റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ദേശീയപാത ആസ്തികളുടെ InvIT അധിഷ്ഠിത നിര്‍വഹണവും പരിപാലനവും ശക്തിപ്പെടുത്തി ദേശീയപാത അതോറിറ്റി
प्रविष्टि तिथि:
16 JUL 2026 4:34PM by PIB Thiruvananthpuram
ദേശീയപാത അതോറിറ്റി സ്പോൺസർ ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസന നിക്ഷേപ ട്രസ്റ്റായ (InvIT) നാഷണൽ ഹൈവേസ് ഇൻഫ്രാ ട്രസ്റ്റിന് (NHIT) കീഴില്‍ ദേശീയപാതകളുടെ ഫലപ്രദമായ പരിപാലനത്തിന് ജനറൽ മാനേജ്മെന്റ് കൺസൾട്ടന്റുമാരെ നിയോഗിച്ചു. ദേശീയപാത ആസ്തികളുടെ നിർവഹണവും പരിപാലനവും കൂടുതൽ വൈദഗ്ധ്യത്തോടെയും സാങ്കേതികവിദ്യാധിഷ്ഠിതമായും നടത്തുന്നതിലെ സുപ്രധാന ചുവടുവെപ്പാണിത്. 2020 ഒക്ടോബറിൽ SEBI-യില്‍ രജിസ്റ്റർ ചെയ്ത നാഷണൽ ഹൈവേസ് ഇൻഫ്രാ ട്രസ്റ്റ് നിലവിൽ ആകെ 2,653 കിലോമീറ്റർ ദേശീയപാത ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ 908 കിലോമീറ്റർ ദേശീയപാത ആസ്തികളുടെ പരിപാലനവും മേൽനോട്ടവും ജനറൽ മാനേജ്മെന്റ് കൺസൾട്ടന്റുമാർ നിർവഹിക്കും. ആസ്തികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും പ്രവർത്തനസജ്ജമായ ദേശീയപാതകളുടെ പരിപാലനത്തില്‍ മികച്ച ആഗോള മാതൃകകൾ കൈക്കൊള്ളാനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയപാത അതോറിറ്റിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയും പ്രൊജക്ട് മാനേജരുമായി പ്രവർത്തിക്കുന്ന നാഷണൽ ഹൈവേസ് ഇൻവിറ്റ് പ്രൊജക്റ്റ് മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (NHIPMPL) പിന്തുണ നാഷണൽ ഹൈവേസ് ഇൻഫ്രാ ട്രസ്റ്റിനുണ്ട്. പ്രൊജക്റ്റ് മാനേജർ എന്ന നിലയിൽ SEBI-യുടെ ഇൻവിറ്റ് ചട്ടങ്ങൾക്കനുസൃതമായി കൃത്യമായ റിപ്പോർട്ടിങ്, വിവരങ്ങൾ വെളിപ്പെടുത്തൽ, സർട്ടിഫിക്കേഷൻ എന്നിവ ഉറപ്പാക്കി നേരിട്ടോ കൺസൾട്ടന്റുമാർ വഴിയോ ദേശീയപാത ആസ്തികളുടെ കാര്യക്ഷമമായ നിർവഹണവും പരിപാലനവും ഉറപ്പാക്കാൻ NHIPMPL ബാധ്യസ്ഥരാണ്.
പരിപാലന-നിർവഹണ ചട്ടക്കൂട് കൂടുതൽ ശക്തിപ്പെടുത്താന്‍ സമഗ്ര പ്രൊഫഷണൽ ആസ്തി നിര്‍വഹണ പരിഹാരങ്ങള്‍ നൽകാൻ NHIPMPL-നെ സഹായിക്കുന്നതിനാണ് ജനറൽ മാനേജ്മെന്റ് കൺസൾട്ടന്റുമാരെ നാഷണൽ ഹൈവേസ് ഇൻഫ്രാ ട്രസ്റ്റ് നിയോഗിച്ചിരിക്കുന്നത്. കൺസൾട്ടന്റുമാർ നേരിട്ടും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മൂല്യനിർണയ സാങ്കേതികവിദ്യകളിലൂടെയും ദേശീയപാത ആസ്തികളിൽ പ്രതിദിന, പ്രതിവാര, പ്രതിമാസ വ്യവസ്ഥാപിത പരിശോധനകൾ നടത്തും. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ റോഡ് ഉപയോക്താക്കളുടെ സുഖസൗകര്യങ്ങൾക്ക് ആവശ്യമായ അറ്റകുറ്റപ്പണികൾ, സുരക്ഷാ ഇടപെടലുകൾ, തകരാറുകൾ പരിഹരിക്കൽ, ശേഷി വർധനാ നടപടികൾ, മറ്റ് വികസന സംരംഭങ്ങൾ എന്നിവ ജനറൽ മാനേജ്മെന്റ് കൺസൾട്ടന്റുമാർ കണ്ടെത്തും.
കൂടാതെ പ്രത്യേക കരാറുകാരെയും ഏജൻസികളെയും തിരഞ്ഞെടുക്കൽ, പ്രവൃത്തികളുടെ മേൽനോട്ടം, പൂർത്തീകരിച്ച ജോലികൾ സാക്ഷ്യപ്പെടുത്തൽ, ടോൾ പ്ലാസകളുടെ പ്രവർത്തനങ്ങളും ഗതാഗതവും മെച്ചപ്പെടുത്താന്‍ നടപടികൾ ശിപാർശ ചെയ്യൽ എന്നിവയും ജനറൽ മാനേജ്മെന്റ് കൺസൾട്ടന്റുമാർ നിർവഹിക്കും. ഒപ്പം അടിസ്ഥാന സൗകര്യ നിക്ഷേപ ട്രസ്റ്റുകളെ നിയന്ത്രിക്കുന്ന SEBI-യുടെ ചട്ടക്കൂടുകൾക്കനുസൃതമായി സമയബന്ധിത റിപ്പോർട്ടിങും ചട്ടപാലനവും അവർ ഉറപ്പാക്കും.
ദേശീയപാത അടിസ്ഥാനസൗകര്യങ്ങളുടെ ആയുഷ്കാല പരിപാലനത്തിലെ മികച്ച ആഗോള മാതൃകകൾ സ്വീകരിക്കുന്നതില്‍ ദേശീയപാത അതോറിറ്റിയുടെ നിരന്തര ശ്രദ്ധയെ അടിവരയിടുന്നതാണ് ഈ സംരംഭം. ദേശീയപാത ആസ്തി നിർവഹണത്തിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണൽ പരിപാലന-നിർവഹണ കൺസൾട്ടന്റുമാരുടെ പ്രത്യേക ശൃംഖല രൂപീകരിക്കാന്‍ ഇത് സഹായിക്കും. ഒപ്പം അടിസ്ഥാനസൗകര്യ മേഖലയിൽ വ്യാപാരം, നൂതനാശയങ്ങള്‍, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് പുതുവഴികൾ തുറക്കാനും ഇത് അവസരമൊരുക്കും.
ഈ സംരംഭത്തിന്റെ ചുവടുപിടിച്ച് ദേശീയപാത ശൃംഖലയിലെ ആസ്തി നിർവഹണ ശേഷി കൂടുതൽ ശക്തിപ്പെടുത്താന്‍ പ്രത്യേക പരിപാലന-നിർവഹണ കരാറുകാരുടെ കരുത്തുറ്റ സംവിധാനം വികസിപ്പിക്കാനും ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്.
ഭരണനിർവഹണ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുകയും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും SEBI-യുടെ നിയന്ത്രണ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഈ മാതൃക നിക്ഷേപകരുടെ ആത്മവിശ്വാസം കൂടുതൽ വർധിപ്പിക്കും. ഇത് ഇന്ത്യയിലെ ദേശീയപാത ആസ്തികളിൽ ആഭ്യന്തര-ആഗോള നിക്ഷേപകരിൽ നിന്ന് കൂടുതൽ നിക്ഷേപം നേടാന്‍ വഴിയൊരുക്കും.
SKY
*****
(रिलीज़ आईडी: 2285424)
आगंतुक पटल : 13