വനിതാ, ശിശു വികസന മന്ത്രാലയം
കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി അന്നപൂർണ ദേവി, ലൈബീരിയയിൽ നിന്നുള്ള പാർലമെൻ്ററി പ്രതിനിധി സംഘവുമായും ലൈബീരിയയിലെ വനിതാ നിയമനിർമ്മാണ കൂട്ടായ്മയിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
11 AUG 2026 4:37PM by PIB Thiruvananthpuram
കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി അന്നപൂർണ ദേവി, ലൈബീരിയയിൽ നിന്നുള്ള പാർലമെൻ്ററി പ്രതിനിധിസംഘവുമായും യു.എൻ വിമൻ പ്രതിനിധികളുമായും ഇന്ന് ന്യൂഡൽഹിയിലെ ജി.പി.ഒ.എ ബ്ലോക്ക് 3-ൽ കൂടിക്കാഴ്ച നടത്തി. ലൈബീരിയൻ സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും അംഗങ്ങളും ലൈബീരിയയിലെ വനിതാ നിയമനിർമ്മാണ കൂട്ടായ്മയിലെ അംഗങ്ങളും ഉൾപ്പെടുന്ന പ്രതിനിധി സംഘത്തെ എലൻ-അട്ടോ റേയാണ് നയിക്കുന്നത്. സൗത്ത്-സൗത്ത് പിയർ ലേണിംഗ് മിഷൻ്റെ ഭാഗമായി ഓഗസ്റ്റ് 10 മുതൽ 15 വരെയാണ് പ്രതിനിധിസംഘം ഇന്ത്യ സന്ദർശിക്കുന്നത്. യു.എൻ. വിമൻ്റെ പിന്തുണയോടെ സംഘടിപ്പിക്കുന്നതും ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക (IBSA) ഫണ്ട് മുഖേന ധനസഹായം നൽകുന്നതുമായ ഈ ദൗത്യം ഐക്യരാഷ്ട്രസഭയുടെ ദക്ഷിണ മേഖല സഹകരണത്തിനായുള്ള ഓഫീസ് ആണ് കൈകാര്യം ചെയ്യുന്നത്.

കൂടിക്കാഴ്ചയിൽ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനായി ഇന്ത്യ നടപ്പാക്കുന്ന പ്രധാന സംരംഭങ്ങളെക്കുറിച്ച് ലൈബീരിയൻ പ്രതിനിധി സംഘത്തിന് വിശദീകരണം നൽകി. സ്ത്രീകളെ ദേശീയ വികസനത്തിൻ്റെ സജീവ പങ്കാളികളായി കാണുന്ന ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് മന്ത്രി ശ്രീമതി അന്നപൂർണ ദേവി അടിവരയിട്ടു പറഞ്ഞു. സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യം, ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ള ഭരണനിർവഹണവും ബജറ്റവതരണവും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള സ്ഥാപനപരമായ ഇടപെടലുകൾ, പരിചരണ സമ്പദ്‌വ്യവസ്ഥ, പ്രാദേശിക ഭരണത്തിലെ വനിതാ നേതൃത്വം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ വനിതാ ശാക്തീകരണത്തിനായുള്ള ഇന്ത്യയുടെ നിയമനിർമ്മാണപരവും പദ്ധതിപരവും സ്ഥാപനപരവുമായ പ്രതിബദ്ധതകൾ അവർ എടുത്തുകാട്ടി. ഇരുരാജ്യങ്ങൾക്കും പൊതുവായ താൽപ്പര്യമുള്ള വിഷയങ്ങളിൽ ഇരുവിഭാഗവും വിശദമായ ചർച്ചകൾ നടത്തുകയും, ദക്ഷിണ മേഖല സഹകരണത്തിൻ്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ലൈബീരിയൻ പ്രതിനിധി സംഘത്തിൻ്റെ നേതാവിന് ഉപഹാരം സമർപ്പിച്ച ശേഷം ഗ്രൂപ്പ് ഫോട്ടോ എടുത്തുകൊണ്ടാണ് യോഗം സമാപിച്ചത്.


***
(रिलीज़ आईडी: 2297841)
आगंतुक पटल : 6