ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

കേരളത്തിലെ മത്സ്യത്തൊഴിലാളിസമൂഹത്തിന് കൈത്താങ്ങ്

प्रविष्टि तिथि: 29 JUL 2026 2:52PM by PIB Thiruvananthpuram

കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നേരിടുന്ന സാമൂഹിക-സാമ്പത്തിക അവസ്ഥകളെക്കുറിച്ചോ ഉപജീവന വെല്ലുവിളികളെക്കുറിച്ചോ കേന്ദ്ര  ഫിഷറീസ് വകുപ്പ്  സ്വതന്ത്രമായി വിവരശേഖരണമോ പഠനങ്ങളോ നടത്തിയിട്ടില്ല . 'മത്സ്യബന്ധനം' സംസ്ഥാന വിഷയമായതിനാലാണ് കേന്ദ്രം നേരിട്ട് പഠനം നടത്താത്തത്. സമുദ്ര അതിർത്തിയിലെ 12 നോട്ടിക്കൽ മൈൽ  വരെയുള്ള മേഖലകളിലെ മത്സ്യബന്ധനം അതത് തീരദേശ സംസ്ഥാനങ്ങളുടെ മാരിടൈം ഫിഷിംഗ് റെഗുലേഷൻ ആക്ട്  പ്രകാരമാണ് നിയന്ത്രിക്കുന്നത്. അതേസമയം, 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള കടൽ മേഖല കേന്ദ്ര ഗവണ്മെന്റിന്റെ നേരിട്ടുള്ള അധികാരപരിധിയിലാണ് വരുന്നത്. അതുകൊണ്ടുതന്നെ, സ്വന്തം പരിധിയിലുള്ള മത്സ്യബന്ധന മേഖലയുടെ വികസനത്തിനും പരിപാലനത്തിനുമായി ഓരോ സംസ്ഥാന ഗവണ്മെന്റുകൾക്കും തങ്ങളുടേതായ ചട്ടക്കൂടുകളും മാർഗ്ഗനിർദ്ദേശങ്ങളുമുണ്ട്. ഫീൽഡ് തല ഏജൻസികൾ, ഗുണഭോക്തൃ ഡാറ്റാബേസുകൾ, പങ്കാളി കൂടിയാലോചനകൾ, ആനുകാലിക അവലോകനങ്ങൾ  എന്നിവ വഴി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥകളും പ്രതിസന്ധികളും നിരന്തരം വിലയിരുത്തുന്നുണ്ടെന്ന് കേരള ഗവണ്മെന്റ് അറിയിച്ചു.

അതോടൊപ്പം, കേന്ദ്ര ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികളിലൂടെയും നയങ്ങളിലൂടെയും കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനായി ഇടപെടലുകൾ നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതികളിലൂടെ കേന്ദ്ര ഗവണ്മെന്റ് മുൻഗണന നൽകുന്നത്.

2020-21 മുതൽ കേന്ദ്ര ഫിഷറീസ് വകുപ്പ് നടപ്പിലാക്കിവരുന്ന പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന  വഴി കേരളത്തിലെ മത്സ്യബന്ധന മേഖലയ്ക്ക് വൻ വികസന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലും നടപ്പ് വർഷത്തിലുമായി 1,413.91 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നൽകിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും ക്ഷേമവും മുൻനിർത്തിയുള്ള ബഹുമുഖ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. മത്സ്യബന്ധന ട്രോളിംഗ് നിരോധന കാലയളവിൽ 1,71,033 മത്സ്യത്തൊഴിലാളികൾക്ക് ഉപജീവന പിന്തുണ നൽകാൻ പദ്ധതിയിലൂടെ സാധിച്ചു. ഇതിനുപുറമേ, വിതരണം ചെയ്ത പ്രധാന സഹായങ്ങളും നടപ്പിലാക്കിയ പദ്ധതികളും താഴെ പറയുന്നു:

* ബോട്ടുകളും വലകളും ഉൾപ്പെടെ 200 യൂണിറ്റുകൾക്ക് ധനസഹായം.

*തീരദേശ ഗ്രാമ വികസനത്തിനായി  9 സംയോജിത ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളും, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള 6 ഗ്രാമങ്ങളും സ്ഥാപിച്ചു .

*ആഴക്കടൽ മത്സ്യബന്ധനത്തിനായി  20 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ അനുവദിച്ചു.

*അധിക വരുമാനത്തിനായി 1,140 കക്ക/മുത്തുച്ചിപ്പി കൃഷി യൂണിറ്റുകൾ, 468 മീൻ ഗതാഗത യൂണിറ്റുകൾ.

 *സമുദ്രത്തിൽ മത്സ്യ ലഭ്യത കൂട്ടുന്നതിനായി 42 കൃത്രിമ പാരുകൾ
സ്ഥാപിച്ചു.

*10 മത്സ്യസേവന കേന്ദ്രങ്ങളും, തീരദേശങ്ങളിൽ ബോധവൽക്കരണത്തിനും സേവനങ്ങൾക്കുമായി 222 'സാഗർ മിത്ര'മാരെയും നിയമിച്ചു.

*മത്സ്യത്തൊഴിലാളികളുടെയും മത്സ്യകർഷകരുടെയും ഹ്രസ്വകാല വായ്പാ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി 'കിസാൻ ക്രഡിറ്റ് കാർഡ്' പദ്ധതിയും വിപുലീകരിച്ചിട്ടുണ്ട്.

 ഇതുവരെ കേരളത്തിലെ 18,908 മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കുമായി കെ.സി.സി അക്കൗണ്ടുകൾ അനുവദിച്ചതായി കേന്ദ്ര ഫിഷറീസ് വകുപ്പ് അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിനും സമുദ്രമേഖലയുടെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനങ്ങളുമായി ചേർന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ്
 സമഗ്ര പദ്ധതികൾ നടപ്പിലാക്കുന്നു. പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന വഴി സമുദ്രസമ്പത്തിന്റെ വിവേകപൂർണ്ണമായ ശേഖരണം, ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളുടെയും കാലാവസ്ഥാ പ്രതിരോധ ഗ്രാമങ്ങളുടെയും നിർമ്മാണം എന്നിവയ്ക്കാണ് കേന്ദ്രം മുൻഗണന നൽകുന്നത്.

മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനായി  ലഭ്യമാക്കിയ
വൈവിധ്യമാർന്ന ആനുകൂല്യങ്ങൾ ചുവടെ :

* മത്സ്യ ലഭ്യതയുള്ള മേഖലകൾ കണ്ടെത്താനുള്ള 'പി.എഫ്.സെഡ്'  ഉപകരണങ്ങൾ, ട്രോളിംഗ് നിരോധന കാലയളവിലെ ഉപജീവന സഹായം, സജീവ മത്സ്യത്തൊഴിലാളികൾക്കുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് പരിരക്ഷ.

*കടൽപ്പായൽ കൃഷി, കക്ക/മുത്തുച്ചിപ്പി കൃഷി, തുറന്ന കടൽ കൂട് കൃഷി, അലങ്കാരമത്സ്യ കൃഷി തുടങ്ങിയ കടൽ കൃഷി രീതികൾക്ക് സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ.

* ആധുനിക മീൻ വിപണികൾ, കിയോസ്കുകൾ, കോൾഡ് ചെയിൻ സൗകര്യങ്ങൾ, തത്സമയ മത്സ്യ വിപണന കേന്ദ്രങ്ങൾ, മത്സ്യത്തൊഴിലാളികളുടെ ആവശ്യാനുസൃതമായ നൈപുണ്യ വികസന പരിശീലനങ്ങൾ.

ഈ ആനുകൂല്യങ്ങളിൽ വലിയൊരു പങ്ക് ഇതിനകം തന്നെ കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും, ഇത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗങ്ങളെ ശക്തിപ്പെടുത്തുന്നതിനും കടലോര മേഖലയിൽ കാലാവസ്ഥാ പ്രതിരോധശേഷിയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനും സഹായിക്കുമെന്നും കേന്ദ്ര ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

മത്സ്യബന്ധന വകുപ്പും അനുബന്ധ ഏജൻസികളും വഴി ഉപജീവന സഹായ പദ്ധതികൾ, സുസ്ഥിര മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കൽ, മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, വരുമാനം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളുടെ വൈവിധ്യവൽക്കരണം, വിഭവ സംരക്ഷണ സംരംഭങ്ങൾ, മത്സ്യബന്ധന സമൂഹങ്ങളുടെ കാലാവസ്ഥാ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പരിപാടികൾ എന്നിവയുൾപ്പെടെ വിവിധ നടപടികൾ നടപ്പിലാക്കുന്നുണ്ടെന്ന് കേരള ഗവണ്മെന്റ് അറിയിച്ചു.

 ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിംഗ് (ലലൻ സിംഗ്) ആണ് രാജ്യസഭയിൽ  ഈ വിവരങ്ങൾ നൽകിയത്. 

 

**** 


(रिलीज़ आईडी: 2291350) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी