ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഫ്രാൻസിലെ ഐക്സ്-എൻ-പ്രോവൻസിൽ നടന്ന ഇന്ത്യ-ഫ്രാൻസ് സാമ്പത്തിക, ധനകാര്യ സംഭാഷണത്തിന് (EFD) കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമനും ഫ്രാൻസിന്റെ സാമ്പത്തിക, ധനകാര്യ, വ്യവസായ, ഊർജ്ജ, ഡിജിറ്റൽ പരമാധികാര മന്ത്രി റോളണ്ട് ലെസ്‌ക്യൂറും സഹ-അധ്യക്ഷത വഹിച്ചു

प्रविष्टि तिथि: 03 JUL 2026 10:02PM by PIB Thiruvananthpuram

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സാമ്പത്തിക, ധനകാര്യ സഹകരണം ചർച്ച ചെയ്യുന്നതിനായി ഫ്രാൻസിലെ ഐക്സ്-എൻ-പ്രോവൻസിൽ സംഘടിപ്പിച്ച ഇന്ത്യ-ഫ്രാൻസ് സാമ്പത്തിക, ധനകാര്യ സംഭാഷണത്തിന് (EFD) കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമനും ഫ്രാൻസിന്റെ സാമ്പത്തിക, ധനകാര്യ, വ്യവസായ, ഊർജ്ജ, ഡിജിറ്റൽ പരമാധികാര മന്ത്രി റോളണ്ട് ലെസ്‌ക്യൂറും സംയുക്തമായി നേതൃത്വം നൽകി.

 

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും സാമ്പത്തിക ബന്ധവും ശക്തിപ്പെട്ടതോടെ, ആഗോള വിഷയങ്ങൾ, ഉഭയകക്ഷി സഹകരണം, യഥാർത്ഥ ഫലങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിഹാരങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉന്നതതല വിനിമയങ്ങൾ പുനരാരംഭിക്കേണ്ടത് അനിവാര്യമായിത്തീർന്നു.

 

ഈ വർഷം ഫെബ്രുവരിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, അദ്ദേഹവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് 2026 ൽ ഇന്ത്യ-ഫ്രാൻസ് സാമ്പത്തിക, ധനകാര്യ സംഭാഷണം നടത്താനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു.

 

 കൂടിക്കാഴ്ചയിൽ ഇന്ത്യയും ഫ്രാൻസും ഇനിപ്പറയുന്ന വിഷയങ്ങൾ ചർച്ച ചെയ്തു:

ഫ്രാൻസിന്റെ ജി7 അധ്യക്ഷ പദവിയുമായുള്ള ഇന്ത്യയുടെ സവിശേഷ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ, ജി20, പാരീസ് ക്ലബ് തുടങ്ങിയ ബഹുമുഖ സാമ്പത്തിക വേദികളിൽ സ്വന്തം നിലപാടുകൾ എങ്ങനെ ഏകോപിപ്പിക്കാമെന്ന് ഇന്ത്യയും ഫ്രാൻസും ചർച്ച ചെയ്തു. ലോക സാമ്പത്തിക വീക്ഷണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇരു മന്ത്രിമാരും പങ്കുവെച്ചു.

 

ഒട്ടേറെ സുപ്രധാന മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങളെക്കുറിച്ച് ഇന്ത്യയും ഫ്രാൻസും ചർച്ച ചെയ്തു. സാമ്പത്തിക സുരക്ഷയും സ്വാശ്രയത്വവും മെച്ചപ്പെടുത്തുന്നതിന് നിർണായക ധാതുക്കളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും, പരസ്പരനിക്ഷേപം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും, റെയിൽവേ കരാറിൽ ഒപ്പുവച്ചശേഷം അതിവേഗ റെയിൽവേ മേഖലയിലെ അവസരങ്ങൾ സംബന്ധിച്ചും ചർച്ചകൾ നടന്നു. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, നിക്ഷേപ സ്ഥാപനങ്ങൾ, മൂലധന വിപണികൾ തുടങ്ങിയ ധനകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ ഇന്ത്യയും ഫ്രാൻസും ചർച്ച ചെയ്തു.

 

ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനായി ഫ്രഞ്ച് വികസന ഏജൻസി നൽകുന്ന സംഭാവനകളെ ഇരു മന്ത്രിമാരും അഭിനന്ദിച്ചു, ഭാവിയിൽ കൂടുതൽ വികസന പദ്ധതികളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകളെ സ്വാഗതം ചെയ്തു.

 

സാമ്പത്തിക, ധനകാര്യ, സാങ്കേതിക, നിക്ഷേപ, വ്യാപാര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള പ്രധാന വേദിയായി ഇന്ത്യ-ഫ്രാൻസ് സാമ്പത്തിക, ധനകാര്യ സംഭാഷണത്തെ ഇരു മന്ത്രിമാരും അംഗീകരിച്ചു. പ്രസ്തുത സംഭാഷണത്തിന്റെ 2027 ലെ പതിപ്പിനുള്ള സാധ്യതകൾ ആരായാനും ഇരു മന്ത്രിമാരും തീരുമാനിച്ചു

****

 


(रिलीज़ आईडी: 2280990) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी