ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

അഖിലേന്ത്യാ ജലവിഭവ വകുപ്പ് സെക്രട്ടറിമാരുടെ സമ്മേളനം ന്യൂഡൽഹിയിൽ നടക്കും

प्रविष्टि तिथि: 12 JUL 2026 1:06PM by PIB Thiruvananthpuram

കേന്ദ്ര  ഗവൺമെൻ്റിൻ്റെ   കേന്ദ്ര ജലശക്തി മന്ത്രാലയത്തിലെ ജലവിഭവ, നദീ വികസന-ഗംഗാ പുനരുജ്ജീവന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജലവിഭവ വകുപ്പുകളിലെ ഏറ്റവും മുതിർന്ന സെക്രട്ടറിമാരുടെ അഖിലേന്ത്യാ സമ്മേളനം 2026 ജൂലൈ 13 ന് ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിലെ ചാണക്യ ഹാളിൽ ചേരും. കേന്ദ്ര ജലശക്തി മന്ത്രി ശ്രീ. സി.ആർ. പാട്ടീൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ, കേന്ദ്ര ജലശക്തി മന്ത്രാലയം സഹമന്ത്രി ശ്രീ. രാജ് ഭൂഷൺ ചൗധരിയും കേന്ദ്ര ജലവിഭവ, നദീ വികസന-ഗംഗാ പുനരുജ്ജീവന വകുപ്പ് സെക്രട്ടറി ശ്രീ. വി.എൽ. കാന്ത റാവുവും സഹ അധ്യക്ഷരാവും.

ജലവിഭവ മേഖലയിലെ മുൻഗണനാ സംരംഭങ്ങളിൽ കേന്ദ്ര-സംസ്ഥാന ഏകോപനം ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ   പ്രധാന ദേശീയ പരിപാടികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനും സമ്മേളനം ലക്ഷ്യമിടുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജലവിഭവ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്ര ജലശക്തി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഈ സമ്മേളനത്തിൽ പങ്കെടുക്കും.

അതിൻ്റെ      സംഘടനകളിലെയും കേന്ദ്ര ജല കമ്മീഷൻ (സിഡബ്ല്യുസി) പോലുള്ള അനുബന്ധ, കീഴ് ഓഫീസുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിന് സമ്മേളനം സാക്ഷ്യം വഹിക്കും. കേന്ദ്രജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള  കേന്ദ്ര ജല കമ്മീഷൻ (സി.ഡബ്ല്യു.സി), ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി (എൻ.ഡി.എസ്.എ), ദേശീയ ജല ദൗത്യം (എൻ.ഡബ്ല്യു.എം) തുടങ്ങിയ വിവിധ സംഘടനകളും അനുബന്ധ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു.'

സമ്മേളനത്തിൽ, താഴെ പറയുന്ന എട്ട് മുൻഗണനാ അജൻഡകളിൽ ചർച്ചകൾ കേന്ദ്രീകരിക്കും. 


*   കമാൻഡ് ഏരിയ (ജലസേചന പദ്ധതി മുഖേന വെള്ളം ലഭിക്കുന്ന കൃഷിസ്ഥലങ്ങൾ) വികസനവും ജല പരിപാലനവും (എം-സി.എ.ഡി.ഡബ്ല്യു.എം) പദ്ധതിയുടെ ആധുനികീകരണത്തിൻ്റെ   സ്ഥിതി;

*   ജലസംരക്ഷണത്തിൽ ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായുള്ള ഒരു മാസത്തെ ദേശവ്യാപക മഴവെള്ള സംഭരണ യജ്ഞം (ക്യാച്ച് ദി റെയ്ൻ കാമ്പയിൻ).

*   ജലസേചനം, വിവിധോദ്ദേശ്യം, വെള്ളപ്പൊക്ക കൈകാര്യ പദ്ധതികൾക്കായുള്ള പുതുക്കിയ കരട് പദ്ധതി വിലയിരുത്തൽ മാർഗ്ഗനിർദ്ദേശങ്ങൾ;

*   മെച്ചപ്പെട്ട ജലസംഭരണി പ്രവർത്തനങ്ങൾക്കും അണക്കെട്ട് സുരക്ഷയ്ക്കും വേണ്ടി അണക്കെട്ടുകളിലെ ജലസംഭരണികളുടെ സുരക്ഷിതമായ ജലനിരപ്പ് നിശ്ചയിക്കുന്ന ജലസംഭരണ മാർഗരേഖ (റൂൾ കർവ്)യും, അവയുടെ ഫലപ്രദമായ നിർവ്വഹണവും;

*   സംസ്ഥാന ജലപരിഷ്‌കരണ ചട്ടക്കൂടിൻ്റെ  (എസ്.ഡബ്ല്യു.ആർ.എഫ്) നിലവിലെ അവസ്ഥ;

*   2021 ലെ അണക്കെട്ട് സുരക്ഷാ നിയമപ്രകാരം സമഗ്ര അണക്കെട്ട് സുരക്ഷാ വിലയിരുത്തൽ (സി.ഡി.എസ്.ഇ) 2026 ഡിസംബറോടെ പൂർത്തിയാക്കൽ;

*   സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജലസേചന സെൻസസുകളുടെ പുരോഗതി; കൂടാതെ


* മാതൃകാ സംസ്ഥാന ജല പുരസ്‌കാരങ്ങൾക്കായുള്ള രൂപരേഖ.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുഭവങ്ങൾ പങ്കിടാനും, പദ്ധതി നിർവഹണത്തിലെ വെല്ലുവിളികൾ ചർച്ച ചെയ്യാനും, ജലമേഖലയിലെ പരിഷ്‌കാരങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഏകോപിത കാര്യനയങ്ങൾ ആവിഷ്‌കരിക്കാനും സമ്മേളനം അവസരം നൽകും. കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ   നിലവിലുള്ള പരിപാടികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ഈ ചർച്ചകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മെച്ചപ്പെട്ട നയ ഏകോപനം, സ്ഥാപനപരമായ ശാക്തീകരണം, കാര്യക്ഷമമായ പദ്ധതി നിർവ്വഹണം, മെച്ചപ്പെട്ട അണക്കെട്ട് സുരക്ഷ, ജലസംരക്ഷണത്തിൽ വലിയതോതിലുള്ള സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ സുസ്ഥിര ജലവിഭവ പരിപാലനം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ   നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ സമ്മേളനം.
 
***

(रिलीज़ आईडी: 2283902) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil