വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ലോകവ്യാപാര സംഘടനയുടെ (WTO) മത്സ്യബന്ധന സബ്‌സിഡി കരാറിൽ ഇന്ത്യ കക്ഷിയായി; അംഗീകാര പത്രം കൈമാറി

प्रविष्टि तिथि: 20 JUL 2026 7:13PM by PIB Thiruvananthpuram

2026 ജൂലൈ 20-ന് ലോകവ്യാപാര സംഘടനയുടെ (WTO) മത്സ്യബന്ധന സബ്‌സിഡി കരാറിനുള്ള (AFS) അംഗീകാര പത്രം (Instrument of Acceptance) ഇന്ത്യ സമർപ്പിക്കുകയും, അതിലൂടെ ഈ കരാറിൽ ഒരു കക്ഷിയായി മാറുകയും ചെയ്തു. കേന്ദ്ര ഗവൺമെന്റിന്റെ വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ, ലോകവ്യാപാര സംഘടനയുടെ ഡയറക്ടർ ജനറലിന് അംഗീകാര പത്രം ഔദ്യോഗികമായി കൈമാറി. തീരദേശ ജനവിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷ, ഉപജീവനമാർഗ്ഗം, തൊഴിൽ എന്നിവ ഉറപ്പാക്കിക്കൊണ്ട് തന്നെ, സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ മത്സ്യബന്ധന പരിപാലനത്തിനുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത വീണ്ടും സ്ഥിരീകരിക്കുന്നതാണ് ഈ തീരുമാനം.

 

2022 ജൂണിൽ ജനീവയിൽ നടന്ന 12-ാമത് ഡബ്ല്യു.ടി.ഒ മന്ത്രിതല സമ്മേളനത്തിൽ പൊതുസമ്മതിയോടെ അംഗീകരിച്ച ഈ മത്സ്യബന്ധന സബ്‌സിഡി കരാർ, പരിസ്ഥിതി സുസ്ഥിരത ലക്ഷ്യമിട്ടുള്ള ആദ്യത്തെ ബഹുമുഖ WTO കരാറാണ്. ഇത് നിയമവിരുദ്ധമായ മത്സ്യബന്ധന പ്രവർത്തനങ്ങൾക്കും വിഭവങ്ങളുടെ അമിത ചൂഷണത്തിനും വഴിതെളിക്കുന്ന വിധത്തിൽ ഏതെങ്കിലും തരത്തിലുള്ള ഗവൺമെന്റ് സഹായങ്ങൾ നിരോധിക്കുകയും, അതുവഴി സമുദ്ര വിഭവങ്ങളുടെ സംരക്ഷണത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.  WTO യുടെ മൂന്നിൽ രണ്ട് ഭാഗം  അംഗങ്ങൾ കരാർ അംഗീകരിച്ചതിനെത്തുടർന്ന് 2025 സെപ്റ്റംബർ 15-നാണ് ഇത് പ്രാബല്യത്തിൽ വന്നത്.

 

 

ഈ കരാറിന്റെ അംഗീകാര പത്രം സമർപ്പിക്കുന്ന 123-ാമത് WTO അംഗമാണ് ഇന്ത്യ. കടലിലെ സ്വാഭാവിക മത്സ്യബന്ധനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കേന്ദ്രീകരിച്ചാണ് ഈ കരാർ തയ്യാറാക്കിയിട്ടുള്ളത്. അതായത്, ഉൾനാടൻ മത്സ്യബന്ധനവും മത്സ്യകൃഷിയും (Aquaculture) ഈ കരാറിന്റെ പരിധിക്ക് പുറത്താണ്.

 

സുസ്ഥിരമായ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം ഈ കരാർ സംരക്ഷിക്കുന്നു. നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യപ്പെടാത്തതും അനിയന്ത്രിതവുമായ (IUU) മത്സ്യബന്ധനത്തിനും, അമിതമായി മീൻ പിടിക്കുന്നതിനും വഴിതെളിക്കുന്ന വിധത്തിൽ നൽകുന്ന ഏതെങ്കിലും തരത്തിലുള്ള  സബ്‌സിഡികൾ ഇത് നിരോധിക്കുന്നു. സമുദ്രവിഭവങ്ങൾക്ക് ഭീഷണിയാകുന്ന അസ്ഥിരമായ മത്സ്യബന്ധന രീതികളെ തടയുകയും പരമ്പരാഗത-ചെറുകിട മത്സ്യബന്ധന സമൂഹങ്ങളുടെ ദീർഘകാല താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, വൻതോതിൽ സബ്‌സിഡി വാങ്ങി വലിയ കപ്പലുകൾ ഉപയോഗിച്ച് മറ്റു രാജ്യങ്ങളുടെ പുറംകടലിൽ മത്സ്യബന്ധനം നടത്തുന്ന രാജ്യങ്ങളുടെ സബ്‌സിഡികളെ നിയന്ത്രിച്ചുകൊണ്ട് ഇത് കൂടുതൽ തുല്യമായ ഒരു ആഗോള മത്സ്യബന്ധന അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രധാനമായും ചെറുകിട മത്സ്യബന്ധനം നടത്തുന്നതും വമ്പൻ വ്യാവസായിക മത്സ്യബന്ധന മേഖലയിൽ വലിയ പങ്കാളിത്തമില്ലാത്തതുമായ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇത് ഗുണം ചെയ്യും.

 

 

സുസ്ഥിരതയ്ക്ക് കൂടുതൽ മൂല്യം കൽപ്പിക്കുന്ന പ്രീമിയം വിപണികളിലേക്ക് മികച്ച പ്രവേശനം സാധ്യമാക്കുന്നതിലൂടെ, ഉത്തരവാദിത്വമുള്ള ഒരു സമുദ്രവിഭവ കയറ്റുമതി രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ വിശ്വാസ്യത ഈ കരാർ വർദ്ധിപ്പിക്കുന്നു. അതേസമയം, ഇന്ത്യയുടെ സമുദ്രവിഭവ കയറ്റുമതിയിൽ പ്രധാന പങ്കുവഹിക്കുന്ന ചെമ്മീൻ വളർത്തൽ (Aquaculture-based shrimp) ഈ കരാറിന്റെ പരിധിയിൽ വരാത്തതിനാൽ രാജ്യത്തെ സമുദ്രവിഭവ കയറ്റുമതി മേഖലയുടെ സുരക്ഷിതത്വവും മത്സരശേഷിയും നിലനിൽക്കും.

 

' പ്രത്യേക സാമ്പത്തിക മേഖലയിലെ (EEZ) സുസ്ഥിര മത്സ്യബന്ധന നിയമങ്ങൾ 2025', 'ഇന്ത്യൻ പതാക വാഹക മത്സ്യബന്ധന യാനങ്ങൾക്കുള്ള പുറംകടൽ സുസ്ഥിര മത്സ്യബന്ധന മാർഗ്ഗനിർദ്ദേശങ്ങൾ 2025' എന്നിവയിലൂടെ ശക്തമായ മത്സ്യബന്ധന നിയന്ത്രണ സംവിധാനം ഇന്ത്യയ്ക്കുണ്ട്. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY)-ക്ക് കീഴിലുള്ള ശേഷി വികസന പരിപാടികളും മറ്റ് സംരക്ഷണ പദ്ധതികളും ഈ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ശക്തമായ അടിത്തറ നൽകുന്നു. ഈ നിയന്ത്രണ, സ്ഥാപനപര സംവിധാനങ്ങൾ പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളികളുടെ നയപരമായ സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ട് തന്നെ കരാർ ഫലപ്രദമായി നടപ്പിലാക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുന്നു.

 

വികസ്വര, അവികസിത രാജ്യങ്ങൾക്ക് ആവശ്യമായ ഇളവുകൾ നൽകിക്കൊണ്ടുതന്നെ സമുദ്ര മത്സ്യവിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിരമായ ഉപയോഗവും പ്രോത്സാഹിപ്പിക്കാനാണ് ലോകവ്യാപാര സംഘടനയുടെ ഈ മത്സ്യബന്ധന സബ്‌സിഡി കരാർ ലക്ഷ്യമിടുന്നത്.

 

ഈ കരാർ ഇന്ത്യ അംഗീകരിച്ചത് സുസ്ഥിര മത്സ്യബന്ധന നടപടികൾക്കും ഉത്തരവാദിത്വമുള്ള സമുദ്രവിഭവ പരിപാലനത്തിനും ഉള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര മത്സ്യബന്ധന നയങ്ങൾ ഈ കരാറുമായി പൊരുത്തപ്പെടുന്നതും പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതുമാണ്. സർവ്വോപരി, ഈ കരാറിന്റെ ഭാഗമാകുന്നതിലൂടെ WTO കേന്ദ്രീകരിച്ചുള്ള നിയമസാധുതയുള്ള വ്യാപാര വ്യവസ്ഥയോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത ഇന്ത്യ ആവർത്തിച്ച് സ്ഥിരീകരിക്കുന്നു.

 

***


(रिलीज़ आईडी: 2286848) आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी