റെയില്‍വേ മന്ത്രാലയം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 75 അമൃത് ഭാരത് സ്റ്റേഷനുകൾ രാഷ്ട്രത്തിന് സമർപ്പിച്ചു
प्रविष्टि तिथि:
18 JUL 2026 7:43PM by PIB Thiruvananthpuram
രാജ്യത്തെ റെയിൽവേ വികസന രംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട്, കേന്ദ്ര ഗവണ്മെന്റിന്റെ മുൻനിര പദ്ധതിയായ 'അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് ' കീഴിൽ പുനർവികസിപ്പിച്ച 75 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. യാത്രക്കാർക്ക് അത്യാധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്ന മെഗാ വികസന പാക്കേജിന്റെ ഭാഗമായാണ് ഈ നടപടി.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ വലിയ രാജ്യവ്യാപക സമർപ്പണമാണിത്. നേരത്തെ, 2025 മേയ് 22-ന്, 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 103 നവീകരിച്ച അമൃത് ഭാരത് സ്റ്റേഷനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരുന്നു. നിലവിലുള്ള സ്റ്റേഷനുകളെ ആധുനിക സൗകര്യങ്ങളോടെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പുനർവികസിപ്പിച്ച ഈ റെയിൽവേ സ്റ്റേഷനുകളെ അത്യാധുനികവും യാത്രക്കാർക്ക് മുൻഗണന നൽകുന്നതുമായ ഗതാഗത ഹബ്ബുകളായാണ് മാറ്റിത്തീർത്തിരിക്കുന്നത്. മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, പ്രവേശനം എളുപ്പമാക്കൽ, പ്രാദേശികാടിസ്ഥാനത്തിലുള്ള പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന വാസ്തുവിദ്യ എന്നിവയോടൊപ്പം ഭാവിയിലെ ആവശ്യങ്ങൾക്കനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി 20 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ 75 റെയിൽവേ സ്റ്റേഷനുകൾ ഏകദേശം 1,570 കോടി രൂപ ചിലവഴിച്ചാണ് നവീകരിച്ചിരിക്കുന്നത്.
75 അമൃത് ഭാരത് സ്റ്റേഷനുകളുടെ സംസ്ഥാനം തിരിച്ചുള്ള വിഭജനം
ആന്ധ്രാപ്രദേശ് (3)
കമ്പം : മെച്ചപ്പെടുത്തിയ യാത്രാസൗകര്യങ്ങളോടൊപ്പം സംസ്ഥാനത്തിന്റെ ചരിത്രപരമായ നിർമ്മിതികളും സാംസ്കാരിക തനിമയും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
മംഗളഗിരി : പ്രശസ്തമായ പാനകാല നരസിംഹസ്വാമി ക്ഷേത്രത്തിന്റെ പൈതൃകം വിളിച്ചോതുന്ന രീതിയിലാണ് ഈ സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രായനപ്പാട്: ആന്ധ്രാപ്രദേശിന്റെ ക്ഷേത്ര പൈതൃകവും പരമ്പരാഗത കരകൗശലവിദ്യയും അത്യാധുനിക സൗകര്യങ്ങളുമായി സമന്വയിപ്പിച്ചിരിക്കുന്നു.
അസം (1)
മജ്ബത്: അസമിലെ പ്രശസ്തമായ തേയിലത്തോട്ടങ്ങളിൽ നിന്നും പ്രകൃതിഭംഗിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്.
ബീഹാർ (1)
ശിവനാരായൺപൂർ: ഭാഗൽപൂരിന്റെ പ്രശസ്തമായ പട്ട് നെയ്ത്ത് പൈതൃകം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഈ സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്.
ഛത്തീസ്‌ഗഢ് (3)
ബാലോഡ് : പ്രദേശത്തിന്റെ കാർഷിക കരുത്തും നെയ്ത്ത് പാരമ്പര്യവും ഇവിടെ എടുത്തുകാട്ടുന്നു.
ചാമ്പ ജംഗ്ഷൻ : പ്രാദേശിക കണക്റ്റിവിറ്റിയും കാർഷിക പൈതൃകവും വിളിച്ചോതുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.
സരോണ: വളർന്നുവരുന്ന കണക്റ്റിവിറ്റിയും പ്രദേശത്തെ പരമ്പരാഗത നെയ്ത്ത് ശൈലികളും ഇവിടെ ദൃശ്യമാക്കിയിരിക്കുന്നു.
ഗുജറാത്ത് (4)
ഭക്തിനഗർ: ഗുജറാത്തിന്റെ വ്യവസായ വളർച്ചയും റെയിൽവേ പൈതൃകവും ഇവിടെ പ്രതിഫലിക്കുന്നു.
ഗോദ്ര ജംഗ്ഷൻ: സംസ്ഥാനത്തിന്റെ റെയിൽവേ പൈതൃകത്തെ ആദരിക്കുന്ന രീതിയിലാണ് ഈ സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്.
പോർബന്തർ : മഹാത്മാഗാന്ധിയുടെ സ്മരണകളും തീരദേശ പൈതൃകവും ഇവിടെ ആഘോഷമാക്കുന്നു.
പ്രതാപ്നഗർ : വ്യവസായ വികസനം വിളിച്ചോതുന്ന ഈ സ്റ്റേഷൻ, ഈ ഘട്ടത്തിൽ ഗുജറാത്തിൽ നടന്ന ഏറ്റവും വലിയ പുനർവികസന പദ്ധതിയാണ്.
ഹരിയാന (2)
കൽക്ക : യുനെസ്കോ പൈതൃക റെയിൽവേയായ കൽക്ക-ഷിംല പാതയുടെ പ്രവേശന കവാടമെന്ന നിലയിൽ ഇതിനെ ഒരുക്കിയിരിക്കുന്നു.
നർവാന : ഹരിയാനയുടെ കാർഷിക പൈതൃകം പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റേഷൻ.
ഹിമാചൽ പ്രദേശ് (1)
അംബ് അന്തൗര : പരമ്പരാഗത മലയോര വാസ്തുവിദ്യയും ആത്മീയ പൈതൃകവും വിളിച്ചോതുന്ന രീതിയിലാണ് ഈ സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്.
ജാർഖണ്ഡ് (2)
മുരി ജംഗ്ഷൻ : മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളോടെ പ്രദേശത്തെ വ്യാവസായിക വളർച്ചയ്ക്ക് ഈ സ്റ്റേഷൻ കരുത്തുപകരുന്നു.
പിസ്ക: വികസിച്ചുകൊണ്ടിരിക്കുന്ന നഗര കണക്റ്റിവിറ്റിയെ ഇത് പ്രതിഫലിപ്പിക്കുന്നു.
കർണാടക (4)
അൽനാവർ ജംഗ്ഷൻ: വനപ്രദേശങ്ങളുടെ ഭംഗിയും ചരിത്രപരമായ സവിശേഷതകളും ഉൾക്കൊണ്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബാദാമി: പ്രശസ്തമായ ബാദാമി ഗുഹാക്ഷേത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്.
ബണ്ട്വാള: പ്രദേശത്തെ ക്ഷേത്ര വാസ്തുവിദ്യയും പരമ്പരാഗത കരകൗശല രൂപങ്ങളും ഇവിടെ സമന്വയിപ്പിച്ചിരിക്കുന്നു.
കൊപ്പൽ : കർണാടകയുടെ ചരിത്രപരമായ ഭൂപ്രകൃതിയെയും പൈതൃകത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു.
കേരളം (6)
അങ്കമാലി (കാലടി): ആദിശങ്കരാചാര്യരുടെ ജന്മസ്ഥലം സന്ദർശിക്കുന്ന തീർത്ഥാടകർക്ക് മികച്ച സേവനം ലക്ഷ്യമിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്.
ചാലക്കുടി: പ്രകൃതിഭംഗിയും തീരദേശ പൈതൃകവും ഇവിടെ എടുത്തുകാട്ടുന്നു.
നിലമ്പൂർ റോഡ്: കേരളത്തിന്റെ വനസമ്പത്തിന്റെ മനോഹാരിതയും റെയിൽവേ പൈതൃകവും പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റേഷൻ.
പരപ്പനങ്ങാടി: തീരദേശ ഭംഗിയും പരമ്പരാഗത സാംസ്കാരിക തനിമയും ഇവിടെ ദൃശ്യമാക്കിയിരിക്കുന്നു.
തലശ്ശേരി: നഗരത്തിന്റെ ചരിത്രപ്രസിദ്ധമായ കോട്ടയുടെ പൈതൃകവും തനതായ പാചക സംസ്കാരവും വിളിച്ചോതുന്ന രീതിയിലാണ് രൂപകൽപ്പന.
തിരൂർ: മനോഹരമായ പ്രകൃതിദൃശ്യങ്ങളെ ലോകോത്തര നിലവാരത്തിലുള്ള യാത്രാസൗകര്യങ്ങളുമായി ഇവിടെ സമന്വയിപ്പിച്ചിരിക്കുന്നു.
മധ്യപ്രദേശ് (13)
അശോക്നഗർ : സംസ്ഥാനത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നു.
ബാലാഘട്ട്: ഗോത്രവർഗ്ഗ കലകളും വനപ്രദേശങ്ങളുടെ ഭംഗിയും ഇതിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബെർഹാരി: വനസമ്പത്തും പരമ്പരാഗത ഗോത്രവർഗ്ഗ കലകളും ഇവിടെ എടുത്തുകാട്ടുന്നു.
ഭിന്ദ് : ബുന്ദേൽഖണ്ഡ് പൈതൃകം പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റേഷൻ.
ചിന്ദ്വാര : പ്രദേശത്തിന്റെ വനപൈതൃകം ഇവിടെ ദൃശ്യമാക്കിയിരിക്കുന്നു.
ഹർപാൽപൂർ: ബുന്ദേൽഖണ്ഡിന്റെ ചരിത്രപരമായ സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നു.
ജുന്നാർ ദേവ്: ഗോത്രവർഗ്ഗ കലകളിൽ നിന്നും വനപ്രദേശങ്ങളുടെ ഭംഗിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്.
എം.സി.എസ് ഛത്തർപൂർ : ബുന്ദേൽഖണ്ഡിന്റെ സമ്പന്നമായ പൈതൃകം ഇവിടെ ദൃശ്യമാക്കിയിരിക്കുന്നു.
നൈൻപൂർ ജംഗ്ഷൻ: സ്റ്റേഷന്റെ ചരിത്രപരമായ റെയിൽവേ പാരമ്പര്യത്തെ ആദരിക്കുന്ന രീതിയിലാണ് നവീകരണം.
സാഞ്ചി : യുനെസ്കോ പൈതൃക പട്ടികയിലുള്ള പ്രശസ്തമായ ബുദ്ധമത പൈതൃക കേന്ദ്രത്തെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ രൂപകൽപ്പന.
ശിവ്പുരി : പ്രദേശത്തിന്റെ ചരിത്രപരമായ തനിമ വിളിച്ചോതുന്നു.
തികംഖഡ് : ബുന്ദേൽഖണ്ഡ് പൈതൃകം ഇവിടെ എടുത്തുകാട്ടുന്നു.
വിദിശ: പ്രദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റേഷൻ.
മഹാരാഷ്ട്ര (2)
ബാരാമതി : ഈ മേഖലയിലെ കാർഷിക രംഗത്തെ നവീകരണങ്ങളും പുരോഗതിയും പ്രതിഫലിപ്പിക്കുന്നു.
നന്ദുര: വിദർഭയുടെ പ്രശസ്തമായ തുണിത്തര/നെയ്ത്ത് പൈതൃകം ഇവിടെ ദൃശ്യമാക്കിയിരിക്കുന്നു.
ഒഡീഷ (7)
ബലംഗീർ: രാജകീയ പൈതൃകത്തിൽ നിന്നും പ്രശസ്തമായ സംബൽപൂരി കൈത്തറി ശൈലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്.
ബാരിപദ: പ്രദേശത്തെ ഗോത്രവർഗ്ഗ-സാംസ്കാരിക പാരമ്പര്യങ്ങൾ ഇവിടെ പ്രതിഫലിക്കുന്നു.
ബർപാലി: സംബൽപൂരി നെയ്ത്ത് പാരമ്പര്യത്തെ ആദരിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.
ബിമൽഗഡ് ജംഗ്ഷൻ: ഖനന മേഖലയുടെ പൈതൃകവും സവിശേഷതകളും ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കെസിംഗ : ഒഡീഷയുടെ സാംസ്കാരിക പാരമ്പര്യങ്ങൾ എടുത്തുകാട്ടുന്നു.
പരളാഖേമുണ്ഡി (Paralakhemundi): പരളാഖേമുണ്ഡിയിലെ രാജകീയ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നവീകരിച്ചിരിക്കുന്നത്.
താൽച്ചർ: സംസ്ഥാനത്തിന്റെ ഖനന പൈതൃകം വിളിച്ചോതുന്നതാണ് ഈ സ്റ്റേഷൻ.
പഞ്ചാബ് (4)
ജലന്ധർ കാന്റ്: പ്രദേശത്തിന്റെ സൈനിക പാരമ്പര്യത്തെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളുമായി സമന്വയിപ്പിച്ചിരിക്കുന്നു.
എസ്.എ.എസ്. നഗർ - മൊഹാലി : പഞ്ചാബിന്റെ സംരംഭകത്വ മികവും പുരോഗതിയും പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റേഷൻ.
ശ്രീ ആനന്ദ്പൂർ സാഹിബ് : സിഖ് മതത്തിന്റെ വിശുദ്ധവും മഹത്തരവുമായ പൈതൃകം വിളിച്ചോതുന്നു.
ശ്രീ മുക്തസർ സാഹിബ് : ചരിത്രപ്രസിദ്ധമായ മുക്തസർ യുദ്ധത്തിന്റെ സ്മരണകളെ ആദരിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.
രാജസ്ഥാൻ (8)
ബാർമർ: മരുഭൂമിയുടെ തനതായ പൈതൃകം പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റേഷൻ.
ദൗസ: രാജസ്ഥാനിലെ കോട്ടകളുടെയും കൊട്ടാരങ്ങളുടെയും വാസ്തുവിദ്യാ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്.
ഡീഗ്: ചരിത്രപ്രസിദ്ധമായ ഡീഗ് കൊട്ടാരത്തിന്റെ പൈതൃകം ഇവിടെ ദൃശ്യമാക്കിയിരിക്കുന്നു.
ഗംഗാപൂർ സിറ്റി: ഈ മേഖലയുടെ പരമ്പരാഗത വാസ്തുവിദ്യാ പൈതൃകം വിളിച്ചോതുന്നു.
ഗോട്ടൻ: രാജസ്ഥാന്റെ തനതായ വാസ്തുവിദ്യാ സവിശേഷതകൾ ഇവിടെ എടുത്തുകാട്ടുന്നു.
ജയ്‌സാൽമീർ : പ്രശസ്തമായ 'ഗോൾഡൻ ഫോർട്ട്' (സോനാർ കില), മരുഭൂമി പൈതൃകം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ നിർമ്മാണം.
ഖൈർതാൽ : കാലാതീതമായ പ്രാദേശിക വാസ്തുവിദ്യയെ ഇത് പ്രതിഫലിപ്പിക്കുന്നു.
സോമേസർ: മരുഭൂമിയുടെ സംസ്കാരവും പൈതൃകവും ഇവിടെ ആഘോഷമാക്കുന്നു.
തമിഴ്‌നാട് (3)
ചെന്നൈ പാർക്ക്: തമിഴ് വാസ്തുവിദ്യാ പൈതൃകം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഈ സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്.
ചിന്ന സേലം : ഈ മേഖലയുടെ പ്രാദേശിക വാസ്തുവിദ്യാ സവിശേഷതകൾ ഇവിടെ എടുത്തുകാട്ടുന്നു.
കൂനൂർ : യുനെസ്കോ അംഗീകാരമുള്ള നീലഗിരി മൗണ്ടൻ റെയിൽവേയുടെ ചരിത്രപരമായ പാരമ്പര്യത്തെ ആദരിക്കുന്ന രീതിയിലാണ് നവീകരണം.
തെലങ്കാന (1)
ഹൈടെക് സിറ്റി : ഹൈദരാബാദിന്റെ നവീകരണത്തിലൂന്നിയ ഐടി/സാങ്കേതിക മികവും പുരോഗതിയും പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റേഷൻ.
ഉത്തർപ്രദേശ് (7)
ഐഷ്ബാഗ് ജംഗ്ഷൻ : ലഖ്‌നൗവിന്റെ ചരിത്രപരമായ സവിശേഷതകളും തനിമയും വിളിച്ചോതുന്നു.
ധാംപൂർ: പ്രാദേശിക പൈതൃകത്തിന് പ്രാധാന്യം നൽകുന്നതാണ് ഇതിന്റെ രൂപകൽപ്പന.
ഫത്തേപൂർ: സംസ്ഥാനത്തിന്റെ പൈതൃകം പ്രതിഫലിപ്പിക്കുന്നതോടൊപ്പം പ്രദേശത്തെ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കാനും ഈ സ്റ്റേഷൻ സഹായിക്കുന്നു.
മോദിനഗർ : ഈ നഗരത്തിന്റെ വ്യാവസായിക സ്വഭാവത്തെയും വളർച്ചയെയും ഇത് പ്രതിഫലിപ്പിക്കുന്നു.
പങ്കി ധാം : പ്രശസ്തമായ പങ്ക് ധാം ക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.
ഷാംലി : ഈ വ്യാവസായിക നഗരത്തിന്റെ ഗതാഗത കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്ന രീതിയിലാണ് സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്.
വിന്ധ്യാചൽ : പ്രശസ്തമായ വിന്ധ്യവാസിനി ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടമെന്ന നിലയിൽ ഇതിനെ ഒരുക്കിയിരിക്കുന്നു.
ഉത്തരാഖണ്ഡ് (1)
ഹരവാല : അത്യാധുനിക രൂപകൽപ്പനയോടെ ഡൂൺ വാലിയിലേക്കുള്ള പ്രവേശന കവാടമായി ഈ സ്റ്റേഷനെ ഒരുക്കിയിരിക്കുന്നു.
പശ്ചിമ ബംഗാൾ (2)
ഹാൽദിബാരി: വടക്കൻ ബംഗാളിന്റെ റെയിൽവേ പൈതൃകം പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റേഷൻ.
ജൽപായ്ഗുരി റോഡ്: വടക്കൻ ബംഗാളിന്റെ സാംസ്കാരിക പൈതൃകവും ചരിത്രപരമായ റെയിൽവേ പാരമ്പര്യവും ഇവിടെ ഒത്തുചേരുന്നു.
അമൃത് ഭാരത് സ്റ്റേഷൻ സ്‌കീം
റെയിൽവേ സ്റ്റേഷനുകളുടെ കേവലമൊരു താൽക്കാലിക മുഖംമിനുക്കലിന് പകരം, അവയെ ആധുനിക നഗര കേന്ദ്രങ്ങളായി പുനർവികസിപ്പിക്കുന്നതിനുള്ള ഒരു ദീർഘകാല, മാസ്റ്റർ പ്ലാനിംഗ് പദ്ധതിയായി 2022 ഡിസംബറിലാണ് റെയിൽവേ മന്ത്രാലയം അമൃത് ഭാരത് സ്റ്റേഷൻ സ്കീം ആരംഭിച്ചത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം, അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ 261 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 1,340 റെയിൽവേ സ്റ്റേഷനുകളെ ഘട്ടങ്ങളായി പുനർവികസിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ബാക്കിയുള്ള സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങൾ നിലവിൽ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചുവരികയാണ്.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഷൻ-ആധുനികവൽക്കരണ പരിപാടികളിൽ ഒന്നാണിത്. രാജ്യത്തുടനീളം വിവിധ ഘട്ടങ്ങളിലായി നിർമ്മാണം പുരോഗമിക്കുന്നു.
*മെച്ചപ്പെട്ട സ്റ്റേഷൻ കെട്ടിടങ്ങളും വെയിറ്റിംഗ് ഹാളുകളും: യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ വിശ്രമകേന്ദ്രങ്ങൾ.
*പ്ലാറ്റ്‌ഫോമുകൾക്കിടയിലൂടെയുള്ള തിരക്കില്ലാത്ത യാത്രയ്ക്ക് സഹായകമായ വിശാലമായ മേൽപ്പാലങ്ങളും ആധുനിക എയർ കോൺകോഴ്സുകളും.
*സ്റ്റേഷന് മുന്നിലെ സുഗമമായ വാഹന ഗതാഗതവും വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും.
*ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും എളുപ്പത്തിൽ സഞ്ചരിക്കാനായി റാംപുകൾ, ടാക്റ്റൈൽ പാതകൾ , ലിഫ്റ്റുകൾ എന്നിവ.
* ട്രെയിൻ വിവരങ്ങളും ദിശാസൂചനകളും കൃത്യമായി മനസ്സിലാക്കാനുള്ള ഡിജിറ്റൽ ബോർഡുകൾ.
*വിമാനത്താവളങ്ങൾക്ക് സമാനമായ പ്രീമിയം വിശ്രമമുറികൾ.
*നഗരവുമായി സംയോജിച്ചുള്ള സുസ്ഥിര രൂപകൽപ്പന.
-തുടങ്ങിയ നവീകരണങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
75 അമൃത് ഭാരത് സ്റ്റേഷനുകളുടെ ചിത്രങ്ങളും സവിശേഷതകളും
***
(रिलीज़ आईडी: 2286250)
आगंतुक पटल : 12