പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൈസൂരുവിൽ വിവേക സ്മാരകം സ്വാമി വിവേകാനന്ദ കൾച്ചറൽ യൂത്ത് സെന്റർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

प्रविष्टि तिथि: 01 AUG 2026 7:19PM by PIB Thiruvananthpuram

"എല്ലരിഗൂ നന്ന നമസ്കാരഗളു"

രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ബേലൂർ മഠം അധ്യക്ഷൻ പരമപൂജ്യ സ്വാമി ഗൗതമാനന്ദ ജി മഹാരാജ്, മൈസൂരു ശ്രീ രാമകൃഷ്ണ ആശ്രമം അധ്യക്ഷൻ പൂജ്യ സ്വാമി മുക്തിദാനന്ദ ജി, രാമകൃഷ്ണ മഠം-രാമകൃഷ്ണ മിഷൻ ട്രസ്റ്റി പൂജ്യ സ്വാമി യാദ്വേന്ദ്രാനന്ദ ജി, ഗവർണർ ശ്രീ താവർചന്ദ് ഗെഹ്‌ലോട്ട് ജി, മുഖ്യമന്ത്രി ശ്രീ ഡി.കെ. ശിവകുമാർ ജി, പാർലമെന്റ് അംഗം യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ ജി, എം.എൽ.എ വിജയേന്ദ്ര യെദ്യൂരപ്പ ജി, കെ. ഹരീഷ് ഗൗഡ ജി, മറ്റ് വിശിഷ്ട വ്യക്തികളേ, ആദരണീയരായ സന്യാസിവര്യന്മാരെ, സഹോദരീസഹോദരന്മാരേ,

ആദ്യമായി മൈസൂരുവിന്റെ പ്രധാന പ്രതിഷ്ഠയായ ചാമുണ്ടേശ്വരി അമ്മയെ ഞാൻ വന്ദിക്കുന്നു. രണ്ടു ദിവസം മുൻപാണ് നാം ഗുരുപൂർണിമ ആഘോഷിച്ചത്. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ, എന്റെ ജീവിതയാത്ര എവിടെ നിന്നാണോ ആരംഭിച്ചത്, ഇന്ന് ഞാൻ എവിടെ നിൽക്കുന്നുവോ, അതിൽ രാമകൃഷ്ണ മിഷന് വളരെ വലിയൊരു പങ്കുണ്ട്. മൂന്ന് മാസം മുൻപ് ഞാൻ ഹൗറയിലെ ബേലൂർ മഠത്തിൽ പോയിരുന്നു. അവിടെയുള്ള എല്ലാ പൂജനീയ സന്യാസിമാരുമായും സത്സംഗത്തിൽ  ഏർപ്പെടാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് മൈസൂരു ശ്രീ രാമകൃഷ്ണ ആശ്രമവുമായി ബന്ധപ്പെട്ട സന്യാസിവര്യന്മാരെയും എന്റെ ഗുരു സഹോ​ദരന്മാരെയും കാണാനും അവരുടെ അനുഗ്രഹം വാങ്ങാനും വീണ്ടും അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. നിങ്ങളുടെയൊക്കെ സാന്നിധ്യം കൊണ്ട് ഈ പുണ്യഭൂമിയായ മൈസൂരുവിൽ ഇന്ന് വേറിട്ടൊരു ഊർജ്ജം ഞാൻ അനുഭവിച്ചറിയുന്നു. സന്യാസിവര്യന്മാരായ നിങ്ങളുടെ എല്ലാവരുടെയും പാദങ്ങളിൽ ഞാൻ ആദരവോടെ വന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ശാശ്വതമായ സാംസ്കാരിക ബോധത്തിന്റെ കേന്ദ്രമാണ് മൈസൂരു. ഇവിടുത്തെ ക്ഷേത്രങ്ങൾ, ഇവിടുത്തെ ആചാരങ്ങളും ഉത്സവങ്ങളും, മൈസൂരു ദസറ, പ്രൗഢഗംഭീരമായ കൊട്ടാരങ്ങൾ, സംഗീതവും സാഹിത്യവും തുടങ്ങി ഇന്ത്യയുടെ പൈതൃകം ഈ നഗരത്തിന്റെ കണികയിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ഇത് കാണുമ്പോൾ വലിയ സംതൃപ്തി തോന്നുന്നു. ഈ നഗരം ഈ പൈതൃകത്തെ തുല്യ കഴിവോടെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീ രാമകൃഷ്ണ ആശ്രമത്തിന്റെയും സ്വാമി വിവേകാനന്ദന്റെയും ഓർമ്മകളും മൈസൂരുവിന്റെ സമ്പന്നമായ പൈതൃകത്തിന്റെ ഭാഗമാണ്. കുറച്ചുമുമ്പ്, സ്വാമി വിവേകാനന്ദൻ തങ്ങിയ വേളയിൽ സമയം ചെലവഴിച്ച ആ ചരിത്രപ്രസിദ്ധമായ കെട്ടിടവും ഞാൻ സന്ദർശിച്ചിരുന്നു. കർണാടകയിലെ പ്രശസ്തരായ നിരവധി പണ്ഡിതന്മാരും ചിന്തകരും ഈ സ്ഥലവുമായി ബന്ധപ്പെട്ടിരുന്നു. രാഷ്ട്രകവി കുവേമ്പുവിനെപ്പോലുള്ള മഹാരഥന്മാർ മൈസൂരുവിൽ ഉണ്ടായിരുന്നപ്പോൾ, അദ്ദേഹത്തിനും ശ്രീ രാമകൃഷ്ണ ആശ്രമവുമായി അ​ഗാധമായ ബന്ധമുണ്ടായിരുന്നു. ഇന്ന് സ്വാമി വിവേകാനന്ദ കൾച്ചറൽ യൂത്ത് സെന്റർ അഥവാ വിവേക സ്മാരകത്തിന്റെ ഉദ്ഘാടനത്തിലൂടെ നാം ഈ ദൗത്യത്തിന് പുതിയൊരു വിപുലീകരണം നൽകുകയാണ്. ഇതിനായി ശ്രീ രാമകൃഷ്ണ ആശ്രമത്തിനും ഇതുമായി ബന്ധപ്പെട്ട എല്ലാ പണ്ഡിതന്മാർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളേ,

ഒരു വ്യക്തിയിൽ നിന്ന് മഹത്തായ ഒരു വ്യക്തിത്വത്തിലേക്കുള്ള മാറ്റം പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. ഇതിനായി ജീവിതത്തിലെ അസംഖ്യം പരീക്ഷണങ്ങൾ നേരിടേണ്ടതുണ്ട്. സാധന ചെയ്യണം, തപസ്സ് അനുഷ്ഠിക്കണം, സ്വയം ജ്വലിക്കണം, സ്വയം അർപ്പിക്കണം. പ്രശസ്തി നേടിയ ശേഷം ലോകം നിങ്ങളുടെ പിന്നാലെ നിൽക്കും. എന്നാൽ തപസ്സിന്റെ സമയത്ത് മഹദ് വ്യക്തിത്വങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. തപസ്സിൽ സാധകനെ തിരിച്ചറിയുന്നയാൾ അവരുടെ വിജയത്തിലും പങ്കാളിയാകുന്നു.

അതുകൊണ്ട്, സഹോദരീ സഹോദരന്മാരെ, സ്വാമി വിവേകാനന്ദന്റെ ജീവിതത്തിൽ മൈസൂരുവിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ടായിരുന്നു. ഏകദേശം 130 വർഷങ്ങൾക്ക് മുമ്പ്, ഒരു യുവ സന്യാസിയായി സഞ്ചരിക്കുമ്പോൾ സ്വാമിജി മൈസൂരുവിൽ എത്തിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ പ്രശസ്തി ഇന്നത്തേപ്പോലെ ആയിരുന്നില്ല. എന്നാൽ ചിന്തകൾ അത്രത്തോളം ഉയർന്നതായിരുന്നു. അന്ന് അദ്ദേഹത്തെ തിരിച്ചറിയുകയും അദ്ദേഹത്തോടൊപ്പം ചേരുകയും ചെയ്തവരിൽ പ്രമുഖമായ ഒരു പേര് അന്നത്തെ മൈസൂരു മഹാരാജാവിന്റേതായിരുന്നു. സ്വാമി വിവേകാനന്ദൻ അമേരിക്കയിലായിരുന്നപ്പോൾ അന്നത്തെ മൈസൂരു മഹാരാജാവിന് ഒരു കത്തെഴുതിയിരുന്നു. അതിൽ മഹാരാജാവിന്റെ പിന്തുണയെക്കുറിച്ച് അദ്ദേഹം തന്നെ പരാമർശിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

സ്വാമി വിവേകാനന്ദൻ ഭാരതീയ ബോധത്തെ ഉൾക്കൊണ്ടയാളായിരുന്നു. “പരോപകാരാർത്ഥം യോ ജീവതി സ ജീവതി” എന്ന് പറയുന്ന വേദവാക്യങ്ങളെ അദ്ദേഹം ഉൾക്കൊണ്ടു. അതായത്, യഥാർത്ഥത്തിൽ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവൻ മാത്രമേ ജീവിക്കുന്നുള്ളൂ. ഈ മന്ത്രത്തിലൂടെ മുന്നേറി, മൈസൂരുവിലെ ശ്രീ രാമകൃഷ്ണ ആശ്രമം കഴിഞ്ഞ വർഷം നൂറു വർഷം പൂർത്തിയാക്കി. വിദ്യാഭ്യാസമോ ആരോഗ്യമോ ബന്ധപ്പെട്ട സേവനങ്ങളോ ആകട്ടെ, പ്രകൃതിദുരന്തങ്ങളിലെ ആശ്വാസ പ്രവർത്തനങ്ങളാകട്ടെ, ശ്രീ രാമകൃഷ്ണ ആശ്രമം സ്വാമി വിവേകാനന്ദന്റെ പൈതൃകം ജീവസുറ്റത്തായി നിലനിർത്തിയിട്ടുണ്ട്. സാധകർക്കും ഭക്തർക്കും ആത്മീയ ഉയർച്ചയ്ക്കുള്ള തീർത്ഥാടന കേന്ദ്രമായി വിവേക സ്മാരകം മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു. സ്വാമി വിവേകാനന്ദന്റെ പ്രചോദനം 'ശിവജ്ഞാനേ ജീവസേവ' എന്നതായിരുന്നു. അതായത് ജീവികളെ സേവിക്കുന്നത് ശിവനെ സേവിക്കലാണ്. അതുകൊണ്ട്, ഈ വിവേക സ്മാരകത്തിൽ സ്വന്തം സുഖദുഃഖങ്ങൾക്കും ഉപരിയായി സമൂഹത്തിന്റെയും രാജ്യത്തിന്റെയും താൽപ്പര്യവും, പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വേദനയും കാണുന്ന യുവാക്കളെ നാം വാർത്തെടുക്കണം. 'രാഷ്ട്രം ആദ്യം' എന്നത് പരമമായ മന്ത്രവും മാതൃഭൂമിയുടെ സേവനം ജീവിതലക്ഷ്യവുമായ യുവാക്കളെയാണ് ഇവിടെ സൃഷ്ടിക്കേണ്ടത്.

സുഹൃത്തുക്കളേ,

യുവാക്കളുടെ വിദ്യാഭ്യാസത്തെ രാഷ്ട്രനിർമ്മാണത്തിന്റെ ശക്തമായ അടിത്തറയായി സ്വാമി വിവേകാനന്ദൻ കരുതിയിരുന്നു. ലോകരാജ്യങ്ങൾ തങ്ങളുടെ യുവജനങ്ങളുടെ വിദ്യാഭ്യാസത്തിൽ എങ്ങനെയാണ് ഊന്നൽ നൽകിയതെന്ന് അദ്ദേഹം നേരിട്ട് കണ്ടിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അന്ന് ഇന്ത്യ അടിമത്തത്തിലായിരുന്നു. ഇന്ത്യയിലെ യുവജനങ്ങളും അടിമത്തത്തിന്റെ ചങ്ങലകളിൽ ബന്ധിതരായിരുന്നു. ആ കാലഘട്ടം മുതൽ ഇതുവരെ ഇന്ത്യയിലെ യുവാക്കൾ നീണ്ടൊരു യാത്ര പൂർത്തിയാക്കിയിരിക്കുന്നു. ഒരിക്കൽ ചങ്ങലയിലായിരുന്ന ഇന്ത്യയിലെ യുവാക്കൾ ഇന്ന് ലോകത്തിന്റെ വികസനത്തിന് വേഗം കൂട്ടുകയാണ്. ഇന്ന് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുകയാണ്. ആര് കാരണം? ഇന്ത്യയിലെ യുവാക്കളുടെ കഴിവ് കാരണം! ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ഇന്ത്യയിലാണ്. ആര് കാരണം? ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവ് കാരണം! ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളായി ഇന്ത്യ മാറി. ആര് കാരണം? ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവ് കാരണം! ഇന്ന് ഇന്ത്യയിൽ നിർമ്മിക്കുന്ന ഡിജിറ്റൽ പരിഹാരങ്ങൾ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾക്ക് പ്രചോദനമാകുന്നു. ആര് കാരണം? ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവ് കാരണം! ഇന്ന് സെമികണ്ടക്ടർ നിർമ്മാണത്തിന്റെ പുതിയ യാത്രയിൽ ഇന്ത്യ വേഗത്തിൽ മുന്നേറുന്നു. ആര് കാരണം? ഭാരതത്തിലെ ‌യുവജനങ്ങളുടെ കഴിവ് കാരണം! ഇന്ന് എ.ഐ, ഡീപ് ടെക്, ബഹിരാകാശ സാങ്കേതിക വിദ്യ, നൂതനാശയം എന്നിവയിൽ ഇന്ത്യ പുതിയ അധ്യായങ്ങൾ എഴുതുകയാണ്. ആര് കാരണം? ഇന്ത്യയിലെ യുവാക്കളുടെ കഴിവ് കാരണം!

ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഇന്ത്യയിലെ യുവാക്കൾ ബഹിരാകാശത്ത് അത്ഭുതം സൃഷ്ടിക്കുന്നത് നാം കണ്ടു. ആദ്യമായി യുവാക്കൾ നിർമ്മിച്ച ഒരു സ്വകാര്യ കമ്പനിയുടെ റോക്കറ്റ് ബഹിരാകാശത്തെത്തി. ഇന്ന് മേഖല ഏതുമാകട്ടെ, ഇന്ത്യയിലെ യുവാക്കൾ തങ്ങളുടെ കരുത്ത് തെളിയിക്കുകയാണ്. വളരെ ചെറിയ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ഒരു യുവാവ് പോലും ഭാരതത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത് നാം കാണുന്നു. മുദ്ര വായ്പകളിലൂടെ അവൻ പുതിയൊരു തുടക്കം കുറിക്കുന്നു. രാജ്യത്തെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന് അവൻ നേതൃത്വം നൽകുന്നു. അത് ആത്മനിർഭർ ഭാരത് പ്രചാരണമാകട്ടെ അല്ലെങ്കിൽ മേക്ക് ഇൻ ഇന്ത്യ പ്രചാരണമാകട്ടെ, അതിന്റെ വിജയത്തിന് പിന്നിൽ ഭാരതത്തിലെ യുവജനങ്ങളുടെ കരുത്താണ്.

സുഹൃത്തുക്കളേ,

ഏതൊരു രാജ്യത്താകട്ടെ, യുവാക്കൾക്ക് ശരിയായ അവസരങ്ങൾ ലഭിക്കുമ്പോഴും ശരിയായ ദിശ ലഭിക്കുമ്പോഴും സ്വന്തം മണ്ണിൽ വലിയ സ്വപ്നങ്ങൾ കാണാനും അവ പൂർത്തീകരിക്കാനുമുള്ള ആത്മവിശ്വാസം ലഭിക്കുമ്പോഴും മാത്രമേ അവരുടെ കഴിവ് ആ രാഷ്ട്രത്തിന്റെ ശക്തിയായി മാറുകയുള്ളൂ. ഇതിൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ വലിയ പങ്കുവഹിക്കുന്നു. ഇന്ന് ഭാരതത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടെ 650-ലധികം പുതിയ സർവ്വകലാശാലകൾ നിർമ്മിക്കപ്പെട്ടു. കഴിഞ്ഞ 12 വർഷത്തിനിടെ പതിനാലായിരത്തോളം പുതിയ കോളേജുകൾ നിർമ്മിക്കപ്പെട്ടു. നാലായിരത്തിലധികം പുതിയ ഐ.ടി.ഐകൾ സൃഷ്ടിക്കപ്പെട്ടു. 9 പുതിയ ഐ.ഐ.എമ്മുകളും 7 പുതിയ ഐ.ഐ.ടികളും 13 പുതിയ എയിംസുകളും സ്ഥാപിക്കപ്പെട്ടു. ഇന്ന് രാജ്യത്ത് എം.ബി.ബി.എസ് സീറ്റുകൾ ഏകദേശം 1 ലക്ഷത്തി 40 ആയിരത്തിലെത്തി. മെഡിക്കൽ കോളേജുകളുടെ എണ്ണം 823 ആയി വർദ്ധിച്ചു.

സുഹൃത്തുക്കളേ,

ഒരു വശത്ത് നാം വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുകയാണ്. അതേസമയം, ആധുനിക ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തെയും മാറ്റിയെടുക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനനുസരിച്ച് ഇന്ത്യയിലെ യുവാക്കളെ സജ്ജരാക്കുന്നതിനുള്ള ഒരു മാധ്യമമായി ദേശീയ വിദ്യാഭ്യാസ നയം മാറുകയാണ്.

സുഹൃത്തുക്കളേ,

സ്കൂൾ വിദ്യാഭ്യാസത്തിലും വൻതോതിലുള്ള പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. രാജ്യത്തുടനീളം 14,000-ത്തിലധികം പി.എം ശ്രീ സ്കൂളുകൾ വികസിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസം വെറുമൊരു പുസ്തക പഠനമായി മാറാതിരിക്കാനും കുട്ടികളിൽ നവീകരണവും ശാസ്ത്രീയ മനോഭാവവും വികസിക്കാനുമായി 10,000-ത്തിലധികം അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

വിദ്യാഭ്യാസത്തോടൊപ്പം, ദേശീയ ഉന്നമനത്തിന് സമത്വവും അത്രതന്നെ പ്രധാനമാണെന്ന് സ്വാമി വിവേകാനന്ദൻ കരുതിയിരുന്നു. വിദ്യാഭ്യാസത്തിൽ വിവേചനം ഉണ്ടാകരുത്, അവസരങ്ങളിൽ വിവേചനം ഉണ്ടാകരുത് - ഇന്ന് ഇത് രാജ്യത്തിന്റെ കാഴ്ചപ്പാടായി മാറിയിരിക്കുന്നു. ഇന്ന് പെൺകുട്ടികളും സൈനിക സ്കൂളുകളിൽ പ്രവേശനം നേടുന്നു. എൻ.ഡി.എ വഴി പെൺകുട്ടികൾ രാഷ്ട്രത്തിന് സംഭാവന നൽകുന്നു. ഇന്ന് മാതൃഭാഷയിൽ മെഡിസിനും എഞ്ചിനീയറിംഗും പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഭാഷയുടെ പേരിലുള്ള അവസര വിവേചനത്തിന് തടയിടുകയാണ്.

സുഹൃത്തുക്കളേ,

യുവശക്തി ആരോഗ്യകരവും അച്ചടക്കമുള്ളതും ആത്മവിശ്വാസമുള്ളതുമായി നിലനിൽക്കേണ്ടത് ഒരുപോലെ ആവശ്യമാണ്. കായികരംഗത്തിന് പ്രാധാന്യം നൽകുന്ന രാജ്യങ്ങളിൽ, അവിടുത്തെ യുവാക്കളിൽ ഈ മൂന്ന് ഗുണങ്ങളും വേഗത്തിൽ വികസിക്കുന്നു. അതിനാൽ ഇന്ന് കായികരംഗം രാഷ്ട്രനിർമ്മാണത്തിന്റെ പ്രധാന ധാരയായി കാണപ്പെടുന്നു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, യൂണിവേഴ്സിറ്റി ഗെയിംസ്, പാരാ ഗെയിംസ്, വിന്റർ ഗെയിംസ് തുടങ്ങിയ പരിപാടികൾ രാജ്യത്തുടനീളമുള്ള യുവാക്കൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദി നൽകിയിട്ടുണ്ട്. ഇന്ന് രാജ്യത്തുടനീളം ആധുനിക കായിക പശ്ചാത്തല സൗകര്യങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്നു, ഖേലോ ഇന്ത്യ സെന്ററുകളിലൂടെ സൗകര്യങ്ങൾ വർദ്ധിക്കുന്നു, ഗ്രാമങ്ങൾ മുതൽ ചെറിയ നഗരങ്ങൾ വരെയുള്ള പുതിയ പ്രതിഭകളെ തിരിച്ചറിയുന്നു.

കൂടാതെ സുഹൃത്തുക്കളേ,

ഇന്ന് ഈ പ്രചാരണത്തിന്റെ ഫലങ്ങളും വ്യക്തമായി ദൃശ്യമാണ്. അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുന്നു. നമ്മുടെ കളിക്കാർ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു, നമ്മുടെ പെൺമക്കൾ രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നു.

സുഹൃത്തുക്കളേ,

സ്വാമി വിവേകാനന്ദനെപ്പോലെ, വലിയൊരു ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ വിവേക സ്മാരകം നമ്മെ പ്രചോദിപ്പിക്കുന്നു. ഇത്തരമൊരു സ്ഥലത്തുനിന്നുകൊണ്ട് നമ്മുടെ യുവാക്കളോട് ചില കാര്യങ്ങൾ അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരങ്ങളുടെ പട്ടികയിൽ മൈസൂരു പലപ്പോഴും ഇടംപിടിച്ചിട്ടുണ്ട്. ഇതിനായി ഇവിടുത്തെ ജനങ്ങൾക്ക് ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ഈ അവസരത്തിൽ, ഭാവിയിലും ശുചിത്വത്തോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത തുടർച്ചയായി ശക്തിപ്പെടുത്തുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാൻ സാധിക്കുമോ? ഇവിടുത്തെ പ്രകൃതിവിഭവങ്ങൾ നാം സംരക്ഷിക്കണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രതിജ്ഞകൾ നാം എടുക്കണം. ഓരോ തുള്ളി വെള്ളവും ലാഭിക്കാൻ നാം ദൗത്യ രീതിയിൽ പ്രവർത്തിക്കേണ്ടിവരും.

സുഹൃത്തുക്കളേ,

ഇന്ന് തന്നെ വാൽമീകി രാമായണത്തിന്റെ കന്നഡ പരിഭാഷയും ഇവിടെ പ്രകാശനം ചെയ്തിട്ടുണ്ട്. കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് ഒരു അഭ്യർത്ഥനയും എനിക്ക് നടത്താനുണ്ട്. മഹത്തായ എഴുത്തുകാരുടെയും കവികളുടെയും മണ്ണാണ് കർണാടക. കന്നഡ സംസാരിക്കുന്ന ജനങ്ങൾ അവരുടെ വായനാ സംസ്കാരത്തിന് എപ്പോഴും പ്രശസ്തരാണ്. ഈ സ്മാർട്ട്‌ഫോൺ യുഗത്തിൽ ഈ സ്വഭാവം കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടണം. കന്നഡ സാഹിത്യവുമായി ആഴത്തിൽ ബന്ധപ്പെടാൻ പുതിയ തലമുറയെ പ്രചോദിപ്പിക്കാൻ നമുക്ക് സാധിക്കുമോ?

സുഹൃത്തുക്കളേ,

പട്ട്, ചന്ദനം, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് പേരുകേട്ടതാണ് മൈസൂരു. നാം ആർക്കെങ്കിലും എന്തെങ്കിലും സമ്മാനിക്കുമ്പോഴെല്ലാം, അത് ഒരു ഭാരതീയന്റെ കരങ്ങളാലും വിയർപ്പാലും നിർമ്മിച്ചതാണെന്ന് ഉറപ്പാക്കാൻ നമുക്ക് സാധിക്കുമോ? ഇത് നമ്മുടെ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കും, അതേസമയം മറ്റൊരു കുടുംബത്തിന് സാമ്പത്തിക പിന്തുണയും ലഭിക്കും.

സുഹൃത്തുക്കളേ,

സ്വാമി വിവേകാനന്ദൻ കണ്ട ഭാരതത്തിന്റെ സ്വപ്നം പൂർത്തീകരിക്കാനുള്ള ഉത്തരവാദിത്തം ഇന്നത്തെ തലമുറയ്ക്കാണ്. ഇതിനുള്ള ഊർജസ്രോതസ്സായി വിവേക സ്മാരകം വർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. പൂജനീയരായ സന്യാസിമാർക്കും ഗുരു സഹോദരന്മാർക്കും ഇവിടെ തടിച്ചുകൂടിയ മൈസൂരിലെ ജനങ്ങൾക്കും മുൻപിൽ ഒരിക്കൽ കൂടി ശിരസ്സ് നമിച്ച് ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു. നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.

***

NK


(रिलीज़ आईडी: 2294144) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Telugu , Kannada