നിതി ആയോഗ്‌
azadi ka amrit mahotsav

2025 -ലെ ശാന്തി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ഗുണഭോക്താക്കളുടെ കൂടിയാലോചന യോഗം വിളിച്ചുചേര്‍ത്ത് നീതി ആയോഗ്

प्रविष्टि तिथि: 11 JUL 2026 10:45AM by PIB Thiruvananthpuram

ശാന്തി നിയമം 2025  നടപ്പാക്കുന്നത് സംബന്ധിച്ച് ഗുണഭോക്താക്കളുടെ കൂടിയാലോചന യോഗം നീതി ആയോഗിൻ്റെ നേതൃത്വത്തില്‍ 2026 ജൂലൈ 10-ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിലെ സമ്രസ്ത ഓഡിറ്റോറിയത്തിൽ  ചേര്‍ന്നു.   സുപ്രധാന നിയമത്തിൻ്റെ പ്രവർത്തന ചട്ടക്കൂടിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഗവണ്‍മെൻ്റിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും വ്യവസായ മേഖലയിലെയും   പ്രമുഖ നേതാക്കളും നയരൂപീകരണ വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു.

 

നീതി ആയോഗ് അംഗം പ്രൊഫ. അഭയ് കരാന്തിക്കർ കൂടിയാലോചന യോഗത്തിൽ അധ്യക്ഷനായി.  കേന്ദ്ര ഊർജ മന്ത്രാലയ സെക്രട്ടറി ശ്രീ. പങ്കജ് അഗർവാൾ, CEA  ചെയർപേഴ്സൺ ശ്രീ. ഘനശ്യാം പ്രസാദ്, NTPC  സിഎംഡി ശ്രീ. ഗുർദീപ് സിങ്, നീതി ആയോഗ് പ്രോഗ്രാം ഡയറക്ടർ ഡോ. അൻഷു ഭരദ്വാജ്, നീതി ആയോഗ് ഉപദേശകന്‍ ശ്രീ. രാജ് നാഥ് റാം, DAE-യിലെ  SSSD മേധാവി ഡോ. ഗരിമ ശർമ,  AERB ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമായ ശ്രീ. ഹരി കുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്ത മറ്റ് പ്രമുഖര്‍.

 

വിജയകരമായ നിയമ നിര്‍വഹണത്തിന് അത്യന്താപേക്ഷിതമായ മൂന്ന് നിർണായക സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് സാങ്കേതിക ചർച്ചകൾ ക്രമീകരിച്ചത്: 

 

  • നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട്: ശാന്തി നിയമത്തിൻ്റെ കരട് ചട്ടങ്ങൾ, നിയന്ത്രണങ്ങൾ, നിയമവുമായി  ബന്ധപ്പെട്ട നേരിട്ടുള്ള വിദേശ നിക്ഷേപ നയ വ്യവസ്ഥകൾ എന്നിവയിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആദ്യ സാങ്കേതിക സെഷനിൽ ശാന്തി നിയമം 2025-ന് കീഴിലെ നിയമപരമായ അനുവർത്തന സംവിധാനങ്ങൾ അവതരിപ്പിക്കുകയും ആഭ്യന്തര താല്പര്യങ്ങൾ സംരക്ഷിച്ച് തന്നെ വിദേശ മൂലധനം എങ്ങനെ ആകർഷിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു.

 

  • ധനകാര്യം, ഇൻഷുറൻസ്, പൊതുജന പ്രതികരണം: നിയമം നടപ്പാക്കുന്നതിനെ പിന്തുണയ്ക്കാനാവശ്യമായ സാമ്പത്തിക സംവിധാനങ്ങളും അപകടസാധ്യത കുറയ്ക്കുന്ന ചട്ടക്കൂടുകളും ഗുണഭോക്താക്കൾ വിലയിരുത്തി. ദീർഘകാല പദ്ധതികൾക്ക് അനുയോജ്യമായ ഇൻഷുറൻസ് ക്രമീകരണങ്ങൾക്കൊപ്പം പൊതുജന അവബോധം, സാമൂഹ്യ വിശ്വാസം, ആണവോർജ പദ്ധതികൾക്ക് വിപുലമായ അംഗീകാരം എന്നിവ ശക്തിപ്പെടുത്തുന്നതിന് തന്ത്രങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു.

 

  • നിർമാണം, പ്രവർത്തനം, ശേഷി വികസനം: ആഭ്യന്തര നിർമാണ ശേഷി ശക്തിപ്പെടുത്തുക, പ്രവർത്തന സജ്ജത ഉറപ്പാക്കുക, ഈ ആവാസവ്യവസ്ഥയെ നിലനിർത്താൻ നൈപുണ്യമാര്‍ന്ന  തൊഴിൽ സേനയെ കെട്ടിപ്പടുക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തന ഘട്ടത്തിലായിരുന്നു യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. വ്യാവസായിക വളർച്ചയെ പിന്തുണയ്ക്കാനും മികച്ച മനുഷ്യവിഭവശേഷി അടിത്തറ വികസിപ്പിക്കാനും ലക്ഷ്യമിട്ട് വിതരണ ശൃംഖലയുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നത്  സംബന്ധിച്ചും പ്രത്യേക ശേഷി വികസന പരിപാടികൾ രൂപകല്പന ചെയ്യുന്നതിനെക്കുറിച്ചും ഗുണഭോക്താക്കൾ ചർച്ച ചെയ്തു.

 

ഈ മൂന്ന് നിർണായക മേഖലകളിലും ഗുണഭോക്താക്കൾ പങ്കിട്ട വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ  ശാന്തി നിയമം 2025-ൻ്റെ നിര്‍വഹണ നടചട്ടക്കൂട് കൂടുതൽ ശക്തമാക്കാന്‍  പ്രയോജനകരമാകും.  

 

****


(रिलीज़ आईडी: 2283804) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil