പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാപ്രദേശിലെ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

प्रविष्टि तिथि: 01 AUG 2026 2:56PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്.

ഭാരത് മാതാ കീ ജയ്.

ഭാരത് മാതാ കീ ജയ്.

ആന്ധ്രാപ്രദേശ് ഗവർണർ അബ്ദുൾ നസീർ ജി, ഗോവ ഗവർണറും ഈ മണ്ണിൻ്റെ പുത്രനുമായ അശോക് ഗജപതി രാജു ജി, മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ചന്ദ്രബാബു നായിഡു ജി, ഉപമുഖ്യമന്ത്രിയും സഹോദരനുമായ പവൻ കല്യാൺ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനും ഊർജ്ജസ്വലനുമായ സഹോദരൻ റാം മോഹൻ നായിഡു ജി, ചന്ദ്രശേഖർ പെമ്മസാനി ജി, ഭൂപതി രാജു ശ്രീനിവാസ വർമ്മ ജി, സംസ്ഥാന മന്ത്രിയും സഹോദരനുമായ നാര ലോകേഷ് ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് ജനപ്രതിനിധികളേ, മാന്യരേ മഹതികളേ.

അന്തരികി നമസ്കാരം! (എല്ലാവർക്കും നമസ്കാരം!)

സുഹൃത്തുക്കളേ,

ആന്ധ്രാപ്രദേശിന്റെ വികസനത്തിനും 'സുവർണ ആന്ധ്ര' എന്ന കാഴ്ചപ്പാടിനും ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. തികച്ചും ശുഭകരമായ ഒരു മാസത്തിലെ ഈ മംഗളകരമായ വേളയിൽ, ഉത്തര ആന്ധ്രയിലെ ഈ പുണ്യഭൂമിയിലേക്ക് വരാൻ എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ആദ്യമായി ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമിയുടെ പാദങ്ങളിൽ ഞാൻ വണങ്ങുന്നു. ശ്രീ കൂർമ്മനാഥ സ്വാമിക്കും പൈഡിത്തല്ലി അമ്മവാരുവിനും എന്റെ പ്രണാമം.

സുഹൃത്തുക്കളേ,

ഏകദേശം 18000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും ഇന്ന് ഇവിടെ നിർവഹിച്ചു. വിമാനത്താവളത്തോടൊപ്പം ഈ പദ്ധതികൾ ആന്ധ്രയുടെ റോഡ് കണക്റ്റിവിറ്റിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ഈ വികസന പ്രവർത്തനങ്ങൾ ഈ സമയത്ത് ആന്ധ്ര എത്രത്തോളം വേഗതയിലാണ് മുന്നോട്ട് കുതിക്കുന്നത് എന്നതിന്റെ പ്രതീകമാണ്. ഈ പദ്ധതികൾക്കായി ഞാൻ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളേ,

ഇന്നത്തെ ഈ ചടങ്ങ് പുതിയ ചരിത്രവും പുതിയ റെക്കോർഡുകളും കുറിക്കുന്നതിനുള്ള ഒന്നുകൂടിയാണ്. ഇന്ന് ഒരു വശത്ത് വികസനത്തിന്റെ പുതിയ റെക്കോർഡുകൾ കുറിക്കപ്പെടുമ്പോൾ മറു വശത്ത് ധീംസ നൃത്തത്തിന്റെ സാംസ്കാരിക റെക്കോർഡും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, രണ്ടു മേഖലകളെയും ഒരുപോലെ തൊട്ടറിഞ്ഞു എന്നതാണ് ചന്ദ്രബാബുവിന്റെ പ്രത്യേകത. ഒരു വശത്ത് ഉയർന്ന ആകാശത്തെ സ്പർശിക്കുന്ന ഒരു വിമാനത്താവളത്തിന്റെ നിർമ്മാണം - മറുവശത്ത് ഇവിടുത്തെ എന്റെ ആദിവാസി സഹോദരിമാർ ധീംസ നൃത്തത്തിലൂടെ കുറിച്ച ലോക റെക്കോർഡ്; ചന്ദ്രബാബുവിന്റെ ഈ കാഴ്ചപ്പാടിനെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.

13000-ത്തിലധികം വരുന്ന ആദിവാസി സഹോദരിമാരുടെയും പെൺകുട്ടികളുടെയും പ്രകടനം, അവരുടെ ആവേശം, അവരുടെ അച്ചടക്കം, ഗോത്ര സംസ്‌കാരത്തിന്റെ അഭിമാനം - ഈ കാഴ്ച ശരിക്കും അവിസ്മരണീയമായിരുന്നു. ഇതിൽ രാജ്യത്തിന്റെ വൈവിധ്യത്തോടൊപ്പം തലമുറകളായി സംരക്ഷിക്കപ്പെട്ടുപോരുന്ന ഗോത്രവർഗ്ഗ പാരമ്പര്യത്തിന്റെ ഒരു മിന്നലാട്ടവും ഉണ്ടായിരുന്നു. ഈ പ്രകടനത്തിന് ഞാൻ നിങ്ങളെയെല്ലാവരെയും, പ്രത്യേകിച്ച് എന്റെ ആദിവാസി സഹോദരിമാരെയും പെൺകുട്ടികളെയും അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഈ മണ്ണ് അല്ലൂരി സീതാരാമ രാജുവിന്റെ മണ്ണാണ്. ഗോത്രവർഗ്ഗ താല്പര്യങ്ങൾക്കായി അല്ലൂരി സീതാരാമ രാജു ജി തന്റെ ജീവിതം സമർപ്പിച്ച അതേ മണ്ണിൽ, ഇന്ന് ആന്ധ്രാപ്രദേശിന്റെ ഒരു പുതിയ വിമാനത്താവളം ആരംഭിക്കുകയാണ്. ഈ വിമാനത്താവളം ആന്ധ്രയുടെയും ഉത്തര ആന്ധ്രയുടെയും വളർച്ചയ്ക്കുള്ള റൺവേയാണ്. ആന്ധ്രയിലെ യുവാക്കളുടെ മികച്ച ഭാവിക്കായുള്ള വിക്ഷേപണത്തറയാണിത്. ആന്ധ്രാപ്രദേശിലെ ജനങ്ങൾക്കും രാജ്യത്തെ ജനങ്ങൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

മുമ്പ് വിമാനത്താവളങ്ങൾ നിർമ്മിക്കുമ്പോൾ അവയുടെ പേരുകൾ ഒരൊറ്റ കുടുംബ പേരുമായി ബന്ധപ്പെടുത്തിയിരുന്നു. നമ്മൾ ആ പാരമ്പര്യം മാറ്റി. അയോധ്യയിലെ വിമാനത്താവളത്തിന്റെ പേര് നമ്മൾ വാൽമീകിയുമായി ബന്ധപ്പെടുത്തി, പഞ്ചാബിലെ വിമാനത്താവളത്തിന്റെ പേര് നമ്മൾ സന്ത് രവിദാസ് ജിയുമായി ബന്ധപ്പെടുത്തി.

സുഹൃത്തുക്കളേ,

ഈ പുതിയ വിമാനത്താവളത്തിന് ശ്രീ അല്ലൂരി സീതാരാമ രാജുവിന്റെ പേര് നൽകാൻ കേന്ദ്ര NDA ​ഗവൺമെന്റ് തീരുമാനമെടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഏതൊരു പൗരൻ ഈ വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുമ്പോഴും രാജ്യത്തെയും ലോകത്തിലെയും ഏതൊരു പൗരൻ ഈ വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുമ്പോഴും അല്ലൂരി സീതാരാമ രാജു ജിയുടെ പേരിൽ ജനസേവനത്തിനും രാഷ്ട്രസേവനത്തിനുമുള്ള പ്രചോദനം ലഭിക്കും.

സുഹൃത്തുക്കളേ,

കഴിഞ്ഞ 12 വർഷത്തിനിടയിൽ രാജ്യത്തെ വ്യോമയാന മേഖല അസാധാരണമായ പുരോഗതി കൈവരിച്ചു. 2014 വരെ 74 വിമാനത്താവളങ്ങൾ മാത്രമാണ് രാജ്യത്ത് പ്രവർത്തനക്ഷമമായിരുന്നത്. ഇന്ന് ഈ സംഖ്യ 166 ആണ്. വിമാന സർവീസുകൾ വൻനഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ എൻ.ഡി.എ ഗവൺമെന്റിന്റെ ഭരണത്തിൽ ചെറിയ നഗരങ്ങളിൽ നിന്നുള്ള സാധാരണക്കാരും ഇന്ന് വിമാനത്തിൽ യാത്ര ചെയ്യുന്നു. 12 വർഷത്തിനുള്ളിൽ വിമാനത്താവളങ്ങളുടെ എണ്ണം വർധിക്കുക മാത്രമല്ല ചെയ്തത്; നമ്മുടെ 'ഉഡാൻ' (UDAN) പദ്ധതി കാരണം സാധാരണ കുടുംബങ്ങൾക്കും ഇന്ന് വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ഏറ്റവും പാവപ്പെട്ടവരിൽ പാവപ്പെട്ടവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഈ പദ്ധതി സഹായിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗവൺമെന്റ് ഉഡാൻ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇതിനായി 29000 കോടി രൂപ കൂടി ചെലവഴിക്കും.

സുഹൃത്തുക്കളേ,

വ്യോമയാന മേഖലയിൽ രാജ്യം മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി കൈവരിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാശിയിൽ ആരംഭിച്ച 'സ്പോക്ക് എയർപോർട്ട് മോഡൽ' ഇന്ന് പഞ്ചാബിലെ അമൃത്സറിലും എത്തിയിരിക്കുന്നു. ഇതുമൂലം അമൃത്സറിൽ നിന്ന് 25-ലധികം അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് കണക്റ്റിവിറ്റി ലഭിക്കും. ഈ നേട്ടത്തിന് ആന്ധ്രയുടെ ഈ മണ്ണിൽ നിന്ന് ഞാൻ പഞ്ചാബിലെ ജനങ്ങളെയും അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ ആന്ധ്രാപ്രദേശ് എപ്പോഴും വികസിത ഭാരതത്തിന്റെ വളർച്ചാ എഞ്ചിനാണ്. ആന്ധ്രയുടെ വികസനത്തിനായുള്ള നമ്മുടെ ശ്രമങ്ങൾ ഇരട്ട എഞ്ചിൻ വേഗതയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഞാൻ ആന്ധ്രയിലെ ജനങ്ങളോട് ഒരു ഇരട്ട എഞ്ചിൻ ഗവൺമെന്റിനായുള്ള ആശീർവാദം ചോദിച്ചിരുന്നു; ഇന്ന് ചന്ദ്രബാബു നായിഡു ജിയുടെ നേതൃത്വത്തിലും പവൻ കല്യാൺ ജിയുടെ നേതൃത്വത്തിലും മുഴുവൻ എൻ.ഡി.എ ടീമും ആന്ധ്രാപ്രദേശിനായി ഇരട്ടി വേഗതയിൽ പ്രവർത്തിക്കുകയാണ്.

സുഹൃത്തുക്കളേ,

ഇന്ന് രാജ്യം സമുദ്ര സമ്പദ്‌വ്യവസ്ഥയെ നിരന്തരം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ പ്രദേശം മുഴുവൻ ഒരു തീരദേശ സാമ്പത്തിക ഇടനാഴിയായി വികസിക്കണമെന്നാണ് നമ്മുടെ കാഴ്ചപ്പാട്. ഈ ലക്ഷ്യത്തോടെ തന്നെയാണ് വിശാഖപട്ടണം മുതൽ കൃഷ്ണപട്ടണം വരെയുള്ള നമ്മുടെ പഴയ തുറമുഖങ്ങൾ ആധുനികവത്കരിക്കപ്പെടുന്നത്. ഇതുകൂടാതെ മൂലപേട്ടയിലും രാമയ്യപട്ടണത്തിലും നമ്മൾ പുതിയ തുറമുഖങ്ങളും നിർമ്മിക്കുന്നു.

സുഹൃത്തുക്കളേ,

തുറമുഖ വികസനത്തോടൊപ്പം ആന്ധ്രയിലുടനീളം ഹൈവേകളുടെയും എക്സ്പ്രസ് വേകളുടെയും ഒരു ശൃംഖല തന്നെ തയ്യാറാക്കിവരികയാണ്. വിശാഖപട്ടണം-റായ്പൂർ എക്സ്പ്രസ് വേ പോലെയുള്ള പദ്ധതികൾ ഈ പ്രദേശത്തിനാകെ വേഗത പകരുകയാണ്.

സുഹൃത്തുക്കളേ,

ഈ പ്രദേശം മുഴുവൻ രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കപ്പെടുന്നതിനായി ഇന്ന് ആന്ധ്രാപ്രദേശിൽ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ റെയിൽവേ പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻ റെയിൽ ശൃംഖലയുടെയും വൈദ്യുതീകരണം പൂർത്തിയായിക്കഴിഞ്ഞു. ഇവിടുത്തെ എഴുപതിലധികം റെയിൽവേ സ്റ്റേഷനുകളും ആധുനികവത്കരിക്കുകയാണ്.

സുഹൃത്തുക്കളേ,

ഈ മേഖലയുടെ വികസനത്തിൽ ഇന്ന് പി.എം ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനും വലിയ പങ്കാണ് വഹിക്കുന്നത്. പി.എം ഗതിശക്തിയിലൂടെ ഈ പ്രദേശം മുഴുവനുമുള്ള റെയിൽ, തുറമുഖം, വിമാനത്താവളം എന്നിവയെല്ലാം ഒന്നായി ബന്ധിപ്പിക്കപ്പെടുകയാണ്. ഈ ആധുനിക ലോജിസ്റ്റിക്സ് ശൃംഖല ഇവിടെ സജ്ജമാകുമ്പോൾ വ്യവസായങ്ങൾക്ക് മികച്ച കണക്റ്റിവിറ്റി ലഭിക്കുകയും കർഷകർക്ക് പ്രയോജനം ലഭിക്കുകയും ബിസിനസ് കൂടുതൽ സു​ഗമമാക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ആന്ധ്രാപ്രദേശ് എപ്പോഴും പുരോഗമനപരമായ ചിന്താഗതിയുള്ള ഒരു സംസ്ഥാനമാണ്. സോഫ്റ്റ്‌വെയർ, ഐ.ടി, ടെക് മേഖലകളിൽ ആന്ധ്രയിലെ യുവാക്കൾ ലോകമൊട്ടാകെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇവിടുത്തെ കഴിവുകളെ ആന്ധ്രാപ്രദേശിന്റെ വികസന ശക്തിയുമായി ബന്ധിപ്പിക്കാൻ ​ഗവൺമെന്റ് ആഗ്രഹിക്കുന്നത്. നമ്മുടെ പ്രഗത്ഭരായ യുവാക്കളുടെ കഴിവിൽ നിന്ന് ആന്ധ്രാപ്രദേശിനും രാജ്യത്തിനും പരമാവധി പ്രയോജനം ലഭിക്കേണ്ടതുണ്ട്. ഇതിനായി സെമികണ്ടക്ടറുകൾ പോലെയുള്ള ഭാവിയുടെ സാങ്കേതിക വ്യവസായങ്ങളിലാണ് ഇപ്പോൾ നമ്മുടെ ശ്രദ്ധ. വിശാഖപട്ടണത്ത് പുതിയ സെമികണ്ടക്ടർ പ്ലാന്റിന് തറക്കല്ലിട്ടത് ഈ ദിശയിലുള്ള ഒരു വലിയ ചുവടുവെപ്പാണ്. ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ നമ്മുടെ ആന്ധ്ര ഇനി സോഫ്റ്റ്‌വെയറിനൊപ്പം മാനുഫാക്ചറിംഗിന്റെയും ഒരു കേന്ദ്രമായി മാറും. ഇത് ആന്ധ്രയിൽ ഭാവിതലമുറയ്ക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ടെക് വ്യവസായങ്ങൾക്ക് ഒരു പുതിയ അന്തരീക്ഷം രൂപപ്പെടുത്തുകയും ചെയ്യും.

സുഹൃത്തുക്കളേ,

ലോക സമ്പദ്‌വ്യവസ്ഥയിൽ, എവിടെയായാലും, ഏതെങ്കിലും ഒരു വളർച്ചാ കേന്ദ്രത്തിന്റെ നിർമ്മിതി ഒരു ഫാക്ടറി കൊണ്ടുമാത്രം സാധ്യമല്ല; അതിനായി ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥ തന്നെ ആവശ്യമാണ്. ഇന്ന് ആന്ധ്രാപ്രദേശിൽ നമ്മൾ അതേ വളർച്ചയുടെ ആവാസവ്യവസ്ഥയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചന്ദ്രബാബു നായിഡു ജി വ്യക്തിപരമായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്നു. ഇതിന്റെ ഫലമായി ഇന്ന് ലോകത്തിലെ നിരവധി പ്രമുഖ കമ്പനികൾ ഇവിടെ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളേ,

സെമികണ്ടക്ടറുകൾക്കൊപ്പം, എ.ഐ അടിസ്ഥാന സൗകര്യങ്ങളിലും ഡാറ്റാ സെന്ററുകളിലും ഇവിടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഗൂഗിളും ഇവിടെ 15 ബില്യൺ ഡോളറിന്റെ എ.ഐ ആന്റ് ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ക്യാമ്പസ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു പല ആഗോള കമ്പനികളും ഇവിടെ പുതിയ സാധ്യതകൾ കാണുന്നുണ്ട്. ആന്ധ്രാപ്രദേശിനൊപ്പം രാജ്യത്തെ യുവാക്കൾക്കും ഇതിൽ നിന്ന് വലിയ നേട്ടമാണ് ലഭിക്കുന്നത്.

സുഹൃത്തുക്കളേ,

ആന്ധ്രയുടെ വ്യവസായിക വളർച്ചാ ​ഗാഥ ഡിജിറ്റൽ സാങ്കേതികവിദ്യയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നക്കപ്പള്ളിയിൽ വലിയൊരു ബൾക്ക് ഡ്രഗ്/ഫാർമ പാർക്കിനായി കേന്ദ്ര ​ഗവൺമെന്റും പിന്തുണ നൽകുന്നു. ഇതിന്റെ ഫലമായി ആന്ധ്രാപ്രദേശ് രാജ്യത്തെ ഒരു പ്രധാന ഫാർമ ഹബ്ബായി വികസിക്കുകയും ചെയ്യും. ഹരിത ഊർജ്ജ മേഖലയിൽ രായലസീമ മേഖലയിൽ മാത്രം അഞ്ച് ലക്ഷം കോടി രൂപയിലധികം നിക്ഷേപം നടന്നിട്ടുണ്ട്. ഇന്ന് ആന്ധ്രാപ്രദേശിലെ എല്ലാ ജനങ്ങളോടും ഞാൻ വീണ്ടും ഉറപ്പുനൽകുന്നു; നമ്മുടെ ഈ ​ഗവൺമെന്റ്— ഈ ഇരട്ട എഞ്ചിൻ ഗവൺമെന്റ്— അത്തരം ഓരോ സാധ്യതയും സാക്ഷാത്കരിക്കുന്നതിനായി രാപ്പകലില്ലാതെ ജോലി ചെയ്യുന്നത് തുടരും.

സുഹൃത്തുക്കളേ,

ഇന്ന് ആന്ധ്രാപ്രദേശിൽ ഓരോ മേഖലയിലും എത്രത്തോളം വേഗതയിലാണ് കാര്യങ്ങൾ നടക്കുന്നത് എന്നത്, കഴിഞ്ഞ 3 സന്ദർശനങ്ങളിൽ മാത്രം ഞാൻ ഇവിടെ രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചുവെന്ന വസ്തുതയിൽ നിന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതാണ്. ആന്ധ്രയുടെ ഈ വികസന യാത്രയിൽ ഉത്തര ആന്ധ്രയും ശാക്തീകരിക്കപ്പെടുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മൾ വിശാഖപട്ടണം ഇക്കണോമിക് റീജിയൺ (V.E.R) രാജ്യത്തെ ഒരു പ്രധാന വ്യവസായ കേന്ദ്രമായി വികസിപ്പിച്ചുവരികയാണ്. വി.ഇ.ആർ ഏഷ്യയിലെ തന്നെ ഒരു പ്രധാന സാമ്പത്തിക ഹബ്ബായി മാറണമെന്നാണ് നമ്മുടെ ലക്ഷ്യം. വിമാനത്താവളം മുതൽ സെമികണ്ടക്ടർ യൂണിറ്റ് വരെയുള്ള കാര്യങ്ങളെല്ലാം ഈ ദൗത്യത്തിന്റെ ഭാഗമാണ്.

സുഹൃത്തുക്കളേ,

നമ്മുടെ ഗവൺമെന്റിൻ്റെ മന്ത്രം - നിക്ഷേപത്തിൽ നിന്ന് തൊഴിലിലേക്ക് എന്നതാണ്; അതിനാൽ, ഗവൺമെന്റ് സ്വന്തം ഭാഗത്തുനിന്നുള്ള നിക്ഷേപം വർധിപ്പിച്ചു, കൂടാതെ സ്വകാര്യ മേഖലയെ നിക്ഷേപം നടത്താൻ നമ്മൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിക്ഷേപം വർധിക്കുമ്പോൾ ഉൽപ്പാദനം വർധിക്കുന്നുവെന്ന് നിങ്ങൾക്കും അറിയാം; ഉൽപ്പാദനം വർധിക്കുമ്പോൾ കയറ്റുമതി വർധിക്കുന്നു; കയറ്റുമതി വർധിക്കുമ്പോൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു; തൊഴിൽ വർധിക്കുമ്പോൾ ജനങ്ങളുടെ വരുമാനം വർധിക്കുന്നു, കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുന്നു; ആന്ധ്രാപ്രദേശിൽ ഇതാണ് സംഭവിക്കുന്നതെന്ന് നമ്മൾ കാണുന്നു.

സുഹൃത്തുക്കളേ,

ഇന്ന് ഇവിടെ തുടക്കം കുറിച്ചതും തറക്കല്ലിട്ടതുമായ എല്ലാ പദ്ധതികളും സുവർണ ആന്ധ്രയുടെയും വികസിത ഭാരതത്തിൻ്റെയും പ്രതിജ്ഞ നിറവേറ്റുന്നതിന് വലിയ സംഭാവന നൽകുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ചന്ദ്രബാബു ജിയുടെ നേതൃത്വത്തിൽ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു വലിയ ഊർജ്ജസ്രോതസ്സായി ആന്ധ്രാപ്രദേശ് മാറുകയാണ്. ഈ പദ്ധതികൾക്കെല്ലാം ഞാൻ ആന്ധ്രാപ്രദേശിലെ ജനങ്ങളെ ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.

വളരെ നന്ദി!

ഭാരത് മാതാ കീ ജയ്.

ഭാരത് മാതാ കീ ജയ്.

ഭാരത് മാതാ കീ ജയ്.

വളരെ നന്ദി!

നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.

***

NK


(रिलीज़ आईडी: 2293815) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Telugu , Kannada