യുവജനകാര്യ, കായിക മന്ത്രാലയം
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വികസിത് വൈബ്രൻ്റ് വില്ലേജ് പ്രോഗ്രാം 2026-ൽ പങ്കെടുത്തവരുമായി സംവദിച്ചു
प्रविष्टि तिथि:
26 JUL 2026 8:51PM by PIB Thiruvananthpuram
വികസിത് വൈബ്രൻ്റ് വില്ലേജ് പ്രോഗ്രാം 2026-ൽ പങ്കെടുത്തവരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. രാജ്യത്തിലുടനീളം വൻതോതിലുണ്ടായ പങ്കാളിത്തത്തെ എടുത്തുപറഞ്ഞ അദ്ദേഹം, രാജ്യത്തെ 250-ഓളം ജില്ലകളെ പ്രതിനിധീകരിച്ച് എത്തിയ ഊർജ്ജസ്വലരായ യുവ പങ്കാളികളെ ഊഷ്മളമായി സ്വാഗതം ചെയ്തു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച 'മേരാ യുവ ഭാരത് - മൈ ഭാരത്' പ്ലാറ്റ്‌ഫോമിൻ്റെ വിജയകരമായ യാത്രയെ അനുസ്മരിച്ച പ്രധാനമന്ത്രി, കോടിക്കണക്കിന് യുവാക്കളിലേക്ക് അതിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞതിനെ പ്രശംസിച്ചു. രാജ്യത്തുടനീളം യുവജന ശൃംഖല വളരെ പ്രശംസനീയമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'വികസിത് ഭാരത് സംവാദ'ത്തിൽ തുടങ്ങി 'വികസിത് വൈബ്രൻ്റ് വില്ലേജ് പ്രോഗ്രാം' വരെയുള്ള പദ്ധതികളിൽ അവരുടെ മികച്ച കഴിവുകൾ പ്രകടമാണെന്ന് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു." 'മൈ ഭാരതി'ലെ യുവസുഹൃത്തുക്കൾ രാജ്യത്തുടനീളം ഇന്ന് അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്," എന്ന് ശ്രീ.മോദി വ്യക്തമാക്കി.
'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്' എന്ന വേദിയിലാണ് ഈ ഗ്രാമീണ മുന്നേറ്റത്തിൻ്റെ ആശയം പിറവിയെടുത്തതെന്ന് പ്രധാനമന്ത്രി ഓർത്തെടുത്തു. കേവലം ഡിജിറ്റൽ/വർച്വൽ സംവാദങ്ങൾക്ക് അപ്പുറം , രാജ്യത്തിൻ്റെ യാഥാർത്ഥ്യങ്ങൾ താഴെത്തട്ടിൽ നേരിട്ട് കണ്ടുമനസ്സിലാക്കാൻ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ആശയത്തിന് പിന്നിലെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് എന്നിവിടങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് യുവാക്കളെ അയക്കുന്നതിൻ്റെ ഉദ്ദേശ്യം വിവരിച്ച അദ്ദേഹം, മൂന്ന് ലക്ഷത്തോളം പങ്കാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 400-ലധികം യുവാക്കളാണ് പ്രാദേശിക സംസ്കാരങ്ങളിൽ അലിഞ്ഞുചേരാനും ഈ മേഖലകളെ നയിക്കുന്ന ആഴത്തിലുള്ള രാജ്യസ്നേഹം നേരിട്ടറിയാനും മുന്നോട്ടുവന്നതെന്ന് പങ്കുവെച്ചു." നിങ്ങളുടെ സംസ്കാരത്തെ അവിടുത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുന്നത്'ഏക ഭാരതം,ശ്രേഷ്ഠ ഭാരതം' എന്ന ആശയത്തിനുള്ള ഉത്തമോദാഹരണമാണ്". ശ്രീ. മോദി ആവർത്തിച്ച് വ്യക്തമാക്കി .
ഗവണ്മെൻ്റ് പദവി ഏറ്റെടുക്കുന്നതിന് മുമ്പ് വിപുലമായ യാത്രകളിൽ രൂപപ്പെട്ട അതിർത്തി സമൂഹങ്ങളുമായി ആഴത്തിലുള്ള വ്യക്തിപരമായ ബന്ധങ്ങൾ പങ്കുവെച്ചുകൊണ്ട്, മുൻനിരയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ഒരു ശാശ്വത പാരമ്പര്യത്തെ പ്രധാനമന്ത്രി എടുത്തുകാട്ടി.മടങ്ങിയെത്തിയ യുവാക്കൾ പങ്കുവെച്ച ആവേശകരമായ അനുഭവങ്ങളും (പ്രദേശവാസികളുടെ സ്നേഹം മുതൽ സായുധ സേനയുടെ അവിശ്വസനീയമായ ധീരത വരെയുള്ള കാര്യങ്ങൾ) തന്റെ വ്യക്തിപരമായ അനുഭവങ്ങളുമായി ചേർന്നുനിൽക്കുന്നവയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതോടൊപ്പം, കാർഗിൽ വിജയ് ദിവസ് വേളയിൽ ജീവൻ തൃജിച്ച ധീരസൈനികരുടെ മഹത്തായ ത്യാഗങ്ങളെ അദ്ദേഹം ആദരിക്കുകയും ചെയ്തു.
വികസിത ഇന്ത്യ എന്ന ലക്ഷ്യം കെട്ടിപ്പടുക്കുന്നതിന് വികസിത ഗ്രാമങ്ങൾ തന്നെയാണ് അടിസ്ഥാനസ്തംഭങ്ങളെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ മാറ്റത്തിൻ്റെ യാത്ര തുടർച്ചയായതും വിപുലവുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യുവതലമുറയുടെ താഴെത്തട്ടിലുള്ള സജീവ പങ്കാളിത്തം രാജ്യത്തിൻ്റെ സമഗ്രമായ കാഴ്ചപ്പാടിന് ആക്കം കൂട്ടുക മാത്രമല്ല, രാജ്യപുരോഗതിയിൽ അർത്ഥപൂർണ്ണമായ സംഭാവന നൽകാനുള്ള അവരുടെ വ്യക്തിപരമായ നിശ്ചയദാർഢ്യത്തെ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി."രാജ്യത്തെ യുവാക്കൾ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുമ്പോൾ, വികസിത ഇന്ത്യ എന്ന മഹത്തായ കാഴ്ചപ്പാട് കൂടുതൽ വിപുലമാവുകയാണ് ചെയ്യുന്നത്," എന്ന് ശ്രീ. മോദി ആവർത്തിച്ചു .
അതിർത്തി പ്രദേശങ്ങളിലെ ജീവിതത്തിൻ്റെ കഠിനമായ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ പ്രധാനമന്ത്രി, പ്രതികൂല സാഹചര്യങ്ങളിലും ഓരോ നിമിഷവും ദേശസ്നേഹം നെഞ്ചിലേറ്റി ജീവിക്കുന്ന അവിടുത്തെ പ്രാദേശികവാസികളെ പ്രശംസിച്ചു. റോഡ്, വൈദ്യുതി, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാതെ ഈ പ്രദേശങ്ങളെ 'അവസാന ഗ്രാമങ്ങൾ' എന്ന് വിളിച്ച് മുൻകാല ഭരണാധികാരികൾ അവഗണിച്ചതിനെ അദ്ദേഹം അപലപിച്ചു. ഇത്രയും ബുദ്ധിമുട്ടുകൾക്കിടയിലും തളരാത്ത അവിടുത്തെ ജനങ്ങളുടെ മാതൃരാജ്യത്തോടുള്ള അടിയുറച്ച ആദരവിൽ അദ്ദേഹം വലിയ അഭിമാനം പ്രകടിപ്പിച്ചു."ഇത്രയും കടുത്ത പ്രതികൂല സാഹചര്യങ്ങളിലും അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ദേശസ്നേഹം ഒട്ടും ചോർന്നുപോയില്ല എന്നതിൽ നാം വളരെയധികം അഭിമാനം കൊള്ളണം," ശ്രീ. മോദി പറഞ്ഞു .
ഗവണ്മെൻ്റി ൻ്റെ നയതന്ത്ര സമീപനത്തിലുണ്ടായ കാതലായ മാറ്റത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, രാജ്യത്തിൻ്റെ 'അവസാന ഗ്രാമങ്ങൾ' എന്നറിയപ്പെട്ടിരുന്ന അതിർത്തി ഗ്രാമങ്ങളെ ഇന്ത്യയുടെ 'ആദ്യ ഗ്രാമങ്ങൾ' എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തതിനെ അഭിനന്ദിച്ചു. പ്രഭാതത്തിലെ ആദ്യ സൂര്യകിരണങ്ങളും നമ്മുടെ ത്രിവർണ്ണ പതാകയും രാജ്യത്ത് ആദ്യം അഭിവാദ്യം ചെയ്യുന്നത് ഈ ഗ്രാമങ്ങളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യാനന്തര ചരിത്രത്തിലാദ്യമായി വൈദ്യുതി, റോഡുകൾ, കുടിവെള്ള കണക്ഷനുകൾ, പാചകവാതകം, അതിവേഗ ഇൻ്റർനെറ്റ് എന്നിവ ഈ പ്രദേശങ്ങളിലേക്ക് എത്തിച്ചേർന്നത് വലിയൊരു നാഴികക്കല്ലാണ്. നഗരങ്ങൾക്ക് സമാനമായ ഈ അടിസ്ഥാന സൗകര്യങ്ങൾ അതിർത്തി നിവാസികളുടെ കാർഷിക സാമ്പത്തിക വ്യവസ്ഥയെയും ദൈനംദിന ജീവിതത്തെയും അടിസ്ഥാനപരമായി പരിവർത്തനം ചെയ്യുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു."ഈ ചരിത്രപരമായ മനോഭാവം മാറ്റിയതിൻ്റെ ഫലമായാണ് നമ്മുടെ അതിർത്തി പ്രദേശം ഇന്ന് അതിവേഗം പരിവർത്തനം ചെയ്യപ്പെടുന്നത്," ശ്രീ. മോദി വ്യക്തമാക്കി.
പുതിയ അടിസ്ഥാന സൗകര്യങ്ങൾ വഴി ലഭ്യമായ സാമ്പത്തിക നേട്ടങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി, പ്രാദേശിക വിനോദസഞ്ചാര മേഖലയിലുണ്ടായ വൻ കുതിച്ചുചാട്ടത്തെയും പരാമർശിച്ചു. ഒരു കാലത്ത് വിജനമായിരുന്ന ഗ്രാമങ്ങൾ ഇന്ന് സജീവ പ്രവർത്തനങ്ങളാൽ മുഖരിതമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും പ്രാദേശിക വരുമാനം വർദ്ധിപ്പിക്കാനും അനുയോജ്യമായ ഒരു അന്തരീക്ഷമാണ് അവിടെ ഉയർന്നുവന്നിരിക്കുന്നത്. അതിർത്തി ഗ്രാമങ്ങളുടെ സമഗ്രമായ വികസനത്തിന് ഈ 'വൈബ്രൻ്റ് വില്ലേജ് പ്രോഗ്രാം' അവിശ്വസനീയമായ പുതിയ ഊർജ്ജമാണ് നൽകുന്നതെന്ന് ശ്രീ. മോദി ആവർത്തിച്ചു.
അതിർത്തി പ്രദേശങ്ങളിലേക്കുള്ള ഈ യാത്രകളെ പങ്കാളിത്തത്തിലൂടെയുള്ള ഐക്യത്തിൻ്റെ ആഴമേറിയ അനുഭവമാക്കി വിശേഷിപ്പിച്ച പ്രധാനമന്ത്രി, മടങ്ങിയെത്തിയ യുവാക്കൾക്ക് ലഭിച്ചത് കേവലം ആതിഥ്യമല്ലെന്നും മറിച്ച സാാംസ്കാരികമായ അറിവും വലിയ ആത്മസംതൃപ്തിയും ആദരവുമാണെന്നും ഓർമ്മിപ്പിച്ചു. ഇത്തരം വിലമതിക്കാനാവാത്ത ഗ്രാമീണ അനുഭവങ്ങൾ ഒരിക്കലും ഒരു ക്ലാസ്‌മുറിയിൽ നിന്ന് ലഭിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാൻ സഹപാഠികളെയും സുഹൃത്തുക്കളെയും പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ആ പ്രദേശങ്ങളിലേക്ക് കൂടുതൽ ആധുനിക സൗകര്യങ്ങൾ വേഗത്തിൽ എത്തിച്ചേരാൻ വഴിയൊരുക്കും."രാജ്യത്തെ യുവാക്കൾ അതിർത്തി ഗ്രാമങ്ങളെ എത്രത്തോളം ആഴത്തിൽ മനസ്സിലാക്കുന്നുവോ, അത്രത്തോളം ശക്തമായി നമ്മുടെ രാജ്യം മാറും," ശ്രീ. മോദി പറഞ്ഞു.
അതിർത്തി വിനോദസഞ്ചാരത്തിന് ഗവണ്മെൻ്റ് നൽകുന്ന വലിയ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ യുവാക്കളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അതിനായി, പങ്കെടുത്ത ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങൾ കുറഞ്ഞത് 100 സുഹൃത്തുക്കളോടെങ്കിലും പങ്കുവെക്കണമെന്ന കർശനമായ നിർദ്ദേശം അദ്ദേഹം നൽകി. പ്രദേശിക സംസ്കാരവും ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക ഉള്ളടക്ക സ്രഷ്ടാക്കളുമായി സഹകരിച്ച് പ്രവർത്തിക്കാനും, യഥാർത്ഥ വിവരങ്ങൾ ഇൻ്റർനെറ്റിലൂടെ പങ്കുവെക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. കൂടാതെ, ഭാവിയിൽ കുടുംബത്തോടൊപ്പമുള്ള യാത്രകൾ ആസൂത്രണം ചെയ്യാനും, വിദ്യഭ്യാസ സ്ഥാപനങ്ങൾ വഴി പഠനയാത്രകൾ സംഘടിപ്പിക്കാൻ മുൻകൈ എടുക്കാനും അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു."നിങ്ങളിൽ ഓരോ ചെറുപ്പക്കാരനും യഥാർത്ഥ അനുഭവങ്ങൾ കുറഞ്ഞത് നൂറ് യുവാക്കളുമായെങ്കിലും നിർബന്ധമായും പങ്കുവെക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," ശ്രീ. മോദി പറഞ്ഞു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോക ഭൂപടത്തെ രൂപപ്പെടുത്താനുള്ള യഥാർത്ഥ ശേഷി ഇന്ത്യയിലെ യുവാക്കളുടെ കൈകളിലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പൂർണ്ണമായും വികസിതമായ ഒരു ഇന്ത്യയെ നയിക്കുന്ന ഊർജ്ജവും അതിൻ്റെ അന്തിമ ഗുണഭോക്താക്കളും യുവാക്കൾ തന്നെയാണെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, രാജ്യത്തിൻ്റെ പ്രധാന വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളും നേരിട്ടറിയുന്നതിലൂടെ മഹത്തായ ഒരു ഭാവി ഉയർന്നുവരുമെന്ന് പ്രവചിച്ചു."നമ്മുടെ യുവശക്തി രാജ്യത്തിൻ്റെ വെല്ലുവിളികളുമായും പരിഹാരങ്ങളുമായും നേരിട്ട് ബന്ധപ്പെടുമ്പോൾ, നമ്മുടെ ഭാവി തീർച്ചയായും അത്യന്തം ശോഭനമായിരിക്കും," എന്ന് ശ്രീ. മോദി പറഞ്ഞു.യുവക്കളിൽ അടിയുറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തൻ്റെ പ്രസംഗം ഉപസംഹരിച്ചത്.
****
(रिलीज़ आईडी: 2289733)
आगंतुक पटल : 8