ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കോയമ്പത്തൂരില്‍ ജി.കെ.എന്‍.എം നഴ്‌സിംഗ് കോളേജ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 22 JUL 2026 5:09PM by PIB Thiruvananthpuram

ഗുണനിലവാരമുള്ള ആരോഗ്യപരിപാലനവും വിദ്യാഭ്യാസവുമാണ് ആരോഗ്യപൂര്‍ണ്ണവും വികസിതവുമായ ഒരു രാഷ്ട്രത്തിന്റെ ഇരട്ടത്തൂണുകളെന്ന് വ്യക്തമാക്കിക്കൊണ്ട്, പ്രാവീണ്യവും അനുകമ്പയും സേവനമനോഭാവവുമുള്ള തൊഴില്‍ശക്തിയിലൂടെ ഇന്ത്യയുടെ ആരോഗ്യപരിപാലന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ ഇന്ന് ആഹ്വാനം ചെയ്തു. 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന്, ആരോഗ്യസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രതിരോധ ആരോഗ്യപരിരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും സമര്‍പ്പിതരായ ആരോഗ്യപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതിനും കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരില്‍ ജി.കെ.എന്‍.എം ഗ്രൂപ്പിന്റെ നഴ്‌സിംഗ് കോളേജ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ഉപരാഷ്ട്രപതി, ജി.കെ.എന്‍.എം ഗ്രൂപ്പ് നല്‍കിവരുന്ന പൊതുസേവനത്തിന്റെ ദീര്‍ഘകാല പാരമ്പര്യത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ സ്ഥാപനമെന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആരോഗ്യപരിപാലന രംഗത്തും വിദ്യാഭ്യാസ മേഖലയിലും  ജി. കുപ്പുസ്വാമി നായിഡു ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ മികച്ച സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. 1952-ല്‍ 50 കിടക്കകളോടെ സ്ഥാപിതമായ  ആശുപത്രി ഇന്ന് 750 കിടക്കകളുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി സ്ഥാപനമായി വളര്‍ന്നിട്ടുണ്ടെന്നും, അതോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം വരെയുള്ള മേഖലകളിലേക്ക് ഇവരുടെ വിദ്യാഭ്യാസ സംരംഭങ്ങള്‍ വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നഴ്‌സിംഗ് തൊഴിലിന്റെ പ്രാധാന്യത്തെക്കുറിച്ച്  ഊന്നിപ്പറഞ്ഞുകൊണ്ട്, നഴ്‌സുമാര്‍ കേവലം പരിചരണം നല്‍കുന്നവര്‍ മാത്രമല്ലെന്ന് ശ്രീ സി. പി. രാധാകൃഷ്ണന്‍ പറഞ്ഞു. ''അവര്‍ രോഗികള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും കരുതലും നല്‍കുന്നവരാണ്. മരുന്നുകളോടൊപ്പം, അവരുടെ അനുകമ്പയും കരുതലും  രോഗശാന്തിയില്‍ ഒഴിച്ചുകൂടാനാവാത്ത പങ്കുവഹിക്കുന്നു,'' അദ്ദേഹം പറഞ്ഞു. ഈ തൊഴിലിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടും അനുകമ്പയോടും സമര്‍പ്പണബോധത്തോടും ധൈര്യത്തോടും കൂടി ചുമതലകള്‍ നിര്‍വ്വഹിക്കണമെന്നും, തെരഞ്ഞെടുത്ത സേവനമേഖലയുടെ മഹത്വം എപ്പോഴും ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയുടെ ആരോഗ്യപരിപാലന മേഖലയില്‍ നടക്കുന്ന പരിവര്‍ത്തനങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം വ്യാപിപ്പിച്ചതിന് ആയുഷ്മാന്‍ ഭാരത് പദ്ധതി ആഗോള അംഗീകാരം നേടിയിട്ടുണ്ടെന്ന് പറഞ്ഞു. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ ഏകദേശം 44 കോടി ആളുകള്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ആരോഗ്യപരിരക്ഷ  സംരംഭങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, പ്രധാന്‍ മന്ത്രി വയ വന്ദന യോജനയ്ക്ക് കീഴിലുള്ള സൗജന്യ ആരോഗ്യപരിരക്ഷയും ആരോഗ്യ സേവനങ്ങളുടെ ഡിജിറ്റലൈസേഷനും രാജ്യത്തുടനീളം ഗുണനിലവാരമുള്ള ആരോഗ്യപരിപാലനം കൂടുതല്‍ പ്രാപ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം ഉപരാഷ്ട്രപതി ഊന്നിപ്പറയുകയും, സ്ത്രീകളിലും  കുട്ടികളിലും കണ്ടുവരുന്ന വിളര്‍ച്ച ഇല്ലാതാക്കുന്നതിനും, കൂടുതല്‍ ആരോഗ്യകരമായ ഗര്‍ഭധാരണം ഉറപ്പാക്കുന്നതിനും, ശൈശവം മുതല്‍ കൗമാരം വരെയുള്ള കാലയളവില്‍ പോഷകാഹാരം മെച്ചപ്പെടുത്തുന്നതിനുമായി കൂട്ടായ ശ്രമങ്ങള്‍ നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അവയവദാനത്തെക്കുറിച്ചും നേത്രദാനത്തെക്കുറിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം ശക്തിപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച അദ്ദേഹം, ജീവന്‍ രക്ഷിക്കുകയും പ്രത്യാശ വീണ്ടെടുക്കുകയും ചെയ്യുന്ന മഹത്തായ പ്രവൃത്തികളാണ് ഇവയെന്ന് വിശേഷിപ്പിച്ചു.

ആരോഗ്യപരിപാലനത്തോടും വിദ്യാഭ്യാസത്തോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെ ജി.കെ.എന്‍.എം ഗ്രൂപ്പ് ഈ ആദര്‍ശങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് ശ്രീ സി. പി. രാധാകൃഷ്ണന്‍ പറഞ്ഞു. പുതുതായി ഉദ്ഘാടനം ചെയ്ത നഴ്‌സിംഗ് കോളേജ്, രാഷ്ട്രനിര്‍മാണത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള സമര്‍ത്ഥരും അനുകമ്പയുള്ളവരുമായ ആരോഗ്യപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ജി.കെ.എന്‍.എം ഗ്രൂപ്പിന്റെ ട്രസ്റ്റിമാര്‍, മാനേജ്മെന്റ്, അധ്യാപകര്‍, നഴ്‌സുമാര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവരെ ഉപരാഷ്ട്രപതി അഭിനന്ദിക്കുകയും, ആരോഗ്യപരിപാലന രംഗത്തും വിദ്യാഭ്യാസ മേഖലയിലും  മികവ് പുലര്‍ത്തിക്കൊണ്ട് സമൂഹത്തെ സേവിക്കുക എന്ന ദൗത്യത്തില്‍ ഈ സ്ഥാപനത്തിന് തുടര്‍ന്നും വിജയം കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ദരിദ്രരെയും സമൂഹത്തിലെ  ദുര്‍ബലരായ ജനവിഭാഗങ്ങളേയും പരിചരിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായ, സേവനമനോഭാവമുള്ള വിദഗ്ദ്ധരായ മെഡിക്കല്‍ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന ഒരു മെഡിക്കല്‍ കോളേജ് ജി. കുപ്പുസ്വാമി നായിഡു ചാരിറ്റബിള്‍ ട്രസ്റ്റ് ഉടന്‍ സ്ഥാപിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

തമിഴ്നാട് ഗവര്‍ണര്‍ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കുപ്പുസ്വാമി നായിഡു ചാരിറ്റി ട്രസ്റ്റ് ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ റിലീഫ് പ്രസിഡന്റ്  ശ്രീ. ആര്‍. ഗോപിനാഥ്, മറ്റ് പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

***


(रिलीज़ आईडी: 2288033) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil