വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ജനീവയിൽ നടക്കുന്ന ലോക വ്യാപാര സംഘടനയുടെ (WTO) വ്യാപാര നയ അവലോകന യോഗത്തിൽ നിയമാധിഷ്ഠിത ബഹുമുഖ വ്യാപാര സംവിധാനത്തോടുള്ള പ്രതിബദ്ധത ആവർത്തിച്ച് ഇന്ത്യ

प्रविष्टि तिथि: 21 JUL 2026 10:13PM by PIB Thiruvananthpuram
ലോക വ്യാപാര സംഘടനയുമായി (WTO) ബന്ധപ്പെട്ട ഇന്ത്യയുടെ എട്ടാമത് വ്യാപാര നയ അവലോകന (TPR) യോഗം ജനീവയിൽ ആരംഭിച്ചു. യോഗത്തിൽ വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാളാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്. നീതിയുക്തവും സുതാര്യവും നിയമാധിഷ്ഠിതവും എല്ലാ രാജ്യങ്ങളെയും ഉൾക്കൊള്ളുന്നതും  വികസനാധിഷ്ഠിതവുമായ ഒരു ആഗോള വ്യാപാര സംവിധാനത്തിനായുള്ള പ്രതിബദ്ധത,   ഇന്ത്യ യോഗത്തിൽ ആവർത്തിച്ചു. 2026 ജൂലൈ 21 മുതൽ  23 വരെ നടക്കുന്ന വ്യാപാര നയ അവലോകന യോഗം, 2021 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള അവലോകന കാലയളവിൽ ഇന്ത്യയുടെ വ്യാപാരവും അനുബന്ധ നയങ്ങളും വിലയിരുത്താൻ WTO അംഗങ്ങൾക്ക് അവസരം നൽകുന്നു.

അവലോകന കാലയളവിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ പ്രകടനം കാഴ്ചവച്ചതായും, ആഗോളതലത്തിൽ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും ഓരോ വർഷവും ശരാശരി 8% വളർച്ച കൈവരിച്ചതായും വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 2025–26 ൽ ഇന്ത്യയുടെ കയറ്റുമതി 863.1 ബില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് മൂല്യത്തിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള അനിശ്ചിതത്വം, ദ്രുതഗതിയിലുള്ള സാങ്കേതിക പരിവർത്തനങ്ങൾ, ആഗോള വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ, വർദ്ധിച്ചുവരുന്ന സംരക്ഷണവാദ നയങ്ങൾ തുടങ്ങിയ പ്രധാന ആഗോള വെല്ലുവിളികൾക്കിടയിലും,  അഭിവൃദ്ധി കൈവരിക്കുക എന്ന അഭൂതപൂർവമായ ദൗത്യം ഇന്ത്യ ഏറ്റെടുക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
 

ആഗോള മൂല്യ ശൃംഖലകളുമായി ഇന്ത്യയെ ആഴത്തിൽ സംയോജിപ്പിക്കുന്നതിനൊപ്പം, ആഭ്യന്തര ശേഷികളെ ശക്തിപ്പെടുത്തുകയാണ് ആത്മനിർഭർ ഭാരത് ചെയ്യുന്നതെന്ന് ശ്രീ അഗർവാൾ വ്യക്തമാക്കി. ജൻ വിശ്വാസ് സംരംഭത്തിലൂടെ നടപ്പാക്കിയ സുപ്രധാന പരിഷ്കാരങ്ങൾ, വ്യാപാരം സുഗമമാക്കുന്നതിനുള്ള നടപടികൾ, ഡിജിറ്റൽ കസ്റ്റംസ്, ലോജിസ്റ്റിക്സ് ആധുനികവത്ക്കരണം, ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, നിർമ്മിതബുദ്ധി, നൂതനാശയങ്ങൾ, സുസ്ഥിരത, കാർഷിക പ്രതിരോധശേഷി, പ്രാദേശിക വ്യാപാര കരാറുകളുടെ വിപുലീകരണം,മറ്റ് വികസ്വര രാജ്യങ്ങളുമായും ഇന്ത്യൻ സാങ്കേതിക, സാമ്പത്തിക സഹകരണ (ITEC) പരിപാടിയുമായും സഹകരിച്ച് സമഗ്ര വികസനത്തിനുള്ള പിന്തുണ എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. ബഹുമുഖ വ്യാപാര സംവിധാനത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന സന്തുലിതവും വികസനാധിഷ്ഠിതവുമായ WTO പരിഷ്കാരങ്ങൾക്കുള്ള ഇന്ത്യയുടെ പിന്തുണയും അദ്ദേഹം ആവർത്തിച്ചു.

WTO ട്രേഡ് പോളിസി റിവ്യൂ ബോഡി (TPRB) യുടെ ചെയർ അംബാസഡർ നെല്ലെ പെപ്പെ തവിത ലെവി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, ഇന്ത്യൻ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യുകയും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായ ഇന്ത്യയെ പ്രശംസിക്കുകയും ചെയ്തു. 2047 ഓടെ വികസിത രാജ്യമായി (വികസിത് ഭാരത്) മാറുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുകയാണെന്ന് അവർ പറഞ്ഞു. ഡിജിറ്റൽ സേവനങ്ങൾ കയറ്റുമതി ചെയ്യുന്നതിലും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ  മെച്ചപ്പെടുത്തുന്നതിലും ഇന്ത്യ വഹിക്കുന്ന നേതൃപരമായ പങ്കിനെ  അവർ അഭിനന്ദിച്ചു, ഇത് സാമ്പത്തിക സർവ്വാശ്ലേഷിത്വവും വ്യാപാരവും സുഗമമാക്കി. ഫിഷറീസ് സബ്‌സിഡികൾ സംബന്ധിച്ച WTO കരാർ കഴിഞ്ഞ ദിവസം ഇന്ത്യ ഔപചാരികമായി അംഗീകരിച്ചതിനെയും അവർ സ്വാഗതം ചെയ്തു. WTO അംഗങ്ങളുടെ രേഖാമൂലമുള്ള എല്ലാ ചോദ്യങ്ങൾക്കും മുൻകൂട്ടി ഉത്തരം നൽകിയതിന് ഇന്ത്യയെ അവർ പ്രശംസിച്ചു, വ്യാപാര നയ അവലോകന പ്രക്രിയയിൽ ഇന്ത്യയുടെ സുതാര്യതയും  ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു.
 
ചർച്ചയിൽ വ്യക്തിപരമായി പങ്കെടുത്ത ബ്രസീലിൽ നിന്നുള്ള ആദരണീയ ഗിൽഹെർമെ ഡി അഗ്യുവർ പാട്രിയോട്ട, ഇന്ത്യയുടെ പ്രധാന സാമ്പത്തിക, വ്യാപാര പരിഷ്കാരങ്ങളെ പ്രശംസിച്ചു. ഇന്ത്യയിലുടനീളം ഒരൊറ്റ ദേശീയ വിപണി സൃഷ്ടിച്ച ചരക്ക് സേവന നികുതി (GST) അദ്ദേഹം എടുത്തുകാട്ടി, രാജ്യത്തിന്റെ ഡിജിറ്റൽ വ്യാപാര പരിഷ്കാരങ്ങളെയും, കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളെയും, സമീപകാല പ്രാദേശിക വ്യാപാര കരാറുകളെയും അദ്ദേഹം അഭിനന്ദിച്ചു. ബഹുമുഖ വെല്ലുവിളികൾക്കിടയിലും, ഇറക്കുമതി തീരുവയില്ലാത്തതോ  തീരുവ കുറഞ്ഞതോ ആയ നിരവധി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ അനുവാദം നൽകുന്ന വികസിത രാജ്യങ്ങൾക്കായുള്ള ഇന്ത്യയുടെ ഡ്യൂട്ടി-ഫ്രീ താരിഫ് മുൻഗണന പദ്ധതിയെയും (LDCs) അദ്ദേഹം സ്വാഗതം ചെയ്തു. WTO ഇന്ത്യ യ്ക്ക് നൽകുന്ന ദീർഘകാല സംഭാവനയെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളും വികസനാധിഷ്ഠിത പരിഷ്കാരങ്ങളും ഡിജിറ്റൽ പരിവർത്തനം പിന്തുടരുന്ന വികസ്വര രാജ്യങ്ങൾക്കും LDC കൾക്കും വിലപ്പെട്ട പാഠങ്ങൾ നൽകുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു.

WTO വ്യാപാര നയ അവലോകന യോഗത്തിൽ, 65 WTO അംഗ രാജ്യങ്ങൾ ഇന്ത്യയുടെ വ്യാപാര നയങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തു. ഇന്ത്യയുമായുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അംഗ രാജ്യങ്ങൾ വിശദീകരിക്കുകയും ആഗോള വ്യാപാര സംവിധാനത്തെ പിന്തുണയ്ക്കുന്നതിലും ആഗോള വെല്ലുവിളികൾക്കിടയിൽ ശക്തവും പ്രതിരോധശേഷിയുള്ളതുമായ സമ്പദ്‌വ്യവസ്ഥ നിലനിർത്തുന്നതിലും ഇന്ത്യ വഹിക്കുന്ന പങ്കിനെ പ്രശംസിക്കുകയും ചെയ്തു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, കസ്റ്റംസ്, വ്യാപാര നടപടിക്രമങ്ങളുടെ നവീകരണം, നൂതനാശയങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും പ്രോത്സാഹനം, പ്രാദേശിക വ്യാപാര കരാറുകളുടെ വിപുലീകരണം, ആഗോള വിതരണ ശൃംഖലകളുടെ ഭാഗമാകാൻ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) സഹായിക്കുന്നതിനുള്ള ഉദ്യമങ്ങൾ തുടങ്ങിയ നേട്ടങ്ങളും അംഗങ്ങൾ എടുത്തുപറഞ്ഞു മത്സ്യബന്ധന സബ്‌സിഡികൾ സംബന്ധിച്ച WTO കരാറിന് ഇന്ത്യ അംഗീകാരം നൽകിയതിനെയും അവർ സ്വാഗതം ചെയ്തു.  

വ്യാപാര-നിക്ഷേപ വ്യവസ്ഥകൾ, വ്യാപാര നിയമങ്ങളും രീതികളും, ഗുണനിലവാര നിയന്ത്രണ ഉത്തരവുകൾ (QCO-കൾ), വ്യാപാര പരിഹാര നടപടികൾ, നിലവിലുള്ള WTO പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി അംഗരാജ്യങ്ങൾ കൂടുതൽ വിശദീകരണങ്ങൾ തേടി.

വ്യാപാര നയ അവലോകന യോഗത്തോടൊപ്പം, രാജ്യത്തിന്റെ വൈവിധ്യമാർന്ന കരകൗശല വൈദഗ്ദ്ധ്യം, നൂതനാശയങ്ങൾ, ഉന്നത നിലവാരമുള്ള ഉത്പാദനം എന്നിവ വെളിവാക്കുന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ ഒരു പ്രദർശനവും ഇന്ത്യ സംഘടിപ്പിച്ചു രാജ്യത്തിന്റെ സമ്പന്നമായ കലാ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത പേപ്പിയർ-മാഷെ കോസ്റ്ററുകളെ WTO പ്രതിനിധികൾ ഊഷ്മളമായി അഭിനന്ദിച്ചു.

WTO അംഗങ്ങൾ തമ്മിലുള്ള കൂടുതൽ ചർച്ചകൾക്കും അവലോകന വേളയിൽ ഉന്നയിച്ച വിഷയങ്ങളോടുള്ള ഇന്ത്യയുടെ പ്രതികരണങ്ങൾക്കും ശേഷം, ഇന്ത്യയുടെ വ്യാപാര നയ അവലോകന യോഗം 2026 ജൂലൈ 23 ന് സമാപിക്കും.
 
***
 

(रिलीज़ आईडी: 2287543) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी