിലോ പൂർണ്ണമായും ഒഴിവാക്കിയോ ലഭിക്കും.

 

വിവിധ ഘട്ടങ്ങളിൽ നടപ്പാക്കിവരുന്ന കരാറുകൾക്ക് കീഴിൽ ഈ മുൻഗണനാ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തിവരുന്നു.

 

  • 2022 മുതൽ പ്രാബല്യത്തിലുള്ള യു.എ.ഇ സി.ഇ.പി.എയും ഓസ്‌ട്രേലിയ ഇ.സി.ടി.എ.യും വലിയ തോതിൽ ഉത്ഭവ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. ഇത് തീരുവ ഇളവുകളുടെ ശക്തമായ പ്രയോജനപ്പെടുത്തലാണ് സൂചിപ്പിക്കുന്നത്.
  • പുതിയ കരാറുകൾക്ക് കീഴിലും ആദ്യഘട്ടത്തിൽ തന്നെ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. 2025 ഒക്ടോബറിൽ പ്രാബല്യത്തിൽ വന്നതിനു ശേഷം ഇ.എഫ്.ടി.എ ടി.ഇ.പി.എയ്ക്ക് കീഴിൽ 7,885 CoO-കൾ നൽകി. 2026 ജൂണിൽ നടപ്പിലാക്കിയതിനെത്തുടർന്ന് ഒമാൻ സി.ഇ.പി.എയ്ക്ക് കീഴിൽ 783 CoO-കൾ നൽകിയിട്ടുണ്ട്.

 

കയറ്റുമതിക്കാർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്ന ഗവണ്മെൻ്റ് നടപടികളാണ് മുൻഗണനാ CoO വിതരണത്തിലെ ഈ വർദ്ധനവിന് പിന്തുണ നൽകുന്നത്.

 

a) e-CoO 2.0: കയറ്റുമതിക്കാരെയും CoO നൽകുന്ന ഏജൻസികളെയും ചേംബർ ഓഫ് കൊമേഴ്‌സുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഒന്നിച്ചുകൊണ്ടുവരുന്ന, മുൻഗണനാപരവും അല്ലാത്തതുമായ CoO-കളുടെ തുടക്കം മുതൽ അവസാനം വരെയുള്ള പൂർണ്ണമായ ഡിജിറ്റൽ വിതരണം ഈ സംവിധാനം സാധ്യമാക്കുന്നു. ആധാർ അധിഷ്ഠിത ഇലക്ട്രോണിക് സിഗ്നേച്ചറുകളും ക്യുആർ കോഡ് പരിശോധനയും സുരക്ഷിതമായ ആധികാരികത ഉറപ്പാക്കുന്നതിനും സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും സഹായിക്കുന്നു.

 

b) എഫ്.ടി.എകൾക്ക് കീഴിലുള്ള ലളിതവൽക്കരിച്ച ചട്ടങ്ങൾ: പുതിയ കരാറുകൾക്ക് കീഴിൽ രേഖകൾ സമർപ്പിക്കുന്നതിനുള്ള നിബന്ധനകളും ലളിതമാക്കിയിട്ടുണ്ട്.

  • ഇന്ത്യ-ഇ.എഫ്.ടി.എ ടി.ഇ.പി.എയും ഇന്ത്യ-യുകെ സി.ഇ.ടി.എയും സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ഉൽപ്പന്നങ്ങളുടെ ഉത്ഭവം തെളിയിക്കാൻ കയറ്റുമതിക്കാരെ അനുവദിക്കുന്നു.
  • യു.കെ കരാർ ഇറക്കുമതിക്കാരൻ്റെ അറിവ് അംഗീകരിക്കുന്നതോടൊപ്പം 1,000 ബ്രിട്ടീഷ് പൗണ്ടിൽ താഴെ മൂല്യമുള്ള ചരക്കുനീക്കങ്ങൾക്ക് ഉത്ഭവവുമായി ബന്ധപ്പെട്ട രേഖകൾ ഒഴിവാക്കുകയും ചെയ്യുന്നു. ഈ വ്യവസ്ഥകൾ ഇ-കൊമേഴ്‌സ് ചരക്കുനീക്കങ്ങൾക്കും ചെറുകിട ബിസിനസുകൾക്കും പിന്തുണ നൽകുന്നു.
  • ഇന്ത്യ-ഓസ്‌ട്രേലിയ ഇ.സി.ടി.എ ഒരു CoO-യിൽ തന്നെ യോഗ്യതയുള്ള ഒന്നിലധികം ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്താൻ അനുവദിക്കുന്നു.

c. ട്രേഡ് കണക്ട് വഴിയുള്ള പിന്തുണ: എഫ്.ടി.എ ആനുകൂല്യങ്ങൾ കണ്ടെത്താനും അവ പ്രയോജനപ്പെടുത്താനും കയറ്റുമതിക്കാരെ സഹായിച്ചുകൊണ്ട് ഈ പ്ലാറ്റ്‌ഫോം മുകളിൽ പറഞ്ഞ നടപടികൾക്ക് പിന്തുണ നൽകുന്നു. ഇതിലെ താരിഫ് എക്സ്പ്ലോറർ വിവിധ വിപണികളിലെ താരിഫ് നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നു. എം.എസ്.എം.ഇകൾ ഉൾപ്പെടെയുള്ള കയറ്റുമതിക്കാർക്ക് വ്യാപാര വിവരങ്ങൾ നേടാനും മാർഗ്ഗനിർദ്ദേശം തേടാനും CoO-യുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ഉന്നയിക്കാനും സാധിക്കും. ഇതുവഴി കയറ്റുമതി നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നു.

 

 

എഫ്.ടി.എ വിപണികളിലെത്തുന്ന ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണി

പങ്കാളി രാജ്യങ്ങളുടെ വിപണികളിലെത്തുന്ന ഉൽപ്പന്നങ്ങളുടെ ശ്രേണിയിലും ഒരു എഫ്.ടി.എയുടെ വ്യാപ്തി പ്രതിഫലിക്കുന്നു. ഇന്ത്യ അടുത്തിടെ ഏർപ്പെട്ട നിരവധി കരാറുകളിലും ഉൽപ്പന്നതലത്തിലുള്ള ഈ വിപുലീകരണം പ്രകടമാണ്.

 

പട്ടിക 2:  സമീപകാല എഫ്.ടി.എകൾക്ക് കീഴിൽ കയറ്റുമതി ചെയ്യുന്ന താരിഫ് ലൈനുകളുടെ വിപുലീകരണം

വിപണി 

പ്രാരംഭ താരിഫ് ലൈൻ പരിധി 

ഏറ്റവും പുതിയ താരിഫ് ലൈൻ പരിധി (2025-26) 

വർദ്ധനവ്

യു.എ.ഇ

7,546 (2021-22)

8,053

6.7%

ഓസ്‌ട്രേലിയ 

5,396 (2020-21)

5,668

5.0%

മൗറീഷ്യസ് 

3,593 (2021-22)

4,345

20.9%

ഒമാൻ 

2,879 (May 2026)

3,371 (June 2026)

17.08%

 

ആഗോള വിപണികളുമായി ഇന്ത്യൻ ചരക്കുകളെയും നൈപുണ്യങ്ങളെയും ബന്ധിപ്പിക്കുന്ന എഫ്.ടി.എകൾ

 

ചരക്കുകൾക്ക് വിപുലമായ വിപണി പ്രവേശനം

 

സമീപകാല സ്വതന്ത്ര വ്യാപാര കരാറുകൾ പങ്കാളി രാജ്യങ്ങളിലെ താരിഫ് ലൈനുകളുടെ വലിയൊരു വിഹിതത്തിലേക്ക് മുൻഗണനാ വിപണി പ്രവേശനം നൽകുന്നു.

 

a. ഇതിനകം പ്രാബല്യത്തിലുള്ള കരാറുകൾ

  • ഇന്ത്യ-യു.കെ സി.ഇ.ടി.എ: ഇന്ത്യൻ കയറ്റുമതികളുടെ ഏകദേശം 99 ശതമാനത്തിനും യു.കെ വിപണിയിൽ തീരുവയില്ലാതെ പ്രവേശിക്കാം.
  • ഇന്ത്യ-ഒമാൻ സി.ഇ.പി.എ: ഒമാനിലെ 98 ശതമാനം താരിഫ് ലൈനുകൾക്കും ഇളവുകൾ ലഭ്യമാണ്.
  • ഇന്ത്യ- ഇ.എഫ്.ടി.എ ടി.ഇ.പി.എ: 92.2 ശതമാനം താരിഫ് ലൈനുകൾക്ക് ആനുകൂല്യം ലഭിക്കും. ഇത് ഇന്ത്യയുടെ കയറ്റുമതിയുടെ 99.6 ശതമാനത്തെയും ഉൾക്കൊള്ളുന്നു.
  • ഇന്ത്യ-മൗറീഷ്യസ് സി.ഇ.സി.പി.എ: 310 ഇന്ത്യൻ ഉൽപ്പന്ന ലൈനുകൾക്ക് മുൻഗണനാ വിപണി പ്രവേശനം ലഭിക്കും.
  • ഇന്ത്യ-യു.എ.ഇ സി.ഇ.പി.എ: യു.എ.ഇ.യിലെ 97 ശതമാനം താരിഫ് ലൈനുകൾക്ക് മുൻഗണനാ പ്രവേശനം ലഭിക്കും. ഇത് ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനത്തെയും ഉൾക്കൊള്ളുന്നു.
  • ഇന്ത്യ-ഓസ്‌ട്രേലിയ ഇ.സി.ടി.എ: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതികൾക്ക് ഓസ്‌ട്രേലിയയിലെ 100 ശതമാനം താരിഫ് ലൈനുകളിലും തീരുവയില്ലാത്ത പ്രവേശനം ലഭിക്കും.

 

b. നടപ്പാക്കൽ കാത്തിരിക്കുന്ന കരാറുകൾ

  • ഇന്ത്യ-യൂറോപ്യൻ യൂണിയൻ എഫ്.ടി.എ: യൂറോപ്യൻ യൂണിയനിലെ 97 ശതമാനം താരിഫ് ലൈനുകൾക്കും മുൻഗണനാ പരിഗണന ലഭിക്കും. ഇത് ഉഭയകക്ഷി വ്യാപാര മൂല്യത്തിൻ്റെ ഏകദേശം 99.5 ശതമാനത്തെയും ഉൾക്കൊള്ളുന്നു.
  • ഇന്ത്യ-ന്യൂസിലാൻഡ് എഫ്.ടി.എ: കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇന്ത്യയുടെ കയറ്റുമതിയുടെ 100 ശതമാനത്തിനും തീരുവയില്ലാത്ത പ്രവേശനം ലഭിക്കും.

 

ഈ കരാറുകൾ കൂടുതൽ തൊഴിൽ സാധ്യതകളുള്ള നിരവധി മേഖലകളിലേക്ക് വിപണി പ്രവേശനം വിപുലീകരിക്കുന്നു. ടെക്‌സ്റ്റൈൽസ്, കൃഷിയും സംസ്കരിച്ച ഭക്ഷ്യോൽപ്പന്നങ്ങളും, തുകലും പാദരക്ഷകളും, സമുദ്രോൽപ്പന്നങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, പരവതാനികളും കരകൗശല വസ്തുക്കളും എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മേഖലകളിലെ വിപുലമായ അവസരങ്ങൾ ചെറുകിട ഉൽപ്പാദകർക്കും പ്രാദേശിക സംരംഭങ്ങൾക്കും അന്താരാഷ്ട്ര വ്യാപാരത്തിൽ കൂടുതൽ സജീവമായി പങ്കാളികളാകാൻ വഴിയൊരുക്കുന്നു.

 

കൂടാതെ, ഘട്ടംഘട്ടമായി നടപ്പാക്കുന്ന താരിഫ് ഉദാരവൽക്കരണവും പരിവർത്തന കാലയളവിനുള്ള ക്രമീകരണങ്ങളും കർഷകരെയും ആഭ്യന്തര മേഖലയിലെ നിർണായക മേഖലകളെയും സംരക്ഷിക്കുന്നതിനാവശ്യമായ നയപരമായ ഇടം നിലനിർത്തുന്നു.

 

ഇന്ത്യൻ സേവന മേഖലയ്ക്ക് പുതിയ അവസരങ്ങൾ

ചരക്കുകൾക്കൊപ്പം, ഇന്ത്യയുടെ സമീപകാല എഫ്.ടി.എകൾ സേവന ദാതാക്കൾക്കും പ്രൊഫഷണലുകൾക്കും കൂടുതൽ അവസരങ്ങൾ തുറന്നുനൽകിയിട്ടുണ്ട്. തൊഴിലവസരങ്ങൾ, കയറ്റുമതി, മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനം എന്നിവയിൽ സേവന മേഖല നൽകുന്ന വർദ്ധിച്ചുവരുന്ന സംഭാവന കണക്കിലെടുക്കുമ്പോൾ ഇത് പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

 

ഇന്ത്യയിലെ തൊഴിലവസരങ്ങളുടെ 30 ശതമാനത്തോളവും സേവന മേഖലയിൽ നിന്നാണ്. കൂടാതെ, 2025-26 സാമ്പത്തിക വർഷത്തിൽ സേവന കയറ്റുമതി 421.3 ബില്യൺ യു.എസ് ഡോളറിലെത്തി. ഈ മേഖലയുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ, ഇന്ത്യയുടെ എഫ്.ടി.എകളിലെ ഒരു പ്രധാന ഘടകമാണ് സേവന മേഖല.

 

വിപണി പ്രവേശനം, പ്രൊഫഷണലുകളുടെ സഞ്ചാരം, ഇതുമായി ബന്ധപ്പെട്ട പിന്തുണാ നടപടികൾ എന്നിവ ഉൾപ്പെടുന്ന പ്രധാന വ്യവസ്ഥകൾ താഴെപ്പറയുന്നവയാണ്.

  • ഇന്ത്യൻ പ്രൊഫഷണലുകൾക്കായി, ഇന്ത്യ-ന്യൂസിലാൻഡ് എഫ്.ടി.എ വഴി നൈപുണ്യമുള്ള 5,000 വരെ ഇന്ത്യക്കാർക്ക് മൂന്ന് വർഷം വരെ അവിടെ തുടരാൻ പ്രത്യേക അവസരം നൽകുന്നു. ഐ.ടി, എൻജിനീയറിംഗ്, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, നിർമ്മാണം, ആയുഷ്, യോഗ, പാചക കല, സംഗീതം തുടങ്ങിയ മേഖലകളിലുള്ളവർക്കാണ് ഈ അവസരം ലഭിക്കുക. 118 സേവന മേഖലകളിലെ പ്രതിബദ്ധതകളും 139 മേഖലകളിലെ എം.എഫ്.എൻ പരിഗണനയും മറ്റ് പ്രധാന വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് India – New Zealand Free Trade Agreement Signed കാണുക

 

എന്താണ് മോസ്റ്റ് ഫേവേർഡ് നേഷൻ (MFN) പരിഗണന?

 

ഒരു രാജ്യം തങ്ങളുടെ എല്ലാ വ്യാപാര പങ്കാളികളോടും തുല്യമായി പെരുമാറണമെന്ന് ഉറപ്പാക്കുന്ന, വിവേചനരഹിതമായ വ്യാപാര തത്വമാണ് മോസ്റ്റ് ഫേവേർഡ് നേഷൻ (MFN) പരിഗണന.

 

  • ഇന്ത്യ-യൂറോപ്യൻ യൂണിയൻ എഫ്.ടി.എയ്ക്ക് കീഴിൽ, ഐ.ടി/ഐ.ടി.ഇ.എസ്, പ്രൊഫഷണൽ, ബിസിനസ്, വിദ്യാഭ്യാസം, ധനകാര്യം, ടൂറിസം, നിർമ്മാണ സേവനങ്ങൾ എന്നിവയുൾപ്പെടെ 144 സേവന ഉപമേഖലകളിൽ പ്രതിബദ്ധതകൾ ഉൾപ്പെടുന്നു. ബിസിനസ് സന്ദർശകരുടെയും കമ്പനികൾക്കുള്ളിലെ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങളുടെയും സഞ്ചാരം സുഗമമാക്കൽ, ആശ്രിതർക്കുള്ള പ്രവേശന-തൊഴിൽ അവകാശങ്ങൾ എന്നിവയും ഇതിലെ മറ്റ് വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. കൂടാതെ, സാമൂഹിക സുരക്ഷാ കരാറുകൾക്കായുള്ള അഞ്ചുവർഷത്തെ ചട്ടക്കൂട്, വിദ്യാർത്ഥികളുടെ സഞ്ചാരം, പഠനശേഷമുള്ള തൊഴിൽ അവസരങ്ങൾ എന്നിവയും ഇത് ഉറപ്പുനൽകുന്നു.

 

കൂടുതൽ വിവരങ്ങൾക്ക് India–EU Partnership: India’s Growing Engagement with European Union കാണുക:

 

  • ഇന്ത്യ-യു.കെ സി.ഇ.ടി.എയ്ക്ക് കീഴിലുള്ള സഞ്ചാരവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഐ.ടി, ആരോഗ്യപരിപാലനം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകൾക്ക് ബാധകമാണ്. ബിസിനസ് സന്ദർശകർ, കമ്പനികൾക്കുള്ളിലെ ജീവനക്കാരുടെ സ്ഥലംമാറ്റം, കരാർ അടിസ്ഥാനത്തിലുള്ള സേവനദാതാക്കൾ, സ്വതന്ത്ര പ്രൊഫഷണലുകൾ എന്നിവർക്ക് കൂടുതൽ സുഗമമായ പ്രവേശനം ഈ വ്യവസ്ഥകൾ സാധ്യമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ ഇരട്ട സാമൂഹിക സുരക്ഷാ പേയ്‌മെൻ്റുകൾ നൽകേണ്ട സാഹചര്യം ഒഴിവാക്കും. ഇതുവഴി 4,000 കോടി രൂപയിലധികം ലാഭിക്കാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 

കൂടുതൽ വിവരങ്ങൾക്ക് India–UK CETA Comes into Effect കാണുക: 

 

  • ഇന്ത്യ-ഇ.എഫ്.ടി.എ ടി.ഇ.പി.എ.യ്ക്ക് കീഴിൽ, ഇന്ത്യൻ സേവനദാതാക്കൾക്ക് സ്വിറ്റ്സർലൻഡിലെ 128, നോർവേയിലെ 114, ഐസ്‌ലൻഡിലെ 110, ലിച്ചൻസ്റ്റൈനിലെ 107 സേവന ഉപമേഖലകളിലേക്ക് മെച്ചപ്പെട്ട പ്രവേശനം ലഭിക്കും. ഐ.ടി, ബിസിനസ്, പ്രൊഫഷണൽ സേവനങ്ങൾ, വിദ്യാഭ്യാസം, മാധ്യമ, സാംസ്കാരിക സേവനങ്ങൾ തുടങ്ങിയ മേഖലകളിലായി ഈ അവസരങ്ങൾ വ്യാപിച്ചുകിടക്കുന്നു. നഴ്സിംഗ്, ചാർട്ടേഡ് അക്കൗണ്ടൻസി, ആർക്കിടെക്ചർ എന്നീ മേഖലകളിലെ പരസ്പര അംഗീകാര കരാറുകളും ഈ കരാറിൽ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് India-EFTA Trade Pact: Boosting $100 Billion Investment and 1 Million Jobs കാണുക: 

 

  • ഇന്ത്യ-ഒമാൻ സി.ഇ.പി.എ കമ്പനികൾക്കുള്ളിലെ ജീവനക്കാരുടെ സ്ഥലംമാറ്റം, കരാർ അടിസ്ഥാനത്തിലുള്ള സേവനദാതാക്കൾ, ബിസിനസ് സന്ദർശകർ, സ്വതന്ത്ര പ്രൊഫഷണലുകൾ എന്നിവരുടെ താൽക്കാലിക പ്രവേശനവും താമസവും ഉറപ്പാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് India–Oman CEPA കാണുക:

 

  • ഇന്ത്യ-ഓസ്‌ട്രേലിയ ഇ.സി.ടി.എയ്ക്ക് കീഴിൽ, ഏകദേശം 135 സേവന ഉപമേഖലകളിലായി ഓസ്‌ട്രേലിയ പ്രതിബദ്ധതകൾ നൽകിയിട്ടുണ്ട്. ഐ.ടി, ബിസിനസ് സേവനങ്ങൾ, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഓഡിയോ-വിഷ്വൽ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന 120 സേവന ഉപമേഖലകളിൽ എം.എഫ്.എൻ പരിഗണനയും ലഭ്യമാക്കിയിട്ടുണ്ട്.
  • ഇന്ത്യ-യു.എ.ഇ സി.ഇ.പി.എ.യ്ക്ക് കീഴിൽ, 11 പ്രധാന മേഖലകളിലായി ഏകദേശം 111 സേവന ഉപമേഖലകളിലേക്ക് ഇന്ത്യൻ സേവനദാതാക്കൾക്ക് പ്രവേശനം ലഭിക്കുന്നു. ബിസിനസ്, ആശയവിനിമയം, നിർമ്മാണം, വിദ്യാഭ്യാസം, ധനകാര്യം, ആരോഗ്യം, ടൂറിസം, ഗതാഗതം, പരിസ്ഥിതി, സാംസ്കാരിക സേവനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
  • ഇന്ത്യ-മൗറീഷ്യസ് സി.ഇ.സി.പി.എ 11 പ്രധാന മേഖലകളിലായി ഏകദേശം 115 സേവന ഉപമേഖലകളിലേക്ക് പ്രവേശനം നൽകുന്നു. പ്രൊഫഷണൽ, കമ്പ്യൂട്ടർ, ടെലികമ്മ്യൂണിക്കേഷൻസ്, ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം, ഓഡിയോ-വിഷ്വൽ, യോഗ സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

ഇന്ത്യയുടെ എഫ്.ടി.എ പ്രയാണത്തെ മുന്നോട്ട് നയിക്കുന്നു

 

ഇന്ത്യയുടെ സമീപകാല സ്വതന്ത്ര വ്യാപാര കരാറുകൾ നടപ്പാക്കലിൻ്റെ കൂടുതൽ ആഴത്തിലുള്ള ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ കരാറുകൾ വഴി ഉറപ്പാക്കിയ വിപണി പ്രവേശന സാധ്യതകൾ ബിസിനസുകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിലൂടെ അവയുടെ സ്വാധീനം കൂടുതൽ വിപുലമാകും. ഇത് കയറ്റുമതി പങ്കാളിത്തം വർദ്ധിപ്പിക്കാനും വ്യാപാരം വൈവിധ്യവൽക്കരിക്കാനും പങ്കാളി രാജ്യങ്ങളുടെ വിപണികളുമായുള്ള വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കും.

 

സമീപകാല കരാറുകൾ നടപ്പാക്കലിൻ്റെ കൂടുതൽ ആഴത്തിലുള്ള ഘട്ടത്തിലേക്ക് കടക്കുന്നതിനോടൊപ്പം, ഇന്ത്യയുടെ ഭാവി വ്യാപാര ലക്ഷ്യങ്ങളും കൂടുതൽ വിപുലീകരിക്കുകയാണ്. യുറേഷ്യൻ ഇക്കണോമിക് യൂണിയൻ, പെറു, ചിലി, ഇസ്രായേൽ, കാനഡ, മാലദ്വീപ് എന്നിവയുമായുള്ള പുതിയ ചർച്ചകൾ ഉൾപ്പെടെ പത്തോളം വ്യാപാര കരാറുകൾ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. കൂടാതെ, ഇന്ത്യ-കൊറിയ

സി.ഇ.പി.എ, ഇന്ത്യ-ശ്രീലങ്ക ഇ.ടി.സി.എ തുടങ്ങിയ നിലവിലുള്ള കരാറുകളും കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

 

വികസിക്കുന്ന ഈ ശൃംഖലയുടെ കാതൽ വലിയൊരു വാഗ്ദാനമാണ്: ഇന്ത്യക്കാരുടെ സംരംഭകത്വ മികവിനെയും അഭിലാഷങ്ങളെയും ലോകമെമ്പാടുമുള്ള കൂടുതൽ വിപണികളിലേക്ക് എത്തിച്ച്, ഇന്ത്യയുടെ വ്യാപാര മുന്നേറ്റത്തിന് കൂടുതൽ കരുത്തേകുക.

 

അവലംബം 

 

Prime Minister's Office (PMO):

https://www.pib.gov.in/PressReleasePage.aspx?PRID=2216270&lang=1&reg=3

Ministry of Commerce & Industry:

https://www.pib.gov.in/PressReleasePage.aspx?PRID=2290437

https://www.pib.gov.in/PressReleasePage.aspx?PRID=2284139&lang=2&reg=48

https://www.commerce.gov.in/files/2026-04/Annual_0.pdf

https://www.pib.gov.in/PressReleasePage.aspx?PRID=1810279&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2195127&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1812730&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2248223&lang=1&reg=3

https://www.trade.gov.in/pages/certificate-of-origin

https://www.pib.gov.in/PressReleasePage.aspx?PRID=2149736&reg=48&lang=2

https://content.dgft.gov.in/Website/HBP_07_2026_Chapter_02.pdf

https://www.trade.gov.in/pages/about-trade-connect-eplatform

https://www.pib.gov.in/PressReleasePage.aspx?PRID=2267513&reg=48&lang=2

https://www.commerce.gov.in/files/2026-04/final_1.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2288851&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2236134&lang=1&reg=3

https://sansad.in/getFile/lsapps/loksabhaquestions/annex/188/AU1405_0GOh6X.pdf

https://www.pib.gov.in/PressReleasePage.aspx?PRID=1821785&reg=48&lang=2

World Customs Organization:

https://www.wcoomd.org/en/topics/origin/overview/faq-origin.aspx#Q6

World Trade Organisation:

https://www.wto.org/english/thewto_e/whatis_e/tif_e/agrm6_e.htm

Department of Foreign Affairs & Trade (Australian Government):

https://www.dfat.gov.au/trade/agreements/in-force/australia-india-ecta/australia-india-ecta-official-text/chapter-4-rules-origin

https://www.dfat.gov.au/trade/agreements/in-force/australia-india-ecta/outcomes/australia-india-ecta-benefits-australia-overview

PIB Archives:

https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=154945&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2177724&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2240065&lang=1&reg=3

https://www.pib.gov.in/PressReleasePage.aspx?PRID=2233417&reg=3&lang=1

 

Click to see pdf

 

****


( റിലീസ് ഐ.ഡി: 2301115) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati