രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ നാവികസേനയും യുഎസ് നാവികസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ഫോടകവസ്തു നിർവീര്യമാക്കൽ അഭ്യാസപ്രകടനം -2026 കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ നടക്കും

പോസ്റ്റഡ് ഓണ്‍: 09 AUG 2026 5:42PM by PIB Thiruvananthpuram
ഇന്ത്യൻ നാവികസേനയും –യുഎസ് നാവികസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ഫോടകവസ്തു നിർവീര്യമാക്കൽ (ഇ.ഒ.ഡി) അഭ്യാസപ്രകടനം 2026 ഓഗസ്റ്റ് 10 മുതൽ 14 വരെ കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ നടക്കും. ഇരു നാവികസേനകളുടെയും സ്പെഷ്യലിസ്റ്റ് ഡൈവിംഗ്, ഇ.ഒ.ഡി സംഘങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രൊഫഷണൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ ഉഭയകക്ഷി അഭ്യാസം ലക്ഷ്യമിടുന്നത്.
 
 
അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ വിഷയ വിദഗ്ദ്ധ കൈമാറ്റങ്ങൾ, ക്രോസ്-ട്രെയിനിംഗ്, ഉപകരണങ്ങളുടെ പ്രദർശനം, സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിശീലനങ്ങൾ എന്നിവ ഉൾപ്പെടും. സമകാലിക ഇ.ഒ.ഡി രീതികൾ, നൂതന സാങ്കേതികവിദ്യകൾ, മികച്ച പ്രവർത്തന രീതികൾ എന്നിവ കൈമാറുന്നതിന് ഈ പരിപാടി വഴിയൊരുക്കും. ഒപ്പം ഇരുഭാഗത്തിൻ്റെയും ശേഷി, പ്രവർത്തന ആശയങ്ങൾ, തൊഴിൽപരമായ കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാനും ഇത് അവസരമൊരുക്കുന്നു.
 
 
സഹകരണാത്മകമായ പഠനവും പ്രവർത്തനപരമായ കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ അഭ്യാസ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഇരു നാവികസേനകളിലെയും ഉദ്യോഗസ്ഥർക്ക് നടപടിക്രമങ്ങൾ പരിഷ്കരിക്കുന്നതിനും പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിനും, സങ്കീർണ്ണവും മാറിക്കൊണ്ടിരിക്കുന്നതുമായ ഇ.ഒ.ഡി വെല്ലുവിളികളോട് ഫലപ്രദമായി പ്രതികരിക്കാനുള്ള ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.
 
 
2005 മുതൽ ഇന്ത്യൻ നാവികസേനയും യുഎസ് നേവിയും സംയുക്തമായി രക്ഷപ്പെടുത്തൽ, ഇ.ഒ.ഡി അഭ്യാസങ്ങൾ നടത്തിവരുന്നു. ഈ പ്രത്യേക ഉഭയകക്ഷി പരിശീലന അഭ്യാസത്തിൻ്റെ എട്ടാമത് പതിപ്പാണ് കൊച്ചിയിൽ നടക്കാൻ പോകുന്നത്. ഇത് പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രവർത്തനപരമായ വൈദഗ്ധ്യം പങ്കിടുന്നതിനും പ്രത്യേക നാവിക പ്രവർത്തനങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരു നാവികസേനകളും തമ്മിൽ നിലനിൽക്കുന്ന പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
 
 
****

( റിലീസ് ഐ.ഡി: 2296894) സന്ദര്‍ശക കൗണ്ടര്‍ : 35
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Tamil