പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

സ്ത്രീകള്‍ നയിക്കുന്ന പഞ്ചായത്തീരാജിനെ എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രാദേശിക ഭരണത്തിൻ്റെ ആഗോള മാതൃകയായി ബ്രിക്സ് വനിതാ മന്ത്രിതല യോഗത്തിൽ അവതരിപ്പിച്ച് ഇന്ത്യ

വനിതാ നേതൃത്വം പ്രോത്സാഹിപ്പിക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രാദേശിക ഭരണം ശക്തിപ്പെടുത്താനും ഇന്ത്യ കൈക്കൊണ്ട പരിവർത്തനപരമായ സംരംഭങ്ങള്‍ പഞ്ചായത്തീരാജ് മന്ത്രാലയ സെക്രട്ടറി എടുത്തുപറഞ്ഞു

प्रविष्टि तिथि: 08 JUL 2026 5:45PM by PIB Thiruvananthpuram

കൊച്ചി, കേരളം; ജൂലൈ 8, 2026: ഇന്ത്യയുടെ 2026-ലെ ബ്രിക്സ് അധ്യക്ഷതയ്ക്ക് കീഴിൽ കൊച്ചിയിൽ ചേര്‍ന്ന ബ്രിക്സ് വനിതാ മന്ത്രിതല യോഗത്തിൻ്റെ ഭാഗമായി “പ്രാദേശിക തലത്തിൽ വനിതാ നേതൃത്വ പ്രോത്സാഹനം” എന്ന വിഷയത്തില്‍  സംഘടിപ്പിച്ച പാനൽ ചർച്ചയിൽ ജനാധിപത്യ വികേന്ദ്രീകരണത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിലും പ്രാദേശിക ഭരണം ശക്തിപ്പെടുത്തുന്നതിലും രാജ്യം മുന്നോട്ടുവെയ്ക്കുന്ന പരിവർത്തനപരമായ സംരംഭങ്ങൾ പഞ്ചായത്തീരാജ് മന്ത്രാലയം അവതരിപ്പിച്ചു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയ സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജിൻ്റെ അധ്യക്ഷതയിലായിരുന്നു ചര്‍ച്ച.  

 

 

പരസ്പര സഹകരണം ആഴത്തിലാക്കാനും സ്ത്രീ ശാക്തീകരണം മുന്നോട്ട് കൊണ്ടുപോകാനും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിനായി പരസ്പര പങ്കാളിത്തം ആവര്‍ത്തിച്ചുറപ്പിക്കാനും ബ്രിക്സ് അംഗരാജ്യങ്ങളിലെ മന്ത്രിമാരും പ്രതിനിധി സംഘത്തലവന്മാരും പങ്കെടുത്ത ബ്രിക്സ് വനിതാ മന്ത്രിതല യോഗം ലക്ഷ്യമിടുന്നു. പ്രാദേശിക ഭരണത്തിൽ സ്ത്രീകളുടെ നേതൃത്വം ശക്തിപ്പെടുത്തുന്നതിനും ജനകേന്ദ്രീകൃത വികസനം പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സമീപനങ്ങൾ പങ്കിടാനുള്ള സുപ്രധാന വേദിയായി ചര്‍ച്ച മാറി.

 

 

ജനാധിപത്യ വികേന്ദ്രീകരണത്തോടുള്ള ഇന്ത്യയുടെ ഭരണഘടനാപരമായ പ്രതിബദ്ധതയും സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ രാജ്യത്തുണ്ടാക്കിയ ശ്രദ്ധേയമായ മാറ്റങ്ങളും ചടങ്ങിൽ സംസാരിച്ച പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ് എടുത്തുപറഞ്ഞു. സ്ത്രീകൾ മാറ്റത്തിൻ്റെ ഫലപ്രദമായ വക്താക്കളായി മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളില്‍ മാതൃകാപരമായ പ്രകടനത്തിന് അംഗീകാരം ലഭിച്ച 42 ഗ്രാമപഞ്ചായത്തുകളിൽ 25 എണ്ണവും നയിച്ചത് സ്ത്രീകളായിരുന്നു എന്നത് ഇതിന് തെളിവാണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതും പങ്കാളിത്തത്തോടുകൂടിയതുമായ പ്രാദേശിക ഭരണത്തിൽ സ്ത്രീകളുടെ വർധിച്ചുവരുന്ന സംഭാവനയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

 

 

പ്രാതിനിധ്യം കേവലം നാമമാത്രമാകാതെ സുസ്ഥിരവും സ്ഥാപനപരമായ പിന്തുണയോടുകൂടിയതുമാകണമെന്ന്  വ്യക്തമാക്കിയ ശ്രീ ഭരദ്വാജ് തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ പ്രത്യേക നേതൃത്വ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് മന്ത്രാലയം നടപ്പാക്കുന്ന 'സശക്ത് പഞ്ചായത്ത് നേത്രി അഭിയാൻ' എന്ന ശേഷി വികസന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. 2025 മാർച്ചിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതിനകം രാജ്യത്തെ ഏകദേശം 1.5 ലക്ഷം തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഫലപ്രദമായി നയിക്കാനും സാമൂഹ്യ വികസനം ഉറപ്പാക്കാനും ആവശ്യമായ അറിവും നൈപുണ്യവും ആത്മവിശ്വാസവും നൽകിയിട്ടുണ്ട്.

 

പഞ്ചായത്തുകളിൽ സ്ത്രീകളുടെ പേരിൽ മറ്റുള്ളവർ ഭരണം നടത്തുന്ന പ്രവണത ഇല്ലാതാക്കാനാവശ്യമായ സ്ഥാപനപരമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് വിശദീകരിച്ച അദ്ദേഹം യഥാർത്ഥ വനിതാ നേതൃത്വം വളർത്തിയെടുക്കുന്നതിലെ മന്ത്രാലയത്തിൻ്റെ പ്രതിബദ്ധത വ്യക്തമാക്കി. രാജ്യത്തെ എല്ലാ ജില്ലകളിലും 'മാതൃകാ വനിതാ സൗഹൃദ ഗ്രാമപഞ്ചായത്തുകൾ' സ്ഥാപിക്കുന്ന പദ്ധതിയെക്കുറിച്ചും ശ്രീ ഭരദ്വാജ് എടുത്തുപറഞ്ഞു.  UNFPA-യുടെ സജീവ പിന്തുണയോടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, സുരക്ഷ, എല്ലാവരെയും ഉൾക്കൊള്ളുന്ന പൊതുസേവന വിതരണം എന്നിവയിൽ ഊന്നൽ നൽകി 744 ഗ്രാമപഞ്ചായത്തുകളെ ലിംഗാനുപാത സൗഹൃദ പ്രാദേശിക ഭരണ മാതൃകകളായി വികസിപ്പിച്ചുവരികയാണ്.

 

സുസ്ഥിര വികസന ലക്ഷ്യങ്ങളെ ഒൻപത് ജനകേന്ദ്രീകൃത പ്രമേയങ്ങളാക്കി പ്രാദേശികവൽക്കരിക്കാൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ടെന്ന് ഇന്ത്യയുടെ ഭരണപരമായ നൂതനാശയങ്ങളെക്കുറിച്ച് സംസാരിച്ച ശ്രീ ഭരദ്വാജ് വ്യക്തമാക്കി.  ആഗോള വികസന ലക്ഷ്യങ്ങളെ പ്രാദേശിക തലത്തിൽ നടപ്പാക്കാൻ ഇത് ഗ്രാമപഞ്ചായത്തുകളെ സഹായിക്കുന്നു. 150-ഓളം സൂചകങ്ങൾ ഉൾപ്പെടുന്ന 'പഞ്ചായത്ത് പുരോഗതി സൂചിക' വഴി ഓരോ ഗ്രാമപഞ്ചായത്തിനും പുരോഗതി വിലയിരുത്താനും വികസന മുൻഗണനകൾ കണ്ടെത്താനും സുസ്ഥിര വികസനം ത്വരിതപ്പെടുത്താനും സാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ തദ്ദേശീയമായി നടപ്പാക്കാനാഗ്രഹിക്കുന്ന മറ്റ് രാജ്യങ്ങൾക്കും ഈ നൂതനാശയങ്ങൾ  പ്രായോഗിക ചട്ടക്കൂട് നൽകുന്നു.

 

കേരള ഗവണ്മെൻ്റിൻ്റെ വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ഷർമിള മേരി ജോസഫ്, രാജസ്ഥാനിലെ ലാംബി അഹീർ ഗ്രാമപഞ്ചായത്ത് സർപഞ്ച് ശ്രീമതി നീരു യാദവ്, മധ്യപ്രദേശിലെ ബർഖേദി അബ്ദുള്ള ഗ്രാമപഞ്ചായത്ത് മുൻ സർപഞ്ച് ശ്രീമതി ഭക്തി ശർമ എന്നിവരും പാനലിൻ്റെ ഭാഗമായി. തദ്ദേശഭരണം, സാമൂഹ്യ പങ്കാളിത്തം, ഉത്തരവാദിത്തപൂര്‍ണമായ പ്രാദേശിക സ്ഥാപനങ്ങൾ എന്നിവയിലൂടെ സ്ത്രീകളുടെ നേതൃത്വം മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ച വിലപ്പെട്ട കാഴ്ചപ്പാടുകളും അനുഭവങ്ങളും അവർ പങ്കുവെച്ചു.

 

 

പ്രാദേശിക തലത്തിലെ സ്ത്രീ ശാക്തീകരണം സുസ്ഥിര സമൂഹങ്ങൾ കെട്ടിപ്പടുക്കാന്‍ അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ശ്രീ ഭരദ്വാജ് ചർച്ച അവസാനിപ്പിച്ചത്. ഭരണഘടനാപരമായ വികേന്ദ്രീകരണം, സുസ്ഥിര ശേഷി വികസനം, വിവരാധിഷ്ഠിത ഭരണ നിര്‍വഹണം എന്നിവയിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിൻ്റെ ചാലകശക്തിയാക്കി പ്രാദേശിക സ്ഥാപനങ്ങളെ മാറ്റാൻ സാധിക്കുമെന്ന് ഇന്ത്യയുടെ അനുഭവം തെളിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ജനകേന്ദ്രീകൃതവും സുസ്ഥിരവുമായ വികസനത്തിന് സ്ത്രീ നേതൃത്വം ശക്തിപ്പെടുത്തുന്നതില്‍ ബ്രിക്സ് രാജ്യങ്ങളുടെ പ്രതിബദ്ധത  ചർച്ചകളില്‍ ആവര്‍ത്തിച്ചു. 

 

SKY/GG

 

***


(रिलीज़ आईडी: 2282574) आगंतुक पटल : 19
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati